മുസ്‌ലിം ഭീകരത : മിത്തും യാഥാര്‍ഥ്യവും

നിവേദിത മേനോന്‍
tumblr_mtf9c4CJvy1sdyj9lo1_1280

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതമായ ഇസ്‌ലാമിനെ കുറിച്ച് പാശ്ചാത്യ-ഇന്ത്യന്‍ മീഡിയകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതവും നിഗൂഢവുമായ പ്രചരണം അധിക ജനങ്ങളുടെയും ചിന്താമണ്ഡലത്തില്‍ ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധാരണകള്‍ നിറച്ചിട്ടുണ്ട്. തങ്ങളുടെ പക്ഷപാത നിലപാടിന്റെ അടിസ്ഥാനത്തില്‍ നിഗൂഢമായ വാര്‍പ്പുമാതൃകകള്‍ നിരത്തിവെച്ച് ഇസ്‌ലാമിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെ തുറന്നു കാട്ടാനുള്ള ഒരു എളിയ ശ്രമമാണിത്.

‘മുസ്‌ലിം’ രാജ്യങ്ങള്‍ മതേതരത്വത്തെ മാനിക്കുന്നില്ല. തങ്ങളുടെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ വെച്ചുപൊറുപ്പിക്കാത്ത മുസ്‌ലിംകള്‍ മറ്റു രാഷ്ട്രങ്ങളില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നു.

25 കോടി മുസ്‌ലിംകളുള്ള ഇന്തോനേഷ്യയാണ് ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രം. പാക്കിസ്ഥാനിലുള്ളതിനേക്കാള്‍ മുസ്‌ലിംകളുണ്ട് അവിടെ. ഇന്തോനേഷ്യയില്‍ മതേതര ജനാധിപത്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ ഒരു പ്രതിബിംബമാണ് ഇന്തോനേഷ്യന്‍ ജനസംഖ്യ. ഇന്ത്യയില്‍ 80% ഹിന്ദുവും 13.4 മുസ്‌ലിമും 2.3% ക്രിസ്ത്യനും ആണെങ്കില്‍ ഇന്തോനേഷ്യയില്‍ 88% മുസ്‌ലിംകളും 9% ക്രിസ്ത്യാനികളും 3% ഹിന്ദുക്കളും 2% ബുദ്ധരുമാണ്. ‘നാനാത്വത്തില്‍ ഏകത്വം’ എന്നതാണ് ഇന്തോനേഷ്യയുടെ ദേശീയ മുദ്രവാക്യം. അതേസമയം, ഇന്ത്യയിലുണ്ടായിട്ടുള്ളത് പോലെ ഇന്തോനേഷ്യയിലും ഇടക്കിടക്ക് കലാപങ്ങളും ബോംബ് സ്‌ഫോടനങ്ങളും അരങ്ങേറിയിട്ടുണ്ട്.

മുസ്‌ലിംകള്‍ ഭൂരിപക്ഷമായ അധിക രാജ്യങ്ങളും മതേതര രാജ്യങ്ങളാണ് എന്നതാണ് യാഥാര്‍ഥ്യം. തുര്‍ക്കി, മാലി, സിറിയ, നൈജര്‍, കസാക്കിസ്ഥാന്‍ തുടങ്ങിയവ ഉദാഹരണം. ഇസ്‌ലാമാണ് ദേശീയ മതമെങ്കിലും ബംഗ്ലാദേശില്‍ മതേതര നിയമ വ്യവസ്ഥയും സര്‍ക്കാറുമാണുള്ളത്. നിയമ വ്യവസ്ഥയുടെ അടിസ്ഥാനം ഇസ്‌ലാമാണെന്ന് അവകാശപ്പെടുന്ന 6 രാഷ്ട്രങ്ങള്‍ മാത്രമാണുള്ളത്. അഥവാ, ഭൂരിപക്ഷ മുസ്‌ലിം രാഷ്ട്രങ്ങളിലുമുള്ളത് മതേതര ഭരണകൂടങ്ങളാണ്, മതേതര സര്‍ക്കാറിന് കീഴിലാണ് ലോകത്തെ ഭൂരിപക്ഷ മുസ്‌ലിംകളും ജീവിക്കുന്നത്.

എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ലെങ്കിലും തീവ്രവാദികളില്‍ ഭൂരിപക്ഷം പേരും മുസ്‌ലിംകളാണ്.

