ജീവനകല എന്ന ഉപജീവനം

Originally posted 2016-05-04 20:29:20.

ശ്രീ രവിസങ്കേര്‍

ജീവനകല എന്ന ഉപജീവനം

ജ്യോതിര്‍മായ ശര്‍മ

അഫ്ഗാനിസ്ഥാനില്‍ ബാമിയാന്‍ ബുദ്ധപ്രതിമ തകര്‍ത്തതും ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതും തമ്മില്‍ വലിയ അന്തരമില്ലെന്ന് 2001 മാര്‍ച്ചില്‍ ഒരു ദേശീയ ദിനപത്രത്തില്‍ ഞാന്‍ എഴുതിയിരുന്നു. അവിടെ ഒരു മുല്ലാ ഉമര്‍ ഉണ്ടെങ്കില്‍ ഇവിടെ ഒരു ഗിരിരാജ് കിഷോറും ഉണ്ടാകും. എന്റെ ലേഖനം പ്രസിദ്ധീകരിച്ചു വന്നതിന് തൊട്ടുപിന്നാലെ ഈ വിഷയത്തില്‍ ഒരു കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു സന്ദേശം എനിക്ക് ലഭിച്ചു. ബാമിയാന്‍ ബുദ്ധ പ്രതിമ തകര്‍ത്തതും ബാബരി മസ്ജിദ് തകര്‍ത്തതും ഒന്നാണെന്ന് ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ അസ്വസ്ഥനാക്കി എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

അങ്ങനെ ദല്‍ഹിയില്‍ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടുകയും ഒരുമണിക്കൂറോളം സംസാരിക്കുകയും ചെയ്തു (സംസാരത്തിനിടയിലൊക്കെ ശ്രീ ശ്രീയുടെ വിരലുകള്‍ പഴങ്ങള്‍ നിറച്ച പാത്രത്തിലാകെ പരതി നടക്കുകയായിരുന്നു. സ്വയം അവ കഴിക്കുകയോ എനിക്ക് അവ തരികയോ ചെയ്തില്ല). ഞങ്ങള്‍ തമ്മില്‍ ഒരു വിധത്തിലും സ്വരച്ചേര്‍ച്ച ഉള്ളതായി എനിക്ക് അനുഭവപ്പെട്ടില്ല. പരസ്പരം നിരാകരിക്കാനായി പരസ്പരം അംഗീകരിച്ചത് പോലെയായിരുന്നു ഞങ്ങളുടെ സംസാരം. ചരിത്രത്തോടുള്ള അന്ധമായ വിധേയത്വം വാഗ്വാദങ്ങളിലേക്കും മാത്സര്യത്തിലേക്കും മാത്രമേ നയിക്കുകയുള്ളൂ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു നോക്കി. എന്നാല്‍ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടതേയില്ല. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നവരും തങ്ങളുടെ ഭൂതകാല മഹിമയില്‍ ജീവിക്കുന്നവരാണ്.

സംസാരത്തിലുടനീളം അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞ കാര്യം അയോധ്യയിലെ ബാബരി മസ്ജിദ് തല്‍സ്ഥാനത്തുണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്ത് പണിതതാണെന്നും എന്നാല്‍ ബാമിയാന്‍ ബുദ്ധപ്രതിമ അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു എന്നുമാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധപ്രതിമ തകര്‍ത്തവരുടെയും ബാബരി മസ്ജിദ് തകര്‍ത്തവരുടെയും മനസ്സ് ഒരുപോലെ അസഹിഷ്ണുതയാല്‍ നിറഞ്ഞതും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമായിരുന്നു.

