സ്ത്രീ സമത്വം: ഖുര്‍ആനിന്റെ നിലപാട്

Originally posted 2014-09-03 12:08:55.

സ്ത്രീ സമത്വം: ഖുര്‍ആനിന്റെ നിലപാട്

ലിംഗ സമത്വം

422906_10150620461692079_674187078_10881986_1375488386_n

സ്ത്രീകള്‍ ആത്മാവില്ലാത്തവരും അശുദ്ധകളും മൃഗതുല്യരും ആയി കരുതപ്പെടുകയും പുരുഷന്റെ കാമപൂര്‍ത്തീകകരണത്തിനുവേണ്ടി വില്‍പനച്ചരക്കുകളായി ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്. പെണ്‍കുഞ്ഞുങ്ങളുടെ പിറവി തന്നെ ശാപമായി കരുതുകയും അവരെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നിടത്തോളം ക്രൂരവും നിര്‍ദയവുമായിരുന്നു സ്ത്രീകളോടുള്ള അക്കാലത്തെ മനോഭാവം. ചിലര്‍ അവരെ വിവാഹിതരാകുന്നതില്‍ നിന്ന് തടയുകയും ദൈവമാര്‍ഗത്തില്‍ നിന്ന് തടയാനായി കന്യാസ്ത്രീകളാകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. സ്ത്രീ മനുഷ്യന്‍ തന്നെ, പക്ഷേ, അവള്‍ സൃഷ്ടിക്കപ്പെട്ടത് പുരുഷനെ സേവിക്കുന്നതിന് വേണ്ടി മാത്രമാണെന്നായിരുന്നു മറ്റു ചിലരുടെ വീക്ഷണം. വളരെ വൈകി 1967 നവംബര്‍ 7ന്നു മാത്രം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച ‘ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനവിപാടന പ്രഖ്യാപന’ത്തിലെ വിവേചനവിപാടനം, തുല്യാവകാശം, വോട്ടവകാശം, ഉദ്യോഗാവസര സമത്വം, വിവാഹമൂല്യ ക്രയവിക്രയാവകാശം, ഭാര്യ ഭര്‍തൃസമത്വം, വ്യഭിചാരനിരോധം, വിദ്യാഭ്യാസസൗകര്യം, വിദ്യാഭ്യാസാനുകൂല്യ അവസരസമത്വം, തുല്യ ജോലിക്ക് തുല്യ വേതനം തുടങ്ങിയ വകുപ്പുകള്‍ പോലും പ്രശ്‌നപരിഹാരത്തിന് വേണ്ടത്ര ഉതകിയിട്ടില്ലെന്നതിന് ആനുകാലികസമൂഹം മതിയായ തെളിവാണ്.

ലൈംഗികത്തൊഴില്‍ എന്ന ഓമനപ്പേരില്‍ വ്യഭിചാരം അരങ്ങുതകര്‍ക്കുകയാണിപ്പോള്‍. അതുവഴി ഏറ്റുവാങ്ങുന്നതാകട്ടെ എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങളും. സ്ത്രീധന പീഡനങ്ങള്‍ കൊലപാതകം വരെ ചെന്നെത്തുന്നു. സ്ത്രീധനഭയം കാരണം അംനിയോ സെന്‍സസിലൂടെ നടത്തപ്പെടുന്ന ലിംഗനിര്‍ണയത്തില്‍ കുഞ്ഞ് പെണ്ണാണെന്നു കണ്ടാല്‍ ഭ്രൂണഹത്യ നടത്തുന്നു. ബലാല്‍സംഗവും പെണ്‍വാണിഭവും ദിനേനയെന്നോണം പെരുകുകയാണ്. സൗന്ദര്യമത്സരം, കമ്പോളപരസ്യങ്ങള്‍, സിനിമാവ്യവസായം, ടി.വി.സീരിയലുകള്‍ തുടങ്ങിയവയുടെ മറവില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തിന്റെയും നഗ്നതാപ്രദര്‍ശനത്തിന്റെയും കഥകളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. പ്രലോഭനങ്ങള്‍ക്കും അതുവഴി അവിഹിതവേഴ്ചക്കും വഴങ്ങി വഞ്ചിക്കപ്പെടുന്ന പെണ്‍കൊടികള്‍ ജന്മം കൊടുക്കുന്ന പിതൃശൂന്യസന്താനങ്ങളുടെ സംഖ്യ സീമാതീതമായി വര്‍ധിക്കുകയാണത്രെ. ചുരുക്കത്തില്‍ സ്ത്രീകളുടെ അജ്ഞാന കാലത്തെ പരിതാവസ്ഥ ഈ അത്യാധുനികയുഗത്തിലും തുടരുന്നുവെന്നര്‍ഥം.

