ഇസ്ലാമിന്റെ അഞ്ചാമത്തെ റുക്‌നും മുസല്‍മാന് ജീവിതത്തിലൊരിക്കല്‍ മാത്രം അതും മറ്റാരാധനകള്‍ക്കില്ലാത്ത നിബന്ധനകളോടെനിര്‍ബന്ധമായ ആരാധനയുമാണ് ഹജ്ജ്. ശരീരവും വഴിയും സുരക്ഷിതമായതോട് കൂടി ആവശ്യമായ സാമ്പത്തികശേഷിയും നിബന്ധനയാക്കിയാണ് ഹജ്ജിനെ വിശുദ്ധ ഖുര്‍ആനും റസൂല്‍(സ)യും റുക്‌നായി എണ്ണിയത്. അതുകൊണ്ടുതന്നെ സാധാരണക്കാരനെ കണക്കിലെടുക്കാത്ത ഒരു സാമൂഹ്യ കടമയായി അതിനെ വിലയിരുത്തപ്പെടുകയാണ്. മറ്റ് ആരാധനകളെ പോലെയോ അതിലധികമോ ആത്മീയശുദ്ധിയും ശാരീരികവും മറ്റ് വിധേനയുമുള്ള ഔന്നത്യവുംഹജ്ജ് കര്‍മ്മം നിദാനമായി കാണുന്നു. അന്യോന്യമുള്ള ഇടപാടുകളില്‍ നിന്നെല്ലാം മുക്തമായ ഒരു നവ ജീവിതമാണ് ഹജ്ജിന്റെ പ്രധാനമൂല്യമായി കാണുന്നത്. മാനുഷിക ബന്ധങ്ങളെല്ലാം ഒഴിവാക്കി വിനയാന്വിതനായി റബ്ബിന്റെ സാന്നിധ്യത്തില്‍ ലയിച്ചു ചേരുന്ന ഒരു സംവിധാനം ഹജ്ജ് പോലെ സാധാരണക്കാരന് വേറെയില്ല. അതേസമയം സൃഷ്ടികളോടുള്ള ബഹുമാനാദരവും മാനവസമൂഹത്തിന്റെ ഐക്യബോധവും ഊട്ടിയുറപ്പിക്കാനുതകുന്ന മറ്റൊരു വേദിയും വേറെയില്ല.
സല്‍സ്വഭാവവും നിസ്വാര്‍ഥതയും വിനയവും ഉള്‍ക്കൊള്ളാന്‍ പ്രേരിതമാകുന്നതിന് പുറമെ പൂര്‍വ്വിക ത്യാഗസ്മരണ ഉത്തേജിപ്പിക്കുന്നതാണ് അതിലെ കര്‍മ്മങ്ങളത്രയും. വിവരമില്ലാത്ത ചിലര്‍ ത്വവാഫിലും കല്ലേറിലും മറ്റും തിക്കും തിരക്കുമുണ്ടാക്കി സ്വയം കുറ്റമേറ്റെടുക്കുന്നുണ്ടെങ്കിലും സ്വാര്‍ത്ഥത കൈവെടിഞ്ഞ് എല്ലാവര്‍ക്കും സ്വച്ഛന്ദം ഇബാദത്തുകള്‍ നിര്‍വഹിക്കണമെന്ന ബോധമാണ് ഇസ്ലാം അങ്കുരിപ്പിക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാനായി സുന്നത്തായി നിര്‍വ്വഹിക്കേണ്ട പല കാര്യവും ഇളവുചെയ്യാന്‍ ഇസ്ലാം പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന് ഹജറുല്‍ അസ്വദ് ചുംബിക്കല്‍, കഅ്ബയുടെ സാമീപ്യം മുതലായ പലസുന്നത്തുകളും അന്യോന്യം വിഷമമുണ്ടാകുമെന്ന് കാണുമ്പോള്‍ ഒഴിവാക്കാനും പകരം ആംഗ്യം വഴിയും മറ്റും ശാന്തമായി നിര്‍വഹിക്കാനും അതുവഴി സമസൃഷ്ടിസ്‌നേഹവും നിസ്വാര്‍ഥതയും പ്രകടമാക്കാനും നിര്‍ദേശിക്കപ്പെടുന്നു. അതേസമയം വിഷമങ്ങള്‍ അനുഭവിക്കലും സാധാരണ ജീവിതശീലം പരിത്യജിക്കലും ആവശ്യമായി വരുന്നതിനാല്‍ നിബന്ധനകളൊത്ത ഒരു വ്യക്തി ഹജ്ജ് നിര്‍വഹിക്കാതെ മരണപ്പെടാനിടയായാല്‍ ജൂതനായി മരിക്കുന്നതിനോടാണ് റസൂല്‍(സ്വ) സാദൃശ്യപ്പെടുത്തിയത്. ഇമാം അഹ്മദ്, തിര്‍മുദി മുതലായവര്‍ റിപ്പോര്‍ട്ടുചെയ്ത ഹദീസുകളില്‍ ഇക്കാര്യം കാണാം.
