ഖുര്‍ആനിലെ കുടുംബസങ്കല്‍പം

Originally posted 2014-03-25 11:03:53.

മനുഷ്യരാകെ ഒരൊറ്റ കുടുംബമാണെന്ന് ഖുര്‍ആന്‍ പറയുന്നു: എല്ലാ മനുഷ്യരും ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളാണ് (ഖുര്‍ആന്‍. 4:1). എങ്കിലും അവര്‍ പല ദേശക്കാരും ഭാഷക്കാരും കുടുംബക്കാരുമായിരിക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന ഘടകമെന്ന നിലക്ക് കുടുംബവ്യവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. ഭദ്രമായ കുടുംബങ്ങളിലൂടെ ഭദ്രമായ സമൂഹം, ഭദ്രമായ സമൂഹങ്ങളിലൂടെ രചനാത്മകമായ മനുഷ്യലോകം – ഇതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് കുടുംബത്തിന്റെ അടിത്തറ വിവാഹവും ദാമ്പത്യവുമാണ്. വിവാഹം പവിത്രമായ ഒരു കരാറാണ്. ഇണയെ തെരഞ്ഞെടുക്കുന്നതില്‍ എറ്റവും വലിയ പരിഗണന നല്‍കേണ്ടത് ആദര്‍ശപ്പൊരുത്തത്തിനത്രെ.Happy-family-wallpaper-020-1280x1024-cartoon-free-wallpaper

ഏതു ജീവിതവ്യവഹാരവും പോലെ കുടുംബജീവിതവും ദൈവാരാധനയുടെ ഭാഗവും പുണ്യവുമാണ്. ദാമ്പത്യം കേവലമായ ശാരീരിക താത്പര്യമല്ല, മറിച്ച് മതപരമായ ഒരു സാമൂഹിക സ്ഥാപനം കൂടിയാകുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നവര്‍ ദൈവത്തോടു ചെയ്ത പ്രതിജ്ഞ ലംഘിക്കുകയാണ് ചെയ്യുന്നത്. ദാമ്പത്യജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ഉത്തരവാദിത്വമുണ്ട്. വിട്ടുവീഴ്ചയും കാരുണ്യവും കാണിക്കേണ്ടതുണ്ട്. കുടുംബത്തില്‍ മുതിര്‍ന്നവര്‍ക്ക് ആദരം നല്‍കണം; ഇളയവര്‍ക്ക് വാത്സല്യവും. കുടുംബത്തിലെ സമ്പന്നര്‍ ദരിദ്രരെ സഹായിക്കാന്‍ ബാധ്യസ്ഥരാണ്. മാതാവിനും പിതാവിനും അത്യുന്നത പദവിയാണുള്ളത്. ദൈവത്തോടുള്ള കടപ്പാടിനോടു ചേര്‍ത്താണ് ഖുര്‍ആന്‍ മാതാപിതാക്കളോടുള്ള കടപ്പാട് പരാമര്‍ശിച്ചിരിക്കുന്നത്. അവരോട് ‘ഛെ’ എന്നു പോലും പറയരുത്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ തന്ന വാത്സല്യത്തിന് ദൈവം അവരോട് കരുണ ചെയ്യണമെന്ന് മക്കള്‍ പ്രാര്‍ഥിക്കണം. (ഖുര്‍ആന്‍ 17:23,24) പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കല്‍ വളര്‍ന്നുവലുതായ മക്കളുടെ ബാധ്യതയാണ്; അവരുടെ സകലവിധ ഭൌതീകവകാശങ്ങളും നിറവേറ്റിക്കൊടുക്കേണ്ടതുണ്ട്. ഇതേ ബാധ്യത പിതാമഹന്‍മാരോടും പിതാമഹിമാരോടും ഉണ്ട്. കുടുംബനാഥന്‍ ഭര്‍ത്താവാണ് (ഖു . 4:34). ഈ നേതൃത്വം പക്ഷേ ഉടമ-അടിമ രീതിയിലുള്ളതല്ല. ‘ഭാര്യ’ (ഭരിക്കപ്പെടേണ്ടവള്‍) ‘ഭര്‍ത്താവ്'(ഭരിക്കുന്നവന്‍) തുടങ്ങിയ സംജ്ഞകള്‍ അല്ല ഇസ്ളാമിലുള്ളത്; മറിച്ച് ‘ആണ്‍ ഇണ’, (സൌജ്) ‘പെണ്‍ ഇണ’ (സൌജത്)എന്നിങ്ങനെയാണ്. പുരുഷന്റെയും സ്ത്രീയുടെയും ശാരീരിക-മാനസിക സവിശേഷതകളെ ആധാരമാക്കിയുള്ള ചുമതലാവിഭജനമാണ് ഇസ്ളാമിലുള്ളത്. അവര്‍ പരസ്പരം സംരക്ഷിച്ചും ആവശ്യങ്ങള്‍ പരിഹരിച്ചും ദൌര്‍ബല്യങ്ങളും കുറവുകളും മറച്ചുവെച്ചും അന്യോന്യം വസ്ത്രങ്ങള്‍ പോലെ വര്‍ത്തിക്കണം (ഖുര്‍ആന്‍ 2:187). കുടുംബത്തിന്റെ നിത്യനിദാനചെലവുകള്‍ഭാര്യക്ക് സ്വന്തമായി സ്വത്തും വരുമാനവും ഉണ്ടെങ്കില്‍പ്പോലും?കുടുംബനാഥന്റെ ചുമതലയിലാണ്.

