ആതിഥേയത്വം മനസ്സില്‍ ഇസ് ലാമിന്റെ വെളിച്ചം തെളിച്ചപ്പോള്‍ (മനസ്സലിയിക്കുന്ന ഒരു ഇസ് ലാം പരിവര്‍ത്തന സംഭവം)
എന്റെ ജീവിതത്തില്‍ ഉണ്ടായ മറക്കാനാകാത്ത സംഭവമാണ് ഇവിടെ കുറിക്കുന്നത്.
കുറച്ച് നാള്‍മുമ്പ് ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുക്കാന്‍ എനിക്കവസരമുണ്ടായി.
ഞാന്‍ മുമ്പൊരിക്കല്‍ കേട്ട ഒരു സംഭവകഥ അവിടെ വിവരിച്ചു.അതോര്‍ക്കുമ്പോഴൊക്കെ കണ്ണുകള്‍ ഈറനണിയാറുണ്ട്.
ജര്‍മനിയിലെ പ്രശസ്തപ്രബോധകനും മ്യൂനിക് ഇസ്‌ലാമിക് സെന്ററിന്റെ തലവനുമായ ഡോ. അഹ്മദ് ഖലീഫ ഏഴുവര്‍ഷം മുമ്പ് ഒരു ക്ലാസില്‍ വിവരിച്ച സ്വാനുഭവമാണിത്:
ഒരു ദിവസം ഒരു ജര്‍മന്‍ ദിനപത്രത്തില്‍ അദ്ദേഹം ഒരു പരസ്യം കാണാനിടയായി: ‘എനിക്ക് ശഹാദത്ത് കലിമചൊല്ലിത്തരാന്‍ ഒരു പ്രബോധകനെ ആവശ്യമുണ്ട്.’
ഈ വാചകത്തിനുതാഴെ ആളുടെ അഡ്രസ്സും ഫോണ്‍നമ്പറും ഉണ്ടായിരുന്നു. ഡോ.ഖലീഫ ഉടന്‍തന്നെ ആ നമ്പറില്‍ വിളിച്ചു. പക്ഷേ, റിങുചെയ്തതല്ലാതെ അതിന് പ്രത്യുത്തരമുണ്ടായില്ല.
അതിനാല്‍ അദ്ദേഹം അഡ്രസിലുള്ള ആളെ തേടിയിറങ്ങി. എന്നാല്‍ അവിടെച്ചെന്നപ്പോള്‍ ആള്‍ അവിടെയുണ്ടായിരുന്നില്ല.
അയല്‍പക്കക്കാരോട് ചോദിച്ചപ്പോള്‍ അവര്‍ കൂടുതലെന്തെങ്കിലും പറയാന്‍ വിസമ്മതിച്ചു. അവര്‍ ഖലീഫയോട് സംസാരിക്കാന്‍ ഭയപ്പെടുന്നതുപോലെ തോന്നി.
അവസാനം അദ്ദേഹം നിരാശനായി തിരികെപ്പോന്നു. അവിടെനിന്ന്‌നേരെ താന്‍ ജോലിചെയ്യുന്ന കോളേജിലേക്കാണ് പോയത്.
കോളേജിന്റെ അടുത്തെത്തിയപ്പോള്‍ ബസില്‍നിന്ന് ഇറങ്ങാന്‍ എന്തോ ഒരു പ്രയാസംപോലെ അദ്ദേഹത്തിന് തോന്നി. അതേ ബസില്‍തന്നെ ഇസ്‌ലാമിക് സെന്ററിലേക്ക് പോയാലോ എന്ന് വിചാരിച്ച് വീണ്ടും ബസില്‍തന്നെ ഇരുന്നു.
ഇസ്‌ലാമിക് സെന്ററിലെത്തിയപ്പോള്‍ ആ മനുഷ്യന്റെ കൂട്ടുകാരന്റേതെന്ന് കരുതുന്ന ഒരു മെസേജ് കിട്ടി. ‘പത്രത്തില്‍ പരസ്യം കൊടുത്ത ആള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
അദ്ദേഹത്തിന് താങ്കളെ അടിയന്തിരമായി കാണണമെന്നുണ്ട്.’ ഹോസ്പിറ്റലിന്റെ അഡ്രസും കൂട്ടത്തില്‍ കുറിച്ചിരുന്നു.
