സത്യപ്രബോധന ത്തിന്റെ സവിശേഷതകള്‍

islam-special

സത്യപ്രബോധന ത്തിന്റെ സവിശേഷതകള്‍

നാം ഏറ്റെടുത്തിട്ടുള്ള ഇസ്‌ലാമികപ്രബോധനത്തിന്റെ യഥാര്‍ഥപ്രമേയം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. വ്യത്യസ്തകാലങ്ങളില്‍ വിവിധദേശങ്ങളില്‍ നിയുക്തരായ ദൈവദൂതന്‍മാര്‍ക്കെല്ലാം അല്ലാഹു വെളിപാടിലൂടെ അവതരിപ്പിച്ചുകൊടുത്ത ജീവിതദര്‍ശനമാണ് ഇസ്‌ലാം.

ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് മനുഷ്യരെ ആനയിക്കാന്‍ വേണ്ടിയായിരുന്നു അത്. തദ്വാരാ പ്രപ്രഞ്ചസ്രഷ്ടാവിന്റെ സംതൃപ്തിനേടിയെടുക്കാനും സന്‍മാര്‍ഗത്തിന്റെ സ്വച്ഛവും സുതാര്യവുമായ ദൈവികസരണി പ്രാപിക്കാനുമായി. ഈ ജീവിതദര്‍ശനത്തിന്റെ ആത്മസത്ത പൂര്‍ണമാക്കപ്പെട്ടതും അതിന്റെ വേരുകള്‍ ആഴ്ത്തപ്പെട്ടതും പ്രവാചകപരമ്പരയുടെ കണ്ണികള്‍ക്ക് പരിസമാപ്തി കുറിക്കപ്പെട്ടതും മുഹമ്മദ് നബിതിരുമേനിയുടെ അന്ത്യപ്രവാചകത്വനിയോഗത്തോടെയാണ്.

മുഴുവന്‍ ജനങ്ങളോടുമുള്ള സത്യപ്രബോധനമായിരുന്നു അന്ത്യപ്രവാചകനോട് അനുശാസിക്കപ്പെട്ടത്. അല്ലാഹു പ്രവാചകന് അവതരിപ്പിച്ചുകൊടുത്തതിന്റെ സാകല്യമാണ് വിശുദ്ധഖുര്‍ആനും നബിചര്യയും. അത് തന്നെയാണ് ഇസ്‌ലാമിന്റെ മൗലികസ്രോതസ്സുകള്‍. ദൈവത്തിങ്കള്‍ തൃപ്തിപ്പെട്ട ജീവിതദര്‍ശനം. മനുഷ്യന്‍ പിന്തുടരേണ്ട സത്യപാത.

ഇഹപര സൗഭാഗ്യത്തിന്റെയും രക്ഷാശിക്ഷകളുടെയും അടിസ്ഥാനം. ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ ഓരോ പ്രബോധകനും പ്രഥമമായും പ്രധാനമായും ഇസ്‌ലാമിന്റെ ചില മൗലികസവിശേഷതകള്‍ അനിവാര്യമായും മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പ്രസ്തുത സവിശേഷതകളോടുകൂടി ആത്മവിശ്വാസത്തോടെയും ഇഛാശക്തിയോടെയും ഉള്‍ക്കാഴ്ചയോടെയും പ്രബോധിതരെ അഭിസംബോധന ചെയ്യാനും അവരുടെ മുമ്പില്‍ ഇസ്‌ലാമിനെ ശരിയാം വിധത്തില്‍ അവതരിപ്പിക്കാനും കഴിയൂ. എന്നാലേ പ്രതീക്ഷയോടും താല്‍പര്യത്തോടും പ്രബോധിതസമൂഹം ഇസ്‌ലാമിനെ സ്വീകരിക്കാന്‍ മുമ്പോട്ടുവരികയുള്ളൂ. വ്യതിരിക്തതകളെ മുന്‍നിര്‍ത്തി ഇസ്‌ലാമികസവിശേഷതകളെ നമുക്കും അഞ്ചായി വിഭജിക്കാം:

