വിശുദ്ധ പശു
അസീസ് മഞ്ഞയില്‍
വിശുദ്ധ ഗ്രന്ഥത്തിലെ പാഠം ഒന്ന് പ്രാര്‍ഥന ഖുര്‍ആനിലേക്കുള്ള വാതായനവും ആമുഖവുമായ ഫാത്തിഹ. പാഠം രണ്ട് പശു. അനുഗ്രഹങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നിന്നു കൊണ്ട് ഗോക്കളെ ദൈവമാക്കിയ ഇസ്രാഈല്യരുടെ ചരിത്രം പറയുന്ന അല്‍ബഖറ. ഭാരതീയ ഫാഷിസത്തിന്റെ വര്‍ത്തമാന അജണ്ടയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള വിഷയവും പ്രാര്‍ഥനയും പശുവും തന്നെയാണ്. എന്നാല്‍ വിഭാവനയില്‍ കാതലായ വ്യത്യാസമുണ്ടെന്നു മാത്രം.
ആകാശ ഭൂമികള്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പ്രപഞ്ച നാഥനെ മാത്രം ആരാധിക്കുന്നതിനു പകരം ഫാഷിസം മുന്നോട്ടുവെക്കുന്നതിനെ കൂടെ ആരാധിക്കണമെന്ന ശാഠ്യം. അഥവാ സാംസ്‌കാരിക അധിനിവേശം. ഇന്നു സംഹാര ഭാവം പൂണ്ടു കഴിഞ്ഞിരിക്കുന്നു.
ജന്മഭൂമിയെ ആദരിക്കുന്നതില്‍ ഏറെ മുന്നിലുള്ളവരാണ് വിശ്വാസികള്‍. എന്നാല്‍ ആരാധിക്കുകയില്ല. മാതാപിതാക്കളോടും ഗുരുനാഥന്മാരോടും അങ്ങേ അറ്റത്തെ ആദരവ് പ്രകടിപ്പിക്കണമെന്നതാണ് വിശ്വാസിയുടെ സംസ്‌കാരം. പക്ഷെ ഒരു കാരണവശാലും അവരെ ദൈവ തുല്യരായി കാണുകയില്ല. ദൈവത്തെയും സത്യ മാര്‍ഗത്തെയും പഠിപ്പിക്കാന്‍ നിയുക്തരായ പ്രവാചകന്മാരാരും ദൈവത്തിനു സമന്മാരല്ല. അവരെല്ലാം ആദരിക്കപ്പെടും. ആരാധിക്കപ്പെടുകയില്ല. ആരാധനയുടെയും ആദരവിന്റെയും അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെട്ടതിലൂടെയാണ് ഇത്രയേറെ മതങ്ങള്‍ ഭൂമിയിലുണ്ടാകാന്‍ തന്നെ കാരണം. അതാണ് വയലാര്‍ രാമവര്‍മ്മ പാടിയത്. ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു’. സകല മതങ്ങളും അവരിലേക്ക് അവതരിപ്പിക്കപ്പെട്ട പ്രവാചക നാമങ്ങളിലൊ സമൂഹ നാമങ്ങളിലൊ അറിയപ്പെടുമ്പോള്‍ ‘സമാധാനം’ എന്നര്‍ഥമുള്ള ‘ഇസ്‌ലാം’ വേറിട്ടു നില്‍ക്കുന്നതിന്റെ പൊരുളും മറ്റൊന്നല്ല.