ആരാണ് തീവ്രവാദികളെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍വ്വചിച്ചിട്ടുണ്ട്. ഈ നിര്‍വചന പ്രകാരം മുകളില്‍ പറഞ്ഞ പ്രസ്താവന തീര്‍ത്തും തെറ്റാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ യു.എ.പി.എ നിയമ പ്രകാരം നിരോധം ഏര്‍പ്പെടുത്തിയിട്ടുള്ള തീവ്രവാദ സംഘടനകളില്‍ മുസ്‌ലിം സംഘടനകള്‍ മൂന്നിലൊന്ന് പോലും വരില്ല. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ചാവേര്‍ അക്രമണങ്ങള്‍ നടത്തുന്ന സംഘടന ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ ആണ്. ഈ സായുധ സംഘത്തില്‍ അംഗങ്ങളായവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ്.

ഇന്ത്യയില്‍ നടന്നിട്ടുള്ള ഭൂരിപക്ഷ അക്രമണങ്ങള്‍ക്ക് പിന്നിലും മുസ്‌ലിം സംഘനടകളാണ് എന്ന വാദവും തെറ്റാണ്. ‘സൗത്ത് ഏഷ്യന്‍ ടെററിസം പോര്‍ട്ടലി’ന്റെ റിപ്പോര്‍ട്ട് പ്രകാരം 2005 നും 2014 നുമിടയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളില്‍ അധികവും നടത്തിയിട്ടുള്ളത് വടക്ക് കിഴക്കന്‍ സായുധ സംഘങ്ങളും ‘ഇടതുപക്ഷ തീവ്രവാദി’ സംഘങ്ങളുമാണ്. ഇവയൊന്നും മുസ്‌ലിം സംഘടനകളല്ല. എന്നുമാത്രമല്ല, വടക്ക് കിഴക്കന്‍ സായുധ സംഘങ്ങളിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ‘ഉള്‍ഫ’ ഉന്നത ജാതിക്കാരായ ഹിന്ദുക്കളുടെ നേതൃത്വത്തിലുള്ളതാണ്.

ഇതിനുപുറമെ, ‘ഭീകരത’യുടെ നിര്‍വചനത്തെ സര്‍ക്കാറും പരസ്പരവിരുദ്ധമായും പക്ഷപാതപരമായും ഉപയോഗപ്പെടുത്തുന്നുണ്ട്. ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടാല്‍ അത് ഭീകരതയായി കണക്കാക്കുന്ന സര്‍ക്കാറുകള്‍ 1984 ല്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതിനേയോ 2002 ലെ ഗുജറാത്ത് കലാപത്തില്‍ ആയിരങ്ങള്‍ കൊല ചെയ്യപ്പെട്ടതിനേയോ മുസഫര്‍ നഗറില്‍ 40 പേര്‍ കൊല്ലപ്പെട്ടാലോ 2008 ല്‍ ഒറീസ്സയില്‍ 68 പേര്‍ കൊല്ലപ്പെട്ടതോ ഭീകരതയുടെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാറില്ല. ആയുധങ്ങള്‍ ശേഖരിച്ച് വ്യക്തമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ കലാപങ്ങളും അരങ്ങേറുന്നത്. എന്നാല്‍ എന്തുകൊണ്ട് ഈ കലാപങ്ങള്‍ ഭീകര പ്രവര്‍ത്തനമായി വിലയിരുത്തപ്പെടുന്നില്ല?

മുസ്‌ലിംകളാണ് എപ്പോഴും അക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഹിന്ദുക്കളുടേത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള തിരിച്ചടി മാത്രമാണ്.

