ദൈവികബോധവും മാനവിക മൂല്യവും

Originally posted 2014-04-02 13:47:41.

അറബ് ക്രൈസ്തവ നേതാവ് അദിയ്യ് ബിന്‍ ഹാതിമിനോടുള്ള ചര്‍ച്ച അവസാനിപ്പിച്ച് കൊണ്ട് തിരുമേനി(സ) ഇപ്രകാരം പറഞ്ഞു ‘അദിയ്യ്, ഒരു പക്ഷേ ഈ ജനതയുടെ ദാരിദ്ര്യമായിരിക്കാം ഇവരുടെ ദീനില്‍ നിന്ന് താങ്കളെ തടയുന്നത്. അല്ലാഹുവാണ, ധനം കവിഞ്ഞൊഴുകുകയും അവ ശേഖരിക്കാന്‍ ആളെ ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം നിലവില്‍ വരിക തന്നെ ചെയ്യും. വളരെ കുറഞ്ഞ അനുയായികളും കൂടിയ ശത്രുക്കളുമായിരിക്കാം ഒരു പക്ഷേ താങ്കളെ ഇവരുടെ ദീനില്‍ നിന്ന് അകറ്റുന്നത്. അല്ലാഹുവാണ, ഖാദിസിയ്യയില്‍ നിന്ന് ഒരു സ്ത്രീ തന്റെ ഒട്ടകപ്പുറത്ത് ഏകയായി യാത്രചെയ്ത് പരിശുദ്ധ കഅ്ബാലയം സന്ദര്‍ശിച്ചുവെന്ന വാര്‍ത്ത താങ്കള്‍ കേള്‍ക്കാറായിരിക്കുന്നു. അധികാരവും, ഭരണവും ഇവരുടെ കയ്യിലില്ല എന്നതായിരിക്കാം ഒരു പക്ഷെ താങ്കള്‍ ഇസ്‌ലാം സ്വീകരിക്കാതിരിക്കാനുള്ള കാരണം. അല്ലാഹുവാണ, ബാബിലോണിയയിലെ വെള്ളി നിര്‍മിതമായ കൊട്ടാരങ്ങള്‍ ഇവര്‍ വിജയിച്ചടക്കിയെന്ന് താങ്കള്‍ കേള്‍ക്കാന്‍ പോവുന്നതേയുള്ളൂ’.cashewtree

ഇസ്‌ലാമിന്റെ മഹത്വവും പരിവര്‍ത്തനശേഷിയും മനസ്സിലാക്കിയ ശേഷം പ്രായോഗിക ലോകത്തെ അതിന്റെ ദുര്‍ബലാവസ്ഥയെക്കുറിച്ച ആശങ്കയാണ് അദിയ്യിനെ അലട്ടിയിരുന്നത്. ലോകത്ത് അധികാരമില്ലെന്ന് മാത്രമല്ല, സ്വയം പ്രതിരോധിക്കാന്‍ പോലും കഴിയാത്ത വിഷമകരമായ സാഹചര്യമായിരുന്നു അത്. പക്ഷെ തന്റെ മൂര്‍ച്ചയേറിയ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് ഇസ്‌ലാമിനെ തിരിച്ചറിയാനും അതില്‍ പ്രവേശിക്കാനും, പ്രവാചകനില്‍ വിശ്വസിക്കാനും അദ്ദേഹത്തിന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കുന്നത് കാത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു.

അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും വാഗ്ദാനങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്നവരാണ് നാം മുസ്‌ലിംകള്‍.  എങ്കില്‍ പോലും ചില സന്ദേഹങ്ങളും ആശങ്കകളും നമ്മുടെ മനസ്സില്‍ അറിയാതെ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ആധുനിക കാലഘട്ടത്തിന്റെ സ്വാധീനമെന്നോളം നമ്മുടെ ദൃഷ്ടികളും ചിന്തകളും സംഭവലോകത്തുമാത്രം കേന്ദ്രീകരിക്കപ്പെടുകയും ദിവ്യബോധനവും, ചരിത്രവും, അനുഭവങ്ങളും സമര്‍പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച ഉള്‍ക്കാഴ്ച നഷ്ടപ്പെടുകയും ചെയ്തതിന്റെ ഫലമാണിത്.

