സ്ത്രീ തെറ്റിദ്ധാരണകള്‍

Originally posted 2017-01-30 10:11:16.

parda_21

                                  മുസ്‌ലിം സ്ത്രീയുടെ വികലമാക്കപ്പെട്ട ചിത്രം

സ്ത്രീ തെറ്റിദ്ധാരണകള്‍ , മുസ്‌ലിം സ്ത്രീയുടെ വികലമാക്കപ്പെട്ട ചിത്രം

 സിസ്റ്റര്‍ നാസിറ ബിന്‍ത് എല്ലിസണ്‍

എഴുപതുകളുടെ അവസാനത്തോടെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ച മുസ്‌ലിം സ്ത്രീയുടെ അവസ്ഥ പര്‍വ്വതീകരിച്ച് കാണിക്കുന്ന ഒരു ലെന്‍സ് സ്ഥാപിച്ചിരിക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ ആ ലെന്‍സ് ഉപ യോഗിച്ചിരിക്കുന്നത് അസാധാരണമായ ഒന്നിനാണ്. പര്‍വ്വതീകരിക്കാന്‍ തെരെഞ്ഞെടുത്തിരിക്കുന്ന കാര്യങ്ങ ള്‍ വളരെ സൂക്ഷ്മമായതാണ്. മറ്റുകാര്യങ്ങളെയത് വക്രീകരിക്കുകയും ചെയ്യുന്നു. മുസ്‌ലിം സ്ത്രീകളെ കുറിച്ച് വന്ന ഒരു ലേഖനം ഞാന്‍ ഓര്‍ക്കുന്നു. ‘ഞാന്‍ നിന്നെ വിവാഹ മോചനം ചെയ്തിരിക്കുന്നു’ എന്ന് മൂന്ന് തവണ ഒരു പുരുഷന്‍ തന്റെ ഭാര്യയോട് പറയുന്നതോടെ വിവാഹമോചനം നടക്കുന്നു എന്നാണ് അതില്‍ പറയുന്നത്. ഇസ്‌ലാമിലെ വിവാഹമോചനമെന്നത് വെറും അഞ്ച് സെക്കന്റില്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്യാവുന്നതാണ് എന്ന തെറ്റിദ്ധാരണയിലേക്കാണ് ലേഖനം നയിക്കുക. അനാഥമാക്കപ്പെടുന്ന സ്ത്രീക്കും കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും യാതൊരു പരിഗണയുമില്ലെന്ന ധാരണയും അതുണ്ടാക്കുന്നു. ലേഖകന്‍ നിഷ്‌കളങ്കമായ അയാളുടെ അജ്ഞത കാരണമെഴുതിയതാണോ, അതോ ബോധപൂര്‍വ്വം ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും കരിവാരിത്തേക്കാനുള്ള ശ്രമമാണോ ഇതെന്ന ചോദ്യമാണ് ആദ്യമായി എന്റെ മനസ്സില്‍ ഉയര്‍ന്നത്. അവരണ്ടും ചേര്‍ന്ന അഭിപ്രായമായിരുന്നു അതെന്നാണ് ഞാന്‍ കരുതുന്നത്.

യഥാര്‍ത്ഥത്തില്‍ ഏറ്റവുമധികം മാനുഷിക പരിഗണനയുള്ള, നീതിയുക്തമായ വിവാഹമോചന രീതിയാണ് ഇസ്‌ലാമില്‍ നിലവിലുള്ളത്. വിവാഹമോചനം തീരുമാനിക്കുന്നതിന് മുമ്പ് മറ്റു ശ്രമങ്ങള്‍ പടിപടിയായി ചെയ്യേണ്ടതുണ്ട്. വിജയകരമായ ഒരു ദാമ്പത്യജീവിതം സാധ്യമാകില്ലെന്ന് ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചാല്‍ ഞാന്‍ നിന്നെ വിവാഹമോചനം ചെയ്തിരിക്കുന്നു എന്ന് ഭര്‍ത്താവ് പറയുന്നു. അതുമുതല്‍ കാത്തിരിപ്പിനുള്ള സമയം തുടങ്ങുന്നു. മൂന്ന് ആര്‍ത്തവചക്രത്തിന്റെ കാലയളവാണ് കാത്തിരിപ്പ്. സ്ത്രീ ഗര്‍ഭിണിയല്ല എന്നുറപ്പാക്കുന്നതിനു കൂടിയാണത്. എന്താണ് തങ്ങള്‍ ചെയ്യുന്നത്, യഥാര്‍ത്ഥത്തില്‍ ഇതു തന്നെയാണോ സ്വീകരിക്കേണ്ട നിലപാട് എന്നൊക്കെ ചിന്തിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വളരെ വൈകാരികമായ ആ അവസ്ഥയില്‍ അവര്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതിന് വക്കീലന്‍മാരുടെ ഇടപെലുകളും ഉണ്ടാകില്ല.

സ്ത്രീ ഗര്‍ഭിണിയാണെന്ന് വ്യക്തമായാല്‍ ഗര്‍ഭകാലം കഴിയുന്നത് വരെ വിവാഹമോചനത്തിന് കാത്തുനില്‍ക്കണം. വിവാഹമോചനത്തിന് മുമ്പുള്ള ഈ കാത്തിരിപ്പിന്റെ കാലയളവില്‍ (ഗര്‍ഭിണിയാണെങ്കിലും അല്ലെങ്കിലും) അവള്‍ക്കുവേണ്ട ഭക്ഷണം, വസ്ത്രം, താമസം എന്നിവ എപ്രകാരമായിരുന്നോ മുമ്പ് നല്‍കിയിരുന്നത് അതു പോലെ നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. ഗര്‍ഭിണിയായ സ്ത്രീ പ്രസവത്തോടെ വിവാഹമോചനം നടക്കുന്നുവെങ്കിലും മുലയൂട്ടുന്ന കാലയളവില്‍ അവള്‍ക്കും കുട്ടിക്കും ആവശ്യമായ ചെലവ് ഭര്‍ത്താവാണ് നിര്‍വ്വഹിക്കേണ്ടത്. മുലകുടി പ്രായത്തിന് ശേഷവും കുട്ടിക്ക് സ്വന്തമായി ജീവിക്കാവുന്ന അവസ്ഥവരെ പിതാവാണ് സംരക്ഷണം നല്‍കേണ്ടത്.