ഒട്ടുംതന്നെ സമയംകളയാതെ അദ്ദേഹം ആശുപത്രിയിലേക്ക് തിരിച്ചു. അവിടെ മുറിയില്‍ അഡ്മിറ്റായ ആ മനുഷ്യന്റെ അടുത്തുചെന്നു. ഖലീഫയെ കണ്ടതും അയാള്‍ പുഞ്ചിരിച്ചു.
മുഖം പ്രസന്നവദനമായി. ‘താങ്കള്‍ ആ മുസ്‌ലിംപ്രബോധകനാണോ ?’ ചോദ്യത്തിന് ഖലീഫ സമ്മതഭാവത്തില്‍ ഉത്തരം നല്‍കി.
തുടര്‍ന്ന് തന്റെ റൂമിലുണ്ടായിരുന്ന ക്രിസ്ത്യന്‍പാതിരിയുടെ നേര്‍ക്ക് തിരിഞ്ഞ് അടുത്തുവരാന്‍ ആവശ്യപ്പെട്ടു. ‘ഞാന്‍ ഇസ്‌ലാംസ്വീകരിക്കാന്‍ പോവുകയാണ്.’ അയാള്‍ പറഞ്ഞു.
ശഹാദത് കലിമ ചൊല്ലിയശേഷം അയാള്‍ തന്റെ കഥ പറയാന്‍ തുടങ്ങി.
മൊറോക്കോയില്‍ വിനോദയാത്രപോയതും അവിടെവെച്ച് ഹസന്‍ എന്നുപേരായ സാധാരണക്കാരനായ മുസ്‌ലിം അതിഥിയായി കൂടെത്താമസിപ്പിച്ചതും മറ്റും അയാള്‍ വിവരിച്ചു.
പ്രഥമദൃഷ്ടിയില്‍ ഹസന്‍ തന്നെ ഉപദ്രവിക്കാനാണോ അതല്ല , സഹായിക്കാനാണോ ശ്രമിക്കുന്നതെന്ന് അറിയാതെ ആശങ്കിച്ചതും അദ്ദേഹം പറഞ്ഞു.
‘ആദ്യദിനം ഹസന്റെ വീട്ടില്‍ കിടന്നപ്പോള്‍ ഉറക്കം നടിച്ച് ഞാന്‍ കിടന്നു. അയാള്‍ എന്താണെന്നെ ചെയ്യാന്‍ പോകുന്നതെന്ന് അറിയണമല്ലോ. എന്റെ ഭയം ഇല്ലാതാക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചു. എങ്കിലും എന്റെ ശങ്ക വിട്ടുമാറിയില്ല. ‘
‘അടുത്ത പ്രഭാതത്തില്‍ അയാളെനിക്ക് കഴിക്കാന്‍ പ്രാതല്‍ വിളമ്പി. എന്നെ പരിചരിച്ചതിന് പ്രതിഫലമെന്നോണം കുറച്ചുപണം അയാള്‍ക്ക് വെച്ചുനീട്ടി.
പക്ഷെ അയാളത് സ്വീകരിച്ചില്ല. ഇസ്‌ലാമില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ കുടുംബത്തിലെത്തുന്ന അപരിചിതനായ ഏതൊരാളും മൂന്നുദിവസം അതിഥിയായിരിക്കുമെന്നാണ് അതിനയാള്‍ കാരണം നല്‍കിയത്.
എന്തായാലും എല്ലാവര്‍ഷവും ഞാന്‍ മൊറോക്കോയില്‍ അയാളുടെ അടുത്ത് താമസിക്കാമെന്ന് വാക്കുനല്‍കി.
അയാളുടെ പെരുമാറ്റം എന്നെ ഹഠാദാകര്‍ഷിച്ചിരുന്നു. ഒരു മതം അതിന്റെ അനുയായികളെ ഇത്രമാത്രം സ്വാധീനിക്കുമോയെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടത് അന്നായിരുന്നു.
