സ്വര്‍ഗ-നരക വിശ്വാസവും ചൂഷണവ്യവസ്ഥയും

Originally posted 2015-09-15 19:19:12.

heaven-hell

സ്വര്‍ഗ-നരക വിശ്വാസവും ചൂഷണവ്യവസ്ഥയും സ്വര്‍ഗ-നരകങ്ങളിലുള്ള വിശ്വാസം സകലവിധ ചൂഷണങ്ങള്‍ക്കും അറുതിവരുത്തി, സാമൂഹിക സമത്വവും സാമ്പത്തിക നീതിയും സ്ഥാപിക്കുകയാണ് ചെയ്യുക.

സ്വര്‍ഗ-നരക വിശ്വാസവും ചൂഷണവ്യവസ്ഥയും

ദരിദ്രരും ചൂഷിതരുമായ സാധാരണക്കാരെ സ്വര്‍ഗം പറഞ്ഞ് സമാശ്വസിപ്പിക്കുകയും അവരുടെ സമരാവേശത്തെ കെടുത്തുകയുമല്ലേ മതം ചെയ്യുന്നത്?

സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യ സംരക്ഷണത്തിനല്ലേ മതം സ്വര്‍ഗ- നരകങ്ങളെക്കുറിച്ച് സംസാരിക്കുന്നത്?” മതത്തെ സംബന്ധിച്ച് വളരെ വ്യാപകമായി വളര്‍ത്തപ്പെട്ട വികല ധാരണകളാണ് ഇത്തരം സംശയങ്ങള്‍ക്കു കാരണം. മര്‍ദിതരുടെയും ചൂഷിതരുടെയും മോചനമാര്‍ഗമായ മതത്തെ സംബന്ധിച്ച് ഇത്തരം ഗുരുതരമായ തെറ്റുധാരണകള്‍ വളര്‍ന്നുവന്നതില്‍ വിശ്വാസികളും വിരുദ്ധരും ഒരുപോലെ കുറ്റക്കാരാണ്.

സ്വര്‍ഗ-നരകങ്ങളിലുള്ള വിശ്വാസം സകലവിധ ചൂഷണങ്ങള്‍ക്കും അറുതിവരുത്തി, സാമൂഹിക സമത്വവും സാമ്പത്തിക നീതിയും സ്ഥാപിക്കുകയാണ് ചെയ്യുക. വിശുദ്ധ ഖുര്‍ആന്റെ സാമ്പത്തിക സമീപനം ശ്രദ്ധിക്കുന്ന ആര്‍ക്കുമിത് സുതരാം വ്യക്തമാകും.

1. ഇസ്ലാമിക വീക്ഷണത്തില്‍ ധനം ദൈവത്തിന്റേതാണ്. മനുഷ്യരിലാര്‍ക്കും അതിന്റെ മേല്‍ പരമവും പൂര്‍ണവുമായ ഉടമാവകാശമില്ല. കൈകാര്യാവകാശമേയുള്ളൂ. അതും അനിയന്ത്രിതമല്ല. കണിശമായ ദൈവികശാസനകള്‍ക്ക് വിധേയമാണ്. സമ്പന്ന വിഭാഗത്തിന്റെ വശമുള്ള സ്വത്തില്‍ ദരിദ്രര്‍ക്കും അഗതികള്‍ക്കും അവകാശമുണ്ടെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. മാത്രമല്ല; ആ അവകാശം നിഷേധിക്കല്‍ ദൈവനിഷേധം പോലെ ഗുരുതരമാണെന്നും തികഞ്ഞ മതനിഷേധമാണെന്നും അത് പഠിപ്പിക്കുന്നു. നരകശിക്ഷക്കു കാരണമാകുന്ന കുറ്റകൃത്യങ്ങളെയൊക്കെ രണ്ടായി സംഗ്രഹിച്ചാല്‍ അതിലൊന്ന് അഗതിക്ക് ആഹാരം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കലാണെന്ന് മതം പഠിപ്പിക്കുന്നു.