അടുത്ത കാലത്തായി ആള്‍ദൈവങ്ങളും ഗുരുക്കന്മാരും സമൂഹത്തില്‍ വര്‍ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുപിടിക്കാനായി പ്രകടനപരതയും ആവഭാവങ്ങളും അവരുടെ പ്രത്യേകതയുമാണ്. ‘മതങ്ങള്‍’ എന്ന സുരക്ഷിതമായ മറക്കു പിന്നിലാണ് ഇവരൊക്കെ സുഖവാസം അനുഭവിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ പാടുകയും ആടുകയും ചെയ്യും. എങ്ങനെ ചിരിക്കണമെന്നും എങ്ങനെ ശ്വസിക്കണമെന്നും വരെ അവര്‍ പഠിപ്പിച്ചു തരും. എന്നാല്‍ മനുഷ്യന്റെ ആത്മീയ-മാനസിക തലങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടമാണിതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നില്ല. എന്തും വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ സംസ്‌കാരത്തിന്റെ ഈ കാലത്ത് ആത്മീയ വിപണിയും അരങ്ങു വാഴുന്നു.

ഇലക്കും മുള്ളിനും കേടില്ലാത്ത തരത്തില്‍, അദ്വൈത വേദാന്തത്തെ ഗുളിക രൂപത്തിലാക്കി, തൊണ്ട തൊടാതെ വിഴുങ്ങാവുന്ന പരുവത്തിലാണ് ഈ അഭിനവ ഗുരുക്കന്മാര്‍ തങ്ങളുടെ സിദ്ധാന്തങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നത്. മൊത്തത്തില്‍ ഒരു യോഗ ഹാളിലോ മസാജിങ് സെന്ററിലോ പോയ പ്രതീതി. ഹൈന്ദവ സംസ്‌കാരത്തിന്റെയും ഭാരതീയ പാരമ്പര്യത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പായി അവര്‍ അവതരിപ്പിക്കുന്നത് യോഗ ക്ലാസുകളും ആയുര്‍വേദ ചികിത്സകളുമാണ്. എന്നാല്‍ സംഘ്പരിവാറിനും ആര്‍.എസ്.എസിനും കീഴില്‍ സാംസ്‌കാരിക ഫാഷിസത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാരാണ് ഈ ആള്‍ദൈവങ്ങളെന്ന് തിരിച്ചറിയാന്‍ വലിയ ലോകവിവരം വേണ്ടതില്ല. ഇന്ത്യന്‍ മധ്യവര്‍ഗത്തെ ഹൈന്ദവ ദേശീയ വികാരത്തിനൊപ്പം നിര്‍ത്തുക എന്ന പണിയാണ് കാലങ്ങളായി ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യയുടെ സൈന്യത്തെ കുറിച്ചും മഹത്വത്തെ കുറിച്ചും വികസനത്തെ കുറിച്ചും ഇവര്‍ വാചാലരാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ബി.ജെ.പി സര്‍ക്കാറിന്റെ ഭരണകാലത്ത് പ്രത്യേകിച്ച് ഇത്തരം സ്തുതികീര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.

ആള്‍ദൈവങ്ങളും ഗുരുക്കന്മാരും നടത്തുന്ന ഒരു ഒഴുക്കന്‍ പ്രസ്താവനയാണ്, എല്ലാവരിലും ഉള്ളത് ഒരേ സത്തയാണ്, നമ്മില്‍ എല്ലാവരിലും ഒരേ ദൈവമാണ് കുടികൊള്ളുന്നത് എന്നൊക്കെ. യഥാര്‍ത്ഥത്തില്‍ ഹൈന്ദവത അല്ലാത്ത മറ്റ് വിശ്വാസ ആദര്‍ശങ്ങളെയൊക്കെ നിസ്സാരവല്‍ക്കരിക്കുകയോ അവയുടെ അസ്തിത്വം ചോദ്യം ചെയ്യുകയോ ആണ് ഇവിടെ ചെയ്യുന്നത്. കാരണം, ഇതൊക്കെ പറയാന്‍ അവകാശമുള്ളത് ഹിന്ദുവിനാണ്, സഹിഷ്ണുത ഉള്ളതും അത് കൈമാറ്റം ചെയ്യപ്പെടുന്നതും ഹൈന്ദവതയില്‍ നിന്നാണ് എന്ന് അവര്‍ തങ്ങളുടെ അനുയായികളെ ധരിപ്പിക്കുന്നു. പിന്നെ രാജ്യത്ത് എന്ത് അസഹിഷ്ണുതയാണ് ഉള്ളത്? വിശാലമായ ആ സഹോദര്യ മനോഭാവം ഗുരുജി പ്രകടിപ്പിച്ച നിലക്ക് ഇന്ത്യയില്‍ നടക്കുന്നതൊക്കെ പുണ്യമാണെന്ന് പാവം ഭക്തരും കരുതുന്നു.