കൂട്ടക്കൊലകളെല്ലാം ‘തിരിച്ചടി’യുടേയോ ‘സ്വയം പ്രതിരോധ’ത്തിന്റേയോ പേരിലാണ് ന്യായീകരിക്കപ്പെടാറുള്ളത്. അമേരിക്കയും ഇസ്രയേലും ഫലസ്തീനിലേയും ഇറാഖിലേയും ആയിരങ്ങളെ കൊന്നൊടുക്കിയതിനുള്ള തിരിച്ചടിയായിട്ട് സെപ്തംബര്‍ 11 അക്രമണത്തെ ചിലര്‍ ന്യായീകരിച്ചിട്ടുണ്ട്. 2008 ലെ ഡല്‍ഹിയിലെയും അഹമ്മദാബാദിലെയും ബോംബ് സ്‌ഫോടനങ്ങള്‍ക്ക് മുമ്പ് അയച്ച ഇ-മെയില്‍ സന്ദേശങ്ങള്‍ യാഥാര്‍ഥ്യമാണെങ്കില്‍, ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന കൂട്ടക്കുരുതിക്കും പോലീസ് ഭീകരതക്കും എതിരായ തിരിച്ചടിയായിരുന്നു ആ സ്‌ഫോടനങ്ങള്‍. 2008 ല്‍ ഒറീസ്സയില്‍ നടന്ന ക്രിസ്ത്യന്‍ കൂട്ടക്കൊല വി.എച്ച്.പി നേതാവിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു. ചരിത്രത്തില്‍ ജൂതര്‍ക്കെതിരെ നടന്ന നാസീ കൂട്ടക്കുരുതികളെ ജര്‍മ്മന്‍ നയതന്ത്രജ്ഞര്‍ ന്യായീകരിച്ചിരുന്നതും ജൂതവല്‍ക്കരണത്തിനെതിരെയുള്ള നാസികളുടെ സ്വയം പ്രതിരോധത്തിന്റെയും പ്രതികാരത്തിന്റെയും പേരിലായിരുന്നു.

ചുരുക്കത്തില്‍, പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കാന്‍ എല്ലാ കാലത്തും ഉപയോഗിച്ചിട്ടുള്ള വാദമാണ് ‘സ്വയം പ്രതിരോധവും’ ‘തിരിച്ചടി’യും. ‘തിരിച്ചടി’ എന്ന പ്രയോഗം തന്നെ തികഞ്ഞ മനുഷ്യത്വ വിരുദ്ധമായ പ്രയോഗമാണ്. എം.എന്‍.എസും ശിവസേനയും നടത്തുന്ന അക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായിട്ട് ബീഹാരികള്‍ മഹാരാഷ്ട്രക്കാരെ കൂട്ടക്കൊല നടത്തിയാല്‍ ‘ഹിന്ദുക്കള്‍ തിരിച്ചടിക്കുക മാത്രമാണ്’ എന്ന് വാദിക്കുന്നവര്‍ അതിനെ ന്യായീകരിക്കാന്‍ സന്നദ്ധമാകുമോ? രാജ്യ തലസ്ഥാനത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കുള്ള തിരിച്ചടിയായി വടക്കുകിഴക്കന്‍ നിവാസികള്‍ ഡല്‍ഹിക്കാരെ കൂട്ടക്കൊല ചെയ്താല്‍ ഇവരതിനെ അംഗീകരിക്കുമോ? കൂട്ട ബലാത്സംഘങ്ങളും കൂട്ടക്കുരുതികളും ‘പ്രതികാരത്തിന്റെയും സ്വയം പ്രതിരോധത്തിന്റെയും’ പേരില്‍ ന്യായീകരിക്കപ്പെടുന്നത് സമൂഹത്തിലുണ്ടാകുന്ന മൂല്യ ശോഷണമായിട്ടാണ് മനസ്സിലാക്കപ്പെടേണ്ടത്.

ഹിന്ദുക്കള്‍ മതത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടത്തുന്നില്ല. മറിച്ച് മുസ്‌ലിംള്‍ മാത്രമാണ് അങ്ങനെ ചെയ്യുന്നത്. അവരുടെ മതം അങ്ങനെ ചെയ്യാന്‍ അവരോട് ആവശ്യപ്പെടുന്നുമുണ്ട്.