അല്ലാഹു അറിയിക്കുന്നു: “കര്‍മപുസ്തകം ഇടതുകൈയില്‍ നല്‍കപ്പെടുന്നവന്‍ പറയും: ‘കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടാതിരുന്നെങ്കില്‍! എന്റെ കണക്ക് എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍! മരണത്തോടെ എല്ലാം അവസാനിച്ചിരുന്നെങ്കില്‍! എന്റെ ധനമെനിക്ക് ഒട്ടും പ്രയോജനപ്പെട്ടില്ല. എന്റെ അധികാരമൊക്കെയും നശിച്ചുപോയി.’ അപ്പോള്‍ ദൈവശാസനയുണ്ടാകും: അവനെ പിടിക്കൂ. ചങ്ങലയില്‍ കുരുക്കിയിടൂ! എന്നിട്ട് നരകത്തിലേക്കെറിയൂ. പിന്നെ എഴുപതു മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കൂ. കാരണം, അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികളുടെ ആഹാരമവര്‍ക്കു നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നില്ല. അതിനാല്‍ ഇന്നിവിടെ അവനോടനുഭാവമുള്ള ഒരു മിത്രവുമില്ല. വ്രണങ്ങളുടെ ദുഷ്ടുകളല്ലാതെ അവന്ന് ഒരാഹാരവുമില്ല. പാപികള്‍ മാത്രമേ അത് ഭക്ഷിക്കുകയുള്ളൂ”(അധ്യായം 69, സൂക്തം 25-37).

നരകാവകാശികള്‍ കുറ്റം ഏറ്റുപറയുമ്പോഴും തങ്ങളുടെ ദുഃസ്ഥിതിക്ക് കാരണമായി എണ്ണുന്നത് അഗതികള്‍ക്ക് ആഹാരം നല്‍കാതിരുന്നതത്രെ. “ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിനു കടപ്പെട്ടിരിക്കുന്നു. വലതുപക്ഷമൊഴികെ. അവര്‍ സ്വര്‍ഗാവകാശികളായിരിക്കും. അവര്‍ കുറ്റവാളികളോട് ചോദിക്കും: നിങ്ങള്‍ നരകത്തില്‍ പ്രവേശിക്കാന്‍ കാരണമെന്താണ്? അവര്‍ പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കിയിരുന്നില്ല. സത്യത്തിനെതിരെ വാദങ്ങള്‍ മെനയുന്നവരോടൊപ്പം ഞങ്ങളും അത് ചെയ്യാറുണ്ടായിരുന്നു. വിധിദിനത്തെ നിഷേധിക്കുന്നവരായിരുന്നു ഞങ്ങള്‍. അങ്ങനെ ആ അനിഷേധ്യ യാഥാര്‍ഥ്യം ഞങ്ങള്‍ നേരിട്ടനുഭവിച്ചു.”(അധ്യായം 74, സൂക്തം 38-47).

പ്രിയമുള്ളവരേ ഇനി പറയൂ! ഈ സ്വര്‍ഗ-നരക വിശ്വാസം ദരിദ്രര്‍ക്കും അഗതികള്‍ക്കും ഗുണമാണോ ദോഷമാണോ വരുത്തുക? സാമ്പത്തിക അനീതി നിലനിര്‍ത്തുകയാണോ അതോ അവസാനിപ്പിക്കുകയാണോ ചെയ്യുക? ഖുര്‍ആന്‍ പിന്നെയും പറയുന്നു: “അവരുടെ ധനത്തില്‍ ചോദിക്കുന്നവന്നും ആശ്രയമറ്റവന്നും അവകാശമുണ്ട്”(അധ്യായം 51, സൂക്തം 19). “ബന്ധുവിനും ദരിദ്രന്നുംവഴിയാത്രക്കാരന്നും അവരുടെ അവകാശം നല്‍കുക.”(അധ്യായം 17, സൂക്തം 26). “മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടുവോ? അവന്‍ അനാഥരെ അവഗണിക്കുന്നവനാണ്; അഗതിക്ക് ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും”(അധ്യായം 107, സൂക്തം 1-3). ഈ വിശുദ്ധ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ അനാഥരെ അവഗണിക്കുകയോ അഗതികള്‍ക്കും ദരിദ്രര്‍ക്കും അവരുടെ അവകാശം നിഷേധിക്കുകയോ ഇല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