1. ഇസ്‌ലാമിന്റെ പ്രഭവസ്ഥാനം

പ്രഭവസ്ഥാനം മുന്‍നിര്‍ത്തിയാണ് മറ്റിതര ദൈവദര്‍ശനങ്ങളില്‍നിന്ന് ഇസ്‌ലാം പ്രകടമായും വേറിടുന്നത്. ഇസ്‌ലാം പ്രാദുര്‍ഭവിച്ചിട്ടുള്ളത് മനുഷ്യരുടെ നാഥനായ അല്ലാഹുവില്‍നിന്നാണ്. ഇസ്‌ലാമിന്നകത്തെ സമസ്തനിയമങ്ങളും നിര്‍ദേശങ്ങളും രൂപമെടുത്തിട്ടുള്ളത് അന്ത്യപ്രവാചകന് കിട്ടിയ വെളിപാടിന്റെ അടിസ്ഥാനത്തിലാണ്. രണ്ടുതരം വെളിപാടുകളുണ്ട്; വാചികമായതും ആശയപരമായതും. വാചികമായത് വിശുദ്ധഖുര്‍ആനും ആശയപരമായത് നബിചര്യയുമാണ്.

‘അവന്‍ സ്വമേധയാ യാതൊന്നും ഉരുവിടുന്നില്ല. തനിക്ക് അവതീര്‍ണമാകുന്ന ദൈവികവെളിപാടല്ലാതെ'(അന്നജ്മ് 3)

ഇസ്‌ലാം ദൈവപ്രോക്തമായ ദര്‍ശനമാണെന്നും വിശുദ്ധഖുര്‍ആനിലെ ഓരോ സൂക്തവും ദൈവികമാണെന്നും പ്രവാചകചര്യ എന്നത് ദൈവികവെളിപാടിന്റെ തന്നെ മറ്റൊരു വകഭേദമാണെന്നും അടിവരയിടുന്ന സുചിന്തിതവും ഖണ്ഡിതവുമായ പ്രമാണങ്ങളെ അതുകൊണ്ടുതന്നെ സത്യപ്രബോധകന്‍മാര്‍ അനുധാവനം ചെയ്യേണ്ടതുണ്ട്.

‘ദൈവദൂതനെ അനുസരിക്കുന്നവര്‍ തീര്‍ച്ചയായും അല്ലാഹുവിനെ അനുസരിച്ചു'(അന്നിസാഅ് -80)
‘നീ പറയുക, നിങ്ങള്‍ അല്ലാഹുവിനെയും ദൈവദൂതനെയും അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അല്ലാഹു നിഷേധികളെ ഇഷ്ടപ്പെടുകയില്ല'(ആലുഇംറാന്‍ 32).

‘ദൈവദൂതന്‍ നിങ്ങള്‍ക്കെത്തിച്ചുതന്നത് നിങ്ങള്‍ സ്വീകരിക്കുക. ദൈവദൂതന്‍ നിങ്ങള്‍ക്ക് വിലക്കിയതില്‍നിന്ന് നിങ്ങള്‍ അകന്നുനില്‍ക്കുക ‘(അല്‍ ഹശ്‌റ് 7)

‘അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യത്തില്‍ തീരുമാനമെടുത്താല്‍ പ്രസ്തുതകാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ വിശ്വാസിയായ പുരുഷനോ സ്ത്രീക്കോ പാടുള്ളതല്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവര്‍ ആരോ അയാള്‍ വ്യക്തമായ വഴികേടില്‍ അകപ്പെട്ടിരിക്കുന്നു'(അല്‍ അഹ്‌സാബ് 36)
‘ആരെങ്കിലും ദൈവദൂതനെ അനുസരിക്കുന്നുവെങ്കില്‍ താഴെ അരുവികളൊഴുകുന്ന ആരാമത്തില്‍ അവര്‍ പ്രവേശിക്കും . ആരെങ്കിലും പിന്തിരിഞ്ഞുപോയാല്‍ വേദനിപ്പിക്കുന്ന ശിക്ഷ അല്ലാഹു അവന് നല്‍കും'(അല്‍ ഫത്ഹ് -17).

‘നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളുടെ കുറ്റങ്ങള്‍ പൊറുത്തുതരികയുംചെയ്യും. അല്ലാഹു പൊറുത്തുകൊടുക്കുന്നവനും കരുണാവാരിധിയുമാണ്'(ആലുഇംറാന്‍ 31).

‘അല്ലാഹുവിന്റെ കല്‍പനയെ ലംഘിക്കുന്നവര്‍ ആരാണോ അവര്‍ തങ്ങള്‍ക്ക് പരീക്ഷണം ഏല്‍ക്കുന്നതിനെയും വേദനിപ്പിക്കുന്ന ശിക്ഷ വന്നെത്തുന്നതിനെയും ഭയപ്പെട്ടുകൊള്ളട്ടെ'(അന്നൂര്‍ 62).