ഖുര്‍ആനിക വീക്ഷണത്തില്‍ സമത്വം

എന്നാല്‍ 1400ല്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതീര്‍ണമായ ഖുര്‍ആനിന്റേത് എല്ലാ മനുഷ്യരും തുല്യരാണെന്ന വിശാലവും ഉദാത്തവുമായ വീക്ഷണമാണ്. നോക്കൂ: ‘ മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ. അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.’ (4: 1) ‘ ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.’ (49: 13)
മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണ്. അതായത്, അവരെല്ലാവരും ഏകോദരസഹോദരങ്ങളാണ്. അതുകൊണ്ട് തന്നെ സ്ത്രീ-പുരുഷ- വര്‍ണ-വര്‍ഗ-ദേശ-ഭാഷ-ജാതി-മത-സമുദായ-ഗോത്ര-സാമ്പത്തിക മതില്‍ക്കെട്ടുകള്‍ക്കൊന്നും പ്രസക്തിയില്ല. ഇവയൊക്കെയും പരസ്പരം അറിയാനുള്ള ദൈവിക സംവിധാനങ്ങള്‍ മാത്രമാണ്. ദൈവത്തിങ്കലുള്ള സ്ഥാനമാനങ്ങള്‍ക്കു നിദാനം ധര്‍മനിഷ്ഠ മാത്രമാണ്.

ഇണകള്‍
സ്ത്രീ പുരുഷബന്ധത്തെ ഒരു നാണയത്തിന്റെ ഇരുപുറങ്ങളെന്നോണം ഇണകളായിട്ടാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ‘ ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയേയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ)ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.’ (7: 189)
‘ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?’ (16: 72) ‘ ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും (നിങ്ങള്‍ കണ്ടുവോ? ) ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്’ (53: 45,46)

വിവാഹം
നഗ്നത മറക്കാനും കാലാവസ്ഥയുടെ പ്രാതികൂല്യങ്ങളില്‍ നിന്ന് രക്ഷനേടുവാനും അലങ്കാരമായും അക്രമണങ്ങളില്‍ നിന്ന് രക്ഷനേടുവാനുമൊക്കെയായിട്ടാണ് വസ്ത്രം ധരിക്കുന്നത്. ഇതുപോലെയാണ് ഇണകള്‍ തമ്മിലുള്ള ബന്ധമെന്ന് കുര്‍ആന്‍ കൃത്യമായും അതിമനോഹരമായും ചിത്രീകരിക്കുന്നു: ‘….. അവര്‍ (സ്ത്രീകള്‍) നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു.’ (2: 187) വസ്ത്രം മാറുന്നത് പോലെ മാറാമെന്നല്ല; വസ്ത്രവും ശരീരവും പോലെ പരസ്പരം ഒട്ടി നില്‍ക്കുകയും ന്യൂനതകള്‍ മറക്കുകയും രക്ഷയായിരിക്കുകയും കുറ്റങ്ങളെ തടയുകയും ലൈംഗികസദാചാരം ഉറപ്പ് വരുത്തുകയും ചെയ്യുന്നുവെന്നാണ്.
എന്നാല്‍ പക്ഷിമൃഗാദികളെപ്പോലെ സ്ത്രീ-പുരുഷന്മാര്‍ക്കു തോന്നിയവിധം ഇണകളാകാനോ ഇണചേരാനോ ഖുര്‍ആന്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല. ആ അനിയന്ത്രിത സ്വാതന്ത്ര്യത്തിന്റെ ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍- എയ്ഡ്‌സ്, ഗൊണേറിയ, സിഫിലിസ് തുടങ്ങിയ മാരകരോഗങ്ങളുടെ താണ്ഡവം അനുഭവേദ്യമാകുന്ന ഇക്കാലത്ത് പ്രത്യേകിച്ചും – എടുത്തു പറയേണ്ടതില്ലല്ലോ. ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഖുര്‍ആനിക നിര്‍ദേശം നോക്കൂ! ‘ സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശസ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്. അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്‌തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്നപക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം’. (4: 19) അജ്ഞാനകാലത്ത് അറബികളിലാരെങ്കിലും മരിച്ചാല്‍ അയാളുടെ സ്വത്തുക്കളോടൊപ്പം ഭാര്യമാരെയും അനന്തരാവകാശികള്‍ പങ്കിട്ടെടുക്കുമായിരുന്നു. അതുപോലെ ഭാര്യമാര്‍ക്ക് വിവാഹമൂല്യമോ പാരിതോഷികമോ ദാനമായോ കൊടുക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കുവാന്‍ പല കുത്സിതമാര്‍ഗവും അവലംബിച്ചിരുന്നു. ഇവക്കൊക്കെ അറുതി വരുത്തുകയും വിവാഹത്തിലൂടെ മാത്രമേ സ്ത്രീകളെ സ്വന്തമാക്കിക്കൂടുവെന്നും ഭാര്യമാരോട് മര്യാദപൂര്‍വ്വം പെരുമാറണമെന്നും കല്‍പിക്കുകയുമാണ് ഇസ്‌ലാം.