ഇസ്രാഈല്‍ സമൂഹം കാണിച്ച കൃതഘ്‌നതയുടെ ശീലിലിലും ശൈലിയിലുമുള്ള ഗോ പൂജ മറ്റൊരു ഫാഷിസ്റ്റ് മുഖത്തെയാണ് പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിലെ മനുഷ്യനടക്കമുള്ള സകല ജന്തു ജാലങ്ങളോടും കനിവും കാരുണ്യവും കാണിക്കാന്‍ പഠിപ്പിക്കപ്പെട്ടവനാണ് വിശ്വാസി എന്നാല്‍ അതില്‍ ചില ഇനങ്ങള്‍ ആരാധിക്കപ്പെടുന്നുവെങ്കില്‍ നിഷ്‌കളങ്കനായ വിശ്വാസിക്ക് ബുദ്ധിയും ബോധവുമുള്ള മനുഷ്യന് ഉള്‍കൊള്ളാന്‍ കഴിയണമെന്നില്ല. അതേ സമയം അന്യരുടെ ആരാധ്യവസ്തുക്കള്‍ എന്തു തന്നെയായാലും അതിനെ നിന്ദിക്കാതിരിക്കുക എന്ന ശിക്ഷണത്തെ അനുസരിക്കാതിരിക്കാന്‍ വിശ്വാസിക്ക് സാധ്യവുമല്ല. ഇതര വിശ്വാസ ധാരയിലുള്ളവരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. എന്നതത്രെ ഖുര്‍ആനിക പാഠം.
ഒരു ദര്‍ശനത്തെ സര്‍ഗാത്മകമായി പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. ഒരു വര്‍ഗത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു ദര്‍ശനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ വര്‍ഗീയത ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ കേവലം ഒരു വര്‍ഗത്തിനു വേണ്ടി മാത്രം പരിശ്രമിക്കുന്നവരിലാണ് വര്‍ഗീയതയുടെ വിഷം പുരളാനുള്ള സാധ്യത എന്നത് വര്‍ത്തമാനകാലാനുഭവത്തില്‍ വ്യക്തമാണ്. രാഷ്ട്രത്തെ സ്വയം സേവിക്കാനെന്ന വ്യാജേന കാക്കിയിലും കാവിയിലും വന്ന അസഹിഷ്ണുതയുടെ പടയൊരുക്കത്തിലും, പ്രതിരോധം തീര്‍ക്കാനെന്ന പേരില്‍ മുണ്ടു മുറുക്കിയിറങ്ങിയ കേവല സാമുദായിക സംഘങ്ങളുടെ ബഹളങ്ങളിലും ഇതു പ്രകടമായതാണ്.
ഹിന്ദുത്വ ഫാഷിഷസത്തിനു കുഴലൂതി അധികാരത്തിലെത്തിയ പുതിയ ഭരണത്തിന്റെ നിഴലില്‍ നടമാടിക്കൊണ്ടിരിക്കുന്ന ലജ്ജാകരമായ സംഭവ വികാസങ്ങളെ ചെറുക്കുന്ന കാര്യത്തില്‍ ഇടതു പക്ഷ രാഷ്ട്രീയം ചിലതൊക്കെ ചെയ്യുന്നുണ്ടാകാം. എങ്കിലും അവരുടെ കാടടച്ച വെടികള്‍ നിഷ്‌കളങ്കമായ വിശ്വാസധാരക്ക്‌നേരെയും വന്നു പതിക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്.
മതത്തിന്റെയും മതനിരാസത്തിന്റെയും മറ്റു ഇസങ്ങളുടെയും ശാഖോപശാഖകളുടെയും ആത്യന്തിക ലക്ഷ്യം സമൂഹ നന്മയാണ് എന്നാണ് എല്ലാവരും അവകാശപ്പെടുന്നത്. ഖേദകരമെന്ന് പറയട്ടെ തങ്ങളുയര്‍ത്തിപിടിക്കുന്ന ആദര്‍ശങ്ങളെ പ്രസരിപ്പിക്കുക എന്നതിലുപരി മറ്റുള്ളവരുടെ ന്യൂനതകള്‍ തെരഞ്ഞു പിടിച്ച് കൊട്ടിഘോഷിക്കാനാണ് അധികപേരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വീര ശൂര കഥകളും വിജയ ഗാഥകളും ഒരു പരിധി വരെ സഹിക്കാം. വീറും വാശിയും വെല്ലുവിളികളും പരിഹാസങ്ങളും പുലഭ്യങ്ങളും കടന്നാക്രമങ്ങളും അസഹനീയമായിരിക്കുന്നു.