ഇമാം ബുഖാരി(റ)യും മുസലിമും(റ) ഒത്ത് നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘കുറ്റകരമായ കാര്യവും ലൈംഗിക ചോദനയും കൂടാതെ ഒരാള്‍ ഹജ്ജ് നിര്‍വഹിച്ചു മടങ്ങിയാല്‍ മാതാവ് പ്രസവിച്ച ദിനം പോലെ പരിശുദ്ധമായാണവന്‍ തിരിച്ചുവരുന്നത്’. മാതാവ് പ്രസവിച്ച ദിവസമുള്ള പരിശുദ്ധത ആരെയും തെര്യപ്പെടുത്തേണ്ടതില്ലല്ലോ. മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ‘ഒരു ഉംറ നിര്‍വഹിച്ചു മറ്റൊരു ഉംറ നിര്‍വഹിച്ചാല്‍ അവക്കിടയിലുള്ള പാപങ്ങള്‍ക്ക് അത് മോചനമത്രെ. സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നില്ല.’ പ്രസ്തുത രണ്ട് ഹദീസുകളും അബൂഹുറയ്‌റ വഴിയായി ഇമാം ബുഖാരിയും മുസ്ലിമും ഒത്ത് നിവേദനം ചെയ്തതാണ്. ഹദീസില്‍ മബ്‌റൂര്‍ എന്ന പദമാണ് ഉപയോഗിച്ചത്. മബ്‌റൂറിന്റെ വിവക്ഷ കുറ്റകരമായ ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടാതെ എന്നാണ് ഇമാം നവവിയെ പോലുള്ള മുഹദ്ദിസുകള്‍ അര്‍ഥം പറയുന്നത്. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം ഹാജി എന്ന നാമത്തില്‍ ജനത സംബോധനം ചെയ്യുന്നത് തന്നെ കുറ്റമറ്റ ജീവിതത്തിലേര്‍പ്പെട്ടവന്‍ എന്നതിന്റെ സൂചനയായി കാണേണ്ടതുണ്ട്. മബ്‌റൂറായ ഹജ്ജിന്റെ അടയാളവും അതാണെന്ന് മഹാന്മാര്‍ രേഖപ്പെടുത്തിക്കാണാം.
സാമൂഹിക നന്മകൂടി അത് വഴി കരസ്ഥമാക്കാമെന്നതിന്റെ സൂചനയായി അബൂഹുറയ്‌റ(റ) വഴി തന്നെ വന്ന മറ്റൊരു ഹദീസ് ഇബ്‌നുഹിബ്ബാന്‍, ഇബ്‌നുമാജ തുടങ്ങിയവര്‍ റിപ്പോര്‍ട്ടുചെയ്തതായി കാണാം. ഹജ്ജ് ചെയ്യുന്നവരും ഉംറ നിര്‍വഹിക്കുന്നവരും അല്ലാഹുവിന്റെ അടുത്തേക്കുള്ള നിവേദകരും സന്ദര്‍ശകരുമാണ്. അവര്‍ അല്ലാഹുവിനോട് ചോദിച്ചാല്‍ അവന്‍ അവര്‍ക്ക് നല്‍കുന്നു. അവര്‍ പാപമോചനം തേടിയാല്‍ അവന്‍ മോചിപ്പിക്കുന്നു. അവര്‍ അവനോട് പ്രാര്‍ഥിച്ചാല്‍ അവന്‍ ഉത്തരം ചെയ്യുന്നു. അവര്‍ ശിപാര്‍ശ തേടിയാല്‍ ആ ശിപാര്‍ശ സ്വീകരിക്കപ്പെടുന്നു (ഇത്ഹാഫ് 4/272). ഇവിടെ ശിപാര്‍ശ തേടിയാല്‍ ശിപാര്‍ശ സ്വീകരിക്കുമെന്ന വാഗ്ദത്ത സമൂഹത്തിനുണ്ടാകുന്ന നേട്ടമാണെന്ന കാര്യം വ്യക്തമാണല്ലോ. ആകയാല്‍ വ്യക്തിപരമായി മാത്രമല്ല സാമൂഹ്യമായും ഉപകാരപ്പെടുന്ന ഉന്നതവും ഉദാത്തവുമായ ഇബാദത്താണ് ഹജ്ജും ഉംറയും.
