Main Menu
قناة الجامع لعلوم القرآن - Al-Jami' Channel for Quranic Sciences

ഹജ്ജ്

Originally posted 2019-02-16 16:49:07.

arafa

തീര്‍ഥാടനം, ലക്ഷ്യം നിര്‍ണയിച്ചുള്ള യാത്ര എന്നിങ്ങനെയാണ് ഹജ്ജ് എന്ന പദത്തിന്റെ ഭാഷാര്‍ഥം.ഹജ്ജിലെ പ്രധാനമായ ചടങ്ങ് അറഫാ സംഗമമാണ്

തീര്‍ഥാടനം, ലക്ഷ്യം നിര്‍ണയിച്ചുള്ള യാത്ര എന്നിങ്ങനെയാണ് ഹജ്ജ് എന്ന പദത്തിന്റെ ഭാഷാര്‍ഥം.

ഇസ് ലാമില്‍ ഹിജ്‌റ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യ പകുതിയില്‍ മക്കയില്‍ നിര്‍ദിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി നടത്തപ്പെടുന്ന തീര്‍ഥാടനമാണ് ഹജ്ജ്.

പ്രവാചക പ്രമുഖനായ ഇബ്രാഹീം നബിയുടെ കാലംമുതലേ ഹജ്ജുകര്‍മം നിലവിലുണ്ട്. ഇബ്‌റാഹീം നബിയാണ് ഹജ്ജ് ആരംഭിച്ചതെന്നാണ് ഖുര്‍ആന്‍ പറയുന്നത്. കഅ്ബയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് കല്‍പ്പിച്ചു: 

നീ ജനങ്ങളില്‍ തീര്‍ഥാടനം വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍നിന്നൊക്കെയും കാല്‍നടയായും ഒട്ടകങ്ങളില്‍ സഞ്ചരിച്ചും അവര്‍ നിന്റെ അടുക്കല്‍ വന്നു ചേരുന്നതാകുന്നു'(അല്‍ ഹജ്ജ്: 27).ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും വിശ്വാസി ഹജ്ജുകര്‍മം നിര്‍വഹിച്ചിരിക്കണം. ആരോഗ്യമില്ലാത്തവരും ആവശ്യമായ സാമ്പത്തിക സൗകര്യവും യാത്രാ സൗകര്യമില്ലാത്തവരും ഹജ്ജ് ബാധ്യതയില്‍ നിന്നൊഴിവാകുന്നു.

മക്കയില്‍ ചെന്ന് കഅ്ബ പ്രദക്ഷിണം ചെയ്യുക, കഅ്ബക്കടുത്തുള്ള സ്വഫാ-മര്‍വ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം നടക്കുക, ദുല്‍ഹിജ്ജഃ എട്ടാം നാളില്‍ കഅ്ബയുടെ ഏതാണ്ട് 6 കി.മി. അകലെയുള്ള മിനായില്‍ ചെന്ന് താമസിക്കുക, ഒമ്പതാം നാള്‍ പകല്‍ അറഫാ മൈതാനത്ത് ചെന്ന് പ്രാര്‍ഥിക്കുക, അന്നു രാത്രി അറഫക്കും മിനക്കുമിടയിലുള്ള മുസ്ദലിഫയില്‍ തങ്ങുക, പിറ്റേന്ന് മിനായിലേക്ക് മടങ്ങിവന്ന് ജംറകളില്‍ കല്ലെറിയുക, രണ്ടോ മൂന്നോ നാള്‍ മിനായില്‍ തന്നെ താമസിക്കുക. അതിനിടക്ക് ബലി നടത്തിയ ശേഷം മുടി മുറിച്ചു ഇഹ്‌റാമില്‍ നിന്ന് മുക്തനാവുക – ഇതാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍.

ഹജ്ജുപോലെത്തന്നെ നിര്‍ബന്ധമാകുന്നു ഉംറയും. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉംറ ചെയ്യാം. ഹജ്ജിനെ അപേക്ഷിച്ച് ലളിതമാണ് ഉംറയുടെ ചടങ്ങുകള്‍. മക്കയില്‍ ചെന്ന് കഅ്ബ തവാഫ് ചെയ്യുകയും സ്വഫാ -മര്‍വക്കിടയില്‍ നടക്കുകയും ചെയ്യുന്നതോടെ ഉംറ പൂര്‍ത്തിയാകുന്നു.

ഹജ്ജിന്റെയും ഉംറയുടെയും ചടങ്ങുകളോരോന്നും ദൈവത്തോടുള്ള ഭക്തിയുടെയും സ്‌നേഹത്തിന്റെയും, പൈശാചിക ശക്തികളോടുള്ള വിരോധത്തിന്റെയും ദൈവത്തിനുള്ള ആത്മസമര്‍പ്പണത്തിന്റെയും പ്രതീകങ്ങളും ഇസ്‌ലാമിക ചരിത്രസംഭവങ്ങളുടെ അനുസ്മരണങ്ങളുമാകുന്നു.

കാലദേശങ്ങള്‍ക്കതീതമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിലധിഷ്ഠിതമായ ധര്‍മവ്യവസ്ഥയുടെയും സാര്‍വദേശീയ സാഹോദര്യത്തിന്റെയും പ്രകടനമാണ് ഹജ്ജ്. മുസ്‌ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനവുമാണത്.

ഹജ്ജിലെ പ്രധാനമായ ചടങ്ങ് അറഫാ സംഗമമാണ്. ലോകത്തിന്റെ വിവിധ മുക്കുമൂലകളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസികളെല്ലാം ദേശ, ഭാഷ, വര്‍ഗ, വര്‍ണ വ്യത്യാസങ്ങള്‍ മറന്ന് ഇവിടെ ഒരേ വസ്ത്രം ധരിച്ച് ഏകനായ അല്ലാഹുവിന്റെ മുമ്പില്‍ കൈനീട്ടി നിന്ന് പ്രാര്‍ഥിക്കുകയും ഒരേ നേതാവിന്റെ പ്രഭാഷണം ശ്രവിക്കുകയും ചെയ്യുന്നു. മുസ്‌ലിം സമൂഹത്തെ പരസ്പരം പരിചയപ്പെടുന്നതിലും ഏകീകരിക്കുന്നതിലും ഹജ്ജിനുള്ള പങ്ക് അവിതര്‍ക്കിതമാകുന്നു.

Related Post