പ്രകാശം തെളിയുമ്പോള്‍ അന്ധകാരം അപ്രത്യക്ഷമാകും. സുഗന്ധം പടരുമ്പോള്‍ ദുര്‍ഗന്ധം ഇല്ലാതാകും. എന്നതത്രെ പ്രാപഞ്ചിക നീതി. പ്രപഞ്ച നാഥനെ അംഗീകരിക്കുന്നവരും പ്രപഞ്ചത്തെ ബുദ്ധിപരമായ വായനക്ക് വിധേയമാക്കുന്നവരുമായിരിക്കണമത്രെ സത്യ വിശ്വാസികള്‍. വായിക്കുന്ന സമൂഹം ഉത്കൃഷ്ടമായ രീതിയില്‍ വളരും മാത്രമല്ല വിവരമുള്ളവരും വിവേകമതികളും ഉള്ള സംസ്‌കാര സമ്പന്ന സമുഹമാകുകയും ചെയ്യും. ദൈവ ഹിതത്തെ അംഗീകരിക്കുന്നവരും ദൈവ ദര്‍ശനത്തിന്റെ ആത്മാവുള്‍കൊള്ളാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ ദിനേനയെന്നോണം പ്രസന്ന വദനരാകും. ആത്മീയോല്‍കൃഷ്ടമായ ജിവിത പാഠങ്ങളുടെ കനല്‍ പദങ്ങളില്‍ നിഷ്ഠയോടെ ശുദ്ധിയായിക്കൊണ്ടാണ് ഓരോ പ്രഭാതവും പുലരുന്നതും ഓരോ പ്രദോഷവും അണയുന്നതും. ലോകമാസകലമുള്ള മനുഷ്യരാശിയുടെ വിമോചനത്തിനു വേണ്ടി നിയുക്തരായവരത്രെ ഇവര്‍.
സാധാരണ ഗതിയില്‍ ഓരോ രാജ്യവും തങ്ങളുടെ ഭരണ സംവിധാനത്തിന്റെ സുഖമമായ പരിപാലനത്തിന് നല്ല പരിശീലനം നല്‍കിയ സേവകരെ നിയോഗിക്കും. ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ സ്വഭാവവും പ്രാധാന്യമനുസരിച്ചുള്ള ശിക്ഷണങ്ങള്‍ നല്‍കുന്നതും സര്‍വ്വ സാധാരണമത്രെ. ബുദ്ധിപരവും മാനസികവും അതിലുപരി കായികവുമായ പരിശീലന മുറകളാണ് ഇതില്‍ പ്രധാനം. ചുരുക്കത്തില്‍ പരിശീലനത്തിന്റെ ശീലിലും ശൈലിയിലും നിയോഗത്തിന്റെ ചിത്രം പ്രകടമായിരിയ്ക്കും.
എന്നാല്‍ വിമോചനപരമായ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെടുന്ന ദൈവ ദാസന്മാരുടെ സ്വഭാവ ഗുണങ്ങളില്‍ ഏറെ പ്രസക്തമായത് അവരുടെ വിനയവും കുലീനതയും പ്രാര്‍ഥനാ നൈരന്തര്യവും ക്ഷമാശീലവുമത്രെ. ഈ സ്വഭാവ വൈശിഷ്ട്യത്തെ പരമാവധി സജീവമാക്കാനും സാര്‍ഥകമാക്കാനും ഉപകരിക്കുന്നതായിരിക്കും അല്ലെങ്കില്‍ ആയിരിക്കണം നിര്‍ബന്ധമാക്കപ്പെട്ട ഓരോ കര്‍മ്മവും. ക്ഷമയെ അലങ്കാരമായും വിനയവും സൗമ്യ ശീലവും ദൈവദാസന്റെ പ്രകടമായ അടയാളമായും സഹജരോടുള്ള സഹാനുഭുതിയെ ദൈവാരാധനയുടെ മൂര്‍ത്ത ഭാവമായും ശിക്ഷണം നല്‍കപ്പെടുന്നവന്റെ ഉത്തരവാദിത്ത നിര്‍വഹണം പകല്‍പോലെ സുതാര്യമത്രെ. ഇവിടെ ഒളി അജണ്ടകളില്ല. ഒളിപ്പോരാളികളും. കായിക പ്രകടനങ്ങളില്ല പ്രചണ്ഡ വാദങ്ങളും. സകല വഴിവാണിഭക്കാരും ആര്‍ത്തട്ടഹസിക്കുമ്പോള്‍ സുഗന്ധ വ്യാപാരി തികച്ചും ശാന്തം. എന്ന പ്രസിദ്ധമായ പഴമൊഴി എത്ര സാര ഗര്‍ഭം.