2. ധനം വ്യയം ചെയ്യാതെ ശേഖരിച്ചു വയ്ക്കുന്നവര്‍ക്ക് മരണശേഷം കൊടിയ ശിക്ഷയുണ്ടാകുമെന്ന് താക്കീതു ചെയ്യുന്ന ഖുര്‍ആന്‍, സമ്പത്ത് ധനിക വര്‍ഗത്തിനിടയില്‍ മാത്രം കറങ്ങുന്ന അവസ്ഥ ഉണ്ടാവരുതെന്ന് ആവശ്യപ്പെടുന്നു. അതോടൊപ്പം അതിരുവിട്ട പണക്കൊതിയെ രൂക്ഷമായി ആക്ഷേപിക്കുകയും ചെയ്യുന്നു: “നിശ്ചയം, മനുഷ്യന്റെ ധനക്കൊതി കഠിനം തന്നെ”(അധ്യായം 100, സൂക്തം 8). “അല്ല! ഒരിക്കലുമല്ല! നിങ്ങള്‍ അനാഥരോട് ആദരവോടെ പെരുമാറുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കാന്‍ പരസ്പരം പ്രേരിപ്പിക്കുന്നുമില്ല. പൈതൃകസ്വത്തൊക്കെയും ശേഖരിച്ചുവച്ചു തിന്നുകയാണ്. നിങ്ങള്‍ വഷളാംവിധം ധനപ്രേമത്തിലകപ്പെട്ടിരിക്കുന്നു” (അധ്യായം 89, സൂക്തം 17 20). “സമ്പത്ത് നിങ്ങള്‍ക്കിടയിലെ ധനികവിഭാഗത്തിനിടയില്‍ മാത്രം കൈയാളപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണിത്” (59 : 7). “സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവയ്ക്കുകയും എന്നിട്ടത് ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന വാര്‍ത്ത അവരെ അറിയിക്കുക. അതേ സ്വര്‍ണവും വെള്ളിയും നരകാഗ്നിയില്‍ പഴുപ്പിക്കുകയും അനന്തരം അതുകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വങ്ങളും മുതുകുകളും ചൂടുവയ്ക്കപ്പെടുകയും ചെയ്യുന്ന ഒരു ദിനം വരുന്നുണ്ട്” (9: 34, 35). ഇവ്വിധം രക്ഷാശിക്ഷകളില്‍ വിശ്വസിക്കുന്നവര്‍ ധനം കുന്നുകൂട്ടി വയ്ക്കുകയില്ലെന്നും ദൈവമാര്‍ഗത്തില്‍ ദരിദ്രര്‍ക്കത് നിര്‍ലോഭം നല്‍കുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

3. ധനം ചെലവഴിക്കുന്നവര്‍ മാത്രമാണ് വിശ്വാസികളും സ്വര്‍ഗാവകാശികളുമെന്ന് പഠിപ്പിക്കുന്ന പരിശുദ്ധ ഖുര്‍ആന്‍ ഏറ്റവും പുണ്യകരമായ കാര്യമതാണെന്നും അതിന് അനേകമിരട്ടി പ്രതിഫലമുണ്ടെന്നും പഠിപ്പിക്കുന്നു: “നിങ്ങള്‍ പശ്ചിമ ദിക്കിലേക്കോ പൂര്‍വദിക്കിലേക്കോ മുഖം തിരിക്കുക എന്നതിലല്ല പുണ്യം. പിന്നെയോ, മനുഷ്യന്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുകയും അല്ലാഹുവോടുള്ള സ്നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമഭ്യര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യലാണ് പുണ്യം”(2: 177). “ഞാന്‍ ധാരാളം ധനം തുലച്ചുകളഞ്ഞിട്ടുണ്ടെ’ന്ന് അവന്‍ ഘോഷിക്കുന്നുവല്ലോ. തന്നെ ആരും കണ്ടിട്ടില്ലെന്നാണോ അവന്റെ വിചാരം? നാമവന് രണ്ടു കണ്ണുകളും ഒരു നാവും ചുണ്ടിണകളും നല്‍കിയില്ലേ? വ്യക്തമായ രണ്ടു വഴികള്‍ (നന്മയുടെയും തിന്‍മയുടെയും) കാണിച്ചുകൊടുക്കുകയും ചെയ്തില്ലേ? പക്ഷേ, അവന്‍ ദുര്‍ഘടമായ മാര്‍ഗം താണ്ടാന്‍ തയ്യാറായില്ല. ആ ദുര്‍ഘടമായ മാര്‍ഗം ഏതെന്ന് താങ്കള്‍ക്ക് എന്തറിയാം? അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിനാളില്‍ ബന്ധുവായ അനാഥക്കോ അവശനായ അഗതിക്കോ ആഹാരം നല്‍കുക; പിന്നെയവന്‍ വിശ്വാസം സ്വീകരിച്ചവരും ക്ഷമയും കാരുണ്യവും അന്യോന്യം ഉപദേശിക്കുന്നവരുമായ ജനത്തില്‍ ഉള്‍പ്പെടുകയും ചെയ്യുക; ഇവയെല്ലാമാണത്” (90: 7-17). “നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായ വസ്തുക്കളെന്തോ അത് ചെലവഴിക്കാതെ പുണ്യം നേടുക സാധ്യമല്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു” (3: 92). ഈ വിശുദ്ധ വാക്യങ്ങളംഗീകരിക്കുന്നവര്‍ ദരിദ്രര്‍ക്കുള്ള ധനവ്യയത്തിലൊട്ടും പിശുക്കു കാട്ടുകയില്ലെന്നും പാവപ്പെട്ടവരുടെ പ്രയാസങ്ങളകറ്റുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുമെന്നതിലും സംശയമില്ല.

