സ്വാതന്ത്ര്യം:ഇസ്‌ലാമികഅവകാശങ്ങള്‍

Kerala_Sunset

മനുഷ്യന്റെ പ്രകൃതിപരമായ അവകാശങ്ങളിലൊന്നായിട്ടാണ് ഇസ്‌ലാം സ്വാതന്ത്ര്യത്തെ ദര്‍ശിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ അഭാവത്തില്‍ മനുഷ്യജീവിതത്തിന് ഒരു വിലയുമില്ല. സ്വാതന്ത്ര്യം കവര്‍ന്നെടുക്കപ്പെടുന്നതോടു കൂടി ബാഹ്യമായി അന്നപാനീയങ്ങള്‍ കഴിക്കുകയും ഭൂമുഖത്ത് നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ കൂടി ആന്തരികമായി വ്യക്തി മരിക്കുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന് ഇസ്‌ലാമില്‍ മഹത്തായ സ്ഥാനമാണുള്ളത്. അല്ലാഹുവിനെ കണ്ടെത്തേണ്ടതു പോലും സ്വതന്ത്രമായ ബുദ്ധി ഉപയോഗിച്ചാണെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. വിശ്വാസം പോലും അദൃശ്യവും അല്‍ഭുതകരവുമായ മുഅ്ജിസത്ത് പോലുള്ള ബാഹ്യശക്തിയുടെ സ്വാധീനം ഉപയോഗിച്ച് ഉണ്ടാവേണ്ടതല്ല എന്നാണ് ഇസ്‌ലാമിക വീക്ഷണം. അല്ലാഹു പറയുന്നു:മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു'(അല്‍ ബഖറ:257). മനുഷ്യ ജീവിതത്തിന്റെ പരമ പ്രധാന കാര്യമായ ദീനീ വിശ്വാസം സ്വീകരിക്കുന്നിടത്ത് പോലും ബലാല്‍ക്കാരം പാടില്ല എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യന്‍ സ്വാതന്ത്രദാഹിയാണ്. അവന്റെ സ്വാതന്ത്ര്യത്തിനുമേല്‍ ആരും കൈവെക്കരുത്. അവന്റെ തൃപ്തിയോടും താല്‍പര്യത്തോടും കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് അവന്‍ ഇഷ്ടപ്പെടുക.

സ്വാതന്ത്ര്യം:
ഇഛാനുസൃതമായി ഒരു കാര്യം പ്രവര്‍ത്തിക്കാനും ഉപേക്ഷിക്കാനുമുള്ള മനുഷ്യന്റെ കഴിവിനെയാണ് സ്വാതന്ത്ര്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെയോ ജനതയുടെയോ രാഷ്ട്രത്തിന്റെയോ അടിമയാകാതെ എല്ലാവിധ ആധിപത്യങ്ങളില്‍ നിന്നും മുക്തമായി സ്വതന്ത്രമായ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള മനുഷ്യരുടെ പ്രത്യേക കഴിവാണിത്.

