സന്തോഷം പങ്കു വെക്കൂ

Originally posted 2018-04-09 12:19:41.

അമാനുള്ള

ഐക്യ രാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ ആറാമത് ലോക സന്തോഷ ദിനം ഇന്ന്( മാര്‍ച്ച് 20 ന് ) വിപുലമായ പരിപാടികളോടെ ലോകത്തെമ്പാടും നടക്കുകയാണ്. സന്തോഷം പങ്കുവെക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രമേയം. സന്തോഷിക്കുവാന്‍ ഓരോ മനുഷ്യരും ആഗ്രഹിക്കുന്നു ണ്ടെന്നും പരസ്പരം സന്തോഷം പങ്കുവെക്കുകയെന്ന സര്‍ഗപ്രക്രിയ അനുസ്യൂതം തുടരണമെന്നാണ് പ്രകൃതിയുടെ തേട്ടമെന്നും പ്രമേയം നമ്മെ ഓര്‍മപ്പെടുത്തുമ്പോള്‍ ആര്‍ദ്രമായ ബന്ധങ്ങളും കനിവും കരുതിവെപ്പും ഏറെ പ്രസക്തമാകുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. നമുക്ക് സന്തോഷമെവിടെയോ നഷ്ടപ്പെട്ടിരിക്കുകയാണെന്നും എന്തു വിലകൊടുത്തും അത് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമാണ് ല്രോക സന്തോഷ ദിനം ഉദ്‌ഘോഷിക്കുന്ന സുപ്രധാനമായ ആശയം.

മലയാളികള്‍ പലരും ആദ്യമായാകും ഇങ്ങനെയൊരു ദിവസത്തെക്കുറിച്ച് കേള്‍ക്കുന്നത്. ലോകത്ത് മനുഷ്യന് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷദിനമെന്ന ആശയത്തിന് പ്രേരകം. ലോകത്ത് തന്നെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള പ്രദേശമെന്നറിയപ്പെടുന്ന ഭൂട്ടാനാണ് ഈ സംരംഭത്തിന് മുന്‍കൈയെടുത്തത്. വികസനത്തിന്റെ മാനദണ്ഡം സാമ്പത്തികവും ഭൗതികവുമായ അളവുകോലില്‍ നിന്നും മാറ്റി ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് ശരിയായ വികസനം വിലയിരുത്തേണ്ടതെന്ന കാഴ്ടപ്പാടാണ് അവര്‍ അവതരിപ്പിച്ചത്. ഗ്രോസ് നാഷണല്‍ ഹാപ്പിനസ് ഇന്‍ഡക്‌സ് എന്ന പുതിയ ആശയവും ആലോചനകളുമായാണ് ഐക്യരാഷ്ട്ര സഭയുടെ മുമ്പാകെ ഈ കൊച്ചു രാജ്യം മാതൃക കാണിച്ചത്.
ദൈവത്തിന്റെ സ്വന്തം നാടെന്നഭിമാനിക്കുന്ന നമ്മുടെ സംസ്ഥാനത്തിന്റെ സമകാലിക വര്‍ത്തമാനങ്ങള്‍ ഒട്ടും സന്തോഷകരമല്ല എന്ന കാര്യം വിസ്മരിക്കാനാവില്ല. കക്ഷിരാഷ്ട്രീയ മത വര്‍ഗ ചിന്തകള്‍ സമൂഹത്തില്‍ വിള്ളലുകളും അനൈക്യവും സൃഷ്ടിക്കുമ്പോള്‍ ഏകമാനവികതയുടെ സാമൂഹ്യ സൗഹാര്‍ദ്ധത്തിന്റേയും വീണ്ടെടുപ്പ് അനിവാര്യമാണെന്ന വിചാരം ശക്തമാകുന്നുണ്ട്. സമാന മനസ്‌കരായ മനുഷ്യകൂട്ടായ്മകള്‍ക്ക് ഏത് പ്രതിസന്ധികളേയും അതിജീവിക്കുവാനും ശാന്തിയും സമാധാനവും സാക്ഷാല്‍ക്കരിക്കുവാനും സാധിക്കുമെന്നത തിരിച്ചറിവും ഈദിനത്തിന്റെ ബാക്കി പത്രമാകുമെന്ന് പ്രത്യാശിക്കാം.
വികസനത്തിന്റേയും സാമ്പത്ത്ിക പുരോഗതിയുടേയും മൗലികമായ സ്വഭാവങ്ങള്‍ നിര്‍ണയിക്കുന്നത് ജനങ്ങളുടെ ക്ഷേമവും സന്തോവും കണക്കിലെടുത്താവണമെന്ന മഹത്തായ സന്ദേശമാണ് ഈ ദിനത്തെ പ്രസക്തമാക്കുന്നത്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥികവുമായ വളര്‍ച്ചയും വികസനവും സന്തുലിതവും ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കാത്തതുമാവണം.

