നോമ്പ്(വ്രതം).

 

ഇസ് ലാം, വിശ്വാസവും അനുഷ്ഠാനവും സമന്വയിപ്പിച്ച മതമാണ്. വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പിറകേ തദനുഗുണമായ അനുഷ്ഠാനങ്ങള്‍ വരുന്നു. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ അനുഷ്ഠാനപരമായ ചതുര്‍സ്തംഭങ്ങളാണ്. ഈ അധ്യായത്തില്‍ വ്രതാനുഷ്ഠാനത്തിന്റെ അന്തസ്സത്തയെയും നിര്‍വഹണരീതിയെയും സംബന്ധിച്ചുള്ള പര്യാലോചനകളിലേക്ക് പ്രവേശിക്കാം.muhimmath at mahdin (7)

സൗമിന്റെ ഭാഷാര്‍ഥം
നോമ്പ് എന്ന് അര്‍ഥം കല്‍പിക്കുന്ന സ്വൗം, സ്വിയാം എന്നിവയുടെ അടിസ്ഥാന ആശയം പരിവര്‍ജനം, സംയമനം എന്നൊക്കെയാണ്.
‘ഇമാം നവവി ശര്‍ഹു മുസ് ലിമിലും ഇമാം ഇബ്‌നു ഹജര്‍ അസ്‌ക്വലാനി ഫത്ഹുല്‍ ബാരിയിലും പറയുന്നു: ‘സ്വിയാം’ എന്നാല്‍ സംയമനം എന്നര്‍ഥം.’ (നൈലുല്‍ഔത്വാര്‍ വാള്യം 4, പേജ് 258)
‘സ്വിയാം എന്ന വാക്കിന്റെ ഭാഷാര്‍ഥം സമ്പൂര്‍ണമായ സംയമനം എന്നതാണ്. ഒരാള്‍ തന്റെ സംസാരവും ഭക്ഷണവും വര്‍ജിച്ചു. എന്നിട്ടയാള്‍ സംസാരിച്ചുമില്ല, ഭക്ഷിച്ചുമില്ല. എങ്കില്‍ ഭാഷാര്‍ഥത്തില്‍ അവനെ ‘സ്വാഇം’ എന്നു വിളിക്കാം. ‘പരമകാരുണികന് ഞാന്‍ ‘സ്വൗമ്’ നേര്‍ന്നിരിക്കുന്നു (വി.ഖു 19:26)എന്ന ഖുര്‍ആന്‍ വാക്യത്തിലെ ‘സ്വൗം’ ഭാഷാര്‍ഥത്തില്‍ പ്രയുക്തമായതാണ്. അതായത് സംസാരം വര്‍ജിക്കാമെന്ന് ശപഥം ചെയ്തിരിക്കുന്നു.’ (കിതാബുല്‍ ഫിഖിഹി അലല്‍ മദാഹിബില്‍ അര്‍ബഅ 1:541) മര്‍യം ബീവിയുടെ മൗനവ്രതത്തെക്കുറിച്ചാണ് മേല്‍ ഖുര്‍ആന്‍ വാക്യത്തില്‍ ‘സ്വൗം’ എന്ന പ്രയോഗം വന്നിരിക്കുന്നത്.

സാങ്കേതികാര്‍ഥം
ഉദയം മുതല്‍ അസ്തമയം വരെ ദൈവപ്രീതിക്കായി തീനും കുടിയും ഭോഗവും വര്‍ജിക്കുക എന്നതാണ് സാങ്കേതികാര്‍ഥത്തില്‍ ‘സ്വിയാം’ (വ്രതം).
‘പ്രാഭാതോദയം മുതല്‍ അസ്തമയം വരെയുള്ള കാലയളവില്‍ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആശിച്ച്, ഭക്ഷണ പാനീയങ്ങളും കാമപൂര്‍ത്തീകരണവും വര്‍ജിക്കുക; കുറ്റകൃത്യങ്ങളില്‍ അല്ലാഹുവിന്റെ കല്പനകള്‍ സര്‍വാത്മനാ അനുസരിക്കാന്‍ കഴിയുന്ന വിധം പരിശീലനം നേടുക – ഇതാണ് സാങ്കേതികാര്‍ഥത്തില്‍ നോമ്പ്.’ (തഫ്‌സീറുല്‍ മനാര്‍ 2:143)
മനസ്സാ വാചാ കര്‍മണാ എല്ലാ നന്മകളും സ്വാംശീകരിച്ചും തിന്മകള്‍ ദൂരീകരിച്ചും ശുദ്ധവും സംസ്‌കൃതവുമായ ഒരു ജീവിതം നയിക്കാനുള്ള പ്രാപ്തിയാര്‍ജിക്കാന്‍ നോമ്പ് മനുഷ്യനെ സജ്ജനാക്കുന്നു. അതുവഴി നരകമുക്തിയും സ്വര്‍ഗപ്രാപ്തിയും അവന് കരഗതമാകുന്നു

Related Post