2002 ല്‍ ഗുജറാത്തിലും 1984 ല്‍ ഡല്‍ഹിയിലും മറ്റു നഗരങ്ങളിലും 1989 ല്‍ ഭഗല്‍പൂരിലും ഉള്‍പ്പെടെ രാജ്യത്ത് നടന്ന അധിക കലാപങ്ങളിലും ന്യൂനപക്ഷങ്ങളാണ് കൊലചെയ്യപ്പെട്ടിട്ടുള്ളത്. (മുസ്‌ലിംകളും സിഖുകാരും). ഹുന്ദുത്വ സംഘടനകള്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളുടെ വാര്‍ത്തകളും അടുത്ത കാലത്തായി നമുക്ക് ലഭിച്ചിട്ടുണ്ട്. ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ഈ ബോംബ് സ്‌ഫോടനങ്ങളില്‍ കൊലചെയ്യപ്പെട്ടതും ന്യൂനപക്ഷ വിഭാഗങ്ങളാണ്. ഹിന്ദുയിസം ആവശ്യപ്പെട്ട പ്രകാരമാണ് അവരീ അക്രമണങ്ങള്‍ നടത്തിയതെന്ന് ആര്‍ക്ക് പറയാനാകും? തീര്‍ച്ചയായും അല്ല, രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതത്തിന്റെ മൂടുപടമണിയിച്ച് രാഷ്ട്രീയ സംഘങ്ങള്‍ ആസൂത്രണം ചെയ്തതായിരുന്നു ഈ അക്രമണങ്ങളെല്ലാം. മുസ്‌ലിംകള്‍ക്കിടയിലുള്ള സായുധ ഗ്രൂപ്പുകളും ചെയ്യുന്നത് ഇതുതന്നെയാണ്. മുസ്‌ലിംകളിലും ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും മറ്റു മതവിശ്വാസികളിലുമുള്ള ഭൂരിപക്ഷം പേരും ആരേയും കൊല്ലാന്‍ താല്‍പര്യപ്പെടുന്നവരല്ല.

മുസ്‌ലിംകള്‍ ഐക്യപ്പെട്ട് ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഐക്യമില്ലാത്തത് കാരണം ഹിന്ദുക്കള്‍ ദുര്‍ബലരായി പോയിരിക്കുന്നു.

യഥാര്‍ഥത്തില്‍ മറ്റുള്ളവരെ പോലെ മുസ്‌ലിംകള്‍ക്കിടയിലും ഭിന്നതയുണ്ട്. മറ്റു മതസമൂഹങ്ങളെ പോലെ മതകീയ വിഷയങ്ങളില്‍ തുടങ്ങി പലവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം കാരണം മുസ്‌ലിംകള്‍ക്കിടയില്‍ വലിയ ആഭ്യന്തര ഭിന്നതയുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യമുണ്ടായിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ അതിനനുസരിച്ചുള്ള പ്രാധിനിത്യം അവര്‍ക്കുണ്ടാകുമായിരുന്നു. എന്നാല്‍ കഴിഞ്ഞ പര്‍ലമെന്റില്‍ ജനസംഖ്യയില്‍ 13 ശതമാനത്തിലധികം വരുന്ന മുസ്‌ലിംകളുടെ പ്രാധിനിത്യം വെറും 5.5% ശതമാനം മാത്രമായിരുന്നു.

എന്നാല്‍ കടുത്ത വിവേചനത്തിന് വിധേയരായതിനെ തുടര്‍ന്ന് ഒരുമിച്ചു ജീവിക്കുന്ന രീതി മുസ്‌ലിംകള്‍ക്കിടയിലുണ്ടായിട്ടുണ്ട്. വിവേചനം അവരെ ചില പ്രത്യേക ഗല്ലികളില്‍ ഒരുമിച്ച് ജീവിക്കാന്‍ നിര്‍ബന്ധിതരാക്കി. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ശാരീരിക സുരക്ഷക്ക് പ്രാധാന്യം നല്‍കാറുണ്ട്. ഒരു ബീഹാരി ഒരിക്കലും ഒരു ശിവസേനാ സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കില്ല, അതുപോലെ ഭൂരിപക്ഷ മുസ്‌ലിംകളും ബി.ജെ.പിക്കും വോട്ട് ചെയ്യില്ല. ഇത് ഏതൊരാളുടെയും സാമാന്യ ബുദ്ധിക്ക് ബോധ്യപ്പെടുന്നതാണ്. നിങ്ങളെ വിദേശിയെന്നും ഭീകരവാദിയെന്നും ദേശ വിരുദ്ധനുമെന്ന് വിളിക്കുന്ന പാര്‍ട്ടി വിജയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കില്ല.

