ഇതര മതങ്ങളോടും മതസ്ഥരോടും സ്‌നേഹ സാഹോദര്യത്തില്‍ വര്‍ത്തിക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന. വിശുദ്ധ ഖുര്‍ആന്‍ പല യിടത്തും അത് സത്യവിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്. ‘മതത്തില്‍ ബലാല്‍ക്കാരമില്ല’ (അല്‍ബഖറ 256). നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലെല്ലാവരും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ. (യൂനുസ് 99) ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും സത്യവിശ്വാസം സ്വീകരിക്കാനാവില്ല. (യൂനുസ്-100)
എല്ലാ മതങ്ങളോടും സഹിഷ്ണതയും സ്‌നേഹഭാവങ്ങളും പ്രകടിപ്പിക്കാനുള്ള ആഹ്വാനമാണ് ഇസ്‌ലാമില്‍ മുഴങ്ങിക്കേള്‍ക്കാനാവുക. ഗോത്രങ്ങളും മതങ്ങളും തമ്മില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും നിലനിന്നിരുന്ന ഒരു കാലത്താണ് ഇതര മതസ്ഥരോടു സഹിഷ്ണുതയോടെ സഹവര്‍ത്തിക്കണമെന്ന അധ്യാപനവുമായി ഇസ്‌ലാം കടന്നുവരുന്നത്. ഇസ്‌ലാമിക നിയമത്തിനു കീഴിലുള്ള ഒരു ഭരണകൂടത്തിന് കീഴില്‍ ഇസ് ലാമല്ലാത്ത മുഴുവന്‍ മനുഷ്യര്‍ക്കും അവരുടെ വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്രവും നിലനിര്‍ത്താന്‍ ഇസ്‌ലാമിക ശരീഅത് അനുവാദം നല്‍കുന്നുണ്ട്. മുസ്‌ലിംകള്‍ അമുസ്‌ലിംകളെ എല്ലാ കാലത്തും ഇസ്‌ലാമിലേക്കു പ്രബോധനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാം സ്വീകരിക്കാന്‍ ജനങള്‍ക്ക് മേല്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ല. ജേതാക്കളുടെ അവകാശങ്ങള്‍ തന്നെ പരാജിതര്‍ക്കും ലഭിക്കുകയും അവരെ പോലെ പരിഗണിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കീഴടക്കപ്പെട്ട ജനത ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. ഇന്നോളമുള്ള മനുഷ്യ ചരിത്രത്തില്‍ ജേതാക്കളുടെ പരിഗണനയും അവകാശങ്ങളും കീഴടക്കപ്പെട്ട ഒരു ജനതക്കും ലഭിച്ചിട്ടില്ല. എന്നല്ല താന്താങ്ങളുടെ നാട്ടില്‍ അവര്‍ രണ്ടാംകിട പൗരന്‍മാരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായിരുന്നു.
ഇസ്‌ലാം അന്യമതസ്ഥര്‍ക്ക് അവരുടെ വിശ്വാസ സ്വാതന്ത്ര്യവും അനുഷ്ഠാന സ്വാതന്ത്രവും അനുവദിക്കുക മാത്രമല്ല, അവരുമായി ദീനിലും രാഷ്ട്രീയത്തിലും സാമൂഹിക രംഗങ്ങളിലുമെല്ലാം സഹവര്‍ത്തിത്വം കാത്തുസൂക്ഷിച്ചു. മറ്റുള്ളവരുടെ വിശ്വാസസ്വാതന്ത്ര്യത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും കൂച്ചുവിലങ്ങിടുന്നത് ഇസ്‌ലാം വിലക്കി. കുതര്‍ക്കം ഇസ്‌ലാമിന് അന്യമാണ്. ‘നിങ്ങള്‍ക്ക് വിവരമില്ലാത്ത കാര്യങ്ങളില്‍ തര്‍ക്കിക്കുന്നതെന്തിന്’ (ആലുഇംറാന്‍ 66) എന്നു ചോദിച്ചു അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ഖുര്‍ആന്‍. അതിനാല്‍ നിങ്ങള്‍ മഹദ്കൃത്യങ്ങളില്‍ പരസ്പരം മത്സരിച്ചു മുന്നേറുവിന്‍, നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിലേക്കാണ്. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെ നിജസ്ഥിതി അല്ലാഹു പിന്നീട് നിങ്ങളെ അറിയിക്കുന്നതാണ്. (അല്‍മാഇദ 48). ഇതരമതസ്ഥരുടെ മൂര്‍ത്തികളെയും ആരാധ്യരെയും ഭത്സിക്കരുതെന്നും ഇകഴ്ത്തരുതെന്നും ഖുര്‍ആന്‍ വിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്. ‘അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. . അങ്ങനെചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും.(അല്‍ അന്‍ആം 108)
യുദ്ധ സന്ദര്‍ഭങ്ങളിലുള്ള ഇസ്‌ലാമിന്റെ നിയമങ്ങള്‍ പോലും അത് മനുഷ്യത്വത്തിന് എത്രമാത്രം വിലകല്‍പ്പിക്കുന്നുണ്ടെന്നതിന് ഏറ്റവും നല്ല തെളിവാണ്. അത്തരം നിയമങ്ങള്‍ പൊതു നിയമങ്ങളായിട്ടാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. നിങ്ങളോടു യുദ്ധം ചെയ്യുന്നവരോടു അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ പോരാടിക്കൊള്ളുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’….അവര്‍ നിങ്ങളോടു യുദ്ധം ചെയ്താല്‍ നിങ്ങളവരെ വധിക്കുക’ (അല്‍ബഖറ 190,191)
ശാത്രവത്തിന്റെയും അക്രമത്തിന്റെയും മനോഭാവങ്ങള്‍ ഇസ്‌ലാമിലില്ല. യുദ്ധത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുന്നവരോടു നിങ്ങള്‍ക്ക് യുദ്ധം ചെയ്യാം. എന്നാല്‍ നിങ്ങള്‍ യുദ്ധത്തിനു പുറത്ത് ശാത്രവത്തോടെ പെരുമാറരുത് എന്നതാണ് ഇസ്‌ലാമിന്റെ തത്ത്വം.
ഇസ്‌ലാമിന്റെ വിമര്‍ശകരില്‍ ചിലര്‍ അധികനാടുകളിലെയും ജനങ്ങള്‍ ഇസ്‌ലാമിലേക്കു കടന്നു വന്നത് മുസ്‌ലിംകളുടെ പ്രലോഭനത്താലും ഭീഷണിയാലും ആണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. കൈസര്‍ ചക്രവര്‍ത്തി പരാജയപ്പെട്ടപ്പോള്‍ പേര്‍ഷ്യന്‍ ജനത ഇസ്‌ലാമിലേക്കു കടന്നുവന്നത് മുസ്‌ലിംകള്‍ അവരുടെ മേല്‍ ചെലുത്തിയ സമ്മര്‍ദ്ദമാണെന്ന് തെളിവായി ഉദ്ധരിക്കുന്നവരുണ്ട്. എന്നാല്‍ ഈ വിമര്‍ശകര്‍ മറക്കുകയോ ബോധപൂര്‍വം അവഗണിക്കുകയോ ചെയ്യുന്ന ഒരു കാര്യമുണ്ട്. ആ നാടില്‍ ഇസ്‌ലാം എത്തുമ്പോള്‍ അവിടെ നിലനിന്നിരുന്ന അവസ്ഥയെന്തായിരുന്നുവെന്ന സത്യം അവര്‍ അവഗണിക്കുന്നു. ഒരു മതത്തിന്റെയും എന്തെങ്കിലും അടയാളം ആ സമുഹത്തില്‍ അവശേഷിച്ചിരുന്നില്ല. ആ സമൂഹം രണ്ട് ദുരന്തങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. തങ്ങളെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന രണ്ട് ദുരന്തങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിക്കാന്‍ ആ സമൂഹങ്ങള്‍ നിര്‍ബന്ധിതരായിരുന്നു.
പൗരോഹിത്യം ആ ജനതയെ അന്ധവിശ്വസങ്ങളിലേക്കും അബദ്ധജടിലങ്ങളായ അനാചാരങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
മറുഭാഗത്ത് അതിക്രമം പ്രവര്‍ത്തിച്ച ഭരണകൂടം സകലവിധം ദുര്‍നടപ്പിലും തെമ്മാടിത്തത്തിലും ആ ജനതയെ തളച്ചിട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇസ്‌ലാം അങ്ങോട്ടു കടന്നുചെന്നത്.