അഞ്ച് ഫര്‍ളുകളാണ് ഹജ്ജിനുള്ളത്. ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, അറഫയില്‍ നില്‍ക്കല്‍, മുടി കളയല്‍. അവയില്‍ നിയ്യത്ത് എന്ന ഇഹ്‌റാമും വിടവാങ്ങല്‍ അറിയിക്കുന്ന മുടികളയലും കഴിച്ചാല്‍ ബാക്കിയുള്ള മൂന്ന് കര്‍മ്മങ്ങളും സാമൂഹ്യവും സുദൃഢമായ ഐക്യവും പ്രചോദനം ചെയ്യുന്നവയത്രെ. ഒരേ ഗേഹത്തിലേക്ക് മുഖം തിരിച്ചു നാലുഭാഗം വളഞ്ഞു നടന്നു നീങ്ങുന്ന ത്വവാഫും അതിന്റെ കേന്ദ്ര ബിന്ദുവായ കഅ്ബയെ നാലുഭാഗവും വൃത്താകൃതിയില്‍ നിന്ന് തിരിഞ്ഞു നിസ്‌കരിക്കുന്ന കാഴ്ചയും മറ്റൊരു സ്ഥലത്തും ദൃശ്യമല്ല. അല്ലാഹുവിന്റെ ഭവനം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച കഅ്ബാലയത്തെ കണ്‍മുമ്പില്‍ ദര്‍ശിച്ച് വലയം വെക്കുമ്പോള്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും മുഖാവരണം ചെയ്ത് ധ്യാനിക്കുന്ന ആ ഗേഹവും അതിന്റെ ഉടമസ്ഥനുമാണ് വിശ്വാസിയുടെ കേന്ദ്രബിന്ദുവെന്നും അതില്‍ എല്ലാവരും സമന്മാരാണെന്നും പ്രചോദിതമാകുന്നു. അതേ ദൃശ്യം തന്നെയാ ണ് ഏഴുതവണ സ്ത്രീ പുരുഷഭേദമില്ലാതെ സഫാമര്‍വക്കിടയില്‍ ചുറ്റിനടക്കുമ്പോള്‍ ദൃശ്യമാകുന്നത്.
മുശ്രിക്കുകള്‍ രണ്ട് വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരുന്ന സഫായുടെയും മര്‍വായുടെയും ഇടയിലുള്ള താഴ്വരത്തില്‍ ഏഴുതവണ നടന്നും ചാടിയും സമയം കഴിയുമ്പോള്‍ ശിര്‍ക്കിനെ വിപാടനം ചെയ്ത് തൌഹീദിന്റെ അനുസ്മരണം ഹൃദയത്തില്‍ അങ്കുരിക്കുന്നു. അതേ ചിന്ത തന്നെ ഇബ്രാഹിം നബി (അ)യും ഇസ്മാഈല്‍ നബി(അ)യും പുനര്‍നിര്‍മാണം ചെയ്ത ഇലാഹിയായ ആരാധനക്ക് ലോക ജനതയെ ക്ഷണിച്ചിരുന്ന കഅ്ബാലയം ശിര്‍ക്കിന്റെയും വിഗ്രഹങ്ങളുടെയും ഗേഹമായി തരംതാഴ്ത്തിയ കാലത്ത് അവ നീക്കം ചെയ്ത് അന്ത്യദിനം വരെ കലിമത്തുതൌഹീദിന്റെ മാസ്മരികവും മധുരിക്കുന്നതുമായ സ്മരണ സ്മൃതിപഥത്തില്‍ അലതല്ലുന്നു. ഇസ്ലാമിക തൌഹീദിന്റെ ഐക്യദാര്‍ഢ്യമത്രെ അതെല്ലാം അങ്കുരിപ്പിക്കുന്നത്. അതുപോലെ അറഫാ മൈതാനിയില്‍ ലക്ഷങ്ങള്‍ ഒരേ വസ്ത്രധാരണയില്‍, പണ്ഡിതനും പാമരനും രാജാവും ഭൃത്യനും വ്യത്യാസം കാണാത്ത മുഹ്രിമിന്റെ കാഴ്ച മറ്റൊരു സമുദായത്തിലോ രാഷ്ട്രത്തിലോ ദൃശ്യമല്ലെന്ന് ഹൃദയത്തില്‍ സ്ഥലം പിടിക്കുമ്പോള്‍ ഇസ്ലാമിന്റെ സാഹോദര്യവും ഐക്യദാര്‍ഢ്യവും ഹൃദയസ്പൃക്കായി അലതല്ലുന്നു.