ലോകത്തെല്ലാവരും സന്തോഷമാണ് ആഗ്രഹിക്കുന്നത്. സന്തോഷം പക്ഷേ പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കും. സാമ്പത്തിക സ്ഥിതി, ആരോഗ്യം, വിഭവങ്ങളുടെ ലഭ്യത, സുഖ സൗകര്യങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് സന്തോഷത്തെ നിര്‍ണയിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അഭൂതപൂര്‍വമായ വളര്‍ച്ചയും പുരോഗതിയും ജീവിതം വളരെ അനായാസവും സൗകര്യ പ്രദവുമാക്കിയെന്നതില്‍ സംശയമില്ല . വാര്‍ത്താ വിനിമ മാധ്യമങ്ങളും സഞ്ചാരത്തന് സഹായകമായ വാഹനങ്ങളും ആഡംബര സൗകര്യങ്ങളുമൊക്കെ മനുഷ്യ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കി. ലോകത്തിന്റെ വിവിധ കോണുകളിലായി പലതും വെട്ടി പ്പിടിച്ചും പുതിയ മേഖലകള്‍ കീഴ്‌പെടുത്തിയും പുരോഗമന രംഗത്ത് മനുഷ്യന്‍ ജൈത്രയാത്ര തുടരുകയാണ്. പക്ഷേ പരിമിത സൗകര്യങ്ങളോടെ കാട്ടിലെ പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ച് ജീവിച്ച ആദിമ മനുഷ്യന്റെ സന്തോഷവും സമാധാനവം ആധുനിക മനുഷ്യന് ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഭൗതിക പുരോഗതിയേക്കാള്‍ മനസിന്റെ സന്തോഷവും സമാധാനവും പരിഗണിക്കണമെന്ന ആഹ്വാനവുമായി ലോക സന്തോഷ ദിനം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സന്തോഷകരമായ ജീവിതമാണ് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ കാതലായ ലക്ഷ്യം. എല്ലാവരും സന്തോഷമാഗ്രഹിക്കുന്നു. സമൂഹത്തോടും പ്രകൃതിയോടും കൂടുതല്‍ ഊഷ്മളമായി ജീവിക്കുകയും സന്തോഷം യാഥാര്‍ഥ്യമാക്കുകയും ചെയ്യുന്ന വികസനമാണ് സന്തുലിതമായ വികസനമെന്നാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. പാരിസ്ഥിതികാഘാതങ്ങളും പ്രകൃതി ക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ സന്തോഷകരമായ ജീവിതത്തെ ബാധിക്കുന്നവയാണ്. സമൂഹത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലക്ക് സ്വന്തം സമാധാനവും സന്തോഷവും സംരക്ഷിക്കണമെന്ന പോലെ തന്നെ സഹ ജീവികളുടേയും പ്രകൃതിയുടേയും സമാധാന പൂര്‍ണമായ നിലനില്‍പ് ഉറപ്പുവരുത്തണമെന്നും ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.

