മനുഷ്യത്വമുള്ളതത്രെ മനുഷ്യന്‍; ദിവ്യത്വമുള്ളത് ദൈവവും. ദിവ്യത്വം സൃഷ്ടികള്‍ക്കില്ലാത്തതും സ്രഷ്ടാവിന് മാത്രമുള്ളതുമാണ്.
ദിവ്യത്വത്തിന് പരിമിതികളില്ല. തുടക്കവും ഒടുക്കവുമില്ല. സ്ഥല-കാല ബന്ധിതവുമല്ല. അതുകൊണ്ടാണ് ദൈവം സര്‍വശക്തനും, സര്‍വജ്ഞനും, പരമാധികാരിയുമാകുന്നത്.
ആ മഹാശക്തിയല്ലാത്ത മറ്റൊന്നിനും ഈ സവിശേഷതകള്‍ അവകാശപ്പെടാന്‍ കഴിയില്ല. ഒരു പരിമിതിയുമില്ലാത്ത സ്രഷ്ടാവൊഴിച്ചുള്ളതെല്ലാം ധാരാളം പരിമിതികളുള്ള സൃഷ്ടികള്‍ മാത്രമാണ്. വിശുദ്ധ ഖുര്‍ആനില്‍ ദൈവം പറയുന്നു: ‘നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിക്കുകയുണ്ടായി.
അവര്‍ സത്യത്തിലേക്ക് തിരിച്ചുവരാനായി നമ്മുടെ വചനങ്ങള്‍ നാം അവര്‍ക്ക് വിശദീകരിച്ചു കൊടുത്തിരുന്നു. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനായി അവനെ വെടിഞ്ഞ് അവര്‍ സ്വീകരിച്ച ദൈവങ്ങള്‍ അവരില്‍ നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. ഇതാണവരുടെ പൊള്ളത്തരത്തിന്റെയും അവര്‍ കെട്ടിച്ചമച്ചതിന്റെയും അവസ്ഥ.’ (46: 27, 28)
മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യന്‍ സൃഷ്ടിക്കുന്ന ദൈവങ്ങളുടെ നിസ്സഹായാവസ്ഥയെ എടുത്തു പറഞ്ഞ് അവക്കൊന്നും ദിവ്യത്വമില്ലെന്ന വസ്തുതയാണിവിടെ അടിവരയിടുന്നത്. ഒരു ഭൂമികുലുക്കമോ സുനാമിയോ ഇതുപോലുള്ള മറ്റെന്തെങ്കിലും വിപത്തുക്കളോ ഉണ്ടായാല്‍ അത് ബാധിക്കുന്ന പ്രദേശങ്ങളിലെ ‘ആത്മീയ രക്ഷാകേന്ദ്രങ്ങള്‍’ അടക്കമാണ് തകര്‍ന്നു പോകുന്നത്. ഇത്തരം ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ അവക്കാവുന്നില്ല. കാരണം, കാര്യകാരണത്തിനപ്പുറമുള്ള ഭാവി അറിയുന്നത് ദൈവം മാത്രമാണ്.
2004 ഡിസംബര്‍ 26-ാം തിയ്യതി പ്രഭാതത്തില്‍ ഇന്തോനേഷ്യയിലെ സുമാത്രക്കു സമീപം കടലിലുണ്ടായ ഭൂകമ്പം സൃഷ്ടിച്ച സുനാമി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങളെ കൊന്നൊടുക്കിയാണ് പിന്‍വാങ്ങിയത്. മനുഷ്യന്റെ നിസ്സഹായത വെളിപ്പെടുത്തുന്നതും പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ ശക്തിവൈഭവം വിളിച്ചോതുന്നതുമാണിത്തരം സംഭവങ്ങള്‍. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടത് മരിച്ചവരല്ല, ജീവിച്ചിരിക്കുന്നവരാണ്. ആരാണ് ദൈവം എന്നു മാത്രമല്ല ആരെല്ലാം ദൈവങ്ങളല്ല എന്നുകൂടി ഇത്തരം സംഭവങ്ങള്‍ ജനത്തെ ഉണര്‍ത്തുന്നുണ്ട്.
പള്ളികളും ചര്‍ച്ചുകളും ക്ഷേത്രങ്ങളുമടക്കം എല്ലാ മതസമുദായങ്ങളുടെയും ആത്മീയ രക്ഷാ കേന്ദ്രങ്ങളെയും ഭാവിപ്രവചനക്കാരെയും സുനാമി നക്കിത്തുടച്ചു. ആരാധനാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലുമൊന്നും മനുഷ്യനെ രക്ഷിക്കാനോ ശിക്ഷിക്കാനോ കഴിയുന്ന ഒരു ശക്തിയുമില്ല എന്ന യാഥാര്‍ഥ്യമാണിവിടെ തെളിയുന്നത്. സ്രഷ്ടാവായ ദൈവത്തിന് മാത്രമേ സൃഷ്ടികളെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിയൂ എന്ന സത്യം ഇവിടെ വ്യക്തമാവുന്നു. ഒരു വിപത്തില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ പോലും കഴിയാത്തവക്ക് മനുഷ്യനെ രക്ഷിക്കാനാവില്ല. അതുകൊണ്ടു തന്നെ അവക്ക് ദിവ്യത്വമില്ല; അവ ദൈവങ്ങളല്ല. വീണുകിടക്കുന്ന ബിംബങ്ങളും തകര്‍ന്നടിഞ്ഞ ദര്‍ഗകളുമൊക്കെ പറഞ്ഞു തരുന്നത് സ്രഷ്ടാവായ ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്ന വസ്തുതയാണ്.
പിന്‍കുറി: സുനാമി ദുരന്തം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഓള്‍ ഇന്ത്യാ ജോതിഷ്‌സ്റ്റ് സംഘത്തിന്റെ ഒന്നാം സമ്മേളനം തലസ്ഥാന നഗരിയില്‍ ഉദ്ഘാടനം ചെയ്തത് മുന്‍ ദേശീയ മാനവവിഭവശേഷി വകുപ്പു മന്ത്രി. സുനാമിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ജോതിഷികള്‍ക്ക് കഴിയാതിരുന്നത് പരാജയമായി സമ്മതിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും സമ്മേളനം അത് അംഗീകരിച്ചില്ല. ‘നിങ്ങളുടെ ഈ ആഴ്ച്ച’യും ‘നിങ്ങളുടെ ഈ മാസ’വും പ്രസിദ്ധീകരിക്കുന്ന പത്രമാസികകള്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അതിന് മറുപടി പറയേണ്ടത് ബന്ധപ്പെട്ട പത്രമാധ്യമങ്ങളാണെന്നും ജ്യോതിഷികള്‍ക്ക് അതില്‍ ഉത്തരവാദിത്വമില്ലെന്നും അധ്യക്ഷന്‍ പ്രഖ്യാപിച്ചുവത്രെ! (മാധ്യമം, 2005 ജനുവരി 17)
‘അധിക ജനവും ചിന്തിക്കുന്നില്ല.’ (വിശുദ്ധ ഖുര്‍ആന്‍ 5: 103)