സര്‍ക്കാര്‍ മുസ്‌ലിം പ്രീണനം നടത്തുകയാണ്

വിരോധാഭാസമെന്ന് പറയട്ടെ, മുസ്‌ലിംകള്‍ അങ്ങേയറ്റത്തെ വിവേചനത്തിന് വിധേയരാകുന്നു എന്നാണ് സര്‍ക്കാര്‍ രേഖകള്‍ തന്നെ തെളിയിക്കുന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബസ് സ്റ്റോപ്പ്, റോഡ്, ബാങ്ക് ബ്രാഞ്ചുകള്‍ തുടങ്ങിയവ വളരെ കുറവാണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് മുസ്‌ലിംകള്‍ താമസിക്കുന്ന വീടുകള്‍ അങ്ങേയറ്റം ശോഷിച്ചവയാണ്. മറ്റ് ദരിദ്ര വിഭാഗങ്ങളേക്കള്‍ താഴ്ന്ന ജീവിത നിലവാരമാണ് മുസ്‌ലിംകളുടേത്. ഐ.എ.എസില്‍ മുസ്‌ലിംകളുടെ പങ്കാളിത്തം 3% ഉം ഐ.പി.എസില്‍ 4% ഉം ആണ്. ദലിത്-ആദിവാസി വിഭാഗങ്ങളേക്കള്‍ മോശമാണ് മുസ്‌ലിംകളുടെ അവസ്ഥയെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.

തൊഴില്‍ രംഗത്തും മുസ്‌ലിംകള്‍ വിവേചനത്തിനിരയാകുന്നതായി 2007 ല്‍ ‘ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി’ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഒരു ഉന്നത ജാതി ഹിന്ദുവിന്റെയും ദലിതന്റെയും മുസ്‌ലിമിന്റെയും പേരുകളില്‍ സ്വകാര്യ കമ്പനികളില്‍ 548 ജോലികള്‍ക്ക് അപേക്ഷ നല്‍കി ‘വീക്കിലി’ നടത്തിയ പഠനത്തിലൂടെ മുസ്‌ലിംകളെയും ദലിതരെയും കമ്പനികള്‍ അവഗണിക്കുന്നതിന്റെ ചിത്രം വ്യക്തമാക്കിയിരുന്നു. ദലിതുകളെ മൂന്നിലൊന്ന് ജോലിക്കും മുസ്‌ലിംകളെ മൂന്നില്‍ രണ്ട് ജോലിക്കുമാണ് കമ്പനികള്‍ ഇന്റര്‍വ്യൂവിന് പോലും പരിഗണിച്ചത്. തൊഴില്‍ രംഗത്ത് സ്വകാര്യ മേഖലക്ക് പുറമെ പൊതു മേഖലയിലും മുസ്‌ലിംകള്‍ വിവേചനത്തിന് ഇരയാകുന്നുണ്ട്.

ഹിന്ദുക്കള്‍ക്ക് ജമ്മുകാശ്മീരില്‍ ഭൂമി വാങ്ങാന്‍ കഴിയില്ല!

കാശ്മീരികളല്ലാത്ത ആര്‍ക്കും ജമ്മുകാശ്മീരില്‍ ഭൂമി വാങ്ങാനാകില്ല. അതുപോലെ ഹിമാലചല്‍പ്രദേശിലും അവിടത്തുകാര്‍ക്കല്ലാതെ ഭൂമി വാങ്ങാന്‍ സാധിക്കില്ല, പുറത്ത് നിന്നുള്ളവര്‍ക്ക് നാഗാലാന്റില്‍ പ്രവേശിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം, ഉത്തരാഖണ്ഡില്‍ അന്നാട്ടുകാരല്ലാത്തവര്‍ക്ക് ചെറിയ ഭൂപ്രദേശം മാത്രമേ വാങ്ങാന്‍ അനുവാദം ഉള്ളൂ. പ്രാദേശിക ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഇന്ത്യയുടെ പലഭാഗത്തും ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് മതവുമായി യാതൊരു ബന്ധവുമില്ല.

മുസ്‌ലിം ജനസംഖ്യ ഹിന്ദുക്കളെ അപേക്ഷിച്ച് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നതും ഇതിന് കാരണമാകുന്നുണ്ട്. രാജ്യത്ത് ഭൂരിപക്ഷമാകുക എന്നതാണ് അവരുടെ ലക്ഷ്യം.