എന്തൊക്കെയാണ് മനുഷ്യന്റെ സന്തോഷം നശിപ്പിക്കുന്നത്, സാമ്പത്തികവും സാമൂഹികവും ശാസ്ത്രീയവുമായ വളര്‍ച്ചയുടേയും പുരോഗതിയുടേയും നടുവിലും മനുഷ്യനെ അസ്വസ്ഥനും സമാധാനമില്ലാത്തവനുമൊക്കെയാക്കി മാറ്റുന്നത് എന്തൊക്കെയാണ് എന്നീ ആലോചനകള്‍ ഏറെ പ്രസക്തമായ സന്ദര്‍ഭമാണിത്. നമ്മുടെ സമീപനത്തിലും ചിന്താഗതിയിലും സര്‍വോപരി ജീവിത ശൈലിയിലും വന്ന ആനാരോഗ്യകരമായ പ്രവണതകളും സ്വഭാവങ്ങളുമാണ് പലപ്പോഴും മനുഷ്യന്റെ സമാധാനം കെടുത്തുന്നത് എന്നാണ് ഇവ്വിഷയകമായി നടന്ന മിക്ക പഠനങ്ങളും നല്‍കുന്ന സൂചന. സാമൂഹ്യ ജീവിയായ മനുഷ്യന്‍ ഉപഭോഗ സംസ്‌കാരത്തിനടിമപ്പെട്ട് ആര്‍ത്തി പൂണ്ട് ഓടി നടക്കുകയും സ്വര്‍ഥതയും വ്യാമോഹങ്ങളുമായി ജീവിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ശാന്തിയുടേയും സമാധാനത്തിന്റേയും അന്തരീക്ഷം അവന് നഷ്ടമായത്. ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്ന സങ്കുചിത ചിന്താഗതികളും എല്ലാം തനിക്ക് ആസ്വദിക്കുവാന്‍ വാരിക്കൂട്ടമെന്ന അതിമോഹവും പ്രകൃതിയുടെ മനോഹാരിതയും സന്തുലിതത്വവും മാത്രമല്ല മനുഷ്യ ഹൃദയങ്ങള്‍ക്കിടയിലെ സൗഹൃദങ്ങളും ഇല്ലാതാക്കി. കള്ളവും കൊലയും വഞ്ടനയും മാത്രമല്ല ഏഷണിയും പരദൂഷണവും സമൂഹഗാത്രത്തെ ഭിന്നിപ്പിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യാനാണ് ഉപകരിച്ചത്. പരിസ്ഥിതിയെ പരിഗണിക്കാത്ത തലതിരിഞ്ഞ വികസന പരിപാടികളും സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രം കണക്കിലെടുത്തുള്ള ജീവിത ശൈലിയും ദുരന്തങ്ങളുടെ വേലിയേറ്റമാണ് സമ്മാനിച്ചത്. എന്തൊക്കെ പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടെങ്കിലും മനുഷ്യന് സമാധാനവും സന്തോഷവും നല്‍കുന്ന വികസനവും പുരോഗതിയും സാക്ഷാല്‍ക്കരിക്കമെങ്കിലും ചിന്താഗതിയിലും ജീവിത ശൈലിയും അടിയന്തിരമായ മാറ്റം അനിവാര്യമാണെന്നാണ് ഈ ദിനം നല്‍കുന്ന പാഠം.

ഉപഭോഗസംസ്‌കാരം അടക്കി വാഴുന്ന സമൂഹത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്നതിന്റെയിടയില്‍ മാനസിക സമ്മര്‍ദ്ധവും പിരിമുറുക്കവും അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമാണ്. പുറമേ ചിരിക്കുമ്പോഴും പലരുടേയും ഉള്ളില്‍ സംഘര്‍ഷത്തിന്റെ കനലെരിയുകയാണ്. അറ്റമില്ലാത്ത ആഗ്രഹങ്ങളും സഫലമാകാത്ത മോഹങ്ങളും പേറിയുള്ള ഓട്ടമാണ് പലപ്പോഴും ഈ സംഘര്‍ഷങ്ങളുടെ പ്രധാനകാരണം. ഭോഗാസക്തിയുടെ ലോകത്താണ് നാം കഴിയുന്നത്. ശരീര കാമനകളുടെ കേളികോട്ടുകള്‍ ജീവിതത്തെ തന്നെ ശരീേേരകന്ദ്രീകൃതമാക്കിയിരിക്കുന്നു. പ്രലോഭനങ്ങളും സാഹചര്യങ്ങളും അധാര്‍മികതയുടെ ചളിക്കുണ്ടിലേക്കാണ് സമൂഹത്തെ നയിക്കുന്നത്. ഇവിടെ പ്രായവ്യത്യാസമില്ല.

മനുഷ്യര്‍ക്ക് ഒത്തുകൂടാനും വികാരവിചാരങ്ങളും പങ്കുവെക്കുവാനും വേദികള്‍ വേണം. സുഖദുഖങ്ങള്‍ പങ്കുവെക്കുന്ന കൂട്ടായ്മകളിലൂടെ പരസ്പരം ബന്ധങ്ങള്‍ ശക്തമാവുകയും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുകയും ചെയ്യും. പ്രശ്‌നങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതു പകുതിയായി കുറയുമെന്നാണ് ഇംഗല്‍ഷുകാര്‍ പറയാറുള്ളത്.