സമൂഹങ്ങളോടും അവ വെച്ചുപുലര്‍ത്തുന്ന മൂല്യങ്ങളോടും, സംസ്‌കാരങ്ങളോടും ജീവിതരീതികളോടും സംവദിക്കുന്ന വിധത്തില്‍ ചിന്തകളെ മാറ്റാനുള്ള ഇസ്്‌ലാമിന്റെ അപൂര്‍വസിദ്ധിയെക്കുറിച്ച് ചരിത്രത്തിലെമ്പാടും വായിച്ചെടുക്കാനാകും. പ്രപഞ്ചത്തോടും, മനുഷ്യനോടും ജീവിതത്തോടുമുള്ള പ്രസ്തുത സമൂഹങ്ങളുടെ കാഴ്ചപ്പാട് മാറ്റിയെടുത്ത് രാഷ്ട്രീയ-സാമൂഹിക മേഖലയ്ക്ക് അപരിചിതമായിരുന്ന പ്രായോഗിക ഫലങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഇസ്‌ലാമിന് സാധിച്ചു. അറബ് സമൂഹം ഇസ്‌ലാം ആശ്ലേഷിച്ചതോടെ സംഭവിച്ച ശ്രദ്ധേയമായ മാറ്റങ്ങള്‍ തന്നെയാണ് ഈ യാഥാര്‍ത്ഥ്യത്തെ അടയാളപ്പെടുത്തുന്ന ഉത്തമ മാതൃക. പ്രവാചനിയോഗാനന്തരം ഒരു നൂറ്റാണ്ട് പൂര്‍ത്തീകരിക്കുംമുമ്പേതന്നെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമ്പൂര്‍ണമായ പരിഷ്‌കരണം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു.

പരസ്പരം കഴുത്തറുത്തുജീവിച്ച ഗോത്രവ്യവസ്ഥയില്‍ നിന്ന് സാഹോദര്യത്തിന് ഊന്നല്‍ നല്‍കുന്ന ‘ഉമ്മത്ത്’ സംവിധാനത്തിലേക്ക് അവര്‍ രാഷ്ട്രീയമായി പരിവര്‍ത്തിക്കപ്പെട്ടു. രാഷ്ട്രത്തിന്റെ എല്ലാ വിശേഷണങ്ങളും സ്വാതന്ത്ര്യവുമുള്ള കേന്ദ്രീകൃത ഭരണസംവിധാനത്തിലേക്ക് അവര്‍ ചരിത്രത്തിലാദ്യമായി പറിച്ചുനടപ്പെട്ടു. ഗോത്രവ്യവസ്ഥയില്‍ ഊട്ടപ്പെട്ട മനസ്സുകളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ദുഷ്‌കരമായ ഒരു ഉദ്യമമായിരുന്നു ഇത്.

അറേബ്യന്‍ ഉപദ്വീപിന്റെ പലഭാഗങ്ങളും അധിനിവിഷ്ടമായിരുന്നു. റോം-പേര്‍ഷ്യന്‍ ശക്തികള്‍ ഇടക്കിടെ അവര്‍ക്ക് മേല്‍ ആക്രമണം നടത്താറുണ്ടായിരുന്നു. എന്നല്ല, ആനകള്‍ നേതൃത്വം നല്‍കുന്ന ഭീമാകാരമായ സൈന്യവുമായി വന്ന് അബ്‌സീനിയക്കാര്‍ വരെ ചിലപ്പോള്‍ അറബ് സമൂഹത്തിന് മേല്‍ ആക്രമണം നടത്തുകയുണ്ടായി. എന്നാല്‍ ഇസ്‌ലാം ആശ്ലേഷിച്ചതോടെ ശത്രുസാമ്രാജ്യങ്ങള്‍ ഭയപ്പെടുന്ന, പൂര്‍ണ സ്വാതന്ത്ര്യവും പ്രതാപവുമുള്ള, ലോകത്തിന്റെ തന്നെ നേതൃത്വം ഏറ്റെടുക്കുമാറ് മുന്നോട്ടുവന്ന ശക്തിയായി അറേബ്യ മാറി.

അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുവടക്ക് ഭാഗങ്ങളില്‍ ഉഷ്ണ-ശൈത്യ കാലങ്ങളില്‍ നടന്നുവന്നിരുന്ന കച്ചവടയാത്രകള്‍ മാത്രമായിരുന്നു അവരുടെ സാമ്പത്തിക ജീവിതത്തിന്റെ അടിസ്ഥാനം. മാര്‍ക്കറ്റുകള്‍ വളരെ ചെറുതും, ഉപജീവന മാര്‍ഗം വളരെ ദുര്‍ബലവുമായിരുന്നു. ഇസ്‌ലാം കടന്ന് വന്നതോടെ കച്ചവടസമ്പാദ്യത്തിന്റെ മാര്‍ഗങ്ങള്‍ അറേബ്യന്‍ ഉപദ്വീപ് കടന്ന് ഏഷ്യയിലും, മിക്ക യൂറോപ്യന്‍ നാടുകളുടെ നടുത്തളത്തിലും ചെന്നെത്തി. മനോഹരമായ സാമ്പത്തിക വിപ്ലവം തന്നെ തല്‍ഫലമായി രൂപപ്പെട്ടു.

വിജ്ഞാനം ആര്‍ജ്ജിക്കുന്നതിന് മറ്റു മതങ്ങളും ദര്‍ശനങ്ങളും നല്‍കിയ നിര്‍ദേശങ്ങളെ അതിജയിക്കുന്നതായിരുന്നു ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍. തല്‍ഫലമായി എല്ലാ ശാസ്ത്രങ്ങളും പഠിക്കാനും മനസ്സിലാക്കാനുമായി രംഗത്തുവന്ന അറബ് മുസ്‌ലിംകള്‍ക്ക്  ഇതരസമൂഹങ്ങളെ വൈജ്ഞാനികമായി അതിജയിക്കാന്‍ സാധിച്ചു. പുരാതന സംസ്‌കൃതികളും, ശാസ്ത്രങ്ങളും പഠിച്ചെടുത്തുകൊണ്ട് അവയെ വിശ്വസ്തതയോടെ സംരക്ഷിക്കുകയും ജീവിതത്തെക്കുറിച്ച ഇസ്‌ലാമിക ജീവിത സങ്കല്‍പമനുസരിച്ച് അവയെ വികസിപ്പിക്കുകയും ചെയ്തു. ഗോള-ഗണിത ശാസ്ത്രങ്ങള്‍ മുതല്‍ വൈദ്യ-കൃഷി ശാസ്ത്രങ്ങളില്‍ വരെ അവരുടെ പഠനഗവേഷണങ്ങള്‍ ചെന്നെത്തി.

മേല്‍പറഞ്ഞ മേഖലകളില്‍ അറബ് സമൂഹം കൈവരിച്ച മുന്നേറ്റം കുറഞ്ഞ കാലത്തിനുള്ളില്‍ നാഗരികമായി ഔന്നത്യം പ്രാപിച്ച ഒരു മാതൃകാ സമൂഹമാക്കി അവരെ പരിവര്‍ത്തിപ്പിച്ചു. ആത്മീതയും ഭൗതികതയും സന്തുലിതമായി കൈകാര്യം ചെയ്യുന്ന, ഉല്‍പാദനത്തോടൊപ്പം ധാര്‍മികതക്ക് മുന്‍ഗണന നല്‍കുന്ന,  കാത്തുസൂക്ഷിക്കുന്ന ചരിത്രത്തിലെ അപൂര്‍വവും മഹത്തരവുമായ നാഗരികതയായിരുന്നു അത്.

Related Post