Main Menu
أكاديمية سبيلي Sabeeli Academy

കൈയെഴുത്തുകല

arabic-calligraphy-zoo-anthro
ഇസ്‌ലാമിക കലകളില്‍ ഏറ്റവും കുലീനം എന്നു വിശേഷിപ്പിക്കപ്പെടുന്നത് കൈയെഴുത്തുകല(കലിഗ്രഫി)യെയാണ്. ഖുര്‍ആന്‍ വാക്യങ്ങളുടെ ലിപിയാവിഷ്‌കാരങ്ങളാണ് ഇവയിലധികവും. എഴുത്തറിയാവുന്നവരെല്ലാം ഈ കല സ്വായത്തമാക്കാന്‍ ശ്രമിച്ചിരുന്നു. ഇസ്‌ലാം പ്രതിമാ നിര്‍മാണം വിലക്കിയതിനാല്‍ മുസ്‌ലിം കലാകാരന്മാരുടെ സര്‍ഗോര്‍ജം കലിഗ്രഫിയിലാണ് വിനിയോഗിക്കപ്പെട്ടത്. ഈ കല തഴച്ചു വളരുന്നതിന് ഇതിടയാക്കി. മുസ്‌ലിം സൗന്ദര്യബോധത്തെ കലിഗ്രഫിയോളം ത്രസിപ്പിച്ച മറ്റൊരു കലാരൂപമില്ല എന്ന് നിസ്സംശയം പറയാം.
ഖുര്‍ആന്‍ എഴുതി സൂക്ഷിക്കാന്‍ പ്രവാചകന്‍ ശിഷ്യന്മാരില്‍ ചിലരെ ചുമതലപ്പെടുത്തിയിരുന്നു. ദൈവവചനങ്ങള്‍ പരമാവധി സുന്ദരമായി എഴുതിവയ്ക്കാന്‍ അവര്‍ നിഷ്‌കര്‍ഷിച്ചു. പില്ക്കാലത്ത് രാജാക്കന്മാര്‍ പോലും ഖുര്‍ആന്‍ പകര്‍ത്തിയെഴുതുന്നത് ഒരു പുണ്യകര്‍മമായാണു കണ്ടത്. ഇത് കൈയെഴുത്തു കലയുടെ വളര്‍ച്ചക്ക് കാരണമായി. അതേപോലെ പള്ളികളുടെ മിഹ്‌റാബും ചുമരുകളും മനോഹരമായി ആലേഖനം ചെയ്ത ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടലങ്കരിക്കുക ഒരു പതിവായിത്തീര്‍ന്നു. അറബിയുടെ വ്യത്യസ്ത ലിപി മാതൃകകള്‍ ഇതിനായി ഉപയോഗപ്പെടുത്തപ്പെട്ടു. കൂഫി ലിപിയിലാണ് ആദ്യകാലത്ത് ഖുര്‍ആന്‍ എഴുതിയിരുന്നത്. പിന്നീട് നസ്ഖ്, തഅ്‌ലീഖ്, ഥുലുഥ്, മഗ്‌രിബി, ദീവാനി ലിപി മാതൃകകളും പ്രചാരം നേടി. കൈയെഴുത്ത് കലയ്ക്ക് വൈവിധ്യവും വ്യാപ്തിയും നല്കുന്നതിന് വിവിധ ലിപി മാതൃകകള്‍ സഹായകമായിത്തീര്‍ന്നിട്ടുണ്ട്. അക്ഷരങ്ങള്‍കൊണ്ട് പക്ഷിമൃഗാദികളുടെ ചിത്രങ്ങള്‍ കൃത്യമായി വരച്ചെടുക്കുക കൈയെഴുത്തു കലാകാരന്മാരുടെ ആത്മാവിഷ്‌കാരത്തിന്റെ ഭാഗമായിത്തീര്‍ന്നു.

”ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം” എന്ന വിശുദ്ധ ഖുര്‍ആനിലെ പ്രാരംഭ വാക്യം വൈവിധ്യമാര്‍ന്ന ഒട്ടേറെ രീതികളില്‍ കൈയെഴുത്തു കലാകാരന്മാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഖുര്‍ആന്‍ വാക്യങ്ങള്‍ക്കു പുറമേ ഗ്രന്ഥനാമങ്ങളും മറ്റു തത്ത്വോപദേശങ്ങളും കലിഗ്രഫിക്ക് ഉപയോഗിച്ചു.
