Main Menu
أكاديمية سبيلي Sabeeli Academy

മധുരിക്കുന്ന പട്ടിണി

എന്താണ് വ്രതം? അത് മധുരിക്കുന്ന പട്ടിണിയാണ്. ഇത്തവണ പതിനാലു മണിക്കൂറാണ് ആ പട്ടിണിയുടെ ദൈര്‍ഘ്യം. നമ്മുടെ ചില സംസ്ഥാനങ്ങളില്‍ നല്ല ചൂടുകാലമാണിത്. എന്നിട്ടും വിശ്വാസികള്‍ വെള്ളവും ഭക്ഷണവും വെടിയുന്നു. ആരുടെയും പ്രീതിക്കല്ല, പ്രശസ്തിക്കുമല്ല. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി.

സാംസ്‌കാരിക ചിന്തയുള്ള മനുഷ്യന് ഏറ്റവും വിലപ്പെട്ടത് അവന്റെ മുമ്പിലുള്ള ആദര്‍ശസങ്കീര്‍ണതകള്‍ അഴിഞ്ഞുകിട്ടുകയും അതിലെ സത്യവും അസത്യവും വേര്‍തിരിഞ്ഞു കിട്ടുകയുമാണ്. ഖുര്‍ആന്‍ അവതരിച്ചതോടെ അതുസാധ്യമായി. അതിന് അല്ലാഹുവോട് കാണിക്കുന്ന നന്ദിയാണ് ചിട്ടകള്‍ പാലിച്ചുകൊണ്ടുള്ള ഈ പട്ടിണി. അപ്പോള്‍ അതെങ്ങനെ മധുരിക്കാതിരിക്കും? വിലപ്പെട്ട ആ വേര്‍തിരിക്കലിനെ കുറിച്ച് അല്ലാഹു പറയുന്നു : ‘ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴികാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം മറ്റുദിവസങ്ങളില്‍ അത്രയും എണ്ണം (നോമ്പെടുക്കണം). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയാണ് (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)’ (അല്‍ ബഖറ 185).

ഇരുളില്‍ തപ്പിത്തടയുന്നവന്‍ തനിക്ക് വെളിച്ചം നല്‍കിയവന്ന് നന്ദിരേഖപ്പെടുത്തുകയും വെളിച്ചത്തിന്റെ വിലമതിക്കുകയും ചെയ്യുന്നത് മനുഷ്യത്വമാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്. റമദാനില്‍ കാരണമില്ലാതെ വ്രതമനുഷ്ഠിക്കാതിരിക്കല്‍ സംസ്‌കാര ശൂന്യതയാണെന്ന് വ്യക്തം.

കര്‍മ്മങ്ങള്‍ക്ക് കല്‍പ്പിക്കുക, ആ കല്‍പ്പനകളില്‍ വല്ലതും ചില സന്ദര്‍ഭങ്ങളില്‍ പാലിക്കാന്‍ പ്രയാസമുണ്ടായാല്‍ അതില്‍ ഇളവു നല്‍കുക എന്നത് പ്രകൃതിമതത്തിന്റെ ഗുണമാണ്. ദീര്‍ഘയാത്ര, രോഗം എന്നിവ മനുഷ്യര്‍ക്ക് പ്രയാസമുണ്ടാക്കുന്നവയാണ്. അപ്പോള്‍ ഇളവ് ലഭിച്ചില്ലെങ്കില്‍ അതിന് കല്‍പ്പിക്കുന്ന മതം മനുഷ്യ പ്രകൃതിക്ക് ഇണങ്ങിയതാവില്ല.

എന്നാല്‍ ഈ ഇളവ് ഉപാധിവെച്ചുകൊണ്ടാണ് അല്ലാഹു നല്‍കിയത് എന്നത് നോമ്പിനെ ഇതര കര്‍മ്മങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. പിന്നീട് നഷ്ടപ്പെട്ട എണ്ണം വ്രതമനുഷ്ടിച്ച് പൂര്‍ത്തിയാക്കണം. രോഗം നീണ്ടു നില്‍ക്കുന്നതാണെങ്കില്‍ ഒരു നോമ്പിന്ന് ഒരു സാധുവിന് എന്ന തോതില്‍ ഭക്ഷണം നല്‍കണം. അതുനിര്‍വഹിക്കുന്നതോടെ നോമ്പ് നഷ്ടപ്പെട്ടവന്റെ നന്ദിപ്രകടനം അല്ലാഹുവിങ്കല്‍ പൂര്‍ത്തിയായി എന്ന് കണക്കാക്കപ്പെടും.