ഇസ്‌ലാമികാദര്‍ശനത്തിന്റെ പ്രഭവസ്ഥാനം അല്ലാഹുവാണ്. അല്ലാഹു ആകട്ടെ എല്ലാം തികഞ്ഞവനും അന്യൂനനും അജയ്യനുമാണ്. പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ ഗുണവിശേഷങ്ങള്‍ കാണുന്നതിന് അവന്‍ സൃഷ്ടിച്ചവയിലേക്ക്തന്നെ നോക്കിയാല്‍ മതി. എല്ലാം അവിടെ പ്രകടമാണ്. സത്താപരമായും സവിശേഷപരമായും കര്‍മപരമായും നോക്കിയാല്‍ അല്ലാഹു ഒരു സര്‍വസമ്പൂര്‍ണശക്തിപ്രതിഭാസമാണ്. വാസ്തവിരുദ്ധമായത് അവനില്‍ നിന്നുണ്ടാവുക എന്നത് അസംഭവ്യമാണ്. ഈ അന്യൂനത അല്ലാഹു രൂപപ്പെടുത്തിയ നിയമസംഹിതയിലും സന്‍മാര്‍ഗികതത്ത്വങ്ങളിലും വിധിവ്യവസ്ഥകളിലും പ്രകടമാണ്.

മനുഷ്യസ്രഷ്ടാവായ അല്ലാഹുവിന് അവന്റെ ഇഹപരജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയാന്‍ കഴിയും. സമസ്തസൃഷ്ടിജാലങ്ങളുടെയും ആവശ്യങ്ങളെക്കുറിച്ച കൃത്യമായ ജ്ഞാനം അല്ലാഹുവിനുണ്ട്. മനുഷ്യനിര്‍മിതമായ നിയമങ്ങളില്‍നിന്ന് ദൈവികനിയമങ്ങള്‍ അന്യൂനമായി നിലകൊള്ളുന്നതിന്റെ കാരണമതാണ്. എത്രയൊക്കെ ബൗദ്ധികമായും വൈജ്ഞാനികമായും മനുഷ്യന്‍ ഉന്നതനാണെങ്കിലും വൈയക്തിക താല്‍പര്യങ്ങള്‍ , ഭൗതികമോഹങ്ങള്‍, കുറ്റവാസന, തന്നിഷ്ടം, അവിവേകം എന്നിവയില്‍നിന്ന് അവന്‍ മുക്തനായിരിക്കുകയില്ല. എന്നുമാത്രമല്ല അവന്റെ ബുദ്ധിക്കും വിജ്ഞാനത്തിനും പരിധിയുണ്ടുതാനും. ആ പരിമിതി അവനുണ്ടാക്കുന്ന നിയമങ്ങളിലും വ്യവസ്ഥകളിലും പ്രതിഫലിക്കുകയും ചെയ്യും.

ഇസ്‌ലാമിനെ വേറിട്ടുനിര്‍ത്തുന്ന ഇത്തരം സവിശേഷതകളിലേക്ക് വിരല്‍രൂണ്ടുന്ന ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്:
‘എല്ലാമറിയുന്നവനും യുക്തിജ്ഞനുമായ അല്ലാഹുവില്‍നിന്നാണ് വിശുദ്ധഖുര്‍ആന്‍ നിനക്ക് അവതീര്‍ണമാകുന്നത്'(അന്നംല് 6).
‘സര്‍വലോകപരിപാലകനായ അല്ലാഹുവില്‍നിന്നാണ് ഈ ഗ്രന്ഥം അവതീര്‍ണമായിട്ടുള്ളത്. ഇതില്‍ സംശയിക്കേണ്ടതായി യാതൊന്നുമില്ല'(അസ്സജദ:2)
‘നിനക്ക് നാം അവതരിപ്പിച്ചുതന്നിട്ടുള്ള ഈ ഗ്രന്ഥം അനുഗ്രഹീതമാണ്. അതിനെ നിങ്ങള്‍ പിന്‍പറ്റുക. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടേക്കാം ‘(അല്‍അന്‍ആം 55)

‘ഇന്നേ ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ നാം പൂര്‍ത്തീകരിച്ചുതന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളുടെ മേല്‍ സമ്പൂര്‍ണമാക്കിത്തരികയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങളുടെ ദീനായി നാം തൃപ്തിപ്പെടുകയുംചെയ്തിരിക്കുന്നു'(അല്‍മാഇദ 3).