4. ഇസ്ലാം ചൂഷണത്തിന്റെ എല്ലാ വഴികളും കൊട്ടിയടക്കുന്നു. സമൂഹത്തിന് ഹാനികരമായ സമ്പാദ്യമാര്‍ഗങ്ങളെ കണിശമായി വിലക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: “കള്ളത്താപ്പുകാര്‍ക്ക് കൊടിയ നാശം! ആളുകളോട് അളന്നെടുക്കുമ്പോള്‍ തികച്ചുവാങ്ങുകയും അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവു വരുത്തുകയും ചെയ്യുക എന്നതത്രെ അവരുടെ സ്വഭാവം. ഒരു കഠിനനാളില്‍ തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിച്ച് കൊണ്ടുവരപ്പെടുന്നവരാണെന്ന് ഈ ജനം മനസ്സിലാക്കുന്നില്ലയോ? അന്നാളില്‍ മനുഷ്യരൊക്കെയും ലോകനാഥന്റെ സന്നിധിയില്‍ വന്നുനില്‍ക്കേണ്ടി വരും” (83: 1-6). “പലിശ ഭുജിക്കുന്നവരോ, അവരുടെ ഗതി പിശാച് ബാധിച്ച് ഭ്രാന്ത് പിടിച്ചവന്റേതുപോലെയാണ്.” (2: 275). പലിശ വന്‍ പാപമാണെന്നും അതു തിന്നുന്നവര്‍ നരകാവകാശികളാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ചൂതാട്ടം പോലുള്ള സാമ്പത്തിക ചൂഷണത്തെയും അത് ശക്തിയായി വിലക്കിയിട്ടുണ്ട്. പ്രവാചകന്‍ തിരുമേനി പറയുന്നു: ” ആര്‍ വഞ്ചന നടത്തിയോ അവര്‍ നമ്മുടെ കൂട്ടത്തില്‍ പെട്ടവനല്ല” (അഹ്മദ്, തിര്‍മിദി). “പൂഴ്ത്തിവച്ചവന്‍ പാപിയാണ്” (മുസ്ലിം, അബൂദാവൂദ്). “തൊഴിലാളിയെക്കൊണ്ട് വേലയെടുപ്പിച്ച് കൂലികൊടുക്കാത്തവരുടെ ശത്രുവായിരിക്കും അന്ത്യനാളില്‍ അല്ലാഹു” (ബുഖാരി). ഇങ്ങനെ സാമ്പത്തിക ചൂഷണത്തിന്റെ കവാടങ്ങളെല്ലാം കൊട്ടിയടക്കുന്ന ഇസ്ലാം പിശുക്കിനെ രൂക്ഷമായി ആക്ഷേപിക്കുന്നു. അവരെ ബാധിക്കാനിരിക്കുന്ന കൊടിയ ശിക്ഷയെ കുറിച്ച് താക്കീതുനല്‍കുകയും ചെയ്യുന്നു: “അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ പിശുക്ക് കാണിക്കുന്നവര്‍, ആ പിശുക്ക് തങ്ങള്‍ക്ക് ഗുണകരമാണെന്ന് കരുതാതിരിക്കട്ടെ. അല്ല, അതവര്‍ക്ക് വളരെ ദോഷകരമാകുന്നു. തങ്ങള്‍ പിശുക്കി സമ്പാദിച്ചുവച്ചതൊക്കെയും അന്ത്യനാളിലവരുടെ കണ്ഠത്തിലണിയിക്കപ്പെടും.

