ഇസ്‌ലാമിക് ന്യൂഇയറും ഹിജ്റയും;

islamic-new-year-1436 hijri mubarak

ഇസ്‌ലാമിക് ന്യൂഇയറും ഹിജ്റയും; ചില ഭൂത-വര്‍ത്തമാനങ്ങള്‍
ഇസ്‌ലാമികചരിത്രത്തിലെ എറ്റവും പ്രധാനപ്പെട്ട ഒരു ചരിത്ര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹിജറ കലണ്ടറിന്റെ പിറവിയെ ഓര്‍ക്കുന്ന സന്ദര്‍മാണിപ്പോള്‍. മുഹര്‍റം മാസമാണ് ചാന്ദ്ര കലണ്ടറിലെ ആദ്യമാസമായി എണ്ണപ്പെടുന്നത്. ഹിജറ വര്‍ഷം ആത്യന്തികമായി ഓര്‍മിപ്പിക്കുന്നത് CE 622 ല്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യും അനുയായികളും മദീനയിലേക്ക് പലായനം ചെയ്തതിനെയാണ്. ഈ ഹിജ്‌റയും മുസ് ലിം ലോകത്തെ നിര്‍മിച്ച ചെറുതും വലുതുമായ മറ്റു സംഭവങ്ങളും നിര്‍ബന്ധിത പലായനങ്ങളുമെല്ലാം ജനങ്ങളുടെ ആഗ്രഹത്തിനെതിരോ സ്വയം പ്രതിരോധത്തിന്റെ ഭാഗമായോ സന്നിഹിത അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായോ ഭവിച്ചതായി മനസ്സിലാക്കാന്‍ കഴിയും.

ഇസ് ലാമിന്റെ സാഹസിക ചരിത്രം തന്നെ അനേകം പീഡനങ്ങളും ഉപരോധങ്ങളും ഏറ്റവാങ്ങിയതിന്റെ ചരിത്രമാണ്. കടുത്ത പീഡനാതിക്രമങ്ങള്‍ ഇസ് ലാമിന്റെ ആദ്യകാല അനുയായികളെ ആദ്യം അബ്‌സീനിയയിലേക്കും പീന്നീട് മദീനയിലേക്കും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി.

അവസാനം പ്രവാചകന്‍ മുഹമ്മദ് നബി(സ) മദീനയിലേക്ക് പലായനം ചെയ്തതോടെ ആദ്യത്തെ ഇസ് ലാമിക രാഷ്ട്രത്തിന്റെ പിറവിക്ക് തുടക്കം കുറിക്കുകയും ചെയ്തു. മുപ്പത് വര്‍ഷമാണ് മുസ് ലിംകള്‍ മക്കയില്‍ പീഡനങ്ങളനുഭവിച്ചത്. അതിന് ശേഷവും മദീനയില്‍ നിരവധി യുദ്ധങ്ങളില്‍ അവര്‍ക്ക് ജനനഷ്ടവും ധനനഷ്ടവും സംഭവിച്ചു. എങ്കിലും പ്രവാചക പുങ്കവന്റെ കാലടികള്‍ പിന്തുടരുന്നതില്‍ അവര്‍ ക്ഷമയും സഹനവും കാണിക്കുകയും അതില്‍ അത്യധികം ഉത്സാഹിക്കുകയും ചെയ്തു. അവരുടെ ആ ത്യാഗവും അര്‍പണവും പിന്നീട് അവര്‍ക്കും വന്‍വിജയമായാണ് ഭവിച്ചത്. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ അവരെ അതിജയിക്കുന്ന ഒരു ശക്തിയും ഭൂലോകത്തുണ്ടായിരുന്നില്ല. അതിശക്തരും ബലിഷ്ഠമായ അധികാരത്തിന്റെ അരങ്ങ് വാണിരുന്ന റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ വരെ അവര്‍ക്ക് മുമ്പില്‍ പരാജയപ്പെട്ടു. കാരണം മുസ്‌ലിംകളുടെ ആയുധം കറകളഞ്ഞ ആദര്‍ശമായിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസമായിരുന്നു അവരെ വിജയത്തിലേക്ക് അവരെ നയിച്ചിരുന്ന ശക്തി. അഥവാ മുസ്‌ലിംകള്‍ തങ്ങളുടെ വിശ്വാസത്തിലൂന്നി ഒറ്റക്കെട്ടായി നിന്നിടത്തോളം കാലം അവരെ പരാജയപ്പെടുത്താന്‍ ആരും തന്നെയുണ്ടായിരുന്നില്ല. അന്ദലുസിലെ മുസ് ലിംകളും വിജയചരിത്രം ചരിത്രം പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാവും. അന്ന് 70000വരുന്ന സ്പാനിഷ് സഖ്യത്തെ 12000 മുസ് ലിംകള്‍ ഒറ്റക്കെട്ടായാണ് പരാജയപ്പെടുത്തിയത്. ഈ ഐക്യത്തില്‍ പുഴുക്കുത്തുകള്‍ വരുകയോ ബാഹ്യമായ മാര്‍ഗത്തിലൂടെ അധികാരം വാഴുന്നതിന് വേണ്ടി പരസപരം ഒറ്റുകൊടുക്കുകയോ ചെയ്തപ്പോഴാണ് അവര്‍ പരാജയം ഏറ്റുവാങ്ങാന്‍ തുടങ്ങിയത്.

