വൃക്ഷത്തൈ നടൂ, മരണമാസന്നമായാലും!

Originally posted 2018-06-10 23:06:36.

   പരിസ്ഥിതിയും  ഇസ്‌ലാമും 

   പരിസ്ഥിതിയും 

അന്ത്യനാള്‍ ആസന്നമായി, ഇനി നിങ്ങളുടെ കയ്യിലുള്ളഒരു ചെടി നടാന്‍ മാത്രമേ സമയമുള്ളൂ! എങ്കില്‍ അതു നട്ടുപിടിപ്പിക്കൂ! അതില്‍ പ്രതിഫലമുണ്ട്.’ -മുഹമ്മദ് നബി(സ)
ജനങ്ങളെ പരലോക ജീവിതത്തെ കുറിച്ച് ഉദ്ബുദ്ധരാക്കാനും അതനുസരിച്ച് കര്‍മങ്ങള്‍ ചിട്ടപ്പെടുത്താനും വന്ന പ്രവാചകന്‍ എന്തേ ഇങ്ങനെ സംസാരിക്കുന്നു! ഇതാ അന്ത്യനാള്‍ ആസന്നമായിരിക്കുന്നു… നിങ്ങളെല്ലാം ദ്രുതഗതിയില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞു അല്ലാഹുവിനോട് പാപമോചനം തേടി പ്രാര്‍ഥനാനിമഗ്‌നരായി ഈമാനോടെ മരിക്കാന്‍ ശ്രമിക്കൂ.. ഇപ്രകാരമായിരുന്നില്ലേ പ്രവാചകന്‍ പ്രതികരിക്കേണ്ടത്? ഈ വചനം കേള്‍ക്കുന്ന മാത്രയില്‍ ഏത് സാധാരണക്കാരന്റെയും മനസ്സിലേക്ക് ഓടിയെത്തുന്ന വികാരമാണിത്.. മാത്രമല്ല, അന്ത്യനാളിന്റെ ഭീകരദൃശ്യങ്ങള്‍ കണ്‍നിറയെ കാണുമ്പോള്‍ ഭയവിഹ്വലരായി എല്ലാ ഭൗതികാലങ്കാരങ്ങളും വിട്ടെറിഞ്ഞ് അല്ലാഹുവിലേക്ക് ഓടുക എന്നതും സ്വാഭാവികമല്ലേ!

നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, നിരാശരാകേണ്ടതില്ല, നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമായി അല്ലാഹുവിലേക്ക് സായൂജ്യമടയുക എന്നു പ്രവാചകന്‍ പറയുമ്പോഴല്ലേ ഈ അസ്വസ്ഥ മനസ്സുകള്‍ക്ക് ശാന്തി കൈവരുകയും പ്രതീക്ഷയേകകയും ചെയ്യുുക! പക്ഷെ, പ്രവാചകന്‍ ഇപ്രകാരം പ്രതികരിച്ചതേ ഇല്ല, മറിച്ച് നിങ്ങളുടെ കയ്യില്‍ ഒരു വൃക്ഷത്തൈ ഉണ്ടെങ്കില്‍ അത് നടൂ’ എന്ന തികച്ചും അസ്വാഭാവികമായ പ്രതികരണമാണ് പ്രവാചകന്റെ ഭാഗത്ത് നിന്നുണ്ടായത്.

അന്ത്യനാള്‍ ആസന്നമായിരിക്കേ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം വിളവെടുക്കാന്‍ പറ്റുന്ന ഈത്തപ്പഴം കൃഷിചെയ്യാനോ ഹാ! ഇതെന്താണ് പറയുന്നത്? അതേ, പ്രകൃതിമതമായ ഇസ്‌ലാമിന് മാത്രമേ ഇത്തരത്തിലുള്ള ഒരാശയം മുന്നോട്ട് വെക്കാന്‍ കഴിയുകയുള്ളൂ. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജീവിതവീക്ഷണമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഈ ആശയം നിരവധി പാഠങ്ങള്‍ നമുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്.

ദുനിയാവ് പരലോകത്തേക്കുള്ള വഴി ആണ്. രണ്ടും പരസ്പര വിരുദ്ധമായ വഴികളല്ല, ഐഹിക ലോകത്തെ പ്രവര്‍ത്തനങ്ങളെ കേവലം കര്‍മമെന്നും (عمل) പരലോകത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ ഇബാദത്തെന്നും ഇസ്‌ലാം വേര്‍തിരിക്കുന്നില്ല. ഇസ്‌ലാമിക വീക്ഷണത്തില്‍ ഐഹികലോകത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇബാദത്തിന്‍രെ പരിധിയില്‍ പെടുന്നു. ആയുസ്സിന്റെ അവസാന നിമിഷങ്ങളില്‍ പോലും ഈ പരിസ്ഥിതിയെ നിലനിര്‍ത്തുക, സംരക്ഷിക്കുക എന്ന പ്രവാചകാഹ്വാനം അതിനാല്‍ തന്നെ പ്രസ്‌ക്തമായ ആശയമാണ് മുന്നോട്ട് വെക്കുന്നത്.