വാന-ഭുവനങ്ങളുടെ അന്തിമമായ അവകാശം അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ കുറിച്ചൊക്കെയും അഭിജ്ഞനല്ലോ” (ആലു ഇംറാന്‍ 180).

5. മര്‍ദിതരെയും ചൂഷിതരെയും അവരനുഭവിക്കുന്ന ദുരിതാവസ്ഥയില്‍ വിടാനല്ല മതമാവശ്യപ്പെടുന്നത്. മറിച്ച്, അവരുടെ രക്ഷക്കും മോചനത്തിനുമായി യത്നിക്കാനും പൊരുതാനുമാണ്. ഖുര്‍ആന്‍ ചോദിക്കുന്നു: “പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീ- പുരുഷന്മാര്‍ക്കു വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ, പറഞ്ഞുകൊണ്ടേയിരിക്കുന്നു: ‘നാഥാ, മര്‍ദകരായ നിവാസികളുടെ ഈ പട്ടണത്തില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിശ്ചയിച്ചു തരേണമേ! നീ ഞങ്ങള്‍ക്ക് ഒരു സഹായിയെയും ഉണ്ടാക്കിത്തരേണമേ!” (3: 75). പ്രവാചകന്‍ പറയുന്നു: “വിധവക്കും അഗതിക്കും വേണ്ടി അധ്വാനിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതുന്നവനെപ്പോലെയാണ്” (ബുഖാരി). “എല്ലാ കാലുകളും തെന്നി നരകത്തില്‍ പതിക്കുന്ന ദിവസം. മര്‍ദിതനോടൊത്തുനിന്ന് അവന്റെ അവകാശം നേടിക്കൊടുത്തവന്റെ ഇരുകാലുകളും പതറാതെ ഉറച്ചുനില്‍ക്കും.” മതവും അതനുശാസിക്കുന്ന സ്വര്‍ഗ-നരക വിശ്വാസവും എല്ലാവിധ ചൂഷണങ്ങള്‍ക്കുമറുതി വരുത്തി സാമ്പത്തിക നീതിയും സാമൂഹിക സമത്വവും സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് ഈ വസ്തുതകളൊക്കെയും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. മതത്തിന്റെ നിയോഗം മര്‍ദിതരുടെ മോചനമായതിനാലാണ്, ചരിത്രത്തിലെന്നും എവിടെയും പ്രവാചകന്മാരുടെയും അവരുടെ പാത പിന്തുടര്‍ന്ന മതപ്രബോധകരുടെയും പ്രവര്‍ത്തകരുടെയും മുഖ്യ പ്രതിയോഗികള്‍ പണക്കാരും പ്രമാണിമാരും മര്‍ദകരായ അധികാരി കളുമായത്.  മര്‍ദകരുടെയും ചൂഷകരുടെയും മടക്കം നരകത്തിലേക്കാണെന്നും സുമനസ്സുകള്‍ക്കും സുകര്‍മികള്‍ക്കും മാത്രമേ സ്വര്‍ഗം ലഭിക്കുകയുള്ളൂവെന്നും പഠിപ്പിക്കുന്ന മതവിശ്വാസം ചൂഷണവ്യവസ്ഥക്ക് അറുതി വരുത്തുകയാണ്, അതിനെ താങ്ങിനിര്‍ത്തുകയല്ല  ചെയ്യുകയെന്നത് പകല്‍വെളിച്ചം പോലെ പ്രകടമത്രെ.

Related Post