വാമനനും രാഷ്ട്രീയ ലക്ഷ്യങ്ങളും

വാമനന്‍

വാമനനും ഹിന്ദു രാഷ്ട്രീയ ലക്ഷ്യങ്ങളും

 വാമനനും രാഷ്ട്രീയ ലക്ഷ്യങ്ങളും

ഷമീം

മിത്തുകള്‍ ചരിത്രപഠനത്തിന്റെ ഉപകരണങ്ങളിലൊന്നാണ്. ഓരോ പുരാവൃത്തവും സമൂഹത്തിന്റെ അനുഭവങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും ഉരുത്തിരിയുന്നവയാണ്. ഇവ രൂപപ്പെടുന്നത് പല നിലക്കുമാകാം. ഒന്ന്, ഒരു സമൂഹം തങ്ങള്‍ കടന്നു വന്ന വഴികളെ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നതിലൂടെ ഉണ്ടായിത്തീരുന്നത്. രണ്ട്, സാമൂഹികമായ ഭദ്രതയെ നിലനിര്‍ത്തുന്ന ആചാരങ്ങളെയും ആ സമൂഹം കൈക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെയും കഥകളിലൂടെ സ്ഥാപിക്കുന്നതിന് വേണ്ടി. മൂന്ന്, തങ്ങളുടെ അധീശത്വത്തെയും മേല്‍ക്കോയ്മകളെയും സ്ഥാപിക്കുന്നതിന് വേണ്ടി. അതിനായി തങ്ങളുടെ ദൈവങ്ങള്‍, ചിഹ്നങ്ങള്‍, ആചാരങ്ങള്‍ എന്നിവയെ പവിത്രീകരിക്കാന്‍ ശ്രമിക്കുന്നു.

ഇതിനിയും നീട്ടാം. ഇന്ത്യന്‍ പുരാവൃത്തങ്ങള്‍ പുരാണങ്ങളായാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. പുരാണ കഥകളില്‍ ഇപ്പറഞ്ഞ എല്ലാ ഇനങ്ങളിലുമുള്ള മിത്തുകള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഒന്നാമത്തെയും മൂന്നാമത്തെയും ഇനത്തില്‍ പെടുത്താവുന്ന ഒന്നാണ് വാമനനെക്കുറിച്ച മിത്ത്. ഓണത്തെക്കുറിച്ച ഒന്നിലധികം പോസ്റ്റുകളില്‍ ഇക്കാര്യത്തിലുള്ള എന്റെ അറിവും ധാരണകളും ഞാന്‍ പങ്കു വെച്ചിട്ടുണ്ട്. ഇപ്പോള്‍ അത് കുറച്ചൊന്ന് ആവര്‍ത്തിക്കുകയാണ്. ദേവന്മാരുടെ രാജാവായ ഇന്ദ്രന്റെ സഹായിയായ വിഷ്ണുവിനെക്കുറിച്ച് ഋഗ്വേദകാലത്ത് തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് പക്ഷേ, ദൈവം എന്ന രൂപത്തിലായിരുന്നില്ല. പോരാളിയായ വിഷ്ണുവാണ് ദേവന്മാര്‍ക്ക് അഥവാ ആര്യന്മാര്‍ക്ക് പുതിയ ഭൂപ്രദേശങ്ങളിലേക്കുള്ള സഞ്ചാരത്തെ എളുപ്പമാക്കിയത്. ആര്യന്മാരുടെ സഞ്ചാരത്തെ മൂന്ന് ഘട്ടങ്ങളാക്കി, വിഷ്ണുവില്‍ ത്രിവിക്രമരൂപം ആരോപിച്ചിരുന്നു. ഈ ത്രിവിക്രമരൂപമാണ് വാമനന്‍. അക്കാലത്തെ ഇന്ത്യന്‍ ജനതക്ക് മേല്‍ നടത്തിയ അധിനിവേശത്തെയും കൂടിയാണ് ത്രിവിക്രമമിത്ത് അടയാളപ്പെടുത്തുന്നത്.

അതേസമയം ചവിട്ടിത്താഴ്ത്തപ്പെട്ട ജനതയുടെ പാരമ്പര്യത്തെയാണ് കേരള ജനത അംഗീകരിച്ചത് എന്നതില്‍ നിന്നാണ് കേരളം മഹാബലിയെ കഥയുടെ കേന്ദ്രസ്ഥാനത്ത് കൊണ്ടു വരുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പം നിന്ന ഒരു രാഷ്ട്രീയ നിലപാടായി അതിനെ വ്യാഖ്യാനിക്കാം. മഹാബലി എന്ന സംസ്‌കൃതനാമത്തെ കേരളം മാവേലിയാക്കി പരിവര്‍ത്തിപ്പിച്ചു. മാവേലിയാണ് ഇവിടെയുള്ള ആഖ്യാനങ്ങളില്‍ പ്രോടഗോനിസ്റ്റ്. വാമനന്‍ പ്രതിനായകന്‍ അഥവാ ആന്റഗോനിസ്റ്റ് ആയിരുന്നു. പുരാണത്തില്‍ ഇത് നേരെ തിരിച്ചാണ്.