ഇസ്‌ലാമിക സമൂഹം ആ നാട്ടില്‍ പ്രവേശിച്ച് മനുഷ്യത്വത്തിന്റെയും യുക്തിയുടെയും ദീനിനെ ജനങ്ങളിലേക്ക് പ്രബോധനം ചെയ്യേണ്ടതാമസം, അവരതില്‍ ആകൃഷ്ടരാവുകയും സമത്വത്തിന്റെയും നീതിയുടെയും ഈ ദീനിലേക്ക് കൂട്ടംകൂട്ടമായി പ്രവേശിക്കുകയുമായിരുന്നുവെന്നതാണ് സത്യം.
ഫ്രഞ്ച് ചരിത്രകാരനായ നപൂര്‍ അറബികളുടെയും മുസ്‌ലിംകളുടെയും ചരിത്രം എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ലോകത്തിലെ ഒരു മതത്തിനും അതിന്റെ അനുയായികളെ ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ യുദ്ധത്തിലേക്കു നയിക്കാതിരിക്കാന്‍ ആയിട്ടില്ല. ഇസ് ലാമിന്റെ കാര്യവും മറിച്ചല്ല. എന്നാല്‍ യുദ്ധത്തിന് ശേഷം കീഴടക്കപ്പെട്ട സമൂഹത്തില്‍ ശക്തമായി പ്രബോധനപ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാം നടത്തി.’
് ലോകത്തുള്ള ഇസ്‌ലാമേതരമതങ്ങളുടെ രാഷ്ട്രീയബോധം പരിശോധിക്കുകയാണെങ്കില്‍ ഇസ്‌ലാമിനോളം വിശാലതയും സഹിഷ്ണുതയും കാണിച്ച ഒരു മതത്തെ കാണുക സാധ്യമല്ല. ചില മുസ്‌ലിം ഭരണാധികാരികള്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഏതെങ്കിലും ചില കാലഘട്ടങ്ങളില്‍ തീവ്രനിലപാടുകള്‍ കാണിച്ചിട്ടുണ്ട് എന്നതു ശരിയാണ്. എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ അന്തസത്ത എപ്പോഴും സഹിഷ്ണുതയിലേക്കു ക്ഷണിക്കുന്നുവെന്നതാണ്. അത്തരം ഉദാഹരണങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ വേണ്ടുവോളമുണ്ട്
മദീനയില്‍ എത്തിയ തിരുമേനി യഹൂദികളുമായി കരാറുണ്ടാക്കിയതും ക്രൈസ്തവ രാജാവിനു കത്തെഴുതിയതുമെല്ലാം അതിന്റെ നല്ല ഉദാഹരണങ്ങളാണ്്. മാത്രമല്ല, തിരുമേനി ചുറ്റുമുള്ള സമൂഹങ്ങളും ഗോത്രങ്ങളുമായുണ്ടാക്കിയ കരാറില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച്് ജീവിക്കാനുള്ള സ്വാതന്ത്ര്യം വിഭാവന ചെയ്യുന്നുണ്ട്. മുസ്‌ലിംകള്‍ക്കുണ്ടായിരുന്നതു പോലെയുള്ള അവകാശങ്ങളും ആനുകുല്യങ്ങളും മറ്റുള്ളവര്‍ക്കും വകവെച്ചു നല്‍കുന്നതായിരുന്നു ആ കരാര്‍. മനുഷ്യ ചരിത്രത്തില്‍ ആദ്യമായി നിര്‍മ്മിക്കപ്പെടുന്ന എഴുതപ്പെട്ട ഭരണഘടനായായി്ട്ടാണ് ചരിത്രത്തില്‍ ആ കരാറുകള്‍ അറിയപ്പെടുന്നത്.
ചരിത്രം പരിശോധിച്ചാല്‍ ഏകസ്രഷ്ടാവിന്റെ സൃഷ്ടികളാണ് നാമേവരും എന്ന സത്യം എല്ലാ സമൂഹങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും ഇസ്‌ലാം അറിയിച്ചുകൊടുത്തിട്ടുള്ളതായിക്കാണാം.