മനുഷ്യാവകാശം നിലവിളിക്കുന്ന ഇന്ത്യ

മനുഷ്യാവകാശങ്ങളെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള പ്രതീക്ഷകള്‍ക്കുമേല്‍ കാളിമ പടര്‍ത്തിക്കൊണ്ട് ഫാഷിസത്തിന്റെ നിഴല്‍ ഒരു ചിലന്തിയുടെ നിഴല്‍ കണക്കെ വളര്‍ന്നു പന്തലിക്കുന്ന ഭീഷണമായൊരു യാഥാര്‍ഥ്യത്തെ മുന്നില്‍കാണുകയാണ് ഇന്ത്യ. ഭയം ഒരു സര്‍പ്പത്തെപ്പോലെ അതിന്റെ പരുപരുത്ത നാവുകള്‍കൊണ്ട് ഇന്ത്യയുടെ നട്ടെല്ലിനെ നക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ഭാവിയെക്കുറിച്ച ഒരുത്തരവും പരിണമിച്ചുവരാത്ത അപരിചിതവും ക്രൂരവുമായ മൗനഭാവം കനത്തുനില്‍ക്കുന്ന ഈ സമകാലീന പശ്ചാത്തലത്തില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച പുനര്‍വായനകളും വിശകലനങ്ങളും ഇവിടെ അനിവാര്യമാവുകയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരുപക്ഷേ ആഗോള തലത്തില്‍ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് മനുഷ്യാവകാശം. ഭരണകൂടത്തിന്റെ പരമാധികാരത്തില്‍നിന്ന് ആരും മുക്തരല്ലെന്ന തിരിച്ചറിവാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച പുതിയ സംവാദങ്ങളെ സാധ്യമാക്കുന്നത്. രൂപത്തിലും ഭാവത്തിലും ജനാധിപത്യമെന്നു കരുതപ്പെടുന്ന ആധുനിക അധികാര സംവിധാനങ്ങളെല്ലാം ഇന്ന് നിവര്‍ന്നു നില്‍ക്കുന്നത് ഭരണകൂടത്തിലര്‍പ്പിതമായ പരമാധികാരത്തോടുകൂടിയാണ്. നിയമപരവും ഭരണഘടനാപരവുമായുള്ള പരിരക്ഷകള്‍ ഔപചാരികമായി നിലനില്‍ക്കുകയും എന്നാല്‍ സൂക്ഷ്മ തലത്തില്‍ അവ ഇല്ലാതാവുകയും ചെയ്യുന്ന വൈരുധ്യം ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഇന്ന് സര്‍വസാധാരണമാണ്. ഇന്ത്യയടക്കമുള്ള ജനാധിപത്യ രാഷ്ട്രങ്ങളും ഇതില്‍നിന്ന് മുക്തമല്ല. അതുകൊണ്ടുതന്നെ മനുഷ്യത്വവിരുദ്ധത ആധുനിക ജനാധിപത്യ ഭരണകൂടങ്ങളുടെ പരമാധികാരത്തില്‍ അന്തര്‍ലീനമാണ്. അടിച്ചമര്‍ത്തപ്പെടുന്നവരും പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെടുന്നവരും മാത്രമല്ല ഒരു രാജ്യത്ത് പരമാധികാരത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത്. മറിച്ച് ഭരണഘടനാപരമായും നിയമപരമായുമുള്ള പരിരക്ഷകള്‍ അനുഭവിക്കുന്നവരും അധികാരികളുടെ കാരുണ്യത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ്. ഭരണകൂടത്തിന്റെ അക്രമണോത്സുക പരമാധികാരത്തെ എങ്ങനെ അതിജീവിക്കാമെന്ന വെല്ലുവിളിയാണ് വര്‍ത്തമാന കാലത്ത് ഓരോ ജനാധിപത്യവാദിയും അഭിമുഖീകരിക്കുന്നത്. മനുഷ്യാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും അസ്തമയവും ദേശത്തില്‍നിന്നുള്ള ജനങ്ങളുടെ നിഷ്‌കാസനവുമാണ് ഭരണകൂട അധീശത്വത്തിലൂടെ ഇന്ന് സംഭവിക്കുന്നത്. ജനാധിപത്യം വാഴുന്നു എന്നു കരുതപ്പെടുന്ന രാജ്യങ്ങളിലെല്ലാം ഇത്തരമൊരു സ്ഥിതി നിലനില്‍ക്കുന്നുണ്ട്. വംശം, വര്‍ണം, വര്‍ഗം, ഭാഷ, ധനം തുടങ്ങി പല അടരുകളിലൂടെയാണ് അത് അതിന്റെ അപകട രൂപം കൈവരിക്കുന്നത്. മുസ്‌ലിം, ദലിത്, ആദിവാസി, സ്ത്രീകള്‍, തോട്ടികള്‍ തുടങ്ങി ഇന്ത്യന്‍ ദേശീയതയുടെ ഭൂപടത്തില്‍നിന്ന് ചരിത്രപരമായി നിഷ്‌കാസനം ചെയ്യപ്പെട്ടവരെ ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. ജനങ്ങളുടെ ജീവിച്ചിരിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാകുന്ന സ്ഥിതിവിശേഷമാണിത്. അഥവാ സ്റ്റേറ്റിന്റെ കൃപാവായ്പില്‍ മാത്രം കഴിഞ്ഞുകൂടേണ്ടി വരുന്ന ഒരവസ്ഥ. പുരാതന റോമിലെ ഹോമോസാസര്‍ എന്ന ദയനീയ രൂപത്തിന്റെ ആധുനിക രൂപമായി നമുക്കിതിനെ വ്യാഖ്യാനിക്കാവുന്നതാണ്. മതപരമായ അനുഷ്ഠാനങ്ങളുടെ ഭാഗമായി ബലികഴിക്കപ്പെടുവാന്‍ അര്‍ഹമായിരുന്ന, ആര്‍ക്കുവേണമെങ്കിലും കൊല്ലാന്‍ കഴിയുന്ന റോമിലെ ഹതഭാഗ്യരാണ് ഹോമോസാസര്‍ എന്നറിയപ്പെട്ടിരുന്നത്. അവകാശങ്ങള്‍ അവകാശപ്പെടാനുള്ള അവകാശം പോലുമില്ലാത്തവരായി പുതിയ ലോകത്തെ ഹോമോസാസര്‍മാര്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ ഭാവിയെന്ത് എന്ന അത്യന്തം പ്രസക്തമായൊരു ചോദ്യം നമ്മെ ഇന്ന് ഉത്തരം മുട്ടിക്കുന്നുണ്ട്. ജനങ്ങള്‍ ഭരണകൂടത്തെ സ്‌നേഹിക്കാന്‍ ബാധ്യസ്ഥരാണ് എന്നും തെരഞ്ഞെടുപ്പിലൂടെ സ്ഥാപിതമായ സര്‍ക്കാറിനു നേരെ അവര്‍ ശത്രുതയോ എതിര്‍പ്പോ പ്രകടിപ്പിക്കാന്‍ പാടില്ലെന്നുമുള്ള കൊളോണിയല്‍ യുക്തി തന്നെയാണ് ഇന്ത്യയെപ്പോലൊരു ആധുനിക ജനാധിപത്യ ഭരണകൂടവും വെച്ചുപുലര്‍ത്തുന്നത്. സര്‍ക്കാറുകളെ സര്‍ഗാത്മകമായി വിമര്‍ശിക്കാനും വിസമ്മതം രേഖപ്പെടുത്താനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ഇത്തരം പൊതുബോധങ്ങളും ഉഗ്രശാസനകളും പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. രാജ്യമെന്നാല്‍ ഭരണകൂടവും ഭരണകൂടമെന്നാല്‍ രാജ്യവും എന്നതാണ് ഇതിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്യപ്പെടുന്നത്. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നുമുള്ള വിളംബരങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്. ഇന്ത്യയെന്ന ഉടലായി നരേന്ദ്രമോദി മാറുകയും മോദി വിമര്‍ശകര്‍ ആ ശരീരത്തില്‍നിന്നും വെട്ടിമാറ്റപ്പെട്ട അവയവങ്ങളായി തീരുകയും ചെയ്യുന്ന അവസ്ഥയും ഈ തെരഞ്ഞെടുപ്പില്‍ നാം കണ്ടു. മോദിയെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്താനിലേക്ക് പോകട്ടെ എന്നുപറയുമ്പോള്‍ ഇവിടെ രാജ്യം മോദിയാവുകയാണ്.