വാമനപുരാണത്തെ ഇവ്വിധം തലതിരിച്ചിട്ടതിലൂടെ പ്രകടിപ്പിക്കപ്പെട്ട രാഷ്ട്രീയത്തെയും സ്ഥാപിക്കപ്പെട്ട പാരമ്പര്യത്തെയും അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ വാമനകേന്ദ്രിതമായ വാദങ്ങള്‍ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഓണത്തെ വാമനജയന്തിയാക്കി മാറ്റുന്നതില്‍ വളരെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇത് കേരളത്തിന്റെ പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും നിരാകരണമാണ്. സവര്‍ണകേന്ദ്രിതവും വംശീയവുമായ ഒരധികാരവ്യവസ്ഥയുടെ സ്ഥാപനമാണ് ഇതിന്റെ ലക്ഷ്യം. ഈ അധികാരവ്യവസ്ഥയാകട്ടെ, ഫാഷിസത്തെക്കുറിച്ച പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നതു പോലെ ദേശസ്വത്വത്തിന് വരേണ്യവര്‍ണം നല്‍കുകയും ദേശത്തിലെ ജീവിതവൈവിധ്യങ്ങളോട് നിഷേധാത്മക നയം കൈക്കൊള്ളുകയും ചെയ്യുന്നു. ദേശസങ്കല്‍പം ഇവിടെ അയവില്ലാത്തതും ഏകശിലാരൂപിയുമാണ്. കഥയെന്തായാലും പുതിയ ചര്‍ച്ചകളിലെ വാമനന്‍ പ്രതിനിധാനം ചെയ്യുന്നത് ഫാഷിസത്തെത്തന്നെയാകുന്നു

അതുതന്നെയാണ്  ശ്രീനാരായണ ഗുരു വിന്റെ കാര്യത്തിലും നാം കണ്ടു കൊണ്ടിരിക്കുന്നത്.

ശ്രീ നാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കന്ന ഈ വേളയില്‍ നമുക്ക് കാണാന്‍ കഴിയുന്നത് തീവ്ര രാഷ്ട്രീയ പിടിവലികള്‍ക്കിടയിലാണ് ആഘോഷങ്ങള്‍ മുന്നോട്ടു പോകുന്നത് എന്നാണ്. ഗുരുവിനെ സ്വരാഷ്ട്രീയ വക്താവായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തീവ്ര പരിശ്രമങ്ങള്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ ലേബലുകളിലും ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക പരിപാടികളും, ഘോഷയാത്രകളും, സമ്മേളനങ്ങളും,കലാവിഷ്‌കാരങ്ങളും സംഘടിപ്പിച്ച് ഗുരുവിനെ സ്വത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് ഓരോരുത്തരും.

പാര്‍ട്ടിക്കുള്ളില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നു എന്ന് മനസിലായി പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളിലും നമുക്ക് ജാതിയില്ല പ്രഖ്യാപനം നടത്തുന്ന പാര്‍ട്ടിയും, ആദ്യം ബെടക്കാക്കി പിന്നീട് വഴിക്കാക്കാന്‍ പരിശ്രമിക്കുന്നവരുമുണ്ട്. നമുക്ക് ജാതിയില്ല പ്രഖ്യാപനം ഇത്രയും വിപുലമായി കേരളത്തില്‍ കൊണ്ടാടുമ്പോള്‍ തന്നെയാണ് ജാതി വ്യവസ്ഥമൂലം ഗുജറാത്തിന്റെ തെരുവോരങ്ങളില്‍ മൃഗങ്ങള്‍ ചീഞ്ഞ് നാറുന്നത്. ആ ഗന്ധം ശ്വസിക്കാന്‍ പ്രധാനമന്ത്രിയടക്കമുള്ള ആളുകളെ ക്ഷണിക്കുന്നതും ജാതി വ്യവസ്ഥമൂലം പീഠനങ്ങള്‍ അനുഭവിക്കന്നവരാണ്. ഇതേ ജാതിക്കെതിരായി പോരാടിയവര്‍ വീട് തടങ്കലിലാക്കപെടുന്നത്. ജാതിക്കെതിരെ പോരാടിയ രോഹിത് വെമുല ജാതിയില്ലാ വിളംബരം ആഘോഷിക്കുന്ന പാര്‍ട്ടി വിട്ട് പുറത്ത് ചാടിയതും ബെടക്കാക്കി വഴിക്കാക്കുന്ന പാര്‍ട്ടിയുടെ മന്ത്രിമാരുടെയും യൂണിവേഴ്‌സിറ്റി അധികൃതരുടെയും പ്രവര്ത്തന ഫലമായി കൊല്ലപ്പെടുന്നതും. അംബേദ്കര്‍, ശ്രീ നാരായണ ഗുരു, അയ്യങ്കാളി പോലുള്ള ചരിത്ര പുരുഷന്മാരുടെ ആശയങ്ങളെ ഇല്ലാതാക്കി തങ്ങളുടെ ആളുകളാക്കി ആ കണ്ണിലൂടെ വായിക്കണം എന്ന ലക്ഷ്യത്തിനായാണ് ഈ അഭ്യാസങ്ങള്‍ ഇക്കൂട്ടര്‍ പയറ്റുന്നത്.

Related Post