അധ്വാനത്തിന്റെ മഹത്വവും അതിനുള്ള ശക്തമായ പ്രേരണയും ഈ സന്ദേശത്തില്‍ വായിച്ചെടക്കാന്‍ സാധിക്കും. അധ്വാനത്തിന് മഹത്വമുണ്ട് എന്നതോടൊപ്പം തന്ന അധ്വാനം ആരാധനയാണെന്നും പരലോകത്തേക്കുള്ള വഴിയാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

ഐഹിക വിരക്തിയിലൂടെ മാത്രമേ പാരത്രിക മോക്ഷം സാധ്യമാകൂ! ഇഹലോകത്തെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം സമയം കവര്‍ന്നെടുക്കലാണ് എന്ന് അബദ്ധധാരണയാണ് നൂറ്റാണ്ടുകളായി മനുഷ്യസമൂഹത്തില്‍ വേരൂന്നിയിട്ടുള്ളത്. ഇഹലോകം, പരലോകം എന്ന ഈ വിഭജനവും യഥാര്‍ഥ ലക്ഷ്യത്തെ കുറിച്ചുള്ള അബദ്ധ ധാരണകളും വലിയ വൈരുദ്ധ്യത്തിലേക്കാണ് സമൂഹത്തെ കൊണ്ടെത്തിച്ചിട്ടുള്ളത്.

എല്ലാ ഭൗതികാസക്തികളില്‍ നിന്നും മുക്തി പ്രാപിച്ച് മഠങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും ജീവിതം കഴിച്ചുകൂട്ടൂന്ന ഒരു വിഭാഗത്തെ എല്ലാ കാലത്തും നമുക്ക് കാണാം. മറുവശത്ത് ദുനിയാവ് മാത്രം ലക്ഷ്യമാക്കുകയും അതിന്റെ കെട്ടുകാഴ്ചകളില്‍ ഭ്രമിച്ച് കൊണ്ട് അതിന്റെ ആസക്തികളില്‍ മുഴുകി സ്വന്തത്തെയും ഈ ലോകത്തെ തന്നെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തെയും ദര്‍ശിക്കാം. ഈ വിഭജനത്തിന്റെ മുറിവുകള്‍ക്കും ദുരന്തങ്ങള്‍ക്കുമാണ് നൂറ്റാണ്ടുകളായി നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ തീക്ഷണമായ രൂപമാണ് ആധുനിക ലോകത്തും നമ്മുടെ മുന്നിലുള്ളത്. ടെന്‍ഷന്‍, അസ്വസ്ഥതകള്‍, ആത്മഹത്യ, അപസ്മാരം , മാനസിക പിരിമുറുക്കങ്ങള്‍, മുഴുഭ്രാന്ത്… ഇതെല്ലാം ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യവിഭവശേഷിയെ പൂര്‍ണമായും തകര്‍ക്കുന്ന സമീപനങ്ങളാണ് ഈ വിഭജനത്തിലൂടെ വന്നുചേര്‍ന്നിട്ടുള്ളത്.

ആത്മാവും ഭൗതിക ശരീരവും ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു ഏകകമായിട്ടാണ് അല്ലാഹു മനുഷ്യനെ പടച്ചത്. ശരീരത്തിന്‍രെ നിലിനവികാരങ്ങളും മനസ്സിന്റെ ഉന്നത താല്‍പര്യങ്ങളും ധിഷണയും ചിന്തയും ആത്മീയവികാരങ്ങളുമെല്ലാം മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഈ അസ്ഥിത്വങ്ങളെല്ലാം വിഭിന്നങ്ങളാണെന്നതില്‍ സംശയമില്ല, ഓരോന്നിനെയും സ്വതന്ത്രമായി വിട്ടാല്‍ തന്നിഷ്ടപ്രകാരം തോന്നിയതു പോലെ അത് സഞ്ചരിക്കുകയും ചെയ്യും. പക്ഷെ, ഈ പരസ്പര വിഭിന്നങ്ങളായ ഘടകങ്ങളെയെല്ലാം ഏകോപിപ്പിക്കാന്‍ കഴിയുന്ന അത്ഭുതകരമായ പ്രകൃതത്തിലാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്. അവയെല്ലാം സമജ്ഞസമായി സമ്മേളിപ്പിക്കാന്‍ മനുഷ്യന് കഴിയുമ്പോള്‍ ഭൂമിയിലെ ഏറ്റവും വലിയ ശക്തിയായി അവന്‍ മാറുന്നു. ഈ വിഭിന്നമായ ഘടകങ്ങളെ ഏകോപിപ്പിക്കാനുള്ള മാര്‍ഗമാണ് ഇവയെല്ലാം ഒരു ഉണ്‍മയില്‍ ബന്ധിപ്പിക്കുക എന്നത്. അപ്പോള്‍ ജീവിതത്തെ ഭൗതികം, ആത്മീയം ഇഹലോകത്തിനുവേണ്ടിയുള്ളവ, പരലോകത്തിനുവേണ്ടിയുള്ളവ തുടങ്ങിയ വേര്‍തിരിവുകള്‍ അപ്രസക്തമാകും. മനുഷ്യന്‍ ശരീരം, ആത്മാവ് എന്ന നിലയില്‍ വിഭജിക്കപ്പെടുകയില്ല. അവന്റെ പ്രവര്‍ത്തനങ്ങളെ ഇബാദത്ത്, അമല്‍ എന്നീ വേര്‍തിരിവുകള്‍ നടത്തുവാനും കഴിയുകയില്ല. ഐഹിക ജീവിതം തന്നെയാണ് പാരത്രിക വഴിയെന്ന് തിരച്ചറിയുമ്പോള്‍ ഈ പ്രപഞ്ചത്തിലെ അനന്തഗോളങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാതെ ഒരു ഏകകത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്നതുപോലെ മനുഷ്യന്റെ വിഭിന്ന ഘടകങ്ങളെയെല്ലാം ഒരു ലക്ഷ്യത്തിലേക്ക് കൂട്ടിമുട്ടലുകളില്ലാതെ നയിക്കാന്‍ സാധിക്കും. ഈ ഒരത്ഭുതമാണ് ഇസ്‌ലാം സൃഷ്ടിക്കുന്നത്. അല്ലാഹു പറയുന്നു: ‘അല്ലാഹു നിനക്ക് തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാല്‍ ഇഹലോകജീവിതത്തില്‍ നിനക്കുള്ള വിഹിതം നീ മറക്കാതിരിക്കുകയും ചെയ്യുക. (അല്‍ ഖസസ്: 7) .’ ചോദിക്കുക. അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമ പദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്?. പറയുക. അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പു നാളിലോ അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു. (അല്‍ അഅ്‌റാഫ്: 32)

