ജലം: ഇസ്‌ലാമിക സമീപനം

നബി(സ) അരുള്‍ ചെയ്തതായി അബൂഹുറൈറഃ ഉദ്ധരിക്കുന്നു:

‘അന്ത്യനാളില്‍ മനുഷ്യന്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന അനുഗ്രഹങ്ങള്‍ ആരോഗ്യവും വെള്ളവുമാണ്.

‘നിന്റെ ശരീരത്തെ ഞാന്‍ ആരോഗ്യവത്താക്കിയില്ലയോ? ശീതജലം കൊണ്ട് നിന്റെ ദാഹം നാം ശമിപ്പിച്ചില്ലയോ. (തിര്‍മിദി)

അംറുബ്‌നുല്‍ ആസ്വിന്റെ മകന്‍ അബ്ദുല്ല ഉദ്ധരിക്കുന്നു: ‘ ഒരിക്കല്‍ നബി (സ) വുദു (അംഗസ്‌നാനം) ചെയ്യുകയായിരുന്ന സഅ്ദി(റ) ന്റെ അരികിലൂടെ നടന്നു പോവുകയായിരുന്നു. അപ്പോള്‍ തിരുമേനി ചോദിച്ചു: ‘സഅ്‌ദേ ഇതെന്തു അമിതോപയോഗമാണ്’

സഅ്ദ്: ‘വുദുവില്‍ അമിതോപയോഗമോ?

തിരുമേനി: ‘അതേ, താങ്കള്‍ ഒഴുകുന്ന നദിയില്‍ നിന്ന് വുദു ചെയ്യുകയാണെങ്കില്‍ പോലും’ (അഹ്മദ്, ഇബ്‌നുമാജഃ)

അബൂഹുറൈറഃ (റ) യില്‍ നിന്ന്. നബിതിരുമേനി (സ) പ്രസ്താവിച്ചു.

‘മിച്ചമുള്ള പുല്ല് ആളുകള്‍ എടുക്കുന്നത് തടയാന്‍ വേണ്ടി നിങ്ങള്‍ മിച്ച ജലം തടയരുത്’ (ബുഖാരി, മുസ്‌ലിം)

(മരുഭൂമിയില്‍ ഒട്ടകങ്ങളെയും മറ്റും മേയ്ക്കുന്നവര്‍ക്ക് വെള്ളമുണ്ടെങ്കിലേ മേയ്ക്കാന്‍ പറ്റുമായിരുന്നുള്ളൂ. ചിലയാളുകള്‍ പുല്ല് തടയാന്‍വേണ്ടി വെള്ളം വിലങ്ങിയിരുന്നു.)

1235438_630191460348076_823739712_n

നബി (സ) പ്രസ്താവിച്ചു: ‘മൂന്നു വിഭാഗം ആളുകളോട് അല്ലാഹു സംസാരിക്കുകയോ അവരെ കടാക്ഷിക്കുകയോ ഇല്ല………. ഇതിലൊരാള്‍, മിച്ച ജലം മറ്റുള്ളവരെടുക്കുന്നത് തടഞ്ഞവനാണ്.

അയാളോട് അല്ലാഹു ഇങ്ങനെ പറയും: ‘നിന്റെ കൈകള്‍ പ്രവര്‍ത്തിക്കാതെ നിനക്കുലഭിച്ച വെള്ളത്തിന്റെ മിച്ചം നീ മറ്റുള്ളവര്‍ക്കു തടഞ്ഞതു പോലെ എന്റെ ഔദാര്യം ഞാന്‍ നിനക്കു വിലങ്ങും'(ബുഖാരി, മുസ്‌ലിം)

അംറുബ്‌നു ശുഐബ് (റ) തന്റെ പിതാവ് വഴി പിതാമഹനില്‍നിന്ന് ഉദ്ധരിക്കുന്നു: ‘ഒരിക്കല്‍ ഒരു ഗ്രാമീണ അറബി നബി (സ)യെ സമീപിച്ച് വുദു ചെയ്യേണ്ട വിധം എങ്ങനെയെന്ന് അന്വേഷിച്ചു. തിരുമേനി (സ) മൂന്നു തവണ കാണിച്ചു കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: ഇങ്ങനെയാണ് വുദുചെയ്യേണ്ടത്. ഇതിലുപരി ആരെങ്കിലും വര്‍ധിപ്പിച്ചാല്‍ അയാള്‍ തെറ്റുചെയ്തു. അതിക്രമിച്ചു. അക്രമം പ്രവര്‍ത്തിച്ചു. (നസാഈ, ഇബ്‌നുമാജഃ