ശാസ്ത്രവും സാങ്കേതിക വിദ്യകളും മനുഷ്യന് എണ്ണമറ്റ സൗകര്യങ്ങളാണ് ഒരുക്കിയത്. നിരവധി സംവിധാനങ്ങളും സൗകര്യങ്ങളും ജീവിതം സുഖപ്രദവും നിറപ്പകിട്ടിുള്ളതുമാക്കി. പക്ഷേ ധാര്‍മിക സദാചാര മൂല്യങ്ങളൊന്നും ഈ ഉല്‍പന്നങ്ങളോ കണ്ടുപിടുത്തങ്ങളോ ഒന്നും നമുക്ക് നല്‍കിയില്ല. കണ്ടുപിടുത്തങ്ങള്‍ ധര്‍മബോധമില്ലാത്തവന്റെ കയ്യിലെ കളിപ്പാട്ടമാകുമ്പോള്‍ അവ സമൂഹത്തിന് ശാപമായിത്തീരുമെന്നാണ് മൊബൈല്‍ ദുരുപയോഗവും ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളുമൊക്കെ നമ്മോട് പറയുന്നത്.

സദാചാരമെന്നത് വിപുലമായ അര്‍ത തലങ്ങളുള്‍കൊള്ളുന്ന സന്ദേശമാണ്. നല്ല മനുഷ്യരുടെ ആചാരം, സന്മാര്‍ഗം, സത്യ നിഷ്ട, ധാര്‍മികത, സമാധാന ചിന്ത. സ്വഭാവ ശുദ്ധി, സുശീലത്വം, ്അനുകമ്പ, അഭിമാന ബോധം, ആചാര മുറകള്‍, ഔദാര്യം, കരുണ, വിശ്വസ്തത, പരോപകാര തല്‍പരത, ചാരിത്രപാലനം, ദര്‍മാചരണം, മര്യാദ, നേര്‍ വഴി, സുതാര്യത തുടങ്ങിയ ബഹുമുഖ വിഷയങ്ങളിലേക്ക് സൂചന നല്‍കുന്ന പദമാണത്. മാനവികതയും സൗഹാര്‍ദ്ധവും കൈകോര്‍ക്കുന്ന മനോഹരമായ സാമൂഹ്യ പരിസരത്ത് സന്തോഷം വിരിയിക്കുകയാണ് സദാചാരത്തിന്റെ ലക്ഷ്യം.

സ്വാര്‍ഥയുടേയും അത്യാര്‍ഥിയുടേയും തെറ്റായ ചിന്തകളെ അവഗണിച്ച് സ്‌നേഹത്തിന്റേയും ആര്‍ദ്രതയുടേയും വികാരങ്ങള്‍ സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുകയും സൗഹാര്‍ദ്ധപൂര്‍മമായ സഹവര്‍തിത്വമെന്ന മഹത്തായ ആശയം അംഗീകരിക്കുകയും ചെയ്താല്‍ വ്യക്തി തലത്തിലും സാമൂഹ്യ തലത്തിലും ശാന്തിയും സമാധാനവുമാണ് നിലനില്‍ക്കുക. സന്തോഷകരമായ ജീവിത സാഹചര്യങ്ങളെ തടസ്സപ്പെടുത്തുന്ന എല്ലാ ശക്തികളേയും നിരാകരിക്കുവാനും സമൂഹത്തില്‍ നന്മയും സഹകരണവും ഊട്ടിയുറപ്പിക്കുവാനുമാണ് ഓരോരുത്തരും പരിശ്രമിക്കേണ്ടത്. ഗവണ്‍മെന്റ് തലത്തില്‍ തന്നെ വികസനത്തിന്റെ പുതിയ മാതൃകയും ചിന്തയും ഉള്‍കൊള്ളുകയും പാരസ്പര്യവും സൗഹാര്‍ദ്ധത്തിന്റെ ജനജീവിതത്തിന്റെ മുഖമുദ്രയാവുകയും ചെയ്യുമ്പോള്‍ സാമൂഹ്യ പരിസരം സന്തോഷത്തിന്റേവതാവാതിരിക്കാന്‍ തരമില്ല.