ഒരേ സാമ്പത്തിക നിലവാരത്തിലുള്ള ഹിന്ദു യുവതികള്‍ക്കും മുസ്‌ലിം യുവതികള്‍ക്കുമിടയില്‍ സന്താനോല്‍പ്പാദന ശേഷി തുല്യമാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വേയില്‍ വ്യക്തമായിരുന്നു. മൊത്തത്തില്‍ മുസ്‌ലിംകളുടെ ജനസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടെന്നത് ശരിയാണെങ്കിലും ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്‌ലിംകള്‍ അങ്ങേയറ്റം ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ഒരു മതവിഭാഗത്തില്‍ എത്ര കുട്ടികളുണ്ടെന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത് അവര്‍ക്കിടയിലെ ദാരിദ്ര്യവും സൗകര്യങ്ങളുടെ കുറവുമാണ്. മുസ്‌ലിംകള്‍ 25% ത്തോളമുള്ള കേരളത്തിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്കിടയിലുള്ളതിനേക്കാള്‍ കുറഞ്ഞ സന്താനോല്‍പ്പാദന ശേഷിയാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുസ്‌ലിംകള്‍ക്കിടയിലുള്ളത്.

അതേസമയം, മുസ്‌ലിം പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നത് ജനസംഖ്യാ വളര്‍ച്ചക്ക് കാരണമാകുന്നുവെന്ന വാദം തികച്ചും തെറ്റാണ്. മുസ്‌ലിംകള്‍ക്കിടയിലെ സ്ത്രീ-പുരുഷ അനുപാതം ഏറെക്കുറെ തുല്യമാണ്. അങ്ങിനെയാകുമ്പോള്‍ ഒരു പുരുഷന്‍ രണ്ട് വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ വേറൊരാള്‍ക്ക് ഭാര്യ തന്നെ ഉണ്ടാകില്ല. അതോടൊപ്പം, ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം 5.73% മുസ്‌ലിം പുരുഷന്മാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നവരാണെങ്കില്‍ 5.8% ഹിന്ദു പുരുഷന്മാരും ബഹുഭാര്യത്വം പിന്തുടരുന്നവരാണ്.

പാക്കിസ്ഥാന്‍ രൂപീകരണത്തോടെ മുസ്‌ലിംകള്‍ക്ക് ‘അവരുടെ’ രാജ്യം ലഭിച്ചു കഴിഞ്ഞു, ഇനി അവര്‍ ‘നമ്മുടെ’ രാജ്യം വിട്ടു പോകണം.

ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രത്യേക രാജ്യം വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ച രാഷ്ട്രീയ നേതാക്കള്‍ പിന്നീട് ഹിന്ദു മഹാസഭയുടെ ഭാഗമായവരാണ്. ഹിന്ദു മഹാസഭയുടെ പ്രിസിഡന്റായ ഭായ് പരമാനന്ദ 1905 ല്‍ ഇന്ത്യാ വിഭജനം ആവശ്യപ്പെട്ടിരുന്നു. 1940 വരെ മുസ്‌ലിം ലീഗ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടില്ല. മുസ്‌ലിം ലീഗ് ഈ ആവശ്യം ഉന്നയിച്ചതോടെ അതൊരു രാഷ്ട്രീയ അജണ്ടയായി മാറുകയായിരുന്നു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന മൗലാനാ ആസാദ്, ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക മത കലാലയമായ ദയൂബന്ദ് തുടങ്ങി രാജ്യത്തെ ഭൂരിപക്ഷം മുസ്‌ലിംകളും ഇന്ത്യാ വിഭജനത്തെ എതിര്‍ത്തവരായിരുന്നു. പാക്കിസ്ഥാന്‍ രൂപീകരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യം മാത്രമായിരുന്നു, എല്ലാ മുസ്‌ലിംകളുടെയും ആവശ്യമായിരുന്നില്ല.

ചുരുക്കത്തില്‍, മുസ്‌ലിംകളും മനുഷ്യരാണ്. ബഹുസ്വരതയുള്ള മറ്റുള്ളവരെ പോലെ സ്വതന്ത്രമായി ചിന്തിക്കുന്ന ജനവിഭാഗം. മുസ്‌ലിംകള്‍ക്കെതിരെ ജനമനസ്സുകളില്‍ നിരന്തരം വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കലുഷിത സന്ദര്‍ഭത്തില്‍, മനുഷ്യത്വത്തെ മാനിക്കുന്ന ലോകം പടുത്തുയര്‍ത്താന്‍ ഈ വംശീയ മിത്തുകളെ തള്ളിക്കളയേണ്ടത് അനിവാര്യമാണ്.

(ജെ.എന്‍.യുവിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ അധ്യാപികയാണ് ലേഖിക)

വിവ : ജലീസ് കോഡൂര്‍

Related Post