ഇതില്‍ പ്രചോദിതനായി ഞാന്‍ ആ മതത്തെ പഠിക്കാന്‍ ആരംഭിച്ചു.
അതിന്റെ ഭാഗമായാണ് ആ ദിനപത്രത്തില്‍ പരസ്യം കൊടുത്തത്. അടുത്തവര്‍ഷം ഹസനെ ക്കാണാന്‍ മൊറോക്കോയില്‍ പോകുമ്പോള്‍ മുസ്‌ലിമായി അയാളെ സന്ദര്‍ശിക്കണം എന്നാണാഗ്രഹം.
അതുകൊണ്ട് എനിക്ക് ഇസ്‌ലാമിനെപ്പറ്റി പറഞ്ഞുതന്നാലും.’ ജര്‍മന്‍കാരനായ ആ സഹോദരന്‍ പറഞ്ഞുനിര്‍ത്തി.
ഡോ. ഖലീഫ ഇസ്‌ലാമിനെപ്പറ്റി പറഞ്ഞുതുടങ്ങി: ‘ഇസ്‌ലാംപ്രകൃതി മതമാണ്.
അത് ദൈവികകല്‍പനകളാണ്. മനുഷ്യന്റെ ജീവിതത്തോട് ഇണങ്ങിച്ചേരുന്നവയാണ് അവയെല്ലാം. പഞ്ചസ്തംഭങ്ങളാണ് അതിനുള്ളത്’.
അതുംപറഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍, ഹജ്ജിനെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു: ‘ഞാന്‍ രോഗിയാണല്ലോ.
അതുകൊണ്ട് എനിക്കിപ്പോള്‍ ഹജ്ജിനുപോകാന്‍ പറ്റില്ല. എന്റെ മൊറോക്കോയിലെ സഹോദരന്‍ ഹസന് എനിക്കുവേണ്ടി ഹജ്ജ് നിര്‍വഹിക്കാനാകുമോ’
‘ചെയ്യാം’
‘അപ്പോള്‍ മുസ്‌ലിമാകാന്‍ ഞാനെന്താണ് ഇനി ചെയ്യേണ്ടത്?’
‘സത്യസാക്ഷ്യത്തിന്റെ വചനങ്ങള്‍ ചൊല്ലണം. അതായത് അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹു…. (അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ലെന്നും മുഹമ്മദ് നബി(സ)അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു)’ ഡോ. ഖലീഫ പറഞ്ഞു.
ആ മനുഷ്യന്‍ സന്തോഷത്തോടെ ശഹാദത്ത് കലിമചൊല്ലി.
‘മുസ്‌ലിം ആകാന്‍കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. അല്ലാഹുവിന് സ്തുതി. അല്ല, ഞാന്‍ പേരുമാറ്റേണ്ടതുണ്ടോ?’
‘അതിന്റെ ആവശ്യമില്ല.’
‘എന്നാലും ഞാന്‍ പേര് മാറ്റും. എന്റെ പുതിയ പേര് ഹസന്‍ എന്നായിരിക്കും.’ അയാള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
കുറച്ചുനേരം സംസാരിച്ചശേഷം ഡോ. ഖലീഫ പിന്നെക്കാണാമെന്നുപറഞ്ഞ് അയാളുടെ മുറിയില്‍നിന്നിറങ്ങി.
അടുത്തദിവസം അദ്ദേഹം ആശുപത്രി എന്‍ക്വയറിയിലേക്ക് വിളിച്ചു. എന്നാല്‍ ഖലീഫ അവിടെനിന്ന് പോയയുടന്‍ ആശുപത്രികിടക്കയിലെ ആ മനുഷ്യന്‍ മരണപ്പെട്ടെന്ന വിവരമാണ് മറുതലക്കല്‍ നിന്ന് കിട്ടിയത്.
ആ സംഭവത്തെപ്പറ്റി ഡോ.ഖലീഫ എന്നോടുപിന്നീട് പറഞ്ഞത് ഇങ്ങനെ: ‘സ്വര്‍ഗത്തില്‍ ജര്‍മന്‍കാരന്‍ ഹസനെയും അദ്ദേഹത്തിന്റെ മൊറോക്കന്‍ സഹോദരന്‍ ഹസനെയും കാണാനായി ഞാന്‍ കാത്തിരിക്കുകയാണ്.’