എന്തുകൊണ്ടിങ്ങനെ സംഭവിച്ചു ?

ഇസ് ലാം അതിന്റെ പേരില്‍ മാത്രം ഒതുങ്ങുകയും മുസ് ലിം ഭരണാധികാരികളും ജീവിതത്തില്‍ അതിന്റെ തെളിച്ചമോ വെളിച്ചമോ ഇല്ലാതാവുകയു ചെയ്തത് പരാജയത്തിന്റെ കാരണമായി മനസ്സിലാക്കപ്പെടുന്നു. അവര്‍ പലപ്പോഴും അധികാരത്തിന് വേണ്ടിമാത്രം യുദ്ധങ്ങളിലേര്‍പ്പെടുകയും തങ്ങളുടെ തന്നെഘാതകരായി മാറിയ ക്രസ്ത്യന്‍ രാജാക്കന്‍മാരില്‍ വിശ്വാസമര്‍പിക്കുകയും ചെയ്തു. എന്നാല്‍ ഈ വിജയങ്ങളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും നാം എന്തെങ്കിലും പാഠം പഠിച്ചോ ?

ഇല്ലെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.

അടുത്ത കാലത്ത് മുസ് ലിംകള്‍ക്കുണ്ടായി നിര്‍ബന്ധിത പലായനങ്ങള്‍ നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിലെ അപാകതയുടെയും ആദര്‍ശത്തിലുള്ള വ്യതിയാനത്തിന്റെയും അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തിന്റെയും പരിണതഫലമാണെന്ന് മനസ്സിലാക്കേണ്ടിവരും. സിറയയില്‍നിന്ന് തുര്‍ക്കി, ജോര്‍ദാന്‍, ലബനാന്‍ എന്നിവിടങ്ങളിലേക്ക് മുസ് ലിംകള്‍ക്ക് നിര്‍ബന്ധിതമായി പലായനം ചെയേണ്ടിവന്നത് നാം മനസ്സിലാക്കിയതാണല്ലോ. വീടും നാടും നഷ്ടപ്പെട്ട അവര്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരായി മാറാന്‍ പാടുണ്ടോ ? ഇല്ല, ഒരുനിലക്കും ഇല്ല. വിശ്വാസി എപ്പോഴും ഇഹലോകജീവിതത്തെ ഒരു പരീക്ഷണമായാണ് കാണുന്നത്. അല്ലാഹും അതേക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കുന്നതിങ്ങനെ:

‘പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക.

തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: ‘ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും.’

അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍.’ (അല്‍ബഖറ: 155-157)

ഇനി കര്‍ത്തവ്യങ്ങളില്‍ അലംഭാവം കാണിക്കാതിരുന്ന, തങ്ങളുടേതല്ലാത്ത കാരണത്താല്‍ പരീക്ഷണങ്ങളിലകപ്പെട്ടവര്‍ക്കാകട്ടെ പ്രവാചകന്റെ സന്തോഷവര്‍ത്തമാനങ്ങളുമുണ്ട്. അദ്ദേഹം പറഞ്ഞു: ഒരു മുസ്‌ലിമിന് ക്ഷീണമോ, രോഗമോ, പ്രയാസമോ, ദു:ഖമോ, ഉപദ്രവമോ, ബുദ്ധിമുട്ടോ ബാധിക്കുന്നില്ല, എന്തിന് ഒരു മുള്ളു തറക്കുന്നുപോലുമില്ല, അവ വഴി അവന്റ തെറ്റുകള്‍ അല്ലാഹു പൊറുത്തുകൊടുത്തിട്ടല്ലാതെ. (ബുഖാരി 5641).

വീണ്ടും അദ്ദേഹം ഉണര്‍ത്തുന്നു: ഒരാള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിക്കുന്നുവെങ്കില്‍ അവനെ പരീക്ഷണങ്ങളിലകപ്പെടുത്തും. (തിര്‍മിദി 2396).

അല്ലാഹു വിശ്വാസികള്‍ക്ക് പ്രയാസങ്ങള്‍ നല്‍കി ‘ആശീര്‍വദിക്കുമെന്ന്’ ഇപ്പറഞ്ഞതില്‍നിന്ന് മനസ്സിലാക്കേണ്ടതില്ല. മറിച്ച്, പ്രയാസരഹിത ജീവിതമല്ല സ്വര്‍ഗം പ്രാപിക്കാനുള്ള യഥാര്‍ഥ വഴിയെന്നാണ് പറഞ്ഞുവന്നത്. എന്ന് മാത്രമല്ല, കുറച്ചൊക്കെ ബുദ്ധമുട്ടനുഭവിച്ച് ഈ പ്രയാസങ്ങളെ മറികടക്കുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ച് വ്യതിരിക്തമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാനും കഴിയും.

പരലോകത്തെ ജീവിതവും ശാശ്വതവും ഒന്നിനോടും താരതമ്യം ചെയ്യാന്‍ കഴിയാത്തതുമാകയാല്‍ ഒരു യഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ലോകത്തെ പരീക്ഷണങ്ങള്‍ വരാനിരിക്കുന്ന ഭാസുരജീവിതത്തിലേക്കുള്ള ഒരു ചവിട്ടുപടിമാത്രമായിരിക്കും.

ഇനിചിലര്‍ ഈ പ്രയാസങ്ങളെ അല്ലാഹുവില്‍ നിന്നുള്ള യഥാര്‍ഥ പരീക്ഷണമായി മനസ്സിലാക്കുന്നവരായിക്കും. അപ്പോള്‍ അറിയുക, തീര്‍ച്ചയായും നാം പാപം ചെയ്തിട്ടുണ്ട്, അതിനാല്‍ നാം ശിക്ഷയര്‍ഹിക്കുന്നു. എന്നാല്‍ ഇവിടെ ലഭിക്കുന്ന ഏത് ശിക്ഷയും പരലോകത്തെ ശിക്ഷയെ അപേക്ഷിച്ച് സഹിക്കാവുന്നതാണെന്ന് നബി(സ) അറിയിച്ചിട്ടുണ്ട്.