ഇതേ ആശയം അബൂദാവൂദും ഇദ്ധരിച്ചിട്ടുണ്ട്) (തിരുചര്യ ഉപേക്ഷിക്കുന്നത് തെറ്റാണ്. അധികമാകുന്നതിലൂടെ പരിധി ലംഘനമായിത്തീരുന്നു. നബിയുടെ നടപടിക്കു വിരുദ്ധമായതിനാലോ മൂന്നിലധികം തവണ ചെയ്യുന്നതിലൂടെ സ്വന്തത്തെ പീഡിപ്പിക്കുന്നതിനാലോ യാതൊരു പ്രയോജനവുമില്ലാതെ വെള്ളം നശിപ്പിക്കുന്നതിനാലോ അത് അക്രമമായിത്തീരുന്നു(മിര്‍ഖാത്ത്)

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ (റ) ഉദ്ധരിക്കുന്നു: നബി (സ) ഇങ്ങനെ പ്രസ്താവിക്കുന്നത് ഞാന്‍ കേട്ടു:

‘എന്റെ സമുദായത്തില്‍ ശുചീകരണത്തിലും പ്രാര്‍ത്ഥനയിലും അതിക്രമിക്കന്നവരുണ്ടാകും’ (അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജഃ)

ഉബയ്യുബ്‌നു കഅ്ബ് (റ) നബി (സ്വ)യില്‍നിന്നുദ്ധരിക്കുന്നു:  

‘വുദുചെയ്യുമ്പോള്‍ ‘വലഹാന്‍’ എന്നുപേരുള്ള പിശാച് നിങ്ങളെ ശല്യം ചെയ്യും. ആയതിനാല്‍, വുദുചെയ്യുമ്പോഴുള്ള മനഃശ്ശങ്കയെ നിങ്ങള്‍ കരുതിയിരിക്കുക’ (തിര്‍മിദി, ഇബ്‌നുമാജഃ)

അബ്ദുല്ലാഹിബ്‌നു സുബൈറും മറ്റൊരു അന്‍സ്വാരി സ്വഹാബിയും തമ്മില്‍ ജലസേചന വിഷയകമായി തര്‍ക്കത്തിലായി. പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട്, ചെടിയുടെ മുരട്ട് വെള്ളം നിര്‍ത്തിയ ശേഷം മിച്ചമുള്ളത് മറ്റെയാളുടെ കൃഷി ആവശ്യത്തിനുവിട്ടുകൊടുക്കാന്‍ നബി (സ) ഉത്തരവായി. പക്ഷെ, നബി (സ) ബന്ധു എന്ന നിലയില്‍ സൂബൈറിനോട് പക്ഷപാതം കാണിച്ചതായി മറുകക്ഷിക്കുതോന്നി. അപ്പോഴാണ് അന്നിസാഅ് 65-ാംസൂക്തം അവതരിച്ചത്.

നബി പത്‌നി ആഇശ(റ) യില്‍നിന്ന് നിവേദനം. അവര്‍ തിരുമേനി (സ)യോട് ചോദിച്ചു. ‘ദൈവ ദൂതരെ, തടയാന്‍ പാടില്ലാത്ത വസ്തു എന്താണ്? അദ്ദേഹം പറഞ്ഞു: ‘വെള്ളം, ഉപ്പ്, തീ’ ആഇശഃ സംശയിമുന്നയിച്ചു:

‘വെള്ളം തടയരുതെന്നറിയാം. എന്നാല്‍, ഉപ്പിന്റെയും തീയുടെയും കാര്യം?

തിരുമേനി (സ): ‘ഹുമൈറാ, ഒരാള്‍ മറ്റൊരാള്‍ക്ക് തീ കൊടുക്കുമ്പോള്‍, ആ തീ ഉപയോഗിച്ച് വേവിച്ചെടുത്ത ഭക്ഷണം മുഴുവന്‍ ദാനം ചെയ്തതിനു തുല്യമായ പുണ്യം അയാള്‍ക്കു കിട്ടും. ഒരാള്‍ മറ്റൊരാള്‍ക്ക് ഉപ്പ് നല്‍കുമ്പോള്‍ ആ ഉപ്പ് ഉപയോഗിച്ച് മെച്ചപ്പെടുത്തിയെടുത്ത ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ ധര്‍മ്മം ചെയ്തതിനു തുല്യമായ പുണ്യം അയാള്‍ക്കു കിട്ടും. ജല ലഭ്യതയുള്ള സ്ഥലത്തുള്ള ഒരാള്‍വെള്ളം കൊടുത്താല്‍ ഒരു അടിമയെ മോചിപ്പിച്ചതുപോലെയും വെള്ളം കിട്ടാത്തേടത്ത് ഒരാള്‍ മറ്റൊരാള്‍ക്ക് വെള്ളം കൊടുത്താല്‍ അയാള്‍ക്ക് ജീവന്‍ നല്‍കിയതിനു തുല്യമാണ്.(ഇബ്‌നുമാജഃ)

 

Related Post