വിവാഹമൂല്യം

വധുവിനെ ഏറ്റെടുക്കുന്നതിന് വേണ്ടി അവളുടെ ഭാഗത്തു നിന്ന് വരന്‍ അക്രമമായി കൈപറ്റുന്ന പണമാണ് സ്ത്രീധനം. അതു വാങ്ങുന്നതും കൊടുക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ ഖുര്‍ആന്‍ നിരോധിക്കുന്നു. അതേസമയം വരന്റെ കഴിവനുസരിച്ച് വധുവിന്നു പാരിതോഷികമായി മഹ്‌റ്(വിവാഹമൂല്യം) സന്തോഷപൂര്‍വം നല്‍കണം. അതു അന്യായമായി തിരിച്ചെടുക്കുവാന്‍ പാടില്ലതാനും. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘ സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക’ (4:4) ‘ അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്.’ (4: 20) പരസ്പരം കാരുണ്യവും സ്‌നേഹവും പങ്കിട്ടുകൊണ്ട് യോജിപ്പിലും സമാധാനത്തിലും കഴിയുകയെന്നതാണ് വിവാഹലക്ഷ്യം. അതിലേക്കുള്ള ചവിട്ടുപടിയാണ് വിവാഹമൂല്യം. കൊടുക്കുന്ന വരനും കിട്ടുന്ന വധുവിനും സന്തോഷം. മാനുഷികകാരണങ്ങളാല്‍ ബന്ധം ബന്ധനമാകുന്ന ദുരവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് വിവാഹമോചനം അനുവദിക്കപ്പെടുന്നത്. അപ്പോള്‍ പോലും വിവാഹമൂല്യം തിരിച്ചുവാങ്ങരുതെന്ന ഉദാത്തനിര്‍ദേശമാണ് ഖുര്‍ആനിന്റേത്.

ജീവനാംശം

നിര്‍ബന്ധിതാവസ്ഥയില്‍ വിവാഹമോചനം നടത്തേണ്ടി വന്നാല്‍ തന്നെ വിവാഹമൂല്യം തിരിച്ചുവാങ്ങരുതെന്നു മാത്രമല്ല; ഭര്‍ത്താവ് ഭാര്യക്ക് കഴിവിന്നനുസരിച്ച് മതാഅ് (ജീവനാംശം) നല്‍കുക കൂടി വേണം. ഖുര്‍ആന്‍ കല്‍പിക്കുന്നു: ‘ വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രെ.’ (2:24) സ്ത്രീ പരിഗണനയുടെ ഉദാത്തഭാവം!

