വേദങ്ങള്‍

വേദങ്ങള്‍

മനുഷ്യരുടെ മാര്‍ഗദര്‍ശനാര്‍ഥം അല്ലാഹു നല്കിയ സന്മാര്‍ഗ സന്ദേശങ്ങളാകുന്നു വേദങ്ങള്‍. അല്ലാഹു അവന്റെ സന്ദേശം സ്വന്തം വചനങ്ങളിലൂടെ മലകുകള്‍ മുഖേന പ്രവാചകന്മാരെ പഠിപ്പിക്കുന്നു. പ്രവാചകന്മാര്‍ അത് അതേപടി ജനങ്ങളില്‍ പ്രചരിപ്പിക്കുകയും ഹൃദിസ്ഥമാക്കിക്കുകയും അതിന്റെ അര്‍ഥവും പ്രായോഗിക താല്‍പര്യങ്ങളും സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ജനങ്ങള്‍ അവര്‍ പഠിച്ച ദൈവിക വചനങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും പിന്‍തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഇങ്ങനെയാണ് വേദങ്ങള്‍ രൂപം കൊള്ളുന്നതും നിലനില്ക്കുന്നതും. നിരവധി പ്രവാചകന്മാര്‍ക്ക് അല്ലാഹു വേദം അവതരിപ്പിച്ചുകൊടുത്തിട്ടുണ്ട്.
كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ
(സന്മാര്‍ഗ സുവിശേഷകരും ദുര്‍മാര്‍ഗത്തിന്റെ താക്കീതുകാരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ടിരുന്നു. സത്യത്തെക്കുറിച്ച് ജനത്തിനിടയില്‍ ഉടലെടുത്ത ഭിന്നിപ്പുകളില്‍ തീര്‍പ്പു കല്പിക്കുന്നതിനായി അവരോടൊപ്പം സത്യവേദവും അവതരിപ്പിച്ചുകൊണ്ടിരുന്നു – 2:213) മുഹമ്മദ്‌നബിയോട് ഖുര്‍ആന്‍ പറയുന്നു:
فَإِن كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِّن قَبْلِكَ جَاءُوا بِالْبَيِّنَاتِ وَالزُّبُرِ وَالْكِتَابِ الْمُنِيرِ (ഈ ജനം നിന്നെ നിഷേധിക്കുന്നുവെങ്കില്‍, നിനക്കു മുമ്പും നിരവധി പ്രവാചകന്മാര്‍ നിഷേധിക്കപ്പെട്ടിട്ടുള്ളതാകുന്നു. അവരൊക്കെയും വ്യക്തമായ ദൃഷ്ടാന്തങ്ങളും ഏടുകളും വെളിച്ചം വിതറുന്ന വേദങ്ങളും കൊണ്ടാണ് ആഗതരായിരുന്നത് – (3:184)

ذَٰلِكَ هُدَى اللَّهِ يَهْدِي بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ ﴿٨٨﴾ أُولَٰئِكَ الَّذِينَ آتَيْنَاهُمُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ۚ فَإِن يَكْفُرْ بِهَا هَٰؤُلَاءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَّيْسُوا بِهَا بِكَافِرِينَ