എന്റെ ഈ വിവരണത്തോടുകൂടിയ ക്ലാസ് കഴിഞ്ഞു.
അതിനിടയില്‍ ക്ലാസില്‍ പങ്കെടുത്തിരുന്ന ഒരു മൊറോക്കന്‍യുവാവ് നാട്ടിലുള്ള തന്റെ മാതാവുമായി ഫോണില്‍ സംസാരിച്ചു. ക്ലാസില്‍ ഉണ്ടായ കഥകള്‍ വിവരിച്ചു.
ആ ഉമ്മ സന്തോഷത്താല്‍ കരഞ്ഞു: ‘അതെ മോനേ, നിന്റെ മാമന്‍ ഹസന്‍ മുമ്പൊരിക്കല്‍ ജര്‍മന്‍കാരന് ആതിഥേയത്വം നല്‍കിയിട്ടുണ്ട്. ഇരുപത്തിനാല് വര്‍ഷം മുമ്പാണത്.
ഒരുപക്ഷേ, അയാളെപ്പറ്റിയുള്ള കഥയായിരിക്കും നീ കേട്ടത്.’ തുടര്‍ന്ന് തന്റെ അമ്മാവനുമായി ആ ചെറുപ്പക്കാരന്‍ സംസാരിച്ചു.
അപ്പോള്‍ ഏത് വര്‍ഷമാണ് സംഭവമുണ്ടായതെന്ന് ചോദിക്കാന്‍ അമ്മാവന്‍ ആവശ്യപ്പെട്ടു.
അതനുസരിച്ച് എന്റെ അടുക്കല്‍ മൊറോക്കന്‍ യുവാവ് കാര്യങ്ങള്‍ സംസാരിച്ചു. ഞാന്‍ അപ്പോള്‍ത്തന്നെ ഡോ. ഖലീഫയുമായി ബന്ധപ്പെട്ടു. 1981 ലാണ് അത് എന്ന് അദ്ദേഹംപറഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞ കഥയിലെ ഹസനാണ് ജര്‍മന്‍കാരന്റെ പരിചയക്കാരന്‍ ഹസന്‍ എന്നുറപ്പായി.
വളരെ താല്‍പര്യം ജനിപ്പിക്കുന്ന കാര്യം ഇതാണ്.
അതായത്, ഈ മൊറോക്കോക്കാരന്‍ ഹസന്‍ കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത ബീഡിയുംവലിച്ചുനടക്കുന്ന വെറും പാമരനാണ്.
അയാളോട് ഈ ജര്‍മന്‍കാരന്റെ സംഭവമൊക്കെ പറഞ്ഞപ്പോള്‍ പശ്ചാത്താപത്തോടെ താന്‍ ഇനി ദീനനുസരിച്ച് ജീവിക്കുമെന്ന് ആ മനുഷ്യന്‍ ദൃഢപ്രതിജ്ഞചെയ്തു.
ഈ സംഭവത്തില്‍ ചില ഗുണപാഠങ്ങളുണ്ട്.
1. ഇസ്‌ലാമിനെ ആളുകള്‍ക്ക് പരിചയപ്പെടുത്തണം.
അതിനെക്കുറിച്ച തെറ്റുധാരണകള്‍ തിരുത്തണം. അത് പെരുമാറ്റത്തിലൂടെയും ധാര്‍മികവിശുദ്ധിയിലൂടെയുമാണ് സാധിക്കുക.
ഒരു യൂറോപ്യന്‍ തന്റെ നാട്ടിലുള്ള മുസ്‌ലിംകളുടെ സ്വഭാവധാര്‍മികനടപടികള്‍ കണ്ടാണ് ഇസ്‌ലാമിനെ മനസ്സിലാക്കുന്നത്.
നബിതിരുമേനിയുടെ അനുയായികള്‍ രാഷ്ട്രങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുകയായിരുന്നുവെന്നാണ് പണ്ഡിതനായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നത്.