വാസ്തവത്തില്‍ ജീവിതം ധന്യമാകുന്നത് നാം എല്ലാം നേടുമ്പോഴല്ല , മറിച്ച് നല്‍കുമ്പോഴാണ്. നമ്മെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമ്പോഴാണ് സാമൂഹ്യ ജീവിയായ മനുശഷ്യന്റെ ജീവിതം കൂടുതല്‍ അര്‍ഥ പൂര്‍ണമാകുന്നത്. ഓരോ വ്യക്തിയും സഹജീവിയേയും പ്രകൃതിയേയുമൊക്കെ പരിഗണിക്കുന്ന ഉന്നതമായ ചിന്തയും ചെയ്തിയുമായി മുന്നോട്ടുപോകുമ്പോള്‍ സമൂഹതതിലും ചുറ്റുപാടുമൊക്കെ സമാധാനവും സന്തോഷവുമാണ് നിലനില്‍ക്കുക.

ലോകാടിസ്ഥാനത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ആക് ഷന്‍ ഫോര്‍ ഹാപ്പിനസ് എന്ന സംഘടന സന്തോഷകരമായ ജീവിതത്തിന് കാരണമായി പത്ത് കാര്യങ്ങളാണ് പറയുന്നത്.

മറ്റുള്ളവര്‍ക്ക് നല്‍കുക അഥവാ അവര്‍ക്കായി എന്തെങ്കിലും ചെയ്യുക, ജനങ്ങളുമായി ബന്ധം സ്ഥാപിക്കുക, ശാരിരിക വ്യായാമം ചെയ്യുക, ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ വിലയിരുത്തുകയും ആവശ്യമായവ അംഗീകരിക്കുകയും ചെയ്യുക, പുതിയ പുതിയ കാര്യങ്ങള്‍ മനസിലാക്കുക, ലക്ഷ്യങ്ങളോടെ മുന്നേറുക, സമാധാനമാര്‍ഗങ്ങള്‍ കണ്ടെത്തുക, പോസിറ്റീവായ സമീപനം സ്വീകരിക്കുക, തന്റെ കഴിവുകളും കഴിവു കേടുകളും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക, ഉയര്‍ന്ന ലക്ഷ്യത്തിനായി പ്രയതനിക്കുക എന്നിവയാണത്. ഇംഗല്‍ഷില്‍ ഗ്രേറ്റ് ഡ്രീംസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

വ്യക്തി ബന്ധങ്ങളും കുടുംബബന്ധങ്ങളും വരെ സാര്‍ഥതയുടേയും ലാഭേച്ഛയുടേയും കോണിലൂടെ പരിഗണിക്കുന്ന ആസുരകാലത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം. സംസാരിക്കുന്നത് എന്തിനേറെ പരസ്പരം പുഞ്ചിരിക്കുന്നത് പോലും തനിക്കെന്തു ലഭിക്കുമെന്ന കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്. ഇതോടെ ജീവിതത്തിന്റെ കര്‍മശേഷിയും ശക്തിയും ക്ഷയിച്ച വൃദ്ധ ജനങ്ങള്‍, മാതാപിതാക്കള്‍ എല്ലാം അതോടെ അവഗണിക്കപ്പെടുന്നു. തന്റെ സഹോദരനെ പുഞ്ചിരിക്കുന്ന മുഖത്തോടെ കണ്ടു മുട്ടുന്നതു പോലും പുണ്യമാണെന്ന പ്രവാചക വചനത്തിന്റെ പ്രാധാന്യം നാം ഇവിടെ ഓര്‍ക്കുക.