ഇസ്‌ലാമിന്റെ പ്രായോഗികത

ഏതുകാലത്തും ഏതുദേശത്തും ഏതുപരിതസ്ഥിതിയിലും മനുഷ്യരാശി അഭിമുഖീകരിക്കുന്ന ജീവിതഗന്ധിയായ, സകലമാന സമസ്യകള്‍ക്കും സത്യസന്ധവും കൃത്യവുമായ ഉത്തരങ്ങള്‍ ഇസ്‌ലാം നല്‍കിയിരുന്നു. അന്നും ഇന്നും മനുഷ്യമനീഷിയെ മഥിച്ചതും മഥിച്ചുകൊണ്ടിരിക്കുന്നതുമായ അതീവഗൗരവതരമായ പ്രശ്‌നങ്ങളെ ഇസ്‌ലാം നേരിട്ടിട്ടുണ്ട്. ജീവിതത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ മരണാനന്തര ജീവിത ത്തെക്കുറിച്ചോ ചിന്തിക്കുമ്പോള്‍ മനുഷ്യന്റെ മസ്തിഷ്‌കത്തെ അലട്ടുന്ന പ്രശ്‌നങ്ങളുണ്ട്.

‘എന്താണ് ഈ ജീവിതത്തിന്റെ അര്‍ഥം?’
‘നാം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്?’
‘എന്തില്‍നിന്നാണ് നമ്മുടെ ഉത്ഭവം?’
ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തവും ക്ലിഷ്ടവുമായ ഉത്തരങ്ങള്‍ വിശുദ്ധഖുര്‍ആനില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. മനുഷ്യനെ ഇല്ലായ് മയില്‍നിന്നും അല്ലാഹു സൃഷ്ടിച്ചു. പിതാവിന്റെ ശുക്ലവും മാതാവിന്റെ അണ്ഡവും സമന്വയിച്ച രേതസ്‌കണത്തില്‍നിന്നാണ് ഭ്രൂണം രൂപപ്പെടുന്നത്. സംശയലേശമന്യേ ഇത് സംബന്ധമായ വിശദാംശങ്ങള്‍ വിശുദ്ധഖുര്‍ആന്‍ നല്‍കുന്നുണ്ട്:

‘പ്രവചിക്കാനാകാത്ത ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ?'(അദ്ദഹ്ര്‍ 1)
‘സമ്മിശ്രമായ ഒരു രേതസ്‌കണത്തില്‍ നിന്നാണ് മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്, നാമവനെ പരീക്ഷിക്കാന്‍ വേണ്ടി. പിന്നീട് നാമവന് കേള്‍വിയും കാഴ്ചയും നല്‍കി'(അല്‍ ഇന്‍സാന്‍ 2).
‘എന്തില്‍നിന്നാണ് താന്‍ സൃഷ്ടിക്കപ്പെട്ടത് എന്ന് ഓരോ മനുഷ്യനും ചിന്തിക്കട്ടെ. മുതുകിന്റെയും വാരിയെല്ലിന്റെയും ഇടയില്‍നിന്ന് പുറപ്പെടുന്ന തെറിക്കുന്ന ജലകണത്തില്‍നിന്ന്'(അത്ത്വാരിഖ് 5-7).

ആദ്യമനുഷ്യനായ ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചതായും ആദമിന്റെ സന്തതിപരമ്പരയെ രേതസ്‌കണത്തില്‍ നിന്ന് രൂപപ്പെടുത്തുന്നതായും വിശുദ്ധഖുര്‍ആന്‍ വിവരിക്കുന്നു.

‘മനുഷ്യനെ സൃഷ്ടിച്ചുതുടങ്ങിയത് കളിമണ്ണില്‍നിന്നാണ്. എന്നിട്ട് അവന്റെ സന്തതിപരമ്പരയെ നിസ്സാരമായ ശുക്ലകണത്തില്‍നിന്ന് രൂപപ്പെടുത്തി. പിന്നീട് അവനെ അന്യൂനമാക്കുകയും അല്ലാഹു അവന്റെ ആത്മാംശം മനുഷ്യനില്‍ നിക്ഷേപിച്ചു. കേള്‍വിയും കാഴ്ചയും ഹൃദയവും നല്‍കി. പക്ഷേ, നിങ്ങളില്‍ കുറച്ചുപേരേ ചിന്തിക്കുന്നുള്ളൂ'(അസ്സജദ 8,9)

Related Post