‘ഹിന്ദുവായി ജനിച്ചു, എന്നാല്‍ … മരിക്കുന്നത് ഹിന്ദുവായിട്ടാവില്ല’
ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തുവെച്ച് 50ഓളം ദലിതുകള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. കലിമ ചൊല്ലി ജന്തര്‍മന്ദറില്‍ റോഡരികില്‍ വെച്ച് നമസ്കാരവും നിര്‍വ്വഹിച്ചു.
ഒരാഴ്ച മുമ്പ് തന്നെ തങ്ങളുടെ തീരുമാനം അവര്‍ പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള ഇവര്‍ക്ക് നേരെ സ്ഥലത്തെ ജാട്ടുകള്‍ നടത്തിയ അതിക്രമങ്ങളിന്മേല്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇവര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജന്ദര്‍മന്തറില്‍ ഇരിപ്പുസമരത്തിലായിരുന്നു.
‘തൊട്ടുകൂടായ്മയും, അതിക്രമങ്ങളും, ബഹിഷ്കരണങ്ങളുടെയും, കൂട്ടബലാത്സംഗങ്ങളുടെയും ഇരകളാണ് ഞങ്ങള്‍. ഇതിന്റെയെല്ലാം അടിസ്ഥാനം ഹിന്ദുത്വവാദി വ്യവസ്ഥയാണ്. ഈ വ്യവസ്ഥയില്‍ ജീവിക്കുന്നേടത്തോളം ഇത് ഞങ്ങളുടെ ആഭ്യന്തര പ്രശ്നമാണെന്ന് പറഞ്ഞ് മറ്റുള്ളവരാരും ഞങ്ങളെ സഹായിക്കുകയില്ല. ഇപ്പോഴത്തേതല്ലെങ്കില്‍ ഞങ്ങളുടെ ഭാവിജീവിതമെങ്കിലും കാക്കണമെങ്കില് ഈ വ്യവസ്ഥിതിയില്‍ നിന്നും പുറത്ത് കടന്നേ മതിയാകൂ,’ വെള്ള തൊപ്പി ധരിച്ചിരിക്കുന്ന സതീഷ് കജ്ല പറഞ്ഞു. ഇസ്ലാം സ്വീകരിച്ചവരില്‍ ഒരാളാണിദ്ദേഹം.
നീതി ലഭിക്കുന്ന മുറക്ക് ഈ തൊപ്പി ഉപേക്ഷിച്ചു ഇസ്ലാമില്‍ നിന്നും പുറത്തു പോകുമോ? ” എന്ന ചോദ്യത്തിന് ഇല്ല, ഒരിക്കലുമില്ല. ഇനി ഞങ്ങള്‍ക്ക് നീതി ലഭിച്ചാലും ഹിന്ദുമതത്തിലേക്ക് ഞങ്ങള്‍ മടങ്ങില്ല,’ എന്നാണ് കജ്ലയുടെ മറുപടി.
നാലുവര്‍ഷത്തോളം മേല്‍ജാതിക്കാരുടെ പീഡനങ്ങളും ബഹിഷ്കരണങ്ങളും സഹിച്ച അവര്‍ ഇസ്ലാം സ്വീകരിക്കുന്നതിനെ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. മേല്‍ജാതി ഹിന്ദുക്കളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് തങ്ങളില്‍ ചിലര്‍ നേരത്തെ ഇസ്ലാം സ്വീകരിച്ചിരുന്നതായി എഴുതി തയാറാക്കിയ പ്രസ്താവനയില്‍ ഇരകളായ കുടുംബങ്ങള്‍ പറഞ്ഞു.