വിവാഹം പാടില്ലാത്ത ബന്ധങ്ങള്‍

വിവാഹവിഷയത്തില്‍ പവിത്രത കാത്തുസൂക്ഷിക്കാന്‍ പര്യാപ്തമായ ചില നിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നു: ‘ നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്; മുമ്പ് ചെയ്തുപോയതൊഴികെ. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ചമാര്‍ഗവുമാകുന്നു. നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടിമുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തു പുത്രന്മാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വേള്‍ക്കുന്നതില്‍) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന് പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടു സഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു) മുമ്പ് ചെയ്തുപോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു)’ (4: 22-24)

പുനര്‍ വിവാഹം

ഭര്‍ത്താവ് മരണപ്പെടുകയോ വിവാഹമോചനം ചെയ്യുകയോ ചെയ്യുന്ന സ്ത്രീകള്‍ അഭിശപ്തരായി കഴിയുന്നതിന്നു പകരം പുനര്‍വിവാഹത്തിലൂടെ ജീവിതം ആശ്വാസകരവും ഫലദായകവുമാക്കാനാണ് ഖുര്‍ആനിന്റെ അനുവാദം. ‘ നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍(ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.’ (2: 234) വിവാഹമുക്തക്കു പുനര്‍ വിവാഹത്തിനുള്ള സ്വാതന്ത്ര്യം ഖുര്‍ആനിലെ 2: 230 ല്‍ വ്യക്തമാക്കുന്നുണ്ട്.

അവകാശങ്ങള്‍

സ്ത്രീകള്‍ക്ക് പല നിലകളിലുമുള്ള കടമകളുണ്ട്. അതുപോലെത്തന്നെ അവര്‍ക്ക് ഖുര്‍ആന്‍ അവകാശങ്ങളും വകവെച്ചുകൊടുക്കുന്നു: ‘…. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെതന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്…’ (2: 228) സ്ത്രീകള്‍ക്കു സാമ്പത്തികബാധ്യതകളില്ല. ഖുര്‍ആന്‍ പറയുന്നു: ‘…. പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്…’ (4:34) സാമ്പത്തിക ബാധ്യതകളെല്ലാം പുരുഷന്നാണ്. എന്നിട്ടും സ്ത്രീക്കു ഖുര്‍ആന്‍ സ്വത്തവകാശം നല്‍കുന്നു. ഖുര്‍ആനിലെ നിയമങ്ങള്‍ക്ക് വിധേയമായി സ്ത്രീകള്‍ക്ക് അധ്വാനിക്കുകയും സമ്പാദിക്കുകയും ചെയ്യാം. ‘…. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്….’ (4: 32) മാതാവിനു ഖുര്‍ആന്‍ ന്ല്‍കുന്ന പദവി നോക്കൂ! ‘…. ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ട് വര്‍ഷം കൊണ്ടുമാണ് – എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം ( എന്നാണ് അനുശാസിച്ചത്)’ (31: 14)

ദ്രോഹം നിഷിദ്ധം
അതേ സമയം സ്ത്രീകളെ ദ്രോഹിക്കാന്‍ പുരുഷന്മാര്‍ക്കവകാശമില്ല. ഖുര്‍ആന്‍ പറയുന്നു: ‘…. ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്….’ (2: 231) പെണ്‍കുഞ്ഞുണ്ടാകുന്നത് തന്നെ സന്തോഷവാര്‍ത്തയായിട്ടാണ്. ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് കാണുക: ‘ അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു.’ (16: 58) അജ്ഞാനകാലത്തെ അവസ്ഥ അതായിരുന്നു. എന്നിട്ട് അപമാനഭാരത്താല്‍ ആ പൊന്നോമനയെ ജീവനോടെ കുഴിച്ചുമൂടുമായിരുന്നു. അത്തരക്കാരെ ഖുര്‍ആന്‍ അന്ത്യനാളിലെ വിചാരണയെപ്പറ്റി ഓര്‍മിപ്പിക്കുന്നു: ‘(ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്.’ (81: 8,9) പെണ്‍കുഞ്ഞിന് പിറക്കുവാനും ജീവിക്കുവാനുമുള്ള മഹത്തായ അവകാശമാണ് ഖുര്‍ആന്‍ സ്ഥാപിച്ചുകൊടുക്കുന്നത്.

