ഒരു പിതാവ് മകള്‍ക്കെഴുതുന്നത്…

 

സ്‌നേഹവാത്സല്യ04-daddaughത്തോടെ ഒരു പിതാവ് മകള്‍ക്കെഴുതുന്നത്…

മകളേ ആഇശാ!

അസ്സലാമുഅലൈകും. ക്ഷേമംനേരുന്നു. ഇന്നത്തെ ‘ന്യൂ സ്‌ട്രെയ്റ്റ് ടൈംസി’ലെ ‘സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍’എന്ന തലക്കെട്ടില്‍വന്ന വാര്‍ത്ത വായിച്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. മലേഷ്യയിലെ ബന്ദര്‍ബാറുവില്‍ ബസ്സ്‌സ്‌റ്റോപ്പിനടുത്ത് പതിനഞ്ചുവയസ്സുകാരിയുടെ മൃതദേഹമാണ് ഓടയില്‍നിന്ന് കണ്ടെടുത്തത്. പുലര്‍ച്ചെ 5.45 ന് അവളെ അവസാനമായി ബസ് സ്‌റ്റോപില്‍ കണ്ടവരുണ്ട്രേത. ക്ലാസധ്യാപികയ്ക്കായി സംഘടിപ്പിച്ച ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു അവള്‍. ധരിച്ചിരുന്ന സ്‌കൂള്‍യൂണിഫോം ആകെ പിച്ചിച്ചീന്തപ്പെട്ടിരുന്നു. ശരീരഭാഗങ്ങള്‍ മുറിഞ്ഞ് ചോരയൊലിച്ചിരുന്നു. ക്രൂരമായ മാനഭംഗത്തിനിരയായാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികനിരീക്ഷണം. അവള്‍ ചെയ്ത തെറ്റ് ഇത്രമാത്രം: സ്‌കൂള്‍ ബസില്‍കയറാന്‍ ഏകയായി ഇരുട്ടത്ത് കാത്തുനിന്നു . ഒരുപെണ്ണിനും താനൊരിക്കലും ആക്രമിക്കപ്പെടില്ല എന്ന് പറയാന്‍ ധൈര്യമില്ലാത്ത കാലമാണിത്.

ഇത് ഒരു ഒറ്റപ്പെട്ട വാര്‍ത്തയല്ല. ദിനേനയെന്നോണം നാം ഇത് കേള്‍ക്കുന്നു. ന്യൂയോര്‍ക്കില്‍, ലണ്ടനില്‍, പാരീസില്‍, ഡെല്‍ഹിയില്‍, കെയ്‌റോയില്‍ ഇങ്ങനെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ത്രീസമൂഹം ആക്രമിക്കപ്പെടുന്നു. അക്രമിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ കുടുംബം മാത്രമല്ല ദുരന്തത്തില്‍ വേദനിക്കുന്നത്. ലോകമനസ്സാക്ഷിയാണ്. ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയായ മനുഷ്യന്‍ നിഷ്‌കളങ്കനും ബുദ്ധിമാനുമായിരുന്നിട്ടും ബോധപൂര്‍വംതന്നെ ധാര്‍മികമൂല്യങ്ങളെ കൈവിട്ട് അധാര്‍മികമൂല്യങ്ങളെ തേടിപ്പിടിച്ച് അവ ആസ്വദിക്കുന്നു. അതുവഴി അവന്‍ ബോധപൂര്‍വം മ്ലേഛവൃത്തിയില്‍ അഭിരമിച്ച് മൃഗങ്ങളെക്കാള്‍ അധപതിക്കുന്നു.

