വിശുദ്ധ ഖുർആനും മുഹമ്മദും

Originally posted 2015-07-10 23:02:33.

ഖുര്‍ആന്‍

സത്യമെന്ന് സ്വയം അവകാശപ്പെടാത്ത ഒന്നിന്നു തെളിവിന്റെ ആവശ്യമില്ല. എന്നാല് സത്യമെന്ന് അവകാശപ്പെടുന്നത് അതിന്നുള്ള തെളിവ് നല്കിയെ തീരൂ ഖുറാനും മുഹമ്മദ് നബിയും

പി.പി. അബ്ദുല്‍ റസാക്ക്

റമദാൻ മാസം പ്രത്യേകമാകുന്നത് വിശുദ്ധ ഖുർആനിന്റെ അവതരണം കൊണ്ടാണെന്നും ഖുർആനിന്റെ കര്മാവിഷ്കാരമായി മാറുക എന്ന പ്രതിജ്ഞയോടുകൂടിയ നന്ദി പ്രകടനം കൂടിയാണ് അതിലെ വ്രതാ നുഷ്ടാനമെന്നും വ്യക്തമാക്കുകയുണ്ടായി. സ്വാഭാവികമായും ഇനി ഇത്രമാത്രം പ്രാധാന്യം അർഹിക്കുന്ന വിശുദ്ധ ഖുർആനിനെ കുറിച്ചും അത് അവതീർണമായ പ്രവാചകൻ മുഹമ്മദിനെ കുറിച്ചും അൽപം പറയാം. വിശുദ്ധഖുർആൻ എല്ലാ വിവേചനങ്ങൾക്കും വിഭാഗിയതകൾക്കും വർഗ വിത്യാസങ്ങൽക്കും അതീതമായി പൂർണമായും മാനവിക ഭൂമികയിൽ നിന്നുകൊണ്ട് പച്ചയായ മനുഷ്യനെ കേന്ദ്ര പ്രമേയമാക്കിയ, അവനെ അഭി സംബോധന ചെയ്യുന്ന, പ്രപഞ്ച സാകല്യത്തിൽ നിന്നുകൊണ്ട് അവന്റെ ഭൂമിയിലെ സ്ഥാനത്തെ കൃത്യമായും വ്യക്തമായും അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ്.

വിശുദ്ധ ഖുര്‍ആനിന്റെ ഏതു ഭാഗത്തുകൂടെ കടന്നു പോകുമ്പോഴും മനുഷ്യന്റെ ജീവിത പരിസ്ഥിതിയുടെ ഒരു ചീന്ത് വചന രൂപേണ വരചിട്ട അനുഭൂതിയാണ് അത് അനുവാചകനില്‍ ഉണ്ടാക്കുന്നതു. അവന്‍ ജീവിക്കുന്ന പ്രകൃതിയുടെ പരിച്ചേദം ആണ് അവന്‍ അവിടെ കാണുന്നത്. പ്രകൃതിയെപോലെതന്നെ മരങ്ങളും, മലകളും മൊട്ടക്കുന്നുകളും വെള്ളവും വെളിച്ചവും വെഞ്ചാമരവും കാടും കടലും കായലുകളും കല്ലും പുല്ലും പൂക്കളും അനേക കോടി ജീവജാലങ്ങളും ഒക്കെ കൂടി വാരിവലിച്ചിട്ട പോലെ, അതിന്നിടയില്‍ അത്ഭുതം കൂറുവാനും ആഴത്തില്‍ ചിന്തിക്കുവാനുമായി വേറിട്ട സത്വമായി മനുഷ്യനെയും ചേര്‍ത്തു വെച്ച് പ്രത്യക്ഷത്തില്‍ അവ്യവസ്താപിതമെന്നു അത് തോന്നിപ്പിക്കുന്നു. പ്രകൃതിയുടെ പരിച്ചേദം എന്ന പോലെ ഖുര്‍ആനും അങ്ങനെ തന്നെയാണ്. മനുഷ്യനെ അവന്റെ ജീവിത പരിസരത്തിന്റെ സാകല്യത്തില്‍നിന്നാണ് അത് നോക്കിക്കാണുന്നത്. അവിടെ നാം മനുഷ്യനെ കാണുന്നത് മണ്ണിന്നും വിണ്ണിന്നും ഇടയില്‍, അവന്റെ തന്നെ ഭൂത വര്‍ത്തമാന ഭാവി അവസ്ഥകള്‍ക്ക് നടുവില്‍, മഞ്ഞിലും മഴയിലും വെയിലിലും ഇഴുകിച്ചേര്‍ന്ന് ഭൂമിയുടെ ഊര്‍വ രവും ഊഷരവുമായ ഭിന്ന അവസ്താന്തരങ്ങോളോട് പൊരുത്തപ്പെട്ടു മരങ്ങളുടെയും മലകളുടെയും പക്ഷികളുടെയും പറവകളുടെയും കടലിലും കരയിലും ജീവിക്കുന്ന അനേക കോടി ജീവജാലങ്ങളുടെയും ഇടയില്‍ ജീവസന്ധാരണം നടത്തുന്ന വ്യതിരിക്ത സത്വത്തിന്റെ ഉടമയായാണ്.