തൊട്ടുകൂടായ്മയുടെയും അതിക്രമങ്ങളുടെയും അനീതിയുടെയും ഇരകളായി തുടരുന്നതില്‍ പ്രതിഷേധിച്ച് ബഗാന ഗ്രാമത്തിലെ 500 കുടുംബങ്ങള്‍ ദല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ഇസ്ലാം സ്വീകരിക്കുമെന്നും കുറ്റവാളികളായ ജാട്ടുകളുടെയും ഉദ്യോഗസ്ഥരുടെയും അറസ്റ്റ് ചെയ്യണമെന്നും തങ്ങളുടെ വീടുകള്‍ പുനര്‍നിര്‍മിച്ച് നല്‍കണമെന്ന് ആവശ്യപെടുമെന്നും അവര്‍ അറിയിച്ചിരുന്നതായി ഇരകളുടെ നീതിക്കായി പോരാടുന്ന ബഗാന സംഘര്‍ഷ് സമിതി പറയുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി ബഗാനയിലെ ഇരകള്‍ നീതിക്കായി ഓടിനടക്കുകയായിരുന്നു. ഒരുപാട് പ്രതിഷേധങ്ങള്‍ നടത്തിയിട്ടും, അറസ്റ്റു കൈവരിച്ചിട്ടും, ഹിസാറിലും ജന്തര്‍മന്ദറിലും സമരങ്ങള്‍ നടത്തിയിട്ടും, ദലിതുകള്‍ക്ക് നീതിയും സംരക്ഷണവും ആദരവും ലഭിച്ചില്ല. മേല്‍ജാതി ഹിന്ദുക്കളുടെ അതിക്രമത്തില്‍ മനംനൊന്ത് ചില ഇരകള്‍ പ്രതിഷേധമെന്നോണം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും സംഘര്‍ഷ് സമിതി പറയുന്നു.
250 ദലിത് കുടുംബങ്ങളെ ബഗാനയിലെ ഖാപ് പഞ്ചായത്ത് 2011ല്‍ ബഹിഷ്കരിക്കുകയും നാടുവിടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തതായി സമിതി പറയുന്നു. 280 ഏക്കര്‍ ഭൂമി അനധികൃതമായി കൈയ്യേറിയ ജാട്ടുകള്‍ ദലിതുകള്‍ ആ സ്ഥലമുപയോഗിക്കുന്നത് തടയുകയും ചെയ്തു. ‘അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ച് ഭരണാധികാരികള്‍ക്ക് പരാതി നല്കിയപ്പോള് മേല്‍ജാതിക്കാരായ ജാട്ടുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇരകള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുകയാണുണ്ടായത്. അവര്‍ ദലിതുകളെ ആക്രമിക്കുകയും അവരിലെ ചെറിയവരെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്തു.’ സമിതി പറയുന്നു.
‘ജീവിതം ദുസ്സഹമായതിനാല്‍ 2012 മെയ് 21ന് ഞ്ങ്ങള്‍ക്ക് ഗ്രാമം വിട്ടോടേണ്ടിവന്നു. ബാര്‍ബര്‍മാര്‍ ഞങ്ങളുടെ മുടിമുറിക്കില്ല. ഞങ്ങളുടെ കുട്ടികളെ സ്കൂളുകളില്‍ നിന്നും പുറത്താക്കി. ക്ഷേത്രങ്ങളില്‍ നിന്നും ഞങ്ങള്‍ പുറന്തള്ളപ്പെട്ടു. കുളം ഉപയോഗിക്കുന്നത് തടഞ്ഞു. കടകളില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കാതായി. ഞങ്ങളോട് ബന്ധം പുലര്‍ത്തുന്ന ആര്‍ക്കും 1100 രൂപ പിഴ അടക്കേണ്ടിവരുമെന്ന് ഖാപ് പഞ്ചായത്ത് കല്പന പുറപ്പെടുവിച്ചു.’ സംഘര്‍ഷ സമിതിയിലെ വിരേന്ദ്ര സിങ് ബഗോറിയ പറയുന്നു. ബഗോറിയയും ഇസ്ലാം സ്വീകരിച്ചയാളാണ്.