സ്വാതന്ത്ര്യ സങ്കല്‍പം
എല്ലാ വിധ നിയന്ത്രണങ്ങളില്‍ നിന്നുമുള്ള മോചനമാണ് സ്വാതന്ത്ര്യം എന്നത് ഇസ്‌ലാമിക വീക്ഷണമല്ല. ഇത് ദേഹേഛയും വികാരങ്ങളും സൃഷ്ടിക്കുന്ന അരാചകത്വത്തിന് വഴിയൊരുക്കുകയാണ് ചെയ്യുക. ദേഹേഛ മനുഷ്യനെ നിര്‍മിക്കുന്നതിനേക്കാള്‍ സംഹരിക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ടാണ് ദേഹേഛയുടെ വക്താക്കളെ ഇസ്‌ലാം വിലക്കുന്നത്. മനുഷ്യനെ നാഗരിക ജീവിയായിട്ടാണ് ഇസ്‌ലാം കാണുന്നത്. നിരവധി മനുഷ്യ വര്‍ഗങ്ങളോടൊപ്പമാണ് അവന്‍ ജീവിക്കുന്നത്. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങാവരുത്. അതിനാല്‍ തന്നെ വ്യക്തികളുടെയും സംഘങ്ങളുടെയും അനിവാര്യമായ ചില നിയന്ത്രണങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. എല്ലാവരുടെയും സ്വാതന്ത്ര്യത്തെ അത് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഇസ്‌ലാം ചില മാനദണ്ഡങ്ങള്‍ ഇതിന് വെച്ചിരിക്കുന്നു.
1. വ്യക്തികളുടെയും സംഘങ്ങളുടെയും സ്വാതന്ത്ര്യം പൊതു വ്യവസ്ഥയുടെ സുരക്ഷക്ക് ഭീഷണിയാകരുത്.
2. ചെറിയ സ്വാതന്ത്ര്യത്തിന് വേണ്ടി വലിയ അവകാശങ്ങള്‍ ഹനിക്കപ്പെടരുത്.
3. ഒരാളുടെ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് ഉപദ്രവം വരുത്തിവെക്കരുത്.
വ്യക്തികള്‍ക്ക് സംഘങ്ങള്‍ക്കെതിരായോ സംഘങ്ങള്‍ വ്യക്തികള്‍ക്കെതിരായോ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള സ്വാതന്ത്ര്യം ഇസ്‌ലാം അംഗീകരിക്കുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങള്‍ സന്തുലിതമായ രീതിയില്‍ ഇസ്‌ലാം വകവെച്ചു നല്‍കുന്നു.

സ്വാതന്ത്ര്യത്തിന്റെ ഇനങ്ങള്‍:

വ്യക്തിയുടെ ഭൗതിക അവകാശവുമായി ബന്ധപ്പെട്ടവ

വ്യക്തി സ്വാതന്ത്ര്യം:
വ്യക്തികള്‍ക്ക് അവരുടെ കാര്യങ്ങള്‍ സ്വതന്ത്രമായി വിനിമയം ചെയ്യാനുള്ള കഴിവ് ഉണ്ടാകുക എന്നതാണ് ഇത് കൊണ്ടര്‍ത്ഥമാക്കുന്നത്. വ്യക്തിയുമായി ബന്ധപ്പെട്ട വ്യക്തിത്വം, അഭിമാനം, സമ്പത്ത് തുടങ്ങിയവയെല്ലാം അതിക്രമങ്ങളില്‍ നിന്ന് മുക്തമായിരിക്കുകയും നിര്‍ഭയമായ അവസ്ഥ സംജാതമാവുകയും ചെയ്യണം. വ്യക്തി സ്വാതന്ത്ര്യം രണ്ട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
1. വ്യക്തിയുടെ ആദരണീയത: ഇസ്‌ലാം മനുഷ്യന്റെ ആദരണീയത അംഗീകരിക്കുകയും അവന്റെ പദവി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. അത് പവിത്രമായിക്കാണാനും ആരെയും നിസ്സാരമാക്കാനും നിന്ദിക്കാതിരിക്കാനും വസിയ്യത്ത് ചെയ്യുന്നു. അല്ലാഹു പറയുന്നു:മനുഷ്യ പുത്രനെ നാം ആദരിച്ചിരിക്കുന്നു’. നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ‘ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.’ അവരന്വേഷിച്ചു: ‘ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.’ അല്ലാഹു പറഞ്ഞു: ‘നിങ്ങളറിയാത്തവയും ഞാനറിയുന്നു.'(അല്‍ ബഖറ:30). ബുദ്ധിയും ചിന്താ ശക്തിയും നല്‍കി അവനെ ആദരിച്ചു. മറ്റു സൃഷ്ടികളില്‍ നിന്നും അവന് ശ്രേഷഠത നല്‍കുകയും ചെയ്യ്തു. ആഇശ(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു. ‘അല്ലാഹു ആദ്യമായി ബുദ്ധിയെ സൃഷ്ടിച്ചു. എന്നീട്ട് മുന്നോട്ട് വരൂ എന്ന് പറഞ്ഞു, പിന്നീട് പിന്നോട്ട് അടിക്കൂ എന്നു പറഞ്ഞു. അപ്രകാരം പിന്നോട്ട് അടിച്ചു. പിന്നീട് അല്ലാഹു പറഞ്ഞു. നിന്നേക്കാള്‍ ഉത്തമമായ ഒരു സൃഷ്ടിയെ ഞാന്‍ പടച്ചിട്ടില്ല. നിന്നെക്കൊണ്ട് ഞാന്‍ പ്രതിഫലം നല്‍കുകയും ശിക്ഷിക്കുകയും ചെയ്യുന്നു’. മനുഷ്യന്റെ ആദരണീയതക്ക് ഇത്തരം നിരവധി തെളിവുകള്‍ ഉണ്ട്. ഒരു മനുഷ്യന്റെ മേല്‍ അതിക്രമം നടത്തുന്നത് മുഴുവന്‍ മനുഷ്യരുടെയും മേലുള്ള അതിക്രമമായിട്ടാണ് ഇസ്‌ലാം കാണുന്നത്. വ്യക്തിക്ക് സമൂഹത്തിന്റെ പരിഗണനയാണ് നല്‍കുന്നത്. അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്‍പിച്ചു: ‘ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.'(അല്‍ മാഇദ:32). ജാതിയോ മതമോ ലിംഗമോ വര്‍ണമോ പരിഗണിക്കാതെ മനുഷ്യന്‍ എന്ന പരിഗണനയാണ് നല്‍കുന്നത് എന്നത് ശ്രദ്ദേയമാണ്. മനുഷ്യന്‍ മരണപ്പെട്ടാലും ആ ആദരണീയത നിലനിര്‍ത്താന്‍ ബാധ്യസ്ഥനാണ്. അവന്റെ മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് വിലക്കുകയും ഖബറിന്റെ മേല്‍ ഇരിക്കുന്നത് നിരോധിക്കുകയും ചെയ്യുന്നു.