രാജ്യവും ഭരണകൂടവും ഒന്നാണെന്നു വരുമ്പോഴാണ് ഭരണകൂടം ആസൂത്രണം ചെയ്യുന്ന ഭീകരാക്രമണങ്ങളും തീവ്രവാദവേട്ടയും രാജ്യത്തിന്റെ പൊതുബോധമായിത്തീരുന്നത്. മകന്‍ തീവ്രവാദിയാണെങ്കില്‍ അവന്റെ മയ്യിത്ത് കാണേണ്ടെന്ന് ഫയാസിന്റെ ഉമ്മ പറയുന്നത് രാജ്യവും ഭരണകൂടവും ഒന്നാണെന്ന അന്ധവിശ്വാസം തൊണ്ടതൊടാതെ വിഴുങ്ങിയതുകൊണ്ടാണ്. യു.എ.പി.എ എന്ന കരിനിയമം അടിച്ചേല്‍പ്പിക്കപ്പെട്ട് ജയിലറകളില്‍ ജീവിതം ഹോമിച്ച് തീര്‍ക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനി, പരപ്പനങ്ങാടിയിലെ സക്കരിയ്യ, കണ്ണൂരിലെ ഷമീര്‍, മുക്കം ഗോതമ്പ് റോഡിലെ യഹ്‌യ കമ്മുക്കുട്ടി തുടങ്ങി എണ്ണമറ്റ തടവുകാര്‍ ഈ യുക്തിയില്ലായ്മയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ്.

ഭരണകൂടത്തിന്റെ വികസന കാഴ്ചപ്പാടുകളും വികസന താല്‍പര്യങ്ങളും എപ്പോഴും രാജ്യത്തിന്റെ വികസനമായാണ് കൊട്ടിഘോഷിക്കപ്പെടാറുള്ളത്. അങ്ങനെ വരുമ്പോള്‍ വികസനത്തിന് എതിര് നില്‍ക്കുന്നവര്‍ വികസന വിരോധികള്‍ മാത്രമല്ല രാജ്യദ്രോഹികളുമായിത്തീരുന്നു. രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും വന്‍ അണക്കെട്ടുകളില്‍ മുങ്ങിപ്പോകുന്നതിനെതിരെ ആദിവാസികളും ഗ്രാമീണ കര്‍ഷകരും നടത്തുന്ന നര്‍മദ സമരം ദേശവിരുദ്ധമാകുന്നത് അപ്പോഴാണ്. കറകളഞ്ഞ ജനാധിപത്യവാദിയും അഹിംസയുടെ മാര്‍ഗത്തിലെ ജീവിക്കുന്ന പോരാളിയുമായ ബിനായക് സെന്‍ രാജ്യദ്രോഹിയായത് നാം കണ്ടു. കൂടങ്കുളം അടക്കമുള്ള എണ്ണമറ്റ ജനകീയ സമരങ്ങള്‍ രാജ്യവിരുദ്ധമെന്ന പേരില്‍ ഇപ്പോഴും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണകൂടത്തിനെതിരായുള്ള ജനങ്ങളുടെ ചോദ്യം ചെയ്യലുകള്‍ അവ കരിനിയമങ്ങള്‍ക്കെതിരാണെങ്കിലും, കുത്തകവല്‍ക്കരണത്തിനെതിരാണെങ്കിലും ജനവിഭവങ്ങള്‍ തട്ടിയെടുക്കുന്നതിനെതിരാണെങ്കിലും അവയെല്ലാം രാഷ്ട്രത്തിനെതിരാണ് എന്നും രാജ്യദ്രോഹപരമാണ് എന്നും ഭരണകൂടം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്തിനുമേലുള്ള ഭരണകൂടത്തിന്റെ അമിതാധികാരത്തെ നിയന്ത്രിക്കാനാണ് ഇവിടെയൊരു ഭരണഘടനയും ജുഡീഷ്യറി സംവിധാനവും നിലവിലുള്ളത്. മാറിമാറി വരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയും ഭരണകൂടങ്ങളുടെ അധീശത്വത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഭരണഘടനയെയും ജുഡീഷ്യറി സംവിധാനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള ഭരണകൂട ഭീകരതയാണ് ഇവിടെ നടമാടുന്നത്. രാജ്യ സുരക്ഷയും പൊതുനന്മയും ലക്ഷ്യം വെച്ചുള്ള നിയമനിര്‍മാണം അഭികാമ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍ രാജ്യസുരക്ഷക്കെന്ന് പ്രചരണം നടത്തി പാര്‍ലമെന്റും നിയമസഭകളും പാസാക്കിയെടുക്കുന്ന പല നിയമങ്ങളും ജനവിരുദ്ധവും ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നവയുമാണ്. ഭരണകൂടങ്ങള്‍ക്കെതിരെ രൂപപ്പെട്ടുവരുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനും സമരനേതാക്കളെ ഉന്‍മൂലനം ചെയ്യാനും പുതിയ പുതിയ കരിനിയമങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടുന്നു. സമര നേതൃത്വത്തിലുള്ളവര്‍ വിചാരണ പോലുമില്ലാതെ ജയിലറകള്‍ക്കുള്ളിലാകുന്നു.