ദാനധര്‍മ്മം പലതിനും പരിഹാരമായി നിര്‍ദ്ദേശിച്ചിട്ടുണ്ട് നബി തിരുമേനി. നോമ്പിന്റെ പകലില്‍ ഭാര്യയുമായി ശാരീരിക ബന്ധം നടത്തിയതിന്ന് പ്രായശ്ചിത്തമായി നബി (സ) നിര്‍ദ്ദേശിച്ചതില്‍ രണ്ടെണ്ണം ദാനമാണ്. ഒരു അടിമയെ മോചിപ്പിക്കുക. അതിന്ന് കഴിയില്ലെങ്കില്‍ ഒരു നോമ്പിന് പകരം അറുപത് അഗതികള്‍ക്ക് ഭക്ഷണം നല്‍കുക. രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ കഴിയില്ലെങ്കിലാണ് അടിമ മോചനമോ അറുപത് സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കലോ നിര്‍ദ്ദേശിക്കപ്പെട്ടത്.

ഒരു വാഹനം കുറേകാലം ഓടിയാല്‍ അതിന്റെ ഏതെല്ലാം പാര്‍ട്‌സിന്നാണ് തേയ്മാനം വന്നത്, ഏതിനെല്ലാമാണ് കേടുപാടുകള്‍ സംഭവിച്ചത്, റിപ്പയര്‍ ചെയ്യേണ്ടതേത്, മാറ്റേണ്ടത് ഏത് എന്നിങ്ങനെ നാം പരിശോധന നടത്താറുണ്ടല്ലോ. അതുപോലെ പരിശുദ്ധ റമദാനില്‍ പതിനൊന്ന് മാസത്തെ ജീവിതത്തിനിടയില്‍ നമ്മുടെ ആത്മാവിന് വല്ലകേടും സംഭവിച്ചുവോ, മാറ്റേണ്ട ശീലം വല്ലതുമുണ്ടോ, പുതിയത് വല്ലതും വേണ്ടതുണ്ടോ എന്ന പരിശോധന ആവശ്യമാണ്. വെയിലും പൊടിപടലങ്ങളുമുള്ള വഴികളിലൂടെ നടന്നുവന്നവന് കുളിച്ച്, വസ്ത്രം അലക്കിത്തേച്ച് അണിയുമ്പോള്‍ വല്ലാത്ത സുഖം അനുഭവപ്പെടുന്നപോലെ മറദാനിലെ ഓരോ മണിക്കൂറിലും വിശ്വാസിക്ക് സുഖദായകമായ അനുഭവമായിരിക്കും ഉണ്ടാവുക. അതുണ്ടാകുന്നുവോ എന്ന് നോമ്പുകാരന്‍ പരിശോധിക്കണം. അനുഭവപ്പെടുന്നില്ലെങ്കില്‍ തന്നില്‍ നന്മയുടെ ഏതെ ഘടകങ്ങള്‍ ഇല്ലാതെ വരുന്നു എന്ന് മനസ്സിലാക്കണം.

നോമ്പുകാരന്റെ രണ്ട് സന്തോഷങ്ങളിലൊന്ന് സൂര്യാസ്തമയസമയത്ത് നോമ്പു മുറിക്കുമ്പോഴാണെന്ന് നബി (സ) പറഞ്ഞതിന്റെ പൊരുള്‍ തീന്‍മേശയില്‍ നിരന്നുകിടക്കുന്ന വിഭവങ്ങളുടെ ആധിക്യം നല്‍കുന്ന സന്തോഷമല്ല. എനിക്ക് ഏറ്റം പ്രിയംകരനായ അല്ലാഹുവിനെ തൃപ്തിപ്പെടുത്താനായി ഒരു നോമ്പുനോല്‍ക്കാന്‍ കഴിഞ്ഞുവല്ലോ എന്ന സന്തോഷമാണ്. അത് സ്വീകരിക്കപ്പെട്ടാല്‍ സ്വര്‍ഗത്തിലെ റയ്യാന്‍ വാതിലിലൂടെ ഞാന്‍ ക്ഷണിക്കപ്പെടും എന്ന പ്രതീക്ഷ നല്‍കുന്ന സന്തോഷം. കാരക്കയോ പച്ചവെള്ളമോ എടുത്ത് ദൈവനാമം ഉച്ചരിച്ച് നോമ്പുമുറിക്കുന്നതോടെ അവന്റെ മനസ്സില്‍ പ്രവാചകന്‍ അറിയിച്ച ഒരു സന്തോഷവാര്‍ത്ത മുഖരിതമാവുകയായി. ‘വല്ലവനും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാനിലെ നോമ്പ് അനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെട്ടു’ (ബുഖാരി, മുസ്‌ലിം). പട്ടിണി ഈ വിധത്തിലാണ് അവന് മധുരിക്കുന്നത്.

