‘ജീവിതത്തില്‍ മാത്രമല്ല, സ്വര്‍ഗത്തിലും ഞങ്ങള്‍ പങ്കാളികളാവണമല്ലോ’
സത്യക്രിസ്ത്യാനിയായ യുവതിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിലേക്ക് കടന്നുവന്ന് മുസ്‌ലിംയുവാവിനെ വിവാഹം കഴിക്കുകയെന്നത് അസാമാന്യധീരതയാണ്. എന്നാല്‍ അവള്‍ തന്റെ മാതാപിതാക്കളെയും മുപ്പതോളം കൂട്ടുകാരെയും അയല്‍ക്കാരെയും ഇസ്‌ലാമിലേക്ക് വഴിനടത്തിയെന്നത് എത്രമാത്രം അത്ഭുതകരമാണ്!.
‘സാല്‍വേഷന്‍ ആര്‍മി മീറ്റിങി’ല്‍ കൃത്യമായി പങ്കെടുത്തുകൊണ്ടിരുന്ന, കടുത്തക്രൈസ്തവവിശ്വാസം വെച്ചുപുലര്‍ത്തിയ കുടുംബമായിരുന്നു ഡെബ്ബി റോജേഴ്‌സിന്റെത്. കൗമാരക്കാരികള്‍ ഹോളിവുഡ്,സ്‌പോര്‍ട്ട്‌സ് താരങ്ങളുടെ ഫോട്ടോകള്‍ സൂക്ഷിച്ചുകൊണ്ടുനടക്കുന്ന അക്കാലത്ത്, റോജേഴ്‌സിന്റെ വീട്ടുചുമരില്‍ യേശുക്രിസ്തുവിന്റെചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ക്രിസ്ത്യാനിസം സമ്പൂര്‍ണമായി തോന്നിയില്ല. ഉത്തരംകിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ മനസ്സില്‍ ബാക്കിയായി. പ്രാര്‍ഥനയില്‍മാത്രം ദൈവവിശ്വാസം ഒതുങ്ങുന്നത് ശരിയാകില്ലെന്ന് തോന്നി.
ഡെബ്ബി തന്റെ ഭാവി ഭര്‍ത്താവായ മുഹമ്മദ് ഭൂട്ടായെക്കാണുന്നത് തന്റെ പത്താമത്തെ വയസിലാണ്. ഭൂട്ടാ ഫാമിലി നടത്തിക്കൊണ്ടിരുന്ന ഷോപ്പിലെ സ്ഥിരം കസ്റ്റമറായിരുന്നു ഡെബ്ബി. അവിടെ മുഹമ്മദ് നമസ്‌കരിക്കുന്നത് അവള്‍ കാണാറുണ്ട്. നമസ്‌കരിക്കുന്ന മുഹമ്മദിന്റെ മുഖത്ത് സംതൃപ്തിയും ശാന്തിയും കളിയാടിയിരുന്നു. മുസ്‌ലിമായതുകൊണ്ടാണ് താന്‍ നമസ്‌കരിക്കുന്നതെന്ന് വിശദീകരിച്ച മുഹമ്മദിനോട് അവള്‍ ചോദിച്ചു.’എന്താണ് മുസ്‌ലിമെന്നു പറഞ്ഞാല്‍?’
മുഹമ്മദിന്റെ സഹായത്തോടെ ഇസ് ലാമിന്റെ ചില വശങ്ങള്‍ ഡെബ്ബി മനസ്സിലാക്കി. പതിനേഴാമത്തെ വയസ്സില്‍ അറബിയിലുള്ള ഖുര്‍ആന്‍ മുഴുവന്‍ അവര്‍ വായിച്ചു. വായിച്ചതെല്ലാം യുക്തിഭദ്രമായിരുന്നു. അതിനാല്‍ ഇസ്‌ലാംസ്വീകരിക്കണമെന്ന് 16-ാമത്തെ വയസില്‍തീരുമാനമെടുത്തു. അങ്ങനെ ഇസ്‌ലാംസ്വീകരിച്ച് ഡെബ്ബി ആഇശയായി മാറി.
ഡെബ്ബി ഇസ്‌ലാംസ്വീകരിച്ചെങ്കിലും ഭൂട്ടാഫാമിലിക്ക് അവരെ തന്റെ മരുമകളായി സ്വീകരിക്കാന്‍ മടിച്ചു. പാശ്ചാത്യന്‍പെണ്‍കുട്ടി തങ്ങളുടെ മൂത്തമകനെ വഴിതെറ്റിക്കുമെന്നും കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും അവര്‍ ഭയന്നു. എന്തായാലും എല്ലാ പ്രതികൂലസാഹചര്യങ്ങളെയും മറികടന്ന് പ്രാദേശികപള്ളിയില്‍ വെച്ച് അവര്‍ വിവാഹിതരായി. മുഹമ്മദിന്റെ ഉമ്മയും സഹോദരിമാരും തുന്നിയ വസ്ത്രമായിരുന്നു ആഇശയുടെ വിവാഹവേഷം.