ഞങ്ങള്‍ ഗ്രാമത്തില്‍ നിന്നും പോന്നതിന് ശേഷം ഗ്രാമത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷെ, ഇതിനിടക്ക് ഞങ്ങളുടെ നാലു ചെറിയകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ആളുകള്‍ നോക്കിനില്‍ക്കെ പിന്നോക്ക സമുദായക്കാരനായ ഒരാളെ വെടിവെച്ചുകൊന്നു. രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണികളാക്കി. എന്നിട്ടും ഗ്രാമത്തില്‍ സാമുദായിക സൗഹാര്‍ദവും സമാധാനവും നിലനില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.’
‘ഹിന്ദു നേതാക്കള്‍ ഞങ്ങളെ മനുഷ്യരായി കണക്കാക്കുന്നില്ല. ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ അവര്‍ ഒരുക്കമല്ല. രാജ്യത്തെ വിഭവങ്ങളും ഞങ്ങള്‍ക്ക് കൂടി പങ്കുവെക്കാന്‍ അവര്‍ ഒരുക്കമല്ല. ജീവിതം ദുസ്സഹമായിക്കൊണ്ടിരുന്നത് വിശ്വാസപരിവര്‍ത്തനത്തിന് ഞങ്ങളെ നിര്‍ബന്ധിതരാക്കി. ഹിന്ദുവ്യവസ്ഥിതിയില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു’
ജാട്ട് സമുദായത്തിലെ സഞ്ജയ് ബുറയും ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ‘ദലിതുകള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട ജാതിയില്‍ പെട്ടയാളാണ് ഞാന്‍. ഇവരുടെ ദുഖത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞാന്‍ ഇവരോടൊപ്പം നില്ക്കുന്നു. ഞാന്‍ സ്വയം ദലിതനായിട്ടാണ് മനസിലാക്കുന്നത്. ബഗാനയില്‍ മാത്രമല്ല പലയിടത്തും ഇവരുടെ വേദന ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഞാനും ഇസ്ലാം സ്വീകരിച്ചിരിക്കുന്നു,’ ബുറ പറയുന്നു.
‘ഹിന്ദുമതത്തിലെ വര്‍ണവ്യവസ്ഥ തൊട്ടുകൂടായ്മയും വിവേചനവും അനുവദിക്കുന്നു. ഈ വ്യവസ്ഥക്കെതിരാണ് ഞാന്‍. പുതിയ ബി.ജെ.പി. സര്‍ക്കാര്‍ പ്രത്യേക അജണ്ട പ്രകാരം പ്രവര്‍ത്തിച്ച് ഭരണഘടനാ സ്ഥാപനങ്ങള്‍ കൈയ്യടക്കിക്കൊണ്ടിരിക്കുകയാണ്. ദലിതുകളെയും ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്താന്‍ അവര്‍ മനുവാദി അജണ്ട പ്രകാരം പ്രവര്‍ത്തിക്കുകയാണ്.’ ബുറ പറയുന്നു.
‘ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശങ്ങളെ ഞാന്‍ പിന്തുണക്കുന്നു. ഈ ഗുണങ്ങളുടെ മികച്ച ഉദാഹരണമായിട്ടാണ് ഇസ്ലാം കാണപ്പെടുന്നത്. അതില്‍ ഞാന്‍ വിശ്വസിക്കുന്നു’
ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെ ശ്രദ്ധിക്കില്ലെന്ന് കണ്ട് പലര്‍ക്കും ദുഖമുണ്ട്.
‘ഒരു പുസ്തകത്തില്‍ അടങ്ങിയ നിയമം മാത്രമായി ഭരണഘടന മാറി. കൈയ്യൂക്കുള്ളവന്റെ ഭരണം മാത്രമാണ് ഇപ്പോഴുള്ളത്. ഊക്കുള്ള ആയുധം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ക്കെല്ലാമായി. ഇല്ലെങ്കില്‍ ഒന്നുമില്ല. തീര്‍ച്ചയായും ഹിന്ദുവായി ജനിച്ച ഞാന്‍ ഹിന്ദുവായി മരിക്കില്ല,’ ഒരു പ്രതിഷേധക്കാരന് പറഞ്ഞു.
അവലംബം:India tomorrow.net
മൊഴിമാറ്റം: മുഹമ്മദ് അനീസ്