വിജ്ഞാനസമ്പാദനാവസര സമത്വം

വിശ്വാസങ്ങളും കര്‍മങ്ങളും സംശുദ്ധമാക്കുന്നതിനും ജീവിതം ഫലദായകമാക്കുന്നതിനും ഉപകാരപ്രദമായ അറിവ് സമ്പാദിക്കുകയെന്നത് അനിവാര്യമാണ്. ഖുര്‍ആനിലെ പ്രസ്താവനകള്‍ നോക്കൂ! ‘ … അല്ലാഹുവേ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു.’ (35: 28) ‘ …. പറയുക! അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ. ബുദ്ധിമാന്മാര്‍ മാത്രമേ മനസ്സിലാക്കുകയുള്ളൂ.’ (39: 9) ഇങ്ങനെ വിജ്ഞാനത്തിന്റെ പ്രാധാന്യവും അതാര്‍ജ്ജിക്കുന്നതിന്റെ പ്രസക്തിയും അനാവരണം ചെയ്യുന്ന ആയത്തുകളൊന്നിലും സ്ത്രീ-പുരുഷവിവേചനം കാണിക്കുന്നില്ല. അവയെല്ലാവര്‍ക്കും സമമാണ്. അതുകൊണ്ട് വിജ്ഞാനസമ്പാദനത്തിനുള്ള അവസരം എല്ലാവര്‍ക്കും ലഭ്യമാക്കണം.

പാപമോചനസമത്വം

കുഞ്ഞ് ആണായാലും പെണ്ണായാലും ശുദ്ധപ്രകൃതിയോടു കൂടിയാണ് ജനിക്കുന്നത്. എന്നാല്‍ ഇരുകൂട്ടരും തെറ്റു ചെയ്യാന്‍ സാധ്യതയുള്ളവരുമാണ്. മോചനമാര്‍ഗം നിഷ്‌കളങ്കമായ പശ്ചാത്താപം മാത്രമാണ്. അതു സ്വീകരിക്കുന്നതിലും പാപമോചനം നല്‍കുന്നതിലും  അല്ലാഹു ഒരു വിവേചനം കാണിക്കുകയില്ലെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘ (അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തൂസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍- ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.’ (33: 35) ‘ അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല.’ (3: 195) ‘ സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും…’ (9: 72)

സാഹോദര്യം

ഖുര്‍ആനികനിയമങ്ങളുടെ ചരടില്‍ കോര്‍ക്കപ്പെട്ട സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം സഹോദരങ്ങളും മിത്രങ്ങളുമാകുന്നു: ‘ സത്യവിശ്വാസികള്‍ സഹോദരന്മാര്‍ മാത്രമാകുന്നു…’ (49: 10) ‘ സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.’ (9: 71)

ചാരിത്ര്യസംരക്ഷണം

ഇങ്ങനെയുള്ള സമത്വങ്ങളൊക്കെ അനുവദിക്കുന്നതോടു കൂടിത്തന്നെ സ്ത്രീകളുടെ ചാരിത്ര്യസംരക്ഷണത്തിനും സുരക്ഷിതത്വത്തിനും അനുപേക്ഷണീയങ്ങളായ സംവിധാനങ്ങളും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. നോക്കൂ! ‘സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ…’ (24: 31) ‘ നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.’  പുരുഷന്റെ ശ്രദ്ധയെ ആകര്‍ഷിക്കുകയും മൃദുലവികാരങ്ങളെ ഇക്കിളിപ്പെടുത്തുകയും ചെയ്യാറുള്ള വേഷവിധാനങ്ങളും അനിയന്ത്രിത ഇടപഴകലുകളും സ്ത്രീക്ക് വരുത്തിവെക്കുന്ന വിനകളുടെ ഗൗരവം പരിഗണിക്കുമ്പോഴാണ് അവള്‍ക്കു സുരക്ഷയും ചാരിത്ര്യസംരക്ഷണവും ഉറപ്പുവരുത്തുവാന്‍ പര്യാപ്തങ്ങളായ ഖുര്‍ആനികാധ്യാപനങ്ങളുടെ മഹത്വം ബോധ്യപ്പെടുക.
ഇതുപോലെ പുരുഷന്മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പാദസ്വരം, വളകള്‍ എന്നിവയുടെ കിലുക്കവും പാദരക്ഷകളുടെ ശബ്ദവും മറ്റും സുരക്ഷിതത്വത്തെ ബാധിക്കുന്നതു കൊണ്ട് വര്‍ജിക്കേണ്ടതാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക: ‘ തങ്ങള്‍ മറച്ചുവെച്ചിരിക്കുന്ന അലങ്കാരം അറിയപ്പെടാന്‍ വേണ്ടി തങ്ങള്‍ കാലിട്ടടിക്കുകയും ചെയ്യരുത്…’ (24: 31).

 

Related Post