(ഇക്കൂട്ടര്‍ ബഹുദൈവാരാധകരാകുന്നുവെങ്കില്‍ തങ്ങള്‍ ചെയ്ത കര്‍മങ്ങളൊക്കെയും അവര്‍ക്കു പാഴായിപ്പോയതുതന്നെ. നാം വേദവും ശാസനാധികാരവും പ്രവാചകത്വവും നല്കിയ ദൈവദൂതന്മാരായിരുന്നു അവര്‍. ഇപ്പോള്‍ ഇക്കൂട്ടര്‍ അതു സ്വീകരിക്കുന്നില്ലെങ്കില്‍ വേണ്ട, അതിനെ നിഷേധിക്കാത്ത മറ്റൊരു ജനത്തിനു നാം അത് ഏല്പിച്ചുകൊടുത്തിരിക്കുന്നു – 6: 88- 89)
വേദം ലഭിച്ച ചില പ്രവാചകന്മാരുടെ പേരുകള്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഇബ്‌റാഹീം, മൂസാ, ദാവൂദ്, ഇൌസാ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ഇബ്‌റാഹീംനബിക്ക് അവതീര്‍ണമായ ഏടുകള്‍ ഇന്ന് തീരെ നഷ്ടപ്പെട്ടിരിക്കുന്നു. ദാവൂദ്‌നബിക്ക് അവതീര്‍ണമായ വേദവും തനതു രൂപത്തില്‍ നിലവിലില്ല. ബൈബിള്‍ പഴയ നിയമത്തിലെ ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍ ദാവൂദ്‌നബിക്കു ലഭിച്ച സബൂര്‍ എന്ന വേദത്തിന്റെ ഭാഗമായിരിക്കാം. എന്നാല്‍ സങ്കീര്‍ത്തനങ്ങള്‍ മുഴുവന്‍ അതാണെന്നോ സബൂര്‍ മുഴുവനും അതിലുണ്ടെന്നോ പറയാനാവില്ല. മൂസാനബിക്ക് അവതരിച്ച തൌറാതിന്റെയും ഇൌസാനബിക്ക് അവതരിച്ച ഇന്‍ജീലിന്റെയും അവസ്ഥയും ഇതുതന്നെ. നിലവിലുള്ള ബൈബിള്‍ പുതിയ നിയമത്തിലും പഴയനിയമത്തിലും അവയുടെ ഭാഗങ്ങള്‍ കണ്ടേക്കാം. പക്ഷ, അവ ഇഞ്ചീലും തൌറാതുമാണെന്ന് പറയുക വയ്യ. മൂസാനബിക്കും ഇൌസാനബിക്കും ശേഷം അവരുടെ അനുയായികള്‍ ക്രോഡീകരിച്ചതാണ് ബൈബിള്‍ പുതിയ നിയമവും പഴയ നിയമവും. കാലാന്തരത്തില്‍ ജൂതെ്രെകസ്തവ പുരോഹിതന്മാര്‍ അവയില്‍ പല വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്. കര്‍മശാസ്ത്രവും ചരിത്രവുമെല്ലാം വേദത്തില്‍ എഴുതിച്ചേര്‍ത്തതിനാല്‍ വേദഭാഗമേത്, പിന്നീട് എഴുതിച്ചേര്‍ത്ത കര്‍മശാസ്ത്രവും ചരിത്രവുമേത് എന്നൊന്നും തിരിച്ചറിയാനാകാത്ത അവസ്ഥയാണുള്ളത്. പൂര്‍വവേദം ഇങ്ങനെ വികൃതമാക്കപ്പെടുകയും അവയുടെ മൌലിക സന്ദേശം വിസ്മൃതമാവുകയും ചെയ്യുമ്പോഴാണ് പുതിയ വേദം അവതരിച്ചുകൊണ്ടിരുന്നത്. ഖുര്‍ആന്‍ പറയുന്നു:

فَخَلَفَ مِن بَعْدِهِمْ خَلْفٌ وَرِثُوا الْكِتَابَ يَأْخُذُونَ عَرَضَ هَٰذَا الْأَدْنَىٰ وَيَقُولُونَ سَيُغْفَرُ لَنَا وَإِن يَأْتِهِمْ عَرَضٌ مِّثْلُهُ يَأْخُذُوهُ

(പിന്നെ പൂര്‍വ തലമുറകള്‍ക്കു ശേഷം വേദത്തിന്റെ അവകാശികളായിക്കൊണ്ട് ഐഹികമായ അധമലാഭങ്ങള്‍ വാരിക്കൂട്ടുകയും നമുക്കു മാപ്പു ലഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്നു വാദിക്കുകയും ചെയ്യുന്ന ദുഷിച്ച പിന്‍തലമുറ അവരുടെ പ്രതിനിധികളായി വന്നു – 7: 169)
ഖുര്‍ആനിന്റെ പ്രഥമ അഭിസംബോധിതര്‍ സെമിറ്റിക് വംശജരായ അറേബ്യന്‍ മുശ്രികുകളും ജൂത-ക്രൈസ്തവ വിഭാഗങ്ങളുമായിരുന്നു. അതുകൊണ്ടാവാം സെമിറ്റിക് പ്രവാചകന്മാരെയും അവര്‍ക്ക് അവതരിച്ച വേദങ്ങളെയുമാണ് ഖുര്‍ആന്‍ മുഖ്യമായും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇന്ത്യ, ചൈന, ഇറാന്‍ തുടങ്ങിയ നാടുകളിലെ മതവിഭാഗങ്ങളും ചില വേദങ്ങളെ പിന്തുടരുന്നുണ്ട്. അവയുടെ മൂലരൂപം അവരില്‍ ആഗതരായ പ്രവാചകന്മാര്‍ക്ക് അവതരിച്ചുകിട്ടിയ ദൈവിക സന്ദേശങ്ങള്‍ തന്നെയാവാം. അങ്ങനെയെങ്കില്‍ സെമിറ്റിക് വേദങ്ങള്‍ക്കുണ്ടായ പരിണാമങ്ങള്‍ അവയെയും ബാധിച്ചിരിക്കുന്നുവെന്ന് വ്യക്തം.
ഖുര്‍ആന്‍ 98: 4,5ല്‍ സൂചിപ്പിച്ചതുപോലെ എല്ലാ വേദങ്ങളുടെയും മൗലിക സന്ദേശം ഒന്നുതന്നെയായിരുന്നു. കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും അന്തരം വിശദാംശങ്ങളില്‍ ആവശ്യപ്പെട്ട വ്യത്യാസങ്ങള്‍ മാത്രമേ അവ തമ്മിലുണ്ടായിരുന്നുള്ളൂ. വേദങ്ങള്‍ തമ്മില്‍ ഇന്നു കാണപ്പെടുന്ന മൌലിക സന്ദേശത്തിലുള്ള വൈരുധ്യങ്ങള്‍ ദൈവിക വചനങ്ങളില്‍ മനുഷ്യരുടെ കൈകടത്തല്‍ മൂലം സംഭവിച്ചതാണ്.

