Main Menu
أكاديمية سبيلي Sabeeli Academy

സ്‌നേഹമെന്ന കല

സ്നേഹമെന്ന കല

ആത്മാര്‍ത്ഥ സ്നേഹം

സ്‌നേഹമെന്ന കല

 ആത്മാര്‍ത്ഥ സ്നേഹം

വിവാഹത്തിന്റെ മുപ്പതാം വര്‍ഷം. ഭര്‍ത്താവും ഭാര്യയും വലിയുപ്പയുടെയും വലിയുമ്മയുടെയും തസ്തികയിലേക്ക് പ്രമോഷന്‍ നേടിക്കഴിഞ്ഞിരിക്കും. സ്വാഭാവികമായും അവരെപ്പറ്റി പറയപ്പെടുക ദാമ്പത്യത്തിന്റെ മധുരം മാറിയ കാലം എന്നാണ്. അവര്‍ തന്നെ അങ്ങനെ വിലയിരുത്തിയെന്നു വരാം. ഇതു മാറ്റിയെടുക്കണം. കാലം കഴിയുമ്പോള്‍ സ്‌നേഹത്തിന് ആരോഗ്യം കൂടണം. ഇരുപത്തിയഞ്ചാം വയസ്സില്‍ വിവാഹിതനായ യുവാവ് അമ്പതാം വയസ്സിലെത്തുമ്പോള്‍ അയാളുടെ ഭര്‍തൃത്വത്തിന് ഇരുപത്തഞ്ച് വയസ്സാണല്ലോ ആവുക. അതായിരിക്കണം അയാളുടെ സ്‌നേഹത്തിന്റെ യുവത്വം. വിവാഹസമയത്ത് ഭാര്യയുടെ പ്രായം ഇരുപതാണെങ്കില്‍ ആ നാല്‍പത്തഞ്ചുകാരിയും ഇരുപത്തിയഞ്ചിന്റെ യുവത്വത്തില്‍ ആയിരിക്കണം.

കാലം ചെല്ലും തോറും സ്‌നേഹത്തിന് മധുരവും ശക്തിയും ലഭിക്കണമെന്നാണ് ഖുര്‍ആനില്‍ നിന്ന് ഗ്രഹിക്കേണ്ടത്. ഇണകള്‍ നടത്തേണ്ട പ്രാര്‍ത്ഥനയില്‍ അതുണ്ട്. ”അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാകുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളിലൂടെയും സന്താനങ്ങളിലൂടെയും നീ ഞങ്ങള്‍ക്ക് കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.” (വി.ഖു 25:74)

കുട്ടികളും പേരക്കുട്ടികളുമില്ലാത്ത അവസ്ഥയില്‍ മാത്രം പ്രാര്‍ഥിക്കേണ്ടതല്ല ഇത്. ദാമ്പത്യത്തിന്റെ ആദ്യനാളുകളിലും വാര്‍ധക്യത്തിലും ഒരുപോലെ പ്രാര്‍ഥിക്കാനുള്ളതാണ്. എഴുപതുവയസ്സുകാരനായ ഭര്‍ത്താവില്‍ നിന്ന് കണ്‍കുളിര്‍മ ലഭിക്കണമെന്ന് അറുപത്തഞ്ചുകാരി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും വേണമെന്നാണ് ഈ സൂക്തം പഠിപ്പിക്കുന്നത്. അതെങ്ങനെയെന്ന് നാം അറിഞ്ഞിരിക്കണമല്ലോ.