ഇത്തരം കപട ആത്മീയവാദത്തിനെതിരെയുള്ള ഒരേയൊരു പ്രതിരോധം രാഷ്ട്രീയവും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ആഘോഷിക്കലാണ്. യഥാര്‍ത്ഥ ജനാധിപത്യവും യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനവും ഒരിക്കലും ഇത്തരം വ്യാജന്മാരെ വെച്ചുപൊറുപ്പിക്കില്ല. കളങ്കമില്ലാത്ത ജനാധിപത്യമുള്ളിടത്ത് ആത്മീയതയതും കറ കളഞ്ഞതായിരിക്കും. അന്ന് ശങ്കരാചാര്യരോ ഇന്ന് ഈ ഗുരുജിമാരോ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപ്പെട്ടിട്ടില്ല. തങ്ങളുടെ ലക്ഷങ്ങള്‍ വരുന്ന ഭക്തജനത്തിന് നേരെ നേരിന്റെയും നെറിവിന്റെയും രാഷ്ട്രീയം പറയാന്‍ ഇവര്‍ തയ്യാറാവാത്തതും തങ്ങളുടെ ‘ആത്മീയ’തക്ക് ചേരാത്തത് കൊണ്ടാണ്. ആള്‍ദൈവങ്ങള്‍ക്കും ഗുരുജിമാര്‍ക്കും ചെവികൊടുക്കുന്ന ജനവിഭാഗങ്ങള്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ ഒരു ന്യൂനപക്ഷമാണെങ്കിലും അവര്‍ ശക്തരാണ്. ഇന്ന് സര്‍ക്കാറും കുമ്പിടുന്ന ഇത്തരം കള്‍ട്ടുകളുടെ സ്വാധീനത്തില്‍ നിന്ന് സമൂഹം മുക്തമായില്ലെങ്കില്‍ ഇനിയൊരു ഗുജറാത്ത് ആവര്‍ത്തിക്കില്ല എന്ന് പറയാനാവില്ല.

ജീവിക്കുന്നതിന് ഒരു കലയുമില്ല. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും സിഖും ഒരുമിച്ച് ജീവിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്ത് പരസ്പരം സഹോദരന്മാരായി കാണാനും പരസ്പരം സ്‌നേഹിക്കാനും സാധിക്കുന്നില്ലെങ്കില്‍ പിന്നെ ജീവിക്കാന്‍ എന്ത് കല അഭ്യസിക്കുന്നതും അര്‍ത്ഥശൂന്യമാണ്. ഒരു ഗുരുവിനും ബാബക്കും പിന്നാലെ പോകാത്ത സാധാരണ ഇന്ത്യക്കാരന് മനസ്സിലാവും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈ കല. ആള്‍ദൈവങ്ങളിലല്ല ജനാധിപത്യത്തിലാണ് നാം വിശ്വസിക്കേണ്ടത്. വിശ്വാസമല്ല സ്‌നേഹമാണ നമ്മെ ഒന്നിപ്പിക്കേണ്ടത്.

(ഹൈദരാബാദ് സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസ പ്രൊഫസറാണ് ലേഖകന്‍)

വിവ:

Related Post