സത്യമെന്ന് സ്വയം അവകാശപ്പെടാത്ത ഒന്നിന്നു തെളിവിന്റെ ആവശ്യമില്ല. എന്നാല് സത്യമെന്ന് അവകാശപ്പെടുന്നത് അതിന്നുള്ള തെളിവ് നല്കിയെ തീരൂ . തെളിവിന്റെ അഭാവത്തില് അവകാശവാദം കൊണ്ട് മാത്രം ഒന്നും സത്യമോ ശരിയോ ആവില്ല. എന്നാല് സ്വന്തത്തില് തന്നെ സത്യമെന്ന് അവകാശപ്പെടാത്ത ഒരു കാര്യത്തില് മറ്റുള്ളവര് സത്യമെന്ന് അവകാശപ്പെടുന്നത് വെറും ആരോപണം മാത്രമേ ആവൂ.

അതുകൊണ്ടാണ് മുഹമ്മദിന്റെ പ്രവാചകത്ത്വത്തിന്റെ തെളിവായി കൊണ്ട് കൂടി ദൈവത്തിൽനിന്നും അവതരിക്കപ്പെട്ട മനുഷ്യ രാശിക്കുള്ള സാന്മാര്ഗിക ഗ്രന്ഥമാണെന്ന് ഖുർആൻ സ്വയം തന്നെയും മുഹമ്മദും അവകാശപ്പെടുന്നുണ്ട് എന്ന് വ്യക്തമാക്കൽ അനിവാര്യ മാകുന്നത്. മുഹമ്മദു വെറും ഒരു പുരാണ കഥാ പാത്രമല്ല. മറിച്ചു, അദ്ദേഹം അദ്ദേഹത്തിനു മുമ്പ് വന്ന ഇതര പ്രവാചകരിൽനിന്നും മതാചാര്യന്മാരിൽനിന്നും വ്യത്യസ്തമായി ചരിത്രത്തിന്റെ പൂര്ണ വെളിച്ചത്തില് നമ്മുക്ക് മനസിലാക്കുവാന് സാധിക്കുന്ന മഹല് വ്യക്തിത്ത്വമാണ്.

അദ്ദേഹത്തിനു മുമ്പോ ശേഷമോ വന്ന ലോകത്തെ മറ്റേതൊരു ചരിത്രപുരുഷനെക്കാളും വിശദമായും സൂക്ഷ്മമായും പ്രവാചകന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അദ്ധേഹത്തിന്റെ വാക്കും നോക്കും, ചലനവും മൌനവും, ഇരുത്തവും നടത്തവും കിടത്തവും, അന്നപാനവും അനുചര ബന്ധവും എന്നുവേണ്ട മുഴുവന് ജീവിതവും തന്നെ ഏതൊരാള്ക്കും ഇന്നും എന്നും അനുഭവഭേദ്യമാകുന്ന രൂപത്തില് ലഭ്യമാണ്. ഇത്ര സൂക്ഷ്മമായും വിശദമായും സത്യസന്ധമായും അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെടുന്നതിന്നു അഞ്ചു ലക്ഷത്തോളം വ്യക്തികളാണ് നിഷ്കൃഷ്ടമായ പഠനത്തിന്നും നിരൂപണത്തിന്നും വിധേയമായത് . അദ്ദേഹത്തിന്റെ വചനങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി നടന്ന ഭാഷയുടെയും ആശയത്തിന്റെയും തലങ്ങളിലെ നിരൂപണ പഠനങ്ങള്ക്ക് ശേഷമാണിത്. മുഹമ്മദിന്റെ ശരീരമേ നമ്മുടെ മുമ്പില് ഇല്ലാത്തതായുള്ളൂ. അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ മുമ്പിലുണ്ട് . മാതൃകയാവട്ടെ അദ്ദേഹത്തിന്റെ ശരീരത്തിലല്ല; മറിച്ചു ജീവിതത്തിലുമാണ് .ഇവിടെയാണ് മുഹമ്മദിന്റെ ജീവിതത്തിന്റെ ചരിത്രാനുഭവപരത നിലകൊള്ളുന്നത്. അതുകൊണ്ട് കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍ ജനങ്ങളില്‍ ഏറെ പേരും കേവലം അനുമാനങ്ങളെയും ഊഹങ്ങളെ യുമാണ് പിന്പറ്റുന്നതെന്നും ഊഹാപോഹങ്ങള്‍ അനുഭവാധിഷ്ടിത സത്യത്തിന്നു സമാനമാകില്ലന്നും പറഞ്ഞത്.