മനുഷ്യ സഹജമായ താല്‍പര്യങ്ങളേയും ആഗ്രഹങ്ങളേയും തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി കമ്പോള ശക്തികള്‍ കൃത്യമായ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ജീവിത വീക്ഷണത്തിലുണ്ടായ മാറ്റമാണ് ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കുന്നത്. തനിച്ചല്ലേ സുഹൃത്തേ, ജീവിതം സുന്ദരമാണ് , ജീവിക്കാനുള്ളതാണ് തുടങ്ങിയ കാര്യങ്ങള്‍ പറയാനാളില്ലാതെ പോകുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ആഗോളവല്‍ക്കരണത്തിന്റേയും ഉദാരവല്‍ക്കരണത്തിന്റേയും കുത്തിയൊഴുക്കില്‍ കമ്പോള സംസ്‌കാരവും ഉപഭോഗ സംസ്‌കാരവും ജീവിത കാഴ്ചപ്പാട് മാറ്റുകയാണ്. മാനസിക സമ്മര്‍ദ്ധങ്ങളും പിരിമ മുറുക്കങ്ങളും ഇല്ലാതാക്കാനോ ലഘൂകരിക്കുവാനോ ഉപയോഗിക്കുന്ന സംവിധാനങ്ങളും ഉപാധികളും നൈമിഷിക പരിപാരം നിര്‍ദേശിക്കുന്നവയോ മൊത്തത്തിലുള്ള സ്ഥിതിഗതികള്‍ വഷളാക്കുന്നതോ ആകുമ്പോള്‍ സന്തോഷവും സമാധാനവുമൊക്കെ അപ്രത്യക്ഷമാകുന്നു. സൗഹൃദ തുരുത്തുകള്‍ നഷ്ടപ്പെടുമ്പോള്‍ ബന്ധങ്ങള്‍ കേവലം ഹൈ ബൈകളില്‍ ഒതുങ്ങുന്നു. പ്രശ്‌നങ്ങള്‍ ആത്മാര്‍ഥമായി പങ്കുവെക്കപ്പെടാതെ ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേക്ക് നീങ്ങുന്നു. മനസുകളുടെ ഇടുക്കവും സങ്കീര്‍ണതകളും സന്തോഷമില്ലാതാക്കാനാണ് വഴിയൊരുക്കുന്നത്.

എന്റെ കയ്യിലെ ഗല്‍സില്‍ പകുതി വെള്ളമല്ലേയുളളൂവെന്ന് പറയുന്നതും , എന്റെ കയ്യിലെ ഗല്‍സില്‍ പകുതി വെള്ളമെങ്കിലുമുണ്ടല്ലോ എന്ന് പറയുന്നതും വലിയ വ്യത്യാസമുണ്ട്. ആദ്യത്തേത് നിരാശയുടേയും രണ്ടാമത്തേത് പ്രതീക്ഷയുടേയും ശൈലിയാണ്. അനുഗ്രഹങ്ങളുടെ കണക്കെടുപ്പില്‍ ആശകളുടേയും പ്രതീക്ഷകളുടേും കിരണങ്ങള്‍ പ്രസരിപ്പിക്കുക. എന്തൊക്കെ പ്രയാസങ്ങളുണ്ടെങ്കില്‍ കുറേയേറെ സൗകര്യങ്ങളും അനുഗ്രഹങ്ങളുമുണ്ടെന്ന് ബോധ്യപ്പെടുത്തുക. ഇത് സമാധാനവും സന്തോഷവും നല്‍കും.

ജോലി സ്ഥലത്തും കുടുംബത്തിലും സമൂഹത്തിലുമൊക്കെ സന്തോഷം നിലനില്‍ക്കണം. ഏത് തൊഴിലിനും അതിന്റേതായ അന്തസും മാന്യതയുമുണ്ടെന്നറിയുക. ഈ ലോകത്ത് എപ്പോഴും സ്ഥാനമാനങ്ങളും തൊഴിലും ലഭിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാവണമെന്നില്ല. ഇതിന്റെ പേരില്‍ അസ്വസ്ഥരാവാതെ തൊഴിലന്തരീക്ഷം സന്തോഷകരമാക്കുക. താന്‍ ചെയ്യുന്ന ജോലിയോട് പ്രേമം തോന്നുക എന്നതാണ് പ്രധാനം. അങ്ങനെയാകുമ്പോള്‍ ജോലി ഭാരം അനുഭവപ്പെടുകയില്ല.

കുടുംബത്തില്‍ ദമ്പതികളും കുട്ടികളുമൊക്കെ സുതാര്യമായി കാര്യങ്ങള്‍ പങ്കുവെക്കുക. കൂടുതല്‍ സമയം പാസീവ് വിനോദങ്ങള്‍ക്കോ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മായിക വലയത്തിലോ ചിലവഴിക്കാതെ പരസ്പരം വികാര വിചാരങ്ങളും ചിന്തകളുമൊക്കെ പങ്കുവെക്കുക.