ത്യാഗസ്മരണയുടെ ഉറവിടം
ഉപരിസൂചിത സദ്ഗുണങ്ങള്‍ക്ക് പുറമെ ത്യാഗസ്മരണയെ ഉദ്ദീപിപ്പിക്കാന്‍ പ്രസ്തുത കര്‍മ്മം പോലെ മറ്റൊരു ഇബാദത്ത് കാണാന്‍ പ്രയാസം. കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ പ്രസ്തുത ഭവനം ഇബ്രാ ഹിം(അ), ഇസ്മാഈല്‍(അ) എന്നിവര്‍ നിര്‍മിച്ച ത്യാഗസ്മരണയും അതിനായി സിറിയയില്‍ നിന്ന് ഇബ്രാഹിം(അ) യാത്രചെയ്ത് കല്‍പ്പണി നടത്തിയതും ഇസ്മാഈല്‍(അ) അതിനായി കല്ല് ചുമന്ന് മഖാം ഇബ്‌റാഹിം എന്ന ശിലയുടെ മേല്‍ നിന്ന് സ്റ്റയര്‍കെയ്‌സായി ഉപയോഗിച്ചതുമായ സ്മരണ മഖാമു ഇബ്‌റാഹീമിന്റെയും ഹിജ്ര്! ഇസ്മാഈലിന്റെയും അടുത്ത് കടന്നുപോകുമ്പോള്‍ ഹൃദയത്തില്‍ വേരുറയുന്നു. അതേപോലെ സഫാമര്‍വക്കിടയില്‍ സഅ്യ് ചെയ്യുമ്പോള്‍ ഇസ്മാഈലിനെ ദാഹിച്ചവശനായി കിടത്തി മാതാവ് ഹാജറ രണ്ട് പര്‍വ്വതങ്ങള്‍ക്കിടയില്‍ ചുറ്റിനടന്നതും കുഞ്ഞോ മനയെ കാണാത്ത സ്ഥലത്ത് വെച്ച് ഓടിയതിനെയും അനുസ്മരിക്കുമ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ നമുക്ക് ചെയ്ത ത്യാഗങ്ങള്‍ ഒരിക്കല്‍കൂടി ഓര്‍ക്കാന്‍ കാരണമാകുന്നു. സംസം കിണറില്‍ നിന്ന് കുടിക്കുമ്പോഴും (അത് സുന്നത്തായ കര്‍മ്മമത്രെ) ഇസ്മാഈല്‍(അ) കിടന്ന് കാലിട്ടടിച്ച രംഗവും ജിബ്രീല്‍(അ) വന്ന് ചിറകടിച്ച് വെള്ളം ഉറവ പൊട്ടിയ ചരിത്രവും സ്മൃതിപഥത്തില്‍ ആവര്‍ത്തിക്കുന്നു. അതുവഴി ഇബ്‌റാഹിം, ഇസ്മാഈല്‍(അ), ഹാജറ(റ) എന്ന കുടുംബത്തിന്റെ ത്യാഗ സമ്പൂര്‍ണ ചരിത്രം അനുസ്മരിക്കുകയും അതുള്‍ക്കൊള്ളാന്‍ പ്രചോദിതമാവുകയും ചെയ്യുന്നു. അതേപോലെ അറഫയില്‍ സമ്മേളിക്കുമ്പോള്‍ ആദ്യപിതാവ് ആദം(അ)വും മാതാവ് ഹവ്വ(റ)യും ഒത്തുചേര്‍ന്ന് പരിചയപ്പെട്ട സ്ഥലമാണെന്ന സ്മരണയില്‍ ലയിച്ചു മാനവ സമൂഹം ഒരേ പിതാവിന്റയും മാതാവിന്റെയും സന്തതികളാണെന്ന ചരിത്രസംഭവം അനുസ്മരിക്കുന്നു. ‘ഓ മനുഷ്യരേ, നിങ്ങളെ ഒരേ പുരുഷനില്‍നിന്നും സ്ത്രീയില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങള്‍ക്കന്യോന്യം പരിചയപ്പെടാനായി വിവിധ ശാഖകളും ഗോത്രങ്ങളുമാക്കി തിരിച്ചിരിക്കുന്നു. നിങ്ങളില്‍മാന്യന്മാര്‍ കൂടുതല്‍ ഭക്തിയുള്ളവരത്രെ.’ (13/49) പ്രസ്തുത സന്ദേശം നേരില്‍ ഉള്‍ക്കൊള്ളാന്‍ അറഫാ താഴ്വാരത്തില്‍ ഒരേസമയം ഒരേ വേഷത്തില്‍ എല്ലാം വിസ്മരിച്ച് അല്ലാഹുവിന്റെ മുമ്പില്‍ നിലയുറപ്പിച്ച് പ്രാര്‍ത്ഥനയില്‍ ലയിക്കുകയും സമൂഹത്തിന്റെ നന്മക്കായി ശുപാര്‍ശ തേടുകയും ചെയ്യുമ്പോള്‍ ഹര്‍ഷപുളകിതരായിത്തീരുന്നു. ഇത്തരം സ്മരണകളും ആത്മീയവിശുദ്ധിയും കരസ്ഥമാക്കി വരുന്ന ഹാജിമാരെ സ്വീകരിക്കലും ഭൌതിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പായി അവരെക്കൊണ്ട് ദുആ ചെയ്യിക്കലും പൂര്‍വ്വിക വഴികളില്‍പ്പെട്ട സല്‍ക്കര്‍മമത്രെ. ഹാജിമാരെ അല്ലാഹു ഏറ്റെടുത്തുവെന്നതിന്റെ നാന്ദിയത്രെ അത്.