തീവ്രവാദത്തെക്കുറിച്ചും ഭീകരാക്രമണങ്ങളെക്കുറിച്ചുമുള്ള ഭരണകൂട ഭാഷണങ്ങളോട് മറുവാദങ്ങളുന്നയിക്കാന്‍ പാടില്ലാത്തൊരവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. തീവ്രവാദവും ഭീകരാക്രമണങ്ങളും ദേശവിരുദ്ധമായി ചിത്രീകരിച്ചതിലൂടെ അതിനെതിരായുള്ള ഭരണകൂടത്തിന്റെ ഏതൊരു ഹിംസയും ന്യായീകരിക്കപ്പെടുന്നതായി മാറുന്നു. തീവ്രവാദവും ഭീകരാക്രമണങ്ങളും ദേശവിരുദ്ധമായി ചിത്രീകരിച്ചതിലൂടെ അതിനെതിരായുള്ള ഭരണകൂടത്തിന്റെ ഏതൊരു ഹിംസയും ന്യായീകരിക്കപ്പെടുന്നതായി മാറുന്നു. തീവ്രവാദത്തെ ഭരണകൂടം ഇന്ന് ജനമനസ്സുകളില്‍ ഒരു ഭീഷണ സാന്നിധ്യമാക്കി മാറ്റുന്നത് അതിന്റെ ഹിംസാത്മക മുഖം കാട്ടിക്കൊടുത്തുകൊണ്ടാണ്. എന്നാല്‍, തീവ്രവാദത്തിലെ ഹിംസയെ വിമര്‍ശിക്കുന്ന നമ്മള്‍ രാഷ്ട്ര സുരക്ഷയുടെ പേരില്‍ നടത്തുന്ന കൂട്ടക്കൊലകളെ സാധൂകരിക്കുകയും ചെയ്യുന്നു. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യസ്‌നേഹത്തില്‍ പെട്ടുപോകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ദേശവും ദേശത്തിന്റെ ഭൗതിക സാമഗ്രികളും (ഭരണകൂടം, പട്ടാളം, പോലീസ്) ദേശസ്‌നേഹത്തിന്റെ മകുടോദാഹരണങ്ങളാവുകയും തീവ്രവാദികളും ഭീകരവാദികളും ദേശവിരുദ്ധതയുടെ പ്രതീകങ്ങളാവുകയും ചെയ്യുന്ന അതീവ ലളിതമായ വര്‍ഗീകരണ യുക്തിയാണ് നമ്മുടെ പൊതുബോധത്തിലുള്ളത്. എന്നാല്‍, ഭരണകൂടം തന്നെ ഹിംസാത്മക പരിവേഷമണിയുകയും ഭരണകൂട സാമഗ്രികള്‍ കൂട്ടക്കൊലകളുടെ ഫാക്ടറിയാവുകയും ചെയ്യുന്ന സമാകാലീന ‘ജനാധിപത്യ’ അന്തരീക്ഷത്തില്‍ മുന്‍വിധിയില്ലാതെ തീവ്രവാദമെന്ന പദാവലിയെ സമീപിക്കുക സാധ്യമല്ല. കാരണം, ദേശരാഷ്ട്രത്തിന്റെ യുക്തികളുണ്ട് എന്ന പേരില്‍ ഭരണകൂട ഹിംസ ഇവിടെ ന്യായീകരിക്കപ്പെടുന്നു. ഹിംസ മൗലികമായിത്തന്നെ പാതകമാണ് എന്ന തത്ത്വം നമ്മുടെ രാഷ്ട്രമീമാംസകളില്‍ ഇനിയും ഇടം കണ്ടെത്തുന്നില്ല.