ദുരന്തത്തിനിരയായ ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ദുഃഖം എത്രമാത്രമായിരിക്കും. ചെറുപ്പം തൊട്ടേ അവളെ ക്കുറിച്ച് നല്ല സ്വപ്‌നങ്ങള്‍ നെയ്തിരുന്ന അവളുടെ ഉമ്മയുടെ വേദനയെത്രയെന്നാലോചിച്ചുനോക്കൂ. നിന്റെ ഉമ്മയെ തല്‍സ്ഥാനത്ത് സങ്കല്‍പിച്ചുനോക്കുക. ഹെഡ്‌സ്‌കാര്‍ഫിനെതിരെ സമൂഹത്തില്‍ ഉയര്‍ന്നുവന്ന അനീതിപരമായ പ്രതിഷേധത്തേക്കാള്‍ കടുത്തതാണ് ഈ സംഭവം എന്ന് നിനക്ക് മനസ്സിലാകുന്നില്ലേ. അഭിമാനത്തിന്റെയും അന്തസ്സിന്റെയും സുരക്ഷയുടെയും അടയാളമായ വേഷവിതാനം കൊണ്ട് ഇതിനെയെല്ലാം പ്രതിരോധിക്കാമെന്ന് ധരിച്ചുവശാകേണ്ടതില്ല. സംരക്ഷകനായ ഒരാളുടെ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നത്. എപ്പോഴും സമുദായത്തിന്റെ സംരക്ഷണവൃത്തത്തില്‍നിന്ന് പുറത്താകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആള്‍ത്തിരക്കുള്ള ബസ് സ്‌റ്റോപിലായാലും തനിച്ചാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൈവം നിനക്ക് നല്‍കിയ ബുദ്ധി നീ ഉപയോഗപ്പെടുത്തണം. ഒരിക്കലും കൂട്ടത്തില്‍നിന്ന് തെന്നിത്തെറിച്ച് ഒറ്റപ്പെട്ട ആട്ടിന്‍കുട്ടിയെപ്പോലെ ആകരുത്. ആര്‍ക്കും ചാടിവീണ് ആക്രമിക്കാവുന്ന ഇരയാകാതിരിക്കാന്‍ നീ ദൃഢനിശ്ചയമെടുക്കുക.

മകളേ, നീ ഉണരുക. മനുഷ്യനെന്ന നിലക്ക് എല്ലാ അപകടങ്ങളെയും മുന്‍കൂട്ടിക്കാണാനും പ്രതിവിധിസ്വീകരിക്കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി മുഹമ്മദ് നബി(സ) പഠിപ്പിച്ചുതന്ന മതമാണ് ഇസ്‌ലാം. അതിനെ പിന്തുടരാനാണ് നാം ശ്രമിക്കേണ്ടത്.അല്ലാതെ എതിരിടാനല്ല. നമ്മുടെ ഇച്ഛക്കൊത്ത് അതിലെ നിയമങ്ങള്‍ വളച്ചൊടിക്കരുത്. നിന്റെ മാതാപിതാക്കള്‍ എന്ന നിലക്ക് പ്രായപൂര്‍ത്തിയാകുംവരെ ശരിയായ പാത കാട്ടിത്തരികയെന്ന ബാധ്യത ഞങ്ങള്‍ക്കുണ്ട്. പക്ഷേ, നീ അതിനെക്കുറിച്ച് വേണ്ടത്രമനസ്സിലാക്കിയിട്ടില്ല.

രക്ഷിതാക്കളും സമുദായവും നിന്റെ വ്യക്തിത്വത്തെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുമാറ് അന്തസ്സുള്ളവളും മാന്യയുമായി വളരുകയെന്നതാണ് ഏറ്റവും ശരിയായ മാര്‍ഗം. ടിവിയിലൂടെയും അല്ലാതെയും പ്രസരിച്ചുകൊണ്ടിരിക്കുന്ന ചുറ്റുപാടുമുള്ള പ്രതിലോമസംസ്‌കാരത്തെ സധൈര്യം പ്രതിരോധിക്കുക. എല്ലാവര്‍ക്കും ജീവിക്കാനാകും വിധം ലോകത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ അധ്വാനിക്കുക. ‘അടിപൊളി’ ജീവിതം സ്വപ്‌നം കണ്ടിരിക്കുന്ന, ചിലപ്പോള്‍ മുസ്‌ലിമും മറ്റുചിലപ്പോള്‍ നിഷേധിയും ആയിവേഷംകെട്ടുന്ന കൂട്ടുകാര്‍ക്കെല്ലാം തിരുത്തായി മാതൃകയാര്‍ന്ന ജീവിതം കാഴ്ചവെക്കുക. നിന്റെ മുമ്പില്‍ അമ്പതുവര്‍ഷങ്ങളുണ്ട്(ഇന്‍ശാ അല്ലാഹ്) അത് കര്‍മനിരതമായിക്കൊണ്ട് ആസ്വദിക്കുക. അതിനുമുന്നോടിയായി, സ്വന്തത്തെ എല്ലാ വിധ അഴുക്കുകളില്‍നിന്നും സംരക്ഷിക്കാന്‍ നീ പഠിച്ചിരിക്കണം.

സ്‌നേഹത്തോടെ നിന്റെ പിതാവ്

Related Post