അലിയ്യുബ്‌നുല്‍ മുവഫ്ഫഖിന്റെ ഒരു സംഭവം ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: ‘ഒരു വര്‍ഷം ഞാന്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അറഫയുടെ രാത്രിയില്‍ മിനായിലെ മസ്ജിദുല്‍ ഖൈഫില്‍ ഉറങ്ങുകയായിരുന്നു. സ്വപ്നത്തില്‍ രണ്ട് മലക്കുകള്‍ വന്നിറങ്ങുന്നതായി കണ്ടു. പച്ച വസ്ത്രധാരികളായിരുന്നു അവര്‍. ഒരാള്‍ മറ്റെയാളോട് ചോദിച്ചു. ഈ വര്‍ഷം എത്രപേര്‍ ഹജ്ജ് നിര്‍വഹിച്ചുവെന്നറിയുമോ? മറ്റെയാള്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ചോദ്യകര്‍ത്താവ് പറഞ്ഞു. ആറു ലക്ഷം പേരാണ് ഹജ്ജിന് പങ്കെടുത്തത്. അനന്തരം ചോദ്യം ഇതായിരുന്നു. അവരില്‍ എത്രപേര്‍ സ്വീകരിക്കപ്പെട്ടവരുണ്ട്. അതുമറിയില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. വെറും ആറുപേരാണ് സ്വീകരിക്കപ്പെട്ടത്. അനന്തരം രണ്ടുപേരും ഉയര്‍ന്നുപോയി. ഞാന്‍ പരിഭ്രമിച്ചെഴുന്നേറ്റു. പ്രസ്തുത ആറുപേരില്‍ ഞാന്‍ എങ്ങനെ പെടാനാണെന്നാണ് എന്റെ വേവലാതി. അങ്ങനെ അറഫയില്‍നിന്ന് തിരിച്ച് മസ്ജിദുല്‍ ഹറാമില്‍ എത്തിയപ്പോള്‍ പ്രസ്തുത ചിന്തയില്‍ ജനസമൂഹത്തെ നോക്കി ചിന്തിച്ചിരിക്കെ ഉറക്കം വന്നുപോയി. അപ്പോള്‍ വീണ്ടും പ്രസ്തുത മലക്കുകള്‍ അതേ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു വീണ്ടും സംഭാഷണത്തിലേര്‍പ്പെടുകയായിരുന്നു. ഇപ്രാവശ്യം ചോദ്യം ഇങ്ങനെയായിരുന്നു. ഈ രാത്രിയില്‍ റബ്ബിന്റെ തീരുമാനമെന്താണെന്നറിയുമോ? അപരന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. പ്രസ്തുത ആറുപേര്‍ക്ക് ഒരുലക്ഷം വീതം അല്ലാഹു പാരിതോഷികമായി നല്‍കിയിരിക്കുന്നു. അപ്പോള്‍ സ്വീകരിച്ചവരുടെ ബറകത് കൊണ്ട് പങ്കെടുത്തവര്‍ക്കെല്ലാം സല്‍ഫലം ലഭിച്ചുവെന്നര്‍ത്ഥം. ഞാന്‍ സന്തോഷത്തോടെ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടുണര്‍ന്നു. ഹജ്ജിന്റെ സാമൂഹിക ഗുണങ്ങളെയും ശ്രേഷ്ഠതകളെയും അനുസ്മരിക്കുന്ന ഇത്തരം സംഭവങ്ങള്‍ ധാരാളം മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം പുണ്യം കരഗതമാക്കാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.