വിശുദ്ധ ഖുര്‍ആന്‍
ابدع
പൂര്‍വ വേദങ്ങളെല്ലാം ഭേദഗതി ചെയ്യപ്പെടുകയും, അവയുടെ അടിസ്ഥാന സന്ദേശം അവഗണിക്കപ്പെടുകയോ വിസ്മൃതമാവുകയോ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അവതീര്‍ണമായ വേദമാണ് വിശുദ്ധഖുര്‍ആന്‍. ഭാഷകളും ദേശങ്ങളും തമ്മില്‍ സംസര്‍ഗത്തിലേര്‍പ്പെടുകയും സംസ്‌കാരങ്ങളുടെയും ദര്‍ശനങ്ങളുടെയും ആഗോളാടിസ്ഥാനത്തിലുള്ള വിനിമയം ആരംഭിക്കുകയും ചെയ്ത ചരിത്ര സന്ധിയില്‍ ഖുര്‍ആന്‍ അവതരിച്ചത് മനുഷ്യവംശത്തിനാകമാനമായിട്ടാണ്. അല്ലാഹു മുഹമ്മദ് നബിയോട് പറയുന്നു:
بِالْبَيِّنَاتِ وَالزُّبُرِ ۗ وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ (ഈ ഉദ്‌ബോധനം നാം നിനക്ക് അവതരിപ്പിച്ചിരിക്കുന്നത്, മനുഷ്യ വംശത്തിനായി ഇറക്കപ്പെട്ട സന്മാര്‍ഗപാഠങ്ങള്‍ നീ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടതിനാകുന്നു – 16: 44)

وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ (സകല കാര്യങ്ങള്‍ക്കുമുള്ള വ്യക്തമായ പ്രമാണമായി നാം ഈ വേദം നിനക്കവതരിച്ചു തന്നിരിക്കുന്നു. അത് മുസ്ലിംകള്‍ക്ക് സന്മാര്‍ഗ ദര്‍ശകവും അനുഗ്രഹവും സുവിശേഷവുമാകുന്നു – 16:89) ഖുര്‍ആന്‍ മനുഷ്യരുടെ കൈകടത്തലുകള്‍ക്കും വിസ്മൃതിക്കും അതീതമാകുന്നു. അതിന്റെ സംരക്ഷണം അല്ലാഹു തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. بَلْ هُوَ قُرْآنٌ مَّجِيدٌ. فِي لَوْحٍ مَّحْفُوظٍ (ഇത് മഹത്തായ ഖുര്‍ആന്‍ ആകുന്നു. സുരക്ഷിത ഫലകങ്ങളില്‍ സൂക്ഷിക്കപ്പെട്ടത്” (85: 21, 22) إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ (നാം (അല്ലാഹു) ആകുന്നു ഈ ഉദ്‌ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചിട്ടുള്ളത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാകുന്നു – 15:9) കഴിഞ്ഞ ഒന്നര സഹസ്രാബ്ദമായി വിശുദ്ധ ഖുര്‍ആന്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അതിന്റെ തനിമയോടെ നിലനില്ക്കുന്നു. ലോകാവസാനം വരെ അത് അങ്ങനെ നിലനില്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അതിന്റെ സാന്നിധ്യത്തില്‍ മറ്റൊരു വേദം അവതരിക്കേണ്ട ആവശ്യമില്ലാതായിരിക്കുന്നു. മുഹമ്മദ്‌നബിക്കു ശേഷമുള്ള എല്ലാ തലമുറകളും തങ്ങളുടെ വിശ്വാസത്തിനും കര്‍മത്തിനും പ്രമാണമായി അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് വിശുദ്ധ ഖുര്‍ആനിനെയാണ്. മനുഷ്യ ജന്മത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും ജീവിതധര്‍മങ്ങളുമാണ് ഖുര്‍ആനിന്റെ ഉള്ളടക്കം. കാലവും സാഹചര്യങ്ങളും എത്രതന്നെ മാറിയാലും ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കു മങ്ങലേല്ക്കുന്നില്ല. ഏതു സാഹചര്യത്തിലും സന്മാര്‍ഗപ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന നിത്യ ദീപമാണത്.
ഇതര വേദഗ്രന്ഥങ്ങളില്‍നിന്ന് വിശുദ്ധ ഖുര്‍ആനെ വേര്‍തിരിച്ചുനിര്‍ത്തുന്ന മുഖ്യ സവിശേഷതകള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. പൂര്‍വ വേദങ്ങളുടെ മൂലരൂപം നഷ്ടപ്പെട്ടിരിക്കുന്നു. പലതിന്റെയും മൂലഭാഷപോലും ഇന്നു നിലവിലില്ല. അവയുടെ വികലവും അപൂര്‍ണവുമായ തര്‍ജമഃകളും തര്‍ജമഃകളുടെ തര്‍ജമഃകളുമാണിന്നു നിലവിലുള്ളത്. അത്തരം വേദങ്ങള്‍ ദൈവത്തിന്റെ മൂല വചനങ്ങളല്ല എന്നതിനു ഈ വസ്തുത തന്നെ മതിയായ സാക്ഷ്യമാകുന്നു. ചില വേദങ്ങള്‍ ഏതു പ്രവാചകന്ന് ഏതു കാലത്താണ് അവതരിച്ചതെന്നോ ആരാണ് പകര്‍ത്തിയെഴുതി പ്രചരിപ്പിച്ചതെന്നോ അറിഞ്ഞുകൂടാ. ഈ അജ്ഞത അവയുടെ ആധികാരികതയെ തീര്‍ത്തും നിഷേധിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ആര്‍ക്ക്, എവിടെ വച്ച്, എന്ന് അവതരിച്ചു എന്ന് ചരിത്രം സുവ്യക്തവും അനിഷേധ്യവുമായ രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ അവതരിച്ച അതേ ഭാഷയില്‍ മൂലവചനങ്ങളില്‍ തന്നെ യാതൊരു മാറ്റത്തിരുത്തിനും വിധേയമാകാതെ നിലനില്ക്കുന്നു. ഖുര്‍ആന്‍ അവതരിച്ച അറബി ഭാഷ ഇന്നും അനേകം രാജ്യങ്ങളില്‍ കോടിക്കണക്കില്‍ ജനങ്ങളുടെ സംസാര ഭാഷയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അതു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