അല്ലാതെ രാഷ്ട്രങ്ങള്‍ക്ക് ഇസ്‌ലാമിനെ പറഞ്ഞുകൊടുക്കുകയായിരുന്നില്ല. അത് സാധിച്ചത് സദ്‌സ്വഭാവത്തിലൂടെയും സത്യസന്ധമായ കച്ചവടഇടപാടുകളിലൂടെയും ആയിരുന്നു.
അതിനാല്‍ അവര്‍ക്ക് തര്‍ജ്ജമചെയ്ത കൃതികളുടെയോ പ്രഭാഷണങ്ങളുടെയോ സമ്മേളനങ്ങളുടെയോ സഹായം വേണ്ടിവന്നില്ല.
2. ഒരാളും സ്വന്തം നന്‍മകളെ അത് ചെറുതാണെങ്കില്‍ പോലും നിസ്സാരമായി കാണേണ്ടതില്ല. മറ്റൊരാളെ ഇസ്‌ലാമിലേക്കാകര്‍ഷിക്കുന്നതില്‍ അത് ഒരുപക്ഷേ വലിയനിമിത്തമായി വര്‍ത്തിച്ചേക്കാം.
3. മൊറോക്കോക്കാരനായ ഹസന്റെ ഇസ്‌ലാമികആതിഥ്യമര്യാദയാണ് ജര്‍മന്‍കാരനായ ഹസനെ ഇസ്‌ലാംസ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
അത് മൊറോക്കോക്കാരന്‍ അറിഞ്ഞിട്ടേയില്ല. അതേസമയം ഇതിന് വിപരീതവും സംഭവിക്കാം. അതായത് , മുസ്‌ലിമിന്റെ ഇസ്‌ലാമികവിരുദ്ധ സ്വഭാവപെരുമാറ്റരീതികള്‍കൊണ്ട് അവിശ്വാസികള്‍ ഇസ്‌ലാമിനെ വെറുക്കുന്ന അവസ്ഥയുണ്ടാകും.
ചുരുക്കത്തില്‍ മുസ്‌ലിംകള്‍ മറ്റുള്ളവരെ ഇസ്‌ലാമില്‍നിന്നകറ്റാന്‍ പ്രേരകമാകാറുണ്ടെന്നര്‍ഥം.
4. ഇസ്‌ലാമികജീവിതം മുറുകെപ്പിടിക്കണമെന്നാഗ്രഹിക്കുന്ന യൂറോപ്യന്‍രാജ്യങ്ങളിലുള്ള മുസ്‌ലിംകള്‍ ഇസ്‌ലാമികരാജ്യത്തേക്ക് തിരിച്ചുപോകണമെന്ന ഫത്‌വ പുറപ്പെടുവിക്കുന്ന ആളുകള്‍ക്ക് മറുപടിയാണ് ഈ സംഭവം.
യഥാര്‍ഥത്തില്‍ പടിഞ്ഞാറന്‍രാജ്യങ്ങളിലുള്ള മുസ്‌ലിംസാന്നിധ്യം ഇസ്‌ലാമിനെക്കുറിച്ച യൂറോപ്യരുടെ തെറ്റുധാരണ തിരുത്താനും അവര്‍ക്ക് ശരിയായ വസ്തുത ബോധ്യപ്പെടുത്താനും സഹായകമാകുകയാണ് ചെയ്യുന്നത്.
5. അറബ് -ഇസ്‌ലാമികരാജ്യങ്ങളിലേക്കുള്ള വിനോദസഞ്ചാരികള്‍ക്ക് ഇസ്‌ലാമിനെപരിചയപ്പെടുത്താന്‍ ടൂറിസത്തെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
അതിലൂടെ സാംസ്‌കാരികപകര്‍ച്ച സാധ്യമാകുന്നു. പരസ്പരമുള്ള അകല്‍ച്ചയും സംശയങ്ങളും ദൂരീകരിക്കാന്‍ അതുവഴികഴിയും.
(ജര്‍മനിയിലെ പണ്ഡിതസഭയുടെ മേധാവിയാണ് ഡോ. ഖാലിദ് ഹനഫി )