അമേരിക്ക പോലുള്ള പുരോഗതി പ്രാപിച്ച സമൂഹങ്ങളില്‍ നടക്കുന്നത് തികച്ചും വിരോധാഭാസമാണ്. അവിടത്തെ പല വിവാഹമോചന കേസുകളിലും സ്ത്രീ തന്റെ മുന്‍ഭര്‍ത്താവിന് ജീവനാംശം കൊടുക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള വിവാഹമോചനത്തിന്റെ അമേരിക്കന്‍ രീതിയെ ഇസ്‌ലാമിക രീതിയോട് താര്യതമ്യപ്പെടുത്താനാവുമോ?

സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ പുരുഷന് വിവാഹം ചെയ്തു കൊടുക്കുന്ന രീതിയാണ് ഇസ്‌ലാമിലുള്ളതെന്ന് സമര്‍ത്ഥിക്കുന്ന കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ വിവാഹ രീതിയെ പ്രതിനിധാനം ചെയ്യുന്ന ഒന്നല്ല അത്. ഇസ്‌ലാമില്‍ ഒരു സ്ത്രീക്ക് അവള്‍ക്ക് താല്‍പര്യമുള്ള പുരുഷനെ വിവാഹം ചെയ്യാവുന്നതാണ്. അവള്‍ക്ക് താല്‍പര്യമില്ലാത്ത പുരുഷനെ വിവാഹം ചെയ്യാനായി അവളെ നിര്‍ബന്ധിക്കാന്‍ മാതാപിതാക്കള്‍ക്ക് പോലും ഇസ്‌ലാം അവകാശം വകവെച്ചു നല്‍കുന്നില്ല.

മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണമാണ് വളരെയധികം വക്രീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരു ചിത്രം. നമ്മുടെ വസ്ത്രധാരണത്തെ പഴഞ്ചനും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായിട്ടാണ് പാശ്ചാത്യന്‍ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. നമ്മുടെ വസ്ത്രധാരണം ക്രിയാത്മകമായ ഒരു പ്രവര്‍ത്തനത്തിനും നമുക്ക് തടസ്സമാവുന്നില്ല. പലമേഖലകളിലും ഇന്ന് മുസ്‌ലിം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്, അവരൊന്നും വസ്ത്രധാരണത്തിന്റ പേരില്‍ അവമതിക്കപ്പെടുന്നില്ല. ധാര്‍മ്മികാധപതനം വളരെ ശക്തമായ രീതിയില്‍ നേരിടുന്ന ഇന്നത്തെ ലോകത്ത് ഏറ്റവും അനുയോജ്യമായ വസ്ത്രധാരണ രീതി ഇസ്‌ലാം പഠിപ്പിക്കുന്നതാണ്.

ഇസ്‌ലാമിക വസ്ത്രധാരണം പഴഞ്ചനെന്ന് കുറ്റപ്പെടുത്തുന്നവര്‍ കടുത്ത അജ്ഞതയില്‍ നിന്നാണ് സംസാരിക്കുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന ധാര്‍മ്മികതയും അവയുടെ വിചാരണയും ഹിജാബിന്റെ അനിവാര്യതയെയാണ് കാണിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത രൂപത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് സമൂഹം പറയുന്നുണ്ടെങ്കിലും, ഒരു സ്ത്രീ ബലാല്‍സംഘം ചെയ്യപ്പെട്ടാല്‍ വിചാരണാവേളയില്‍ ചോദിക്കപ്പെടുന്ന ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ‘എന്തു വസ്ത്രമായിരുന്നു ധരിച്ചിരുന്നത്?’ എന്നായിരിക്കും. ആധുനിക സ്ത്രീയെന്നു വിളിക്കപ്പെടുന്നവര്‍ക്ക് പ്രതികൂലമായിട്ടാണിത് വിരല്‍ചൂണ്ടുന്നത്. അപ്രകാരം ഒരു സ്ത്രീ പ്രദര്‍ശിപ്പിക്കുന്ന ശരീരഭാഗങ്ങളും അവള്‍ക്ക് പുരുഷനില്‍ നിന്ന് കിട്ടുന്ന ആദരവും നേരിട്ട് ബന്ധമുള്ള കാര്യമാണ്.

ഇസ്‌ലാമിനെയും മുസ്‌ലിം സ്ത്രീയെയും കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ ലേഖനം സഹായകമാണെന്ന് ഞാന്‍ വിചാരിക്കുന്നു. സ്ത്രീക്ക് ഇസ്‌ലാം വലിയ ആദരവും പരിഗണനയുമാണ് നല്‍കുന്നത്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍ എന്നു വിശ്വസിക്കാത്ത കാലത്തോളം നമ്മള്‍ വിജയിക്കുകയോ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ പരിഹാരം കാണുകയോ ഇല്ല. അവനില്‍ വിശ്വസിക്കാത്ത സമൂഹങ്ങള്‍ സ്വയം നശിക്കുക തന്നെ ചെയ്യും.

വിവ.അഹ്മദ് നസീഫ് തിരുവമ്പാടി

Related Post