നന്മയുടെ പ്രചാരണാര്‍ഥമെന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ശബ്ദഘോഷം കൊണ്ട് നാടും നഗരവും മലിനമാകുന്ന ദൗര്‍ഭാഗ്യകരമായ ദുരന്തങ്ങളുടെ ഭൂമികയിലാണ് ലോകരും ലോകവും. ആരാമങ്ങളിലേക്കൊന്നു നോക്കൂ. ഏതെങ്കിലും തരത്തിലുള്ള പൂക്കള്‍ തങ്ങളുടെ മധുവും മധുരവും മണവും വര്‍ണ്ണവും വിവരിച്ച് പ്രഘോഷണങ്ങള്‍ നടത്താറുണ്ടോ? എന്നിട്ടും എത്രയെത്ര ചിത്ര ശലഭങ്ങളാണ് ആവേശത്തോടെ പാറി പറന്നെത്തുന്നത്. തങ്ങളുടെ സാന്നിധ്യം പ്രസരിപ്പിക്കാനാകുന്നില്ലെന്നതത്രെ വര്‍ത്തമാനകാല ഉത്തമ സമൂഹത്തിന്റെ ഏറ്റവും വലിയ പരാജയം. കല്‍പിക്കപ്പെട്ട കര്‍മ്മങ്ങളില്‍ നിന്നും ധര്‍മ്മങ്ങളില്‍ നിന്നും ആര്‍ജിച്ചെടുത്ത ഉര്‍ജ്ജവും ആര്‍ജ്ജവും കൊണ്ട് സമൂഹങ്ങളുടെ ഇടനാഴിയിലൂടെ സൗമ്യരായി മധുഭാഷികളായി സുസ്‌മേരവദനരായി ശാന്തരായി ഇറങ്ങി നടക്കട്ടെ. യഥാര്‍ഥ സുഗന്ധവ്യാപാരികളെപ്പോലെ.
ഒരോരുത്തരും സ്വയം നന്നാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ സമൂഹം നന്നാകും. പ്രകാശത്തിന് വേണ്ടി മിഴിപൂട്ടി നില്‍ക്കുന്ന പൂമൊട്ടുകള്‍ പ്രഭാതത്തില്‍ വിരിയാതിരിക്കുന്നില്ല. വസന്തകാലങ്ങളില്‍ ഏതെങ്കിലും ഒരിനം പൂ പുഷ്പിക്കാതിരിക്കുന്നുമില്ല. പ്രകോപനങ്ങളെ അവഗണിച്ച് പ്രചോദനങ്ങളെ പരിഗണിക്കാം . പ്രശാന്ത സുന്ദരമായ ശുഭ പ്രതീക്ഷയുടെ ഒരു പുലരി വിദൂരമല്ലെന്ന് ആശിക്കാം.
സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരാകുവീന്‍ എന്നാണ് ഖുര്‍ആനികാഹ്വാനം. ‘അല്ലയോ വിശ്വസിച്ചവരേ, ദൈവത്തിനുവേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാമാകുവിന്‍. ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്’. (5:8)