ഇണ

ദാമ്പത്യത്തിന്റെ ഒന്നാം വര്‍ഷത്തിലും തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളിലുമുള്ള സ്‌നേഹം യഥാര്‍ഥ സ്‌നേഹമാണെന്ന് നമുക്ക് ഉറപ്പിക്കാന്‍ വയ്യ. അത് മാംസളമാവാന്‍ ഇടയുണ്ട്. എന്നുവെച്ചാല്‍ ബാഹ്യസൗന്ദര്യവുമായി ബന്ധപ്പെട്ടത്. ശരീരത്തിന് ഓജസ്സും തുടിപ്പുമുള്ളപ്പോള്‍ ഇണക്കുരുവികളെ പോലെ തൊട്ടുരുമ്മിക്കഴിഞ്ഞവര്‍ അതിന് മങ്ങലേല്‍ക്കുകയോ രോഗം ബാധിക്കുകയോ ചെയ്യുമ്പോള്‍ സ്‌നേഹത്തില്‍ കുറവു വരുത്തിയെന്നു വരും. എത്ര ശ്രമിച്ചാലും പഴയ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു വരും. ചിലര്‍ക്ക് മറിച്ചാണ്. എന്റെ ഇണയുടെ അനാരോഗ്യവും ദുര്‍ബലതയും എന്റെ സ്‌നേഹവും ദയയും കൂടുതല്‍ ഒഴുകേണ്ട ഘട്ടമാണ് എന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയും. എങ്കില്‍ അവരില്‍ ആന്തരിക സ്‌നേഹമുണ്ട് എന്നുറപ്പാണ്. പരിക്കുപറ്റി കിടക്കുന്ന ഭര്‍ത്താവിന് രണ്ടുവര്‍ഷം തുടര്‍ച്ചയായി ചികിത്സ വേണമെന്നും എന്നാല്‍ തന്നെ പഴയ അവസ്ഥയിലേക്ക് പൂര്‍ണമായി മാറാന്‍ കഴിയില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞത് ഉള്‍ക്കൊണ്ട് പ്രാര്‍ഥനയും പരിചരണവുമായി ഒരു കുഞ്ഞിനെയെന്നോണം ലാളിക്കുന്ന ഭാര്യമാര്‍ സമൂഹത്തില്‍ കുറവല്ല. അവരാണ് സ്‌നേഹം പഠിച്ചറിഞ്ഞവര്‍.

താല്‍പര്യങ്ങള്‍

ആദ്യ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരേ കട്ടിലില്‍ രണ്ടു ധ്രുവങ്ങളിലെന്നോണം കഴിയുകയും എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടി കേള്‍ക്കുമെന്ന ഭയമില്ലാതെ വീട്ടില്‍ വെച്ച് വഴക്ക് കൂടുകയും ചെയ്യുക, രണ്ടും മൂന്നും ദിവസങ്ങള്‍ പിണങ്ങി നില്‍ക്കുക, നേരത്തെ നിശ്ചയിച്ച ടൂറോ കുടുംബ സന്ദര്‍ശനമോ വഴക്കു കാരണം ഒഴിവാക്കുക എന്നിവ നടക്കുന്നുവെങ്കില്‍ ഇരുവരും സ്‌നേഹം പഠിച്ചിട്ടില്ല. അവര്‍ പഠിച്ചത് രതിജന്യമായ അടുപ്പം മാത്രമാണ്. ഒരു ഡ്രൈവറോ അധ്യാപകനോ ഡോക്ടറോ എഞ്ചിനീയറോ ജോലിയില്‍ ചേര്‍ന്ന വര്‍ഷത്തില്‍ ആ തൊഴിലില്‍ ഏതു നിലവാരമാണോ ഉണ്ടായിരുന്നത് അതു തന്നെയാണ് പത്താം വര്‍ഷവും അവരിലുള്ളത് എങ്കില്‍ അവര്‍ കഴിവില്ലാത്തവരാണ് എന്നാണ് നാം വിധിയെഴുതേണ്ടത്. വര്‍ഷങ്ങള്‍ കഴിയുന്തോറും ആ തൊഴിലില്‍ അവര്‍ക്ക് പ്രാവീണ്യം വര്‍ധിച്ചിരിക്കണം. അതേപോലെ ദാമ്പത്യജീവിതത്തില്‍ ഓരോ വര്‍ഷം പിന്നിടുമ്പോഴും സ്‌നേഹം എന്ന കലയില്‍ മികവു നേടാന്‍ കഴിയണം. ഡോക്ടര്‍, എഞ്ചിനീയര്‍ എന്നിവരുടേത് തൊഴിലാണ്. സ്‌നേഹമാകട്ടെ കലയും. പരസ്പരം മനസ്സിലാക്കുക. ഇണ തന്നില്‍ നിന്ന് എന്തു പ്രതീക്ഷിക്കുന്നു, ആ പ്രതീക്ഷ തെറ്റായതാണോ അല്ല അര്‍ഹിക്കുന്നതാണോ എന്ന് സ്വയം ചോദിക്കണം. ശരിയും അര്‍ഹിക്കുന്നതുമാണെങ്കില്‍ അത് താന്‍ നല്‍കേണ്ടതാണ് എന്നും തീരുമാനിക്കണം. അത് നല്‍കുന്നതില്‍ താന്‍ വീഴ്ച വരുത്തിയോ എന്ന് ആത്മപരിശോധന നടത്തണം

Related Post