സാമൂഹ്യ ജീവിതം വളരെ പ്രധാനമാണ്. പൊതു രംഗം അഴിമതി മുക്തവും പുരോഗനപരവുമാകുമ്പോഴേ സാമൂഹ്യ രംഗത്ത് സന്തോഷം നിലനില്‍ക്കുകയുള്ളൂ. നീതിയുടേയും ധര്‍മത്തിന്റേയും ചുറ്റുപാടില്‍ ശാന്തിയും സമാധാനവും സന്തോഷവുമാണ് നിലനില്‍ക്കുക. ഈ രംഗത്ത് ഏറെ പ്രധാനപ്പെട്ട ഭരണക്രമമാണ് ജനാധിപത്യം. കാരണം ജനാധിപത്യം കേവലമൊരു രാഷ്ട്രീയ പ്രത്യയശാസ്തമല്ല. അതൊരു മനോഭാവവും സമീപനവുമാണ്. താനും ഭറണത്തിന്റേയും തീരുമാനങ്ങളുടേയും ഭാഗമാണെന്ന തോന്നല്‍ വമ്പിച്ച വിപല്‍വമാണ് വ്യക്തിയുടേയും സമൂഹത്തിന്റേയും ചിന്താമണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്നത്. മനുഷ്യ തുല്യതയാണ് അതിന്റെ അന്തസ്സത്ത. ഫ്രഞ്ച് വിപല്‍വത്തിന്റെ പശ്ചാത്തലത്തില്‍ വികാസം കൊണ്ട സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെല്ലാം ജനാധിപത്യത്തില്‍ പൂവണിയുമ്പോള്‍ ക്ഷേമത്തിന്റേയും പുരോഗതിയുടേയും ജനപങ്കാളിത്തവും സാക്ഷാല്‍ക്കാരവുമാണ് നടക്കുക.

ആത്മീയതയുടെ പങ്കും എടുത്ത് പറയേണ്ടതാണ് . മനുഷ്യന് ശാന്തിയും സമാധാനവും സന്തോഷവും നല്‍കുവാന്‍ ദൈവ സ്മരണക്ക് കഴിയുമെന്നാണ് ദിവ്യ ഗ്രന്ഥങ്ങളില്‍ കാണുന്നത്. ഇതിന് പക്ഷേ ആള്‍ദൈവങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. ഓരോരുത്തര്‍ക്കും നേരിട്ട് തന്നെ ദൈവത്തെ പ്രാര്‍ഥിക്കാനും ശാന്തി തേടാനും കഴിയും.

സമൂഹത്തില്‍ സന്തോഷത്തിന്റെ മുറവിളി ഉയരട്ടെ. കളിയും ചിരിയും വികാരവായ്പുകള്‍ പങ്കുവെക്കുന്നതും ആരോഗ്യകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കട്ടെ. ആധുനിക ലോകത്തിന്റെ സ്വന്തത്തിലേക്കുള്ള ചുരുങ്ങലുകളില്‍ നിന്നും സൗഹാര്‍ദ്ധത്തിന്റെ വിശാലമായ അന്തരീക്ഷം സൃഷ്ടിക്കുവാനും നന്മയില്‍ സഹകരണവും എല്ലാവരുടേയും സന്തോഷവും പൊതുജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്ന ഒരു സാമൂഹ്യ പരിസരത്തെക്കുറിച്ച ചിന്തകള്‍ സജീവമാക്കുവാന്‍ ഈ ദിനത്തനാവട്ടെ എന്നാശിക്കുന്നു.

പാരസ്പര്യത്തിന്റേയും സഹകരണത്തിന്റേയും വീറും ആവേശവും ഗ്രാമാന്തരങ്ങളെ സജീവമാക്കുകയും സന്തോഷം വീണ്ടെടുക്കുവാനുള്ള ക്രിയാത്മക നടപടികളുണ്ടാകുകയും ചെയ്താല്‍ മാനസികോല്ലാസത്തിന്റെ പൂത്തിരികളാണ് വിരിയുക. കളികളും വിനോദങ്ങളുമൊക്കെ മനസും ശരീരവും ധന്യമാക്കുന്ന പരിസരത്ത് അനാരോഗ്യകരമായ യാതൊരു സ്വഭാവത്തിനും പ്രസക്തിയില്ല. കുടുംബവും കൂട്ടുകാരുമൊക്കെ സ്‌നേഹവും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന സുന്ദരമായ ഒരു സാമൂഹ്യാവസ്ഥ ക്കുള്ള കൂട്ടായ പ്രതിജ്ഞയും പ്രവര്‍ത്തനവും ഈ ദിനത്തെ സവിശേഷമാക്കുമെന്നാശിക്കുന്നു

Related Post