പ്രവാചക ജീവിതം ഇതിന്റെ നേര്‍ സാക്ഷ്യമായിരുന്നു. പ്രവാചക ജീവിതത്തില്‍ ഇത്തരം വിഭജനങ്ങള്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുകയില്ല. തന്റെ നമസ്‌കാരവേളയില്‍ പോലും ഭൂമുഖത്ത് ഏല്‍പിച്ച ഈ സന്ദേശം യഥാവിധി നിര്‍വഹിക്കാനുള്ള സഹായം അല്ലാഹുവിനോട് ആവശ്യപ്പെടുകയാണ് ചെയ്തത്. അണികളില്‍ നിന്ന് മാറിനിന്ന് മഠങ്ങളില്‍ സദാ പ്രാര്‍ഥനാനിമഗ്‌നനായി കഴിയുന്ന ഒരു പ്രവാചകനെയും നിങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയില്ല. രാത്രികാലങ്ങളില്‍ മാത്രമാണ് അദ്ദേഹം തനിച്ചിരുന്നത്. പ്രവാചകന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു, സന്ധിയിലേര്‍പ്പെട്ടു, ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിച്ചു, അല്ലാഹുവിന്റെ നാമമുച്ചരിച്ച് ഭക്ഷണം കഴിച്ചു, അല്ലാഹുവിന്റെ നിര്‍ദ്ദേശമനുസരിച്ച് വിവാഹം ചെയ്തു, ഹിജ്‌റ പോയി, പുതിയ പ്രവര്‍ത്തന മണ്ഡലം കണ്ടെത്തി, രാഷ്ട്രത്തിന് അടിത്തറപാകി… ഇതെല്ലാം അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുള്ള ഇബാദത്തുകളായിരുന്നു. തന്റെ അവസാന ഘട്ടങ്ങളില്‍ പോലും ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ആരുടെയെങ്കിലും കയ്യില്‍ ഒരു വൃക്ഷത്തൈ ഉണ്ടെങ്കില്‍ അവന്‍ അത് നടട്ടെ!

ഐഹികതയുടെ എല്ലാ ബഹളങ്ങളില്‍ നിന്നും മാറി ആരാധനമഠങ്ങളില്‍ കഴിഞ്ഞുകൂടുന്ന ഒരു ഇസ്‌ലാം ഇല്ല, മറിച്ച് ജീവിതത്തിന്‍രെ ഓരോ മേഖലകളിലും ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്തു ജീവിക്കുമ്പോഴാണ് ജീവിതം സാര്‍ഥകമാകുന്നത്. പ്രവാചകന്‍ സമൂഹത്തിന് സാക്ഷിആയതുപോലെ സത്യസാക്ഷ്യം നിര്‍വഹിക്കപ്പെടുന്നതും അപ്പോഴാണ്. ലോകത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും മതധാര്‍മിക അനുശാസനകള്‍ വിലച്ചെറിയണമെന്നാവശ്യപ്പെട്ടു വന്ന പടിഞ്ഞാറന്‍ ദര്‍ശനങ്ങള്‍ ഭ്രാന്തുപിടിച്ചുകൊണ്ട് ഇന്നു ലോകത്തെ തന്നെ തകര്‍ത്തുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തില്‍ നിന്ന് മതദര്‍ശനങ്ങളെ അന്യമാക്കിയ എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും സ്വാഭാവിക പര്യാവസാനമാണിത്.

Related Post