2. പൂര്‍വവേദങ്ങളില്‍ പലതും ദൈവവചനങ്ങളുടെയും ആ വേദ വാഹകരുടെ ചരിത്രത്തിന്റെയും വേദപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളുടെയും സങ്കലനമാണ്. വേദവചനങ്ങളെയും ചരിത്രത്തെയും വേദവ്യാഖ്യാനങ്ങളെയും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണവ. വിശുദ്ധ ഖുര്‍ആനിലാകട്ടെ, അല്ലാഹുവിന്റെ വചനങ്ങളല്ലാത്ത ഒരക്ഷരവും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടില്ല. വ്യാഖ്യാനങ്ങളും ചരിത്രങ്ങളും വേറെത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. അവയില്‍നിന്ന് ഒരുപദം ഖുര്‍ആനിലേക്ക് ചേരാനോ ഖുര്‍ആനില്‍നിന്ന് ഒരു പദം ചോര്‍ന്നു പോകാനോ പഴുതില്ലാത്തവിധം ഭദ്രമാണ് ഖുര്‍ആനിന്റെ ക്രോഡീകരണം.
3. പൂര്‍വവേദങ്ങള്‍ അഭിസംബോധന ചെയ്യുന്നത് പ്രത്യേക ജനവിഭാഗങ്ങളെയാണ്. പ്രത്യേക ജനതകളുടെയും സാഹചര്യങ്ങളുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു അവയുടെ ലക്ഷ്യം. അത്തരം വേദങ്ങളുടെ വിധികള്‍ എല്ലാ സമൂഹങ്ങള്‍ക്കും എല്ലാ കാലഘട്ടത്തിലേക്കും അനുയോജ്യമോ പ്രായോഗികമോ അല്ല. അതുകൊണ്ട് പല വൈദിക സമുദായങ്ങള്‍ക്കും വേദം ഇന്ന് പ്രായോഗിക ജീവിതവുമായി ബന്ധമേതുമില്ലാത്ത ഒരു വിശുദ്ധ പൈതൃകം മാത്രമായിരിക്കുന്നു. വേദാധ്യാപനങ്ങളെ അവഗണിച്ചുകൊണ്ട് ജീവിതത്തിനാവശ്യമായ നിയമങ്ങളും ധര്‍മവ്യവസ്ഥകളും സ്വയം നിര്‍മിച്ചാചരിച്ചു വരികയാണവര്‍. വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മനുഷ്യവംശത്തെയാണ്. ഒരു പ്രത്യേക ജനവിഭാഗത്തിനു മാത്രമുള്ള കല്പനകളല്ല ഖുര്‍ആനിലുള്ളത്. അതിലെ എല്ലാ വിധിവിലക്കുകളും എക്കാലത്തും പ്രസക്തവും എല്ലാ സമൂഹങ്ങളിലും പ്രായോഗികവുമാകുന്നു. ഖുര്‍ആന്‍ അവതരിച്ചതു മുതല്‍ ഇന്നുവരെ മുസ്ലിം സമൂഹം അതിന്റെ വിധിവിലക്കുകള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ അനുവര്‍ത്തിച്ചുവരുന്നുമുണ്ട്.
4. പൂര്‍വ വേദങ്ങളില്‍ മനുഷ്യരുടെ കൈകടത്തല്‍ മൂലം യുക്തിക്കും യാഥാര്‍ഥ്യത്തിനും വിരുദ്ധമായ പല ആശയങ്ങളും കടന്നുകൂടിയിരിക്കുന്നു. അവ നിര്‍ദേശിക്കുന്ന ചില നിയമങ്ങള്‍ നീതിക്കും ന്യായത്തിനും നിരക്കുന്നതല്ല. ചില വേദങ്ങളില്‍ പ്രവാചകന്മാരെയും മലകുകളെയും കുറിച്ച് സഭ്യേതരമായ പല കഥകളും രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ യുക്തിക്കോ സത്യത്തിനോ നിരക്കാത്ത യാതൊരു ആശയവും കാണപ്പെടുകയില്ല. അതിലെ വിധിവിലക്കുകള്‍ നീതിയുടെയും ന്യായത്തിന്റെയും അനിവാര്യ താല്‍പര്യങ്ങള്‍ മാത്രമാകുന്നു. പ്രവാചകന്മാരെയോ മലകുകളെയോ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊരു പരാമര്‍ശവും ഖുര്‍ആനിലില്ല. എന്നല്ല, പൂര്‍വ വേദക്കാര്‍ അവരെക്കുറിച്ചു പ്രചരിപ്പിക്കുന്ന കള്ളക്കഥകളെ ഖുര്‍ആന്‍ നിഷേധിക്കുകയാണ് ചയ്തിരിക്കുന്നത്.
വിശുദ്ധ ഖുര്‍ആനും ഇതര വേദങ്ങളും തമ്മിലുള്ള ഈ അന്തരത്തിന് ഇസ്ലാം അനുശാസിക്കുന്ന വേദവിശ്വാസത്തില്‍ വലുതായ പ്രസക്തിയുണ്ട്. ഇതര വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം, ഖുര്‍ആനിനുമുമ്പും അല്ലാഹു അനേകം വേദങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അവയെല്ലാം മനുഷ്യരെ സത്യത്തിലേക്കും സന്മാര്‍ഗത്തിലേക്കും നയിച്ചിരുന്നവയാണെന്നും മൊത്തത്തില്‍ അംഗീകരിക്കുക മാത്രമാകുന്നു. എന്നാല്‍ അവ മനുഷ്യരുടെ ഇടപെടല്‍ മൂലം വികൃതമായിരിക്കുന്നു. അവയുടെ നിലവിലുള്ള രൂപം മൂലവേദത്തിന്റെ തനിപ്പകര്‍പ്പല്ല. പൂര്‍വ വേദങ്ങളില്‍ കടന്നുകൂടിയ വൈകല്യങ്ങള്‍ ദൂരീകരിച്ചുകൊണ്ട് അവതീര്‍ണമായ സംശുദ്ധവും അന്തിമവുമായ വേദമാണ് ഖുര്‍ആന്‍. അത് സാക്ഷാല്‍ ദൈവവചനങ്ങളാണ്. പൂര്‍ണമായും സുരക്ഷിതമാണ്. അതിലെ വിധിവിലക്കുകളെല്ലാം എല്ലാ കാലത്തും പ്രസക്തവും എല്ലാവരാലും അനുസരിക്കപ്പെടേണ്ടതുമാണ്.

Related Post