അറബി കലിഗ്രഫിയില്‍ ജ്യാമിതീയമായ കണിശതയും സംഗീതാത്മകമായ താളവും അദ്ഭുതകരമാം വിധം സമന്വയിക്കുന്നതു കാണാം. ഉള്ളടക്കത്തിനും പ്രമേയത്തിനുമനുസരിച്ച് എഴുത്തിന്റെ താളത്തിനും വ്യത്യാസം വരുത്താന്‍ കലാകാരന്മാര്‍ ശ്രദ്ധിച്ചു. പൂര്‍ണമായും അമൂര്‍ത്ത സ്വഭാവം പുലര്‍ത്തുന്നവയാണ് അറബി അക്ഷരങ്ങള്‍ എന്ന പ്രത്യേകതയും കലിഗ്രഫിയുടെ കലാപരമായ സൗന്ദര്യം കൂട്ടുന്നതിന് സഹായിച്ച ഘടകമാകുന്നു. ചിത്രലിപിയുള്ള ചൈനീസ് ഭാഷയിലെ കലിഗ്രഫിയെക്കാള്‍ അറബി കലിഗ്രഫിക്കുള്ള അമൂര്‍ത്തത കലാചരിത്രകാരന്മാര്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ചൈനീസ് -ജപ്പാനീസ് കൈയെഴുത്തുകലാകാരന്മാര്‍ അക്ഷരങ്ങളെ വേറിട്ട് വിന്യസിക്കുമ്പോള്‍ അറബി കൈയെഴുത്തു വിദഗ്ധര്‍ അക്ഷരങ്ങള്‍ തമ്മിലുള്ള ഉദ്ഗ്രഥനത്തിലാണ് ശ്രദ്ധിക്കുന്നത്. അക്ഷരങ്ങള്‍ തമ്മിലുള്ള അനായാസമായ ഈ ഉദ്ഗ്രഥനം അറബി കലിഗ്രഫിക്ക് സവിശേഷമായ താളപ്പൊരുത്തവും സംഗീതവും സമ്മാനിക്കുന്നു. പ്രവൃത്തിയുടെ ദിശയായ വലതുഭാഗത്തുനിന്ന് ഹൃദയത്തിന്റെ ദിശയായ ഇടതു ഭാഗത്തേക്കാണ് അറബി എഴുത്തിന്റെ ഒഴുക്ക്. അതിനാല്‍ പുറത്തുനിന്ന് അകത്തേക്കുള്ള അനുക്രമമായ പുരോഗതിയാണ് അറബിയില്‍ എഴുത്തുകല എന്നു ബുക്കാര്‍ഡ്റ്റ് നിരീക്ഷിക്കുന്നു.
പുസ്തകങ്ങള്‍ കമനീയമായി അലങ്കരിക്കുന്നതിന്റെ ഭാഗമായാണ് കൈയെഴുത്തു കല പെട്ടെന്നു വികസിച്ചത്. എഴുതാന്‍ മൃഗത്തോലുകള്‍ക്കു പകരം കടലാസ് ഉപയോഗിച്ചു തുടങ്ങിയത് കലിഗ്രഫിയുടെ വളര്‍ച്ചക്ക് വേഗം കൂട്ടി. എട്ടാം നൂറ്റാണ്ടിലാണ് മുസ്‌ലിംലോകത്ത് കടലാസ് പ്രചാരത്തില്‍ വന്നത്. ക്രി. 900-ത്തിനടുത്ത് അബ്ബാസീ ഖലീഫഃയുടെ സചിവനായിരുന്ന ഇബ്‌നുമുഖ്‌ലഃ കടലാസില്‍ പേനകൊണ്ടെഴുതാന്‍ പാകത്തില്‍ അറബി അക്ഷരങ്ങളുടെ അളവും അനുപാതവും തിട്ടപ്പെടുത്തി. ഇബ്‌നുമുഖ്‌ലഃ തന്റെ കൈയെഴുത്തുകല തന്റെ മകളടക്കം പലര്‍ക്കും പഠിപ്പിച്ചുകൊടുത്തു. പ്രമുഖ കൈയെഴുത്തു കലാ വിദഗ്ധരായ അലിയ്യുബ്‌നു ഹിലാല്‍, ഇബ്‌നുല്‍ബവ്വാബ് എന്നിവര്‍ ഇബ്‌നുമുഖ്‌ലഃയുടെ ശിഷ്യന്മാരില്‍ ഉള്‍പ്പെടുന്നു. ശീറാസിലെ ബുവൈഹീ ഭരണാധികാരി ഇബ്‌നുല്‍ബവ്വാബിനെ കൊട്ടാരത്തിലെ ഗ്രന്ഥാലയ സൂക്ഷിപ്പുകാരനായി നിശ്ചയിച്ചു. ഗ്രന്ഥാലയത്തില്‍ ഇബ്‌നുമുഖ്‌ലഃ എഴുതിയ 30 ഖുര്‍ആന്‍ പ്രതികളുണ്ടായിരുന്നു. ഒന്ന് കാണാതായി. അതിനു പകരം ഒരു കോപ്പി തയ്യാറാക്കാന്‍ ഭരണാധികാരി ഇബ്‌നുല്‍ബവ്വാബിനോടാവശ്യപ്പെട്ടു. ഇബ്‌നുല്‍ ബവ്വാബ് തയ്യാറാക്കിയ കോപ്പി മറ്റുള്ളവയുടെ കൂട്ടത്തില്‍ വച്ചപ്പോള്‍ ഇബ്‌നുമുഖ്‌ലഃയുടെ എഴുത്തു പ്രതികളില്‍നിന്ന് ഇബ്‌നുല്‍ബവ്വാബിന്റേത് വേര്‍തിരിച്ചെടുക്കാന്‍ ഭരണാധികാരിക്ക് സാധിച്ചില്ലത്രെ. ഇബ്‌നുല്‍ബവ്വാബ് ഖുര്‍ആന്‍ 64 തവണ പകര്‍ത്തിയെഴുതിയതായി പറയപ്പെടുന്നു. അവയില്‍ ഒരു കോപ്പി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഖുര്‍ആന്റെ പേജുകള്‍ മനോഹരമായ ചിത്രപ്പണികള്‍കൊണ്ട് അദ്ദേഹം അലങ്കരിച്ചു.
ഖുര്‍ആന്നു പുറമേ ഇതര സാഹിത്യ കൃതികളും കലിഗ്രഫി ചെയ്ത് അലങ്കരിച്ചു സൂക്ഷിക്കുക അറബി കൈയെഴുത്തു വിദഗ്ധരുടെ പതിവായിരുന്നു.
ഇബ്‌നുമുഖ്‌ലഃയുടെയും ഇബ്‌നുല്‍ ബവ്വാബിന്റെയും സമകാലികനായ അബൂഹയ്യാനുത്തൗഹീദി (മ. ക്രി. 1009) കൈയെഴുത്തുകലയെ സംബന്ധിച്ചു ഒരു നിബന്ധം രചിച്ചിട്ടുണ്ട്. അതില്‍ കൈയെഴുത്തിനെ ‘വിഷമകരമായ ജ്യാമിതി’, ‘സംഗീതം’ എന്നൊക്കെ വിശേഷിപ്പിച്ചതു കാണാം. എഴുത്തിന്റെ രീതികള്‍, മഷി, പേനയുടെ ആകൃതി തുടങ്ങി കൈയെഴുത്തു കലയുമായി ബന്ധപ്പെട്ട തത്ത്വങ്ങളും പ്രയോഗങ്ങളും ഈ നിബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
തുര്‍കി വംശജനായ യാഖൂതുല്‍ മുസ്തഅ്‌സ്വിമി (മ. ക്രി. 1299) പ്രസിദ്ധനായ ഒരു കൈയെഴുത്തു കലാകാരനായിരുന്നു. യാഖൂതിന് പ്രമുഖരായ ആറു ശിഷ്യന്മാരുണ്ട്.
കലീലഃ വദിംനഃ പോലെയുള്ള കഥാഗ്രന്ഥങ്ങളും ഇതര സാഹിത്യ കൃതികളും കൈയെഴുത്തു കലാകാരന്മാര്‍ ചിത്രങ്ങള്‍കൊണ്ട് അനശ്വരങ്ങളാക്കി. പേര്‍ഷ്യന്‍ കൃതിയായ ഷാനാമയിലെ ചിത്രങ്ങള്‍ ഇന്നും കലാസ്വാദകരെ ഹഠാദാകര്‍ഷിക്കുന്നു. അറബിയിലെ മഖാമാതുകളും ചിത്രാലങ്കാരങ്ങള്‍ക്കു പുകള്‍പെറ്റതാണ്.

Related Post