ദരിദ്രനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നല്‍കുകയോ അവന്റെ വീട്ടില്‍ ഭക്ഷണമെത്തിച്ചു കൊടുക്കുകയോ ചെയ്യുമ്പോഴും വിശ്വാസിക്ക് ചാരിതാര്‍ഥ്യമുണ്ടാകും. എനിക്ക് അതിന് പറ്റിയ മനസ്സ് നീ പ്രദാനം ചെയ്തുവല്ലോ, അതിന് നിനക്ക് സ്തുതി എന്നാണ് അവന്‍ അല്ലാഹുവോട് പറയുക.

ഭക്ഷണം വീട്ടിലെത്തിച്ചുകൊടുക്കേണ്ട ചില സാഹചര്യങ്ങളുണ്ടാകും. ഒരു വിധവക്ക് കല്യാണ പ്രായമായ പെണ്‍കുട്ടികളുണ്ടെന്ന് സങ്കല്‍പ്പിക്കുക. ക്ഷണിച്ചാല്‍ ഒരു ദിവസം അവര്‍ വന്നെന്ന് വരും. തുടര്‍ച്ചയായി നാലുദിവസം ഭക്ഷണം കൊടുക്കണം എന്നുവിചാരിച്ചാല്‍ അവര്‍ ലജ്ജ കാരണം വന്നെന്നു വരില്ല. സമ്പന്നരുടെ വീടുകളില്‍ പ്രതീക്ഷിക്കാത്ത അതിഥികള്‍ ഉണ്ടായേക്കും എന്നുകരുതി രണ്ടാളുടെ ഭക്ഷണം അധികം ഉണ്ടാക്കാറുണ്ട്. ഇഫ്താര്‍ വേളയില്‍ ആരും വന്നില്ലെങ്കില്‍ ഉടനെ അത് അയല്‍പ്പക്കത്തെ ദരിദ്രര്‍ക്ക് എത്തിച്ചുകൊടുക്കണം. ഈ വിധത്തില്‍ നല്ലവസ്തുക്കള്‍ ദാനം ചെയ്യുമ്പോള്‍ മനസ്സില്‍ ഒരു കുളിര്‍ക്കാറ്റ് തട്ടിയ അനുഭവമുണ്ടാകുന്നോ എന്ന് നോക്കുക. എങ്കില്‍ ഈ സൂക്തം നമ്മില്‍ പുലര്‍ന്നിട്ടുണ്ട് : ‘അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് ഒരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ (അദ്ദഹ്ര്‍ 9)

ഈ വിതാനത്തിലേക്ക് മനസ്സ് ഉയരാനുള്ള പരിശീലനമാണ് നോമ്പുകൊണ്ടും നമസ്‌കാരം കൊണ്ടും ഉണ്ടാകേണ്ടത്. മുസ്‌ലിം സുമദായത്തില്‍ നോമ്പ് ഈ സംസ്‌കാരം ഉണ്ടാക്കുന്നു എന്നാണ് നാട്ടിലുടനീളം നടക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. ദരിദ്രരെ പട്ടിണിക്കിടാന്‍ സമ്മതിക്കില്ലെന്ന വാശിയാണ് സമ്പന്നര്‍ക്ക്. ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്നവര്‍ നാട്ടിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ചുകൊടുക്കുന്നു. ഇങ്ങനെ ദാനധര്‍മത്തിന്റെ മഴവര്‍ഷിക്കുന്ന മാസമായി മാറിയിരിക്കുന്നു ഈയടുത്ത കാലത്തായി റമദാന്‍.

ദാനധര്‍മ്മങ്ങളില്‍ അനുപമ മാതൃകകാണിച്ച പ്രവാചകന്റെ അനുയായികള്‍ ആ ശീലം നിലനിര്‍ത്തണം. റമദാനില്‍ വാരിക്കോരി ദാനം ചെയ്ത് ഇനി അടുത്ത വര്‍ഷം എന്ന് തീരുമാനിക്കരുത്. എപ്പോള്‍ നമുക്ക് ചുറ്റും അത്യാവശ്യക്കാരുണ്ടാകുന്നുവോ അപ്പോഴെല്ലാം വിശ്വാസിയുടെ മനസ്സ് അലിയണം. നോമ്പുകൊണ്ട് നേടേണ്ട പ്രധാന ഗുണങ്ങളിലൊന്ന് അലിയുന്ന മനസ്സാണ്.

Related Post