ഭരണകൂടം നോട്ടമിട്ടവര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ തുടച്ചുനീക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളും നമ്മളിന്ന് കാണുന്നുണ്ട്. രാജ്യസുരക്ഷ, രാജ്യസ്‌നേഹം, വിദേശ ഇടപെടല്‍ തുടങ്ങിയ അതിവൈകാരിക പദങ്ങളിലൂടെയാണ് ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങളെ ഭരണകൂടം ന്യായീകരിക്കുന്നത്. ഏറ്റവും വലിയ ബഹുസ്വര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ കശ്മീരിലും മഹാരാഷ്ട്രയിലും ആന്ധ്രയിലുമൊക്കെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇന്ന് സാമൂഹിക ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ വന്നവര്‍ എന്ന് മുദ്ര കുത്തി കോളേജ് വിദ്യാര്‍ഥി ഇസ്രത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ്‌കുമാര്‍ എന്ന ജാവേദ് ഷെയ്ക് എന്നിവരടങ്ങുന്ന നാലു പേരെ ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത് 10 വര്‍ഷം മുമ്പായിരുന്നു. ഭരണകൂടം മുന്‍കൂട്ടി തയാറാക്കിയ ഏറ്റുമുട്ടല്‍ തിരക്കഥയുടെ ഭാഗമായിരുന്നു ആ കൊലപാതകങ്ങള്‍. അത്തരം ഹതഭാഗ്യരുടെ നിലവിളികള്‍ ഇന്ത്യയില്‍ ഇന്നും തുടരുന്നുണ്ട് എന്നതാണ് സത്യം.

മനുഷ്യാവകാശങ്ങളെക്കുറിച്ച മൗലികമായൊരു യാഥാര്‍ഥ്യം, നമ്മള്‍ അലസരാകുന്ന നിമിഷത്തില്‍തന്നെ നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടും എന്നതാണ്. സമൂഹത്തില്‍ ഇന്ന് ഏതെങ്കിലും തരത്തില്‍ സ്വാതന്ത്ര്യവും അവകാശങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സമൂഹത്തിന്റെ ജാഗ്രത ഒന്നുകൊണ്ടു മാത്രമാണ്. ജനാധിപത്യ ബോധവും മനുഷ്യാവകാശങ്ങളും രൂപമെടുത്തത് ശൂന്യതയില്‍ നിന്നായിരുന്നില്ല. മറിച്ച്, തീക്ഷ്ണമായ അവകാശ സമരങ്ങളുടെ ഫലമായിക്കൊണ്ടായിരുന്നു. മനുഷ്യരുടെ ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ച ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ് നീതിയുക്തമായ ഒരു സമൂഹത്തിന്റെ സാധ്യതയും നിലനില്‍ക്കുന്നത്. ശുഭാപ്തി വിശ്വാസമാണ് മനുഷ്യനെ മയക്കുന്ന ഏറ്റവും വലിയ കറുപ്പെന്ന മിലേന്‍കുന്ദേരയുടെ പ്രശസ്തമായ ഫലിതം ആ അര്‍ഥത്തില്‍ വളരെ ശരിയാണ്. ഭരണകൂടത്തെ വിമര്‍ശിക്കാന്‍ സാധിക്കുന്ന സാമൂഹിക സാഹചര്യത്തെയാണ് നാം ജനാധിപത്യമെന്ന് വിളിക്കുന്നത്. അതല്ലാത്തൊരു സാഹചര്യം ഫാഷിസത്തിന്റേതാണ്. അധികാരികളെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള ഒരു പൊതു ഇടത്തെ വികസിപ്പിച്ചുകൊണ്ടു മാത്രമേ മനുഷ്യാവകാശങ്ങളെക്കുറിച്ച നിറമുള്ള സ്വപ്നങ്ങള്‍ നമുക്ക് നെയ്‌തെടുക്കാനാവൂ.
334
സമദ് കുന്നക്കാവ്

Related Post