മുഹമ്മദിന്റെ വല്യുമ്മ അതിനിടെ പാകിസ്താനില്‍നിന്ന് അമേരിക്കയിലെത്തി. വ്യത്യസ്തഗോത്രങ്ങളില്‍നിന്നുള്ള മിശ്രവിവാഹങ്ങള്‍ പോലും വളരെ മോശമായി കണ്ടിരുന്ന സാമൂഹികചുറ്റുപാടില്‍നിന്നായിരുന്നു അവര്‍ വന്നത്. എന്നിട്ടും ആഇശയെക്കാണാന്‍ അവര്‍ കൊതിച്ചു. പഞ്ചാബിയും അറബിയും വായിക്കാന്‍ കഴിയുന്ന നവവധുവെക്കണ്ട് അവര്‍ സംതൃപ്തയായി. അങ്ങനെ ആഇശ പാകിസ്താന്‍ കുടുംബത്തില്‍ ഇഴുകിച്ചേര്‍ന്നു.
ആഇശയുടെ മാതാപിതാക്കളായ മൈക്കലും മര്‍ജാരി റോജറും വിവാഹത്തിന് പങ്കെടുത്തിരുന്നു. തങ്ങളുടെ മകള്‍ സ്വീകരിച്ച ആദര്‍ശവും വേഷവും അയല്‍ക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയായിരുന്നു അവര്‍ക്ക്. ആറുവര്‍ഷം കഴിഞ്ഞപ്പോള്‍ ആഇശ അവരെ ഇസ്‌ലാമിലേക്ക് കൊണ്ടുവന്നു. എന്നാല്‍ സഹോദരി പിന്തിരിഞ്ഞുനിന്നു. അതിനുംമൂന്നുവര്‍ഷങ്ങള്‍ക്കുശേഷം സഹോദരനും ഭാര്യയും കുട്ടികളും ഇസ്‌ലാംസ്വീകരിച്ചു.
ആഇശ അതുകൊണ്ടൊന്നും നിറുത്തിയില്ല. തന്റെ പരിസരത്തുള്ള ‘കൗകേഡന്‍സ്’ എന്ന ടെനമെന്റ് വീടുകളുടെ നിരയിലേക്ക് കടന്നുചെന്നു. സ്‌കോട്ടിഷ് കുടുംബങ്ങളായിരുന്നു അവിടെ താമസിച്ചിരുന്നത്. ഇടവിട്ട ദിവസങ്ങളില്‍ ഇസ് ലാമിനെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 30 ഓളം പേര്‍ക്ക് ഇസ്‌ലാമിന്റെ വെള്ളിവെളിച്ചം എത്തിച്ചുകൊടുത്തു.
പാശ്ചാത്യന്‍ ജീവിതശൈലിയില്‍ ആകൃഷ്ടരായ മുസ്‌ലിംവനിതകള്‍ക്കും അവര്‍ ക്ലാസുകളെടുത്തു. പുരുഷസദസുകളില്‍ പ്രവേശം നിഷേധിക്കപ്പെട്ടവരായിരുന്നു ആ സ്ത്രീകള്‍.
വിവാഹത്തെസംബന്ധിച്ചിടത്തോളം ഉയര്‍ച്ചതാഴ്ചകളുടെ ഋതുഭേദങ്ങളാണ് അവയുടേതെന്ന് ആഇശ പറയുന്നു. പ്രയാസത്തോടൊപ്പം എളുപ്പമുണ്ടെന്ന് ഖുര്‍ആനികവചനം ആശ്വാസം പകരുന്നുവെന്നതാണ് ചിന്തനീയം. മുഹമ്മദുമായുള്ള തന്റെ ജീവിതം പ്രണയാതുരമാണെന്ന് അവര്‍ വെളിപ്പെടുത്തുന്നു: ‘നൂറ്റാണ്ടുകളായി പരിചയമുള്ള, ഒരിക്കലും വേര്‍പിരിഞ്ഞിട്ടില്ലാത്ത സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങള്‍. ഇസ്‌ലാമികപ്രമാണമനുസരിച്ച് ജീവിതത്തില്‍മാത്രമല്ലല്ലോ സ്വര്‍ഗത്തിലും നമ്മള്‍ പങ്കാളികളാണല്ലോ. അത് സുന്ദരമായ ആശയമാണ്.’