(വി.ഖു. 10:36) . മുഹമ്മദിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു പ്രധാന കാര്യം അദ്ദേഹം കേവലം വിശ്വസിക്കപ്പെടുക മാത്രമല്ല എന്നുള്ളതാണ്. മറിച്ചു ജീവിതത്തിന്റെ സമസ്ത മേഖലകളിലും അനുയായികളാല് അനുധാവനം ചെയ്യപ്പെടുകയും അനുസരിക്കപ്പെടുകയും ആചരിക്കപ്പെടുകയും പിന്തുടരപ്പെടുകയും ചെയ്യുന്ന വ്യക്തിത്ത്വമാണ് അദ്ദേഹം. അതിന്നു വേണ്ടി കൂടിയാണ് അദ്ദേഹത്തിന്റെ ചരിത്രം ഇത്രയും സൂക്ഷ്മമായും വിശദമായും രേഖപ്പെടുത്തപ്പെട്ടതും.

പ്രാചി വ്രതീചി വിത്യാസമന്യേ മുഴുവന് ചരിത്രകാരന്മാരും സമ്മതിക്കുന്ന ഒരു സത്യമാണ് പ്രവാചകത്വത്തിന്നു മുമ്പും ശേഷവും ശത്രു മിത്ര ഭേദമന്യേ മുഹമ്മദിനെ അദ്ദേഹത്തിന്റെ സമകാലീകര് സത്യസന്ധനും വിശ്വസ്തനും ഉല്ഗ്രഥിത വ്യക്തിത്ത്വത്തിന്റെ ഉടമയുമായി കണ്ടിരുന്നുവേന്നത്. മാത്രവുമല്ല, അദ്ദേഹം സത്യസന്ധന് എന്ന് അര്ത്ഥമുള്ള “അല് -അമീന്” എന്ന അപര നാമത്ത്തിലായിരുന്നു അറിയപ്പെട്ടിരുന്നതും. ഇവിടെ ഒരു സത്യാന്വേഷിയില് ഒരു ചോദ്യം ന്യായമായും ഉയരുന്നു.

അദ്ദേഹത്തിന്റെ പ്രവാചകത്വ വാദം സത്യമായിരുന്നില്ലെങ്കില് അദ്ദേഹത്തെ എങ്ങനെയാണ് സത്യസന്ധനെന്നു വിശേഷിപ്പിക്കുവാന് സാധിക്കുക ? ഇല്ലാത്ത പ്രവാചകത്ത്വ വാദം നടത്തിയതിന്റെ പേരില് അങ്ങനെ കോടി ക്കണക്കിന്നു മനുഷ്യരെ വഴിപിഴപ്പിച്ചതിന്റെ പേരില് ഏറ്റവും വലിയ അസത്യ വാദി യായിട്ടാണല്ലോ അദ്ദേഹം വിശേഷി ക്കപ്പെടെണ്ടത്? ചരിത്രപ്രതയുടെ തലത്തില്നിന്നുകൊണ്ട് അദ്ദേഹത്തിന്റെ വിശ്വസ്തതയെയും സത്യസന്ധതയും അംഗീകരിച്ചു കൊടുക്കുന്ന പാശ്ചാത്യരും പൌരസ്ത്യരുമായ ചരിത്ര കാരന്മാര് അദ്ദേഹത്തിന്റെ പ്രവാചകത്ത്വ വാദത്തെ സമ്മതിച്ചു കൊടുക്കാന് തയ്യാറാവാതിരിക്കുമ്പോള് രൂപപ്പെടുന്ന “Effeminates’ പാരഡോക്സ്” (ക്രീറ്റ് കാരനായ എഫ്ഫെമിനറ്റെസ് “ക്രീറ്റ്കാരെല്ലാം കള്ളം പറയുന്നവരാണെന്ന്” പറഞ്ഞതിലെ വൈരുദ്ധ്യത്തിന്റെ ചുഴിയെ സൂചിപ്പിക്കുന്ന ആംഗലേയ ഭാഷയിലെ ക്ലീഷേ) ഒരു അപരിഹാര്യ പ്രഹേളികയാണ്.

അതിന്നു പരിഹാരം അത്തരം ചരിത്രകാരന്മാര് തന്നെയാണ് കാണേണ്ടത്. ഒരു കാര്യം ഉറപ്പാണ്. ചരിത്രത്തിന്റെ പൂര്ണ വെളിച്ചത്തിലുള്ള മുഹമ്മദ് ഒരേ സമയം പൂര്ണ സത്യസന്ധനും പ്രവാചകന് അല്ലാതിരിക്കുകയും ചെയ്യുക എന്നത് യുക്തിപരമായി അസംഭവ്യമാണ്. പിന്നെ നമ്മുക്ക് ചോദിക്കാവുന്ന കാര്യം അദ്ദേഹം ലോകത്തുള്ള മുഴുവന് മുസ്ലിംകളും വിശ്വസിക്കുന്ന പോലെ അന്ത്യ പ്രവാചകത്ത്വം അവകാശപ്പെട്ടിരുന്നോ അതോ ഇതുപോലുള്ള വിശ്വാസങ്ങള് മറ്റു ചരിത്ര പുരുഷന്മാരില് പലരിലും നാം കാണുന്നത് പോലെ പില്കാലക്കാരാല് അടിച്ചേല്പിക്കപ്പെട്ടതാണോ എന്നാണ്

Related Post