2. വ്യക്തിയുടെ സുരക്ഷിതത്വം:
വ്യക്തിയുടെ ജീവനും അഭിമാനത്തിനും സമ്പത്തിനും സുരക്ഷയും നിര്‍ഭയത്വവും നല്‍കുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവന്‍ ഹനിക്കുക, പരിക്കേല്‍പിക്കുക… അടിക്കുക, തടവിലാക്കുക തുടങ്ങിയ അതിക്രമങ്ങളും, അഭിമാനത്തെ വ്രണപ്പെടുത്തുന്ന ചീത്ത പറയല്‍, പരിഹാസം, ന്യൂനതകള്‍ വെളിപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും വിലക്കുന്നു. ഇതിന്റെ സംരക്ഷണാര്‍ത്ഥമാണ് വ്യത്യസ്ത ശിക്ഷാ നടപടികള്‍ ഇസ്‌ലാം അംഗീകരിച്ചത്.
നീതിമാനായ ജഡ്ജിയുടെ വിധി കൂടാതെ ശിക്ഷിക്കരുതെന്ന് ഉമര്‍(റ) ഗവര്‍ണര്‍മാരോട് കല്‍പിക്കുകയുണ്ടായി. പ്രജകളെ ചീത്ത വിളിക്കുന്നതും നിരോധിക്കുകയുണ്ടായി.

സഞ്ചാര സ്വാതന്ത്ര്യം:
രാഷ്ട്രത്തിനകത്തും പുറത്തും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുക എന്നതാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. സഞ്ചാരം എന്നത് മനുഷ്യന്റെ പ്രകൃതിപരമായ ആവശ്യമാണ്. ജീവിതായോധനം തേടാനും വിഞ്ജാന സമ്പാദനത്തിനുമെല്ലാം ഇത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: അവനാണ് നിങ്ങള്‍ക്ക് ഭൂമിയെ അധീനപ്പെടുത്തിത്തന്നത്. അതിനാല്‍ അതിന്റെ വിരിമാറിലൂടെ നടന്നുകൊള്ളുക. അവന്‍ തന്ന വിഭവങ്ങളില്‍നിന്ന് ആഹരിക്കുക. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ചെല്ലുന്നതും അവങ്കലേക്കുതന്നെ.(മുല്‍ക്:15)

സമൂഹത്തിന്റെ ഉന്നതമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ലാതെ സഞ്ചാര സ്വാതന്ത്ര്യം തടയരുത്. ശാമില്‍ പകര്‍ച്ചവ്യാധി വ്യാപിച്ച സന്ദര്‍ഭത്തില്‍ അവിടത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കിയ ഉമര്‍(റ) വിന്റെ നടപടി ഇത്തരത്തിലുള്ളതാണ്. പ്രവാചകന്‍(സ) പറഞ്ഞു:’ ഒരു പ്രദേശത്ത് പകര്‍ച്ച വ്യാധി ബാധിച്ചു എന്ന് കേട്ടാല്‍ നിങ്ങള്‍ അവിടേക്ക് പോകരുത്. നിങ്ങളുടെ നാട്ടില്‍ അത് ബാധിച്ചു കഴിഞ്ഞാല്‍ അവിടെ നിന്നും പേടിച്ച് കൊണ്ട് നിങ്ങള്‍ ഒളിച്ചോടരുത്’.യാത്രക്കാരുടെ മേല്‍ അതിക്രമം പ്രവര്‍ത്തിക്കുക, വഴികളില്‍ പതിയിരുന്ന് അപകടം സൃഷ്ടിക്കുക, കൊള്ളയടിക്കുക, ഭയപ്പെടുത്തുക…തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കഠിനമായ ശിക്ഷയാണ് ഇസ്‌ലാമിലുള്ളത്. ‘അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്. ഇത് അവര്‍ക്ക് ഈ ലോകത്തുള്ള മാനക്കേടാണ്. പരലോകത്തോ ഇതേക്കാള്‍ കടുത്ത ശിക്ഷയാണുണ്ടാവുക.'(അല്‍മാഇദ:33)

2013-10-23_537856997

പ്രവാചകന്‍(സ) പറഞ്ഞു: ‘വഴികളിലെ ഇരുത്തം നിങ്ങള്‍ സൂക്ഷിക്കുക. അനിവാര്യമായ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്കിരിക്കേണ്ടി വന്നാലോ എന്ന് അവര്‍ ചോദിച്ചു. നബി (സ) പറഞ്ഞു. എങ്കില്‍ വഴിയുടെ  പാലിക്കുക. വഴിയുടെ അവകാശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു.’ദൃഷ്ടി താഴ്ത്തുക, ഉപദ്രവം തടയുക, സലാം മടക്കുക, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക.'(ഹദീസ്). വഴികള്‍ സഞ്ചാര സ്വാതന്ത്ര്യത്തിന് അനുഗുണമായ രീതിയില്‍ വിശാലമാക്കല്‍ നിര്‍ബന്ധമാണ്. സ്വന്തം നാട്ടില്‍ ധനികനാണെങ്കില്‍ പോലും വഴിയാത്രക്കാരനെ അടിയന്തര സാഹചര്യത്തില്‍ സകാത്തിന്റെ വിഹിതം നല്‍കി സഹായിക്കണമെന്നാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്.