പരസ്പരസ്നേഹവും അതുവഴിയുണ്ടാകുന്ന ശാന്തിയുമാണ് ദാമ്പത്യത്തിന്റെ ബലം. (ഖുര്‍ആന്‍ 30:21 ) കുടുംബനാഥന്‍ നേതൃപദവി കൈകാര്യം ചെയ്യുന്നത് നീതിയോടെയും കൂടിയാലോചനകളിലൂടെയും ആകേണ്ടതുണ്ട്. കുടുംബത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ നിര്‍വഹിക്കുകയും മക്കളെ വളര്‍ത്തുകയുമാണ് ഭാര്യയുടെ ധര്‍മ്മം. ഇതു ഭംഗിയായി ചെയ്യുന്നതിനു വേണ്ടി പുറത്തിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്ത്രീക്ക് ഇളവ് അനുവദിച്ചിരിക്കുന്നു. അതേ സമയം സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഭംഗം വരാത്തവിധം വീടിനുപുറത്ത് ഇടപെടുന്നതിന് വിലക്കുകളൊന്നുമില്ല.

പുരുഷന്റെയും സ്ത്രീയുടെയും കര്‍മ്മങ്ങള്‍ക്ക് തുല്യപരിഗണനയാണ് ദൈവം നല്കുന്നത്. ഖുര്‍ആനിലൂടെ ദൈവം പറയുന്നു:”സ്ത്രീയാവട്ടെ പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെയും കര്‍മ്മത്തെ ഞാന്‍ നിഷ്ഫലമാക്കുകയില്ല; നിങ്ങളെല്ലാം ഒരേ വര്‍ഗ്ഗത്തില്‍ പ്പെട്ടവരാണല്ലോ”. (3:195) സ്ത്രീക്ക് തുല്യപരിഗണനയും കുടുംബത്തിന്റെ കേന്ദ്രബിന്ദു എന്ന പദവിയും നല്കിയത് ഇസ്ലാമികനാഗരികതയാണ്. ക്രിസ്തുവിനുമുമ്പ് ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടന്ന ഒരു പണ്ഡിതയോഗത്തിന്റെ വിഷയം സ്ത്രീയെ മനുഷ്യജീവിയായി കണക്കാക്കാമോ എന്നതായിരുന്നു. കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ അതേ പരിഗണന നല്കിത്തുടങ്ങിയത് 1964 ല്‍ ആണ്. ഇംഗ്ളണ്ടില്‍ സ്ത്രീകള്‍ക്ക് മാനുഷികാവകാശങ്ങള്‍ ലഭ്യമായത് 1882 ല്‍ ആയിരുന്നു. ഇസ്ലാമിനു മുമ്പത്തെ അറേബ്യയില്‍ പെണ്‍കുട്ടി ജനിക്കുന്നത് ഭാഗ്യക്കേടായി ഗണിക്കപ്പെട്ടു. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമ്പ്രദായവും ചില അറബിഗോത്രങ്ങളിലുണ്ടായിരുന്നു. ഇസ്ലാം സ്ത്രീ-പുരുഷപ്രകൃതങ്ങളുടെ വൈജാത്യം അംഗീകരിച്ചതോടൊപ്പം ജന്മസ്വഭാവത്തിലും പദവിയിലും കര്‍മ്മഫലത്തിലും വ്യക്തിത്വത്തിലും അവര്‍ക്ക് തുല്ല്യമായ സ്ഥാനം നല്‍കി. പുരുഷാധിപത്യത്തില്‍നിന്ന് ദൈവികാധിപത്യത്തിലേക്ക് അവരെ മോചിപ്പിച്ചു, ഭാര്യയോട് മാന്യമായി പെരുമാറണമെന്ന് ശാസന നല്‍കി.

സ്ത്രീകളുടെയും കുടുബത്തിന്റെയും അവകാശാധികാരങ്ങളെപ്പറ്റിയുള്ളതാണ് ഖുര്‍ആനിലെ നിയമശാസനങ്ങളില്‍ അധികഭാഗവും. സമൂഹത്തില്‍ നിലനിന്ന ആചാരങ്ങളും സ്ത്രീനീതിക്കായി ഇസ്ലാം മാറ്റിയെടുത്തു. ബഹുഭാര്യത്വം ഇന്ന് ഇസ്ലാമിന്റെ സവിശേഷതയെന്നനിലക്ക് പരിചയപ്പെടുത്തപ്പെടാറുണ്ട്. വാസ്തവത്തില്‍ ഭാര്യമാരുടെ എണ്ണത്തിന് പരിധിയും നിയന്ത്രണവും വരുത്തുകയാണ് ഇസ്ലാം ചെയ്തത്. ഉത്തരവാദിത്വമില്ലാത്ത പരസ്ത്രീഗമനത്തിലെ സ്ത്രീവിരുദ്ധതപോലും കാണാതെ ഉത്തരവാതിത്വപൂര്‍ണമായ ബഹുഭാര്യാത്വത്തെ നിയമപരമായ അനുവാദമായിമാത്രം നിശ്ചയിച്ച ഇസ്ലാമിനെ വിമര്‍ശിക്കുന്ന രീതി മുന്‍വിധി നിറഞ്ഞതാണ്. വിവാഹമോചനത്തിന്റെ കാര്യത്തിലും, കര്‍ശനമായ നിയന്ത്രണവും ഒപ്പം അനിവാര്യഘട്ടങ്ങളില്‍ നിയമപരമായ അനുവാദവുമാണ് ഇസ്ലാം സ്വീകരിച്ച സമീപനം. ഇണകള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും ബന്ധുക്കള്‍ തമ്മിലും സ്നേഹവും ഉത്തരവാദിത്തബോധവുമുള്ളബന്ധമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുന്ന കുടുംബങ്ങള്‍ ഭദ്രമായ സമൂഹത്തിന്റെ ആധാരമായി നിലനില്‍ക്കും.

Related Post