അദ്ദേഹം പറഞ്ഞു: അല്ലാഹു തന്റെ ദാസന് നന്മ ഉദ്ദേശിച്ചാല്‍ ദുനിയാവില്‍ അവന് ശിക്ഷ വേഗത്തിലാക്കും. ഇനി തിന്‍മയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് പിന്തിക്കുകയും പരലോകത്തേക്ക് മാറ്റിവെക്കുകയും ചെയ്യും. (തിര്‍മിദി 2396)

മരണമെന്ന് സുനിശ്ചിതമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരാള്‍ക്കും അതില്‍നിന്ന് കുതറിയോടാനാവില്ല. പിന്നെയെന്തിനാണ് നാം ഈ ലോകത്തെ പരീക്ഷണങ്ങളില്‍ ആവലാതിപ്പെടുന്നത് ?

അല്ലാഹു പറഞ്ഞു: എല്ലാ ജീവികളും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (അല്‍അമ്പിയാഅ് 35)

ഒരു അഭയാര്‍ഥിയുടെ സാക്ഷ്യം

സിറിയന്‍ അഭയാര്‍ഥികളുടെ ഒരു ക്യാമ്പില്‍ ഒരാളുമായി നടത്തിയ അഭിമുഖത്തില്‍ അയാള്‍ പറഞ്ഞു: ഞാനൊരു സമ്പന്നനായ മനുഷ്യനായിരുന്നു. യുദ്ധം എന്റെ എല്ലാം സമ്പത്തിനെയും നഷ്ടപ്പെടുത്തി. ഇപ്പോള്‍ ഞാന്‍ എന്റെ ടെന്റിനടുത്ത് പച്ചക്കറികള്‍ വില്‍ക്കുന്നു.’

ഇവിടെ പ്രതീക്ഷയുടെ കിരണങ്ങള്‍ അയാളില്‍ അസ്തമിച്ചില്ലെന്ന ചുരുക്കം. ജീവിതത്തോട് അയാള്‍ സ്വീകരിച്ച പോസീറ്റീവ് സമീപനം ശ്രദ്ധേയമാണിവിടെ. കൂടുതല്‍ മുന്നോട്ടാണ് അയാളുടെ കാഴ്ച, പിന്നോട്ടല്ല. അല്ലാഹുവില്‍ പ്രതീക്ഷയര്‍പിച്ചതുകൊണ്ട് തന്റെ നാട്ടില്‍ ഇനിയും തിരിച്ചെത്താനാവുമെന്ന് അയാള്‍ കരുതുന്നു. അതിനാല്‍ അടുത്തിടെ നിര്‍ബന്ധിത പലായനത്തിന് വിധേയമാക്കപ്പെട്ടവരെല്ലാം മനസ്സിലാക്കണം, അല്ലാഹു എല്ലാം കാണുന്നുണ്ടെന്ന്. അവനില്‍ പ്രതീക്ഷയര്‍പിക്കണം. വൈകാതെ തന്നെ അവന്റെ നീതി ഈ ലോകത്ത് പുലരും. ഒന്നുകൂടി മനസ്സിലാക്കുക, അല്ലാഹുവിന്റെ പക്കലുള്ളതാണ് നമുക്കുള്ള മറ്റെന്തിനേക്കാളും വിലപിടിച്ചത്. അല്ലാഹു പറയുന്നു: അറിയുക: നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലമുള്ളത്. (അല്‍അന്‍ഫാല്‍ 28).

ലോകത്തെല്ലായിടത്തുമുള്ള അഭയാര്‍ഥികള്‍ സുരക്ഷിതത്വത്തോടെയും സമാധാനത്തോടെയും തങ്ങളുടെ നാട്ടിലേക്ക് തിരിച്ചെത്താന്‍ അല്ലാഹു സഹായിക്കുമാറാകട്ടെ.

(അമേരിക്കയിലും ഈജിപ്തിലും ഇസ്‌ലാമിക ദഅ്പ്രവര്‍ത്തനങ്ങളില്‍ സജീവമായുള്ള റയ ഷോകത്ഫാര്‍ഡ് പ്രമുഖ അകാദമിക വിദഗ്ധയും എഴുത്തുകാരിയും റീഡിങ് ഇസ് ലാം വെബ്‌സൈറ്റിന്റെ മുന്‍ ചീഫ് എഡിറ്ററുമാണ്)

 

Related Post