പാര്‍പ്പിടാവകാശം:
ഓരോരുത്തരുടെയും സ്ഥിതി അനുസരിച്ച് കൊണ്ട് പാര്‍പ്പിട സങ്കേതമുണ്ടാക്കാനുള്ള സ്വാതന്ത്ര്യമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് സാധിക്കാത്ത ആളുകള്‍ക്ക് യോജിച്ച പാര്‍പ്പിടം തയ്യാറാക്കാനുള്ള ആസൂത്രണങ്ങള്‍ രാഷ്ട്രം ചെയ്യേണ്ടതുണ്ട്. അബൂ സഈദുല്‍ ഖുദ്‌രി (റ)വില്‍ നിന്ന് നിവേദനം:ആരുടെയെങ്കിലും അടുത്ത് വാഹനം മിച്ചമായുണ്ടെങ്കില്‍ വാഹനമില്ലാത്തവന് അത് കൊടുക്കട്ടെ. പാഥേയം കൂടുതലായുള്ളവന്‍ പാഥേയമില്ലാത്തവന് കൊടുക്കട്ടെ(മുസ്‌ലിം). പ്രസ്തുത ഹദീസിന്റെ വെളിച്ചത്തില്‍ ഇമാം ഇബ്‌നു ഹസം വിശദീകരിക്കുന്നു. പ്രജകളുടെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വെള്ളം, പാര്‍പ്പിടം തുടങ്ങിയവ നിര്‍വ്വഹിക്കാന്‍ സക്കാത്തിന്റെയും സമരാര്‍ജിത സമ്പത്തിന്റെയും മുതല്‍ മതിയാവാതെ വന്നാല്‍ ധനികരില്‍ നിന്നും ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യല്‍ രാഷ്ട്രത്തിന്റെ ബാധ്യതയാണ്. മുസ്‌ലിം അമുസ്‌ലിം വേര്‍തിരിവ് ഇല്ലാതെ വെള്ളവും വായുവും പോലെ രാഷ്ട്രത്തിലെ എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണിത്.
ഒരാള്‍ പാര്‍പ്പിടം ഉടമപ്പെടുത്തിയാല്‍ അവന്റെ സങ്കേതം തകര്‍ക്കാനോ അനുവാദമില്ലാതെ അതില്‍ പ്രവേശിക്കാനോ ഒരാള്‍ക്കും അവകാശിമില്ല. റോഡ്, ഹോസ്പിറ്റല്‍ പള്ളി വികസനം തുടങ്ങിയ സമൂഹത്തിന്റെ ഉത്തമ താല്‍പര്യത്തിന് വേണ്ടി അനിവാര്യഘട്ടങ്ങളിലല്ലാതെ ഈ വീടുകള്‍ പിടിച്ചെടുക്കാന്‍ രാഷ്ട്രത്തിന് അനുവാദമില്ല. ചൂഴ്ന്നന്വേഷിക്കാതിരിക്കുക എന്ന ഖുര്‍ആനിക കല്‍പന വീടുകളുടെയും വീട്ടുകാരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. മറ്റൊരാളുടെ വീട്ടിലേക്ക് അനുവാദമില്ലാതെ എത്തിനോക്കിയതിന്റെ പേരില്‍ ഒരാളുടെ കണ്ണ് പൊട്ടിച്ചാല്‍ പോലും വീട്ടുകാരന് അവന്റെ കാര്യത്തില്‍ ഒരു ബാധ്യതയുമില്ല എന്ന് അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം.

ഉടമാവകാശ സ്വാതന്ത്ര്യം:
ഒരു വ്യക്തിക്ക് അവനുദ്ദേശിക്കുന്ന സംഗതി ഉടമപ്പെടുത്താനും വിനിമയം ചെയ്യാനും ശറഈ വിധിയനുസരിച്ച് അതിനെ പ്രയോജനപ്പെടുത്തലുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഉടമാവകാശത്തിന്റെ ഇനങ്ങള്‍
1. വ്യക്തിപരമായ ഉടമാവകാശം:ഒരു വ്യക്തി വല്ലതും ഉടമപ്പെടുത്തുകയും പ്രയോജനമെടുക്കലുമാണ് അത് കൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാം വ്യക്തിക്ക് ഉടമാവകാശം നല്‍കുന്നു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന തത്വമാണിത്. അവന്‍ ഉടമപ്പെടുത്തിയത് കൊള്ളയില്‍ നിന്നും മോഷണത്തില്‍ നിന്നും സുരക്ഷിതമായിരിക്കുക എന്നത് അവന്റെ അവകാശമാണ്. അതിന്റെ മേല്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരുടെ മേല്‍ ശിക്ഷ വിധിക്കുന്നതും ഈ അവകാശത്തിന്റെ ഭാഗമാണ്. വാങ്ങുക, വില്‍ക്കുക, വാടകക്ക് കൊടുക്കുക, ദാനം നല്‍കുക, വസിയ്യത്ത് ചെയ്യുക തുടങ്ങിയ വിനിമയങ്ങള്‍ക്കെല്ലാമുള്ള സ്വാതന്ത്ര്യം ഈ അവകാശത്തിന്റെ ഭാഗമാണ്. മറ്റൊരാളുടെ അവകാശത്തിന് മേല്‍ കൈകടത്താനോ അതുമായി കൂട്ടിമുട്ടാനോ ഇത് വഴിയൊരുക്കരുത്. ഈ അവകാശങ്ങള്‍ക്ക് സ്ത്രീ പുരുഷ വ്യത്യാസമില്ല. അല്ലാഹു പറയുന്നു:
2. സാമൂഹികമായ ഉടമാവകാശം:
അതിന്റെ പ്രയോജനം സമൂഹത്തിലെ എല്ലാ വ്യക്തികള്‍ക്കും ഉപകരിക്കുന്നതാണ്. പള്ളികള്‍, ഹോസ്പിറ്റലുകള്‍, പൊതുവഴികള്‍, നദികള്‍, സമുദ്രങ്ങള്‍ തുടങ്ങിയ പൊതു താല്‍പര്യാര്‍ഥമുള്ള സ്ഥാപനങ്ങള്‍ ഇതില്‍ പെടും. ഭരണാധികാരിക്കോ, മന്ത്രിമാര്‍ക്കോ ഇതില്‍ സ്വാധീനം ചെലുത്താന്‍ അവകാശമില്ല.

തൊഴില്‍ സ്വാതന്ത്ര്യം:
ഇസ്‌ലാം അനുവദനീയമാക്കിയ എല്ലാ ക്രിയാത്മക തൊഴില്‍ സമ്പാദന മാര്‍ഗങ്ങളും ഇതില്‍ ഉള്‍പ്പെടും. ജീവിതായോധനം തേടുക എന്നത് മഹത്തായ കര്‍മമാണ്. പൊതു താല്‍പര്യത്തിന് വിരുദ്ധമാകാത്ത എല്ലാവിധ തൊഴില്‍ സംരംഭങ്ങളിലും ഏര്‍പ്പെടാം. ദൈവിക മാര്‍ഗത്തിലെ സമരത്തോട് ചേര്‍ത്താണ് അധ്വാനത്തെ ഇസ്‌ലാം ദര്‍ശിക്കുന്നത്. പ്രവാചകനും(സ) അനുചരരും തൊഴിലിലേര്‍പ്പെട്ടു ഉന്മേഷത്തിന്റെ പാട് ശരീരത്തിലുള്ള ഒരു വ്യക്തിയുടെ അടുത്ത് കൂടി നടക്കുകയുണ്ടായി. സഹാബാക്കള്‍ ഈ അധ്വാനം അല്ലാഹുവിന്റെ മാര്‍ഗത്തിലായിരുന്നുവെങ്കില്‍ എത്ര നന്നായേനേ എന്നു പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു. ആരെങ്കിലും തന്റെ സന്താനത്തെ വളര്‍ത്താന്‍ വേണ്ടി അധ്വാനത്തിലേര്‍പ്പെടുകയാണെങ്കില്‍ അവന്‍ ദൈവിക മാര്‍ഗത്തിലാണ്. വൃദ്ധരായ മാതാപിതാക്കളെ വളര്‍ത്താന്‍ വേണ്ടിയാണെങ്കില്‍ അതും ദൈവിക മാര്‍ഗത്തിലാണ്. സ്വന്തത്തിന് വേണ്ടിയാണ് അധ്വാനത്തിലേര്‍പ്പെടുന്നതെങ്കില്‍ അതും ദൈവിക മാര്‍ഗത്തിലാണ്. ഒരാള്‍ അധ്വാനത്തിലേര്‍പ്പെടുന്നത് താന്‍പോരിമക്കും അഹന്തനടിക്കാനുമാണെങ്കില്‍ അവന്‍ പിശാചിന്റെ മാര്‍ഗത്തിലാണ്.'(ഹദീസ്). കപ്പല്‍ നിര്‍മാണം, ഇരുമ്പ് നിര്‍മാണം തുടങ്ങിയ വ്യത്യസ്ഥ ജോലികളിലേര്‍പ്പെട്ട പ്രവാചകന്മാരെ പറ്റി ഖുര്‍ആനിലും ഹദീസുകളിലും ദര്‍ശിക്കാം. അധ്വാനം അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചാണെങ്കില്‍ അത് ഒരു ഇബാദത്താണ്. ദൈവ പ്രീതിക്കുള്ള വലിയ മാധ്യമവുമാണത്.

Related Post