ഏശു-പഠിച്ചതും-ഇസ്ലാം
വിശുദ്ധ ഖുര്‍ആന്‍ 41ന്നാം അധ്യായം 43-ന്നാം വചനത്തില്‍ മുഹമ്മദ് നബിയോട് ദൈവം പറയുന്നു:
‘നിനക്കു മുമ്പുണ്ടായിരുന്ന ദൈവദൂതന്‍മാരോടു പറയാത്തതൊന്നും നിന്നോടും പറയുന്നില്ല…’
ഖുര്‍ആനിലെ 3-ാം അധ്യായത്തില്‍ 50ന്നാം വാക്യത്തില്‍ യേശുക്രിസ്തു (ഈസാ നബി) മോശെക്ക് (മൂസാ നബി) അവതീര്‍ണമായ തൗറാത്തിനെ (തോറ) സത്യപ്പെടുത്തുന്നതിങ്ങനെ:
‘തൗറാത്തില്‍ നിന്ന് എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ള നിയമ ശാസനകളെ സത്യപ്പെടുത്തുവാനാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.’
ഇതേ കാര്യം യേശുക്രിസ്തു ഗിരിപ്രഭാഷണത്തില്‍ പറയുന്നതായി ബൈബിളില്‍ ഇങ്ങനെ കാണാം:
‘ഞാന്‍ ന്യായപ്രമാണത്തെയോ (തോറ) പ്രവാചകന്‍മാരെയോ നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുത്. നീക്കാനല്ല, നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്.’ (മത്തായി 5:17)
ഈ പറഞ്ഞതിനര്‍ഥം മോശയും യേശുവും മുഹമ്മദ് നബിയുമടക്കം എല്ലാ പ്രവാചകന്‍മാരും പറഞ്ഞത് ഇസ്‌ലാം ആയിരുന്നു എന്നാണ്. ഹീബ്രു ബൈബിളില്‍ ‘ഷാലോം’ എന്നാണ് ഇസ്‌ലാം എന്നതിന് പകരം ഉപയോഗിച്ചിരിക്കുന്നത്.
ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ വ്യക്തമാക്കുന്ന ബൈബിള്‍ സാക്ഷ്യങ്ങളില്‍ ചിലത് താഴെ:
ഏകദൈവത്വവുമായി ബന്ധപ്പെട്ട ദാവീദ് (ദാവൂദ് നബി): ‘ദൈവമായ കര്‍ത്താവേ, അങ്ങ് ഏറ്റവും വലിയവനത്രെ! അങ്ങ് അതുല്യനാണ്. ഞങ്ങള്‍ കാത് കൊണ്ട് കേട്ടതനുസരിച്ച് അവിടന്നല്ലാതെ വേറെ ദൈവമില്ല.’ (II സാമുവല്‍ 7:22)
മോശ (മൂസാ നബി): ‘ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുമില്ല.’ (പുറപ്പാട് 8:10)
യേശുക്രിസ്തു: ‘യിസ്രയേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്…’ (മാര്‍ക്കോസ് 12:29)
ഇസ്‌ലാമിന്റെ രണ്ടാമത്തെ അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ട് ബൈബിള്‍:
മോശെയോട് കര്‍ത്താവ് അരുള്‍ ചെയ്തു: ‘നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നെഴുന്നേല്‍പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്‍മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോട് പറയും.’ (ആവര്‍ത്തന പുസ്തകം: 18:18)
യേശു പറഞ്ഞു: ‘എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രെ.’ (യോഹന്നാന്‍ 7:16)
ഇസ്‌ലാമിന്റെ മൂന്നാമത്തെ അടിസ്ഥാന വിശ്വാസമായ മരണാനന്തരം വരാനിരിക്കുന്ന ലോകത്തെ സംബന്ധിച്ച് ബൈബിള്‍ പറയുന്നു:
‘പരിശുദ്ധാത്മാവിനെതിരെ സംസാരിക്കുന്ന ഒരുവനോടും ഈ ലോകത്തിലോ വരാനിരിക്കുന്ന ലോകത്തിലോ ക്ഷമിക്കപ്പെടുകയില്ല.’ (മത്തായി 12:32)
ഇതുമാത്രമല്ല ഇസ്‌ലാമില്‍ ഉള്ളതും ക്രിസ്താനിറ്റിയില്‍ ഇല്ലാത്തതുമായ മുസ്‌ലിം ജീവിത മാതൃകകള്‍ ബൈബിളിലും യേശുവിന്റെ ചര്യയിലുമൊക്കെയായി കാണാന്‍ കഴിയുന്നു. ഉദാഹരണങ്ങള്‍:
– ‘നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.’ എന്ന് മത്തായി 4:10 ല്‍ യേശു പറയുന്നു. ഒരു മുസ്‌ലിം കര്‍ത്താവായ ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ.
– യേശു അല്‍പം മുമ്പോട്ട് ചെന്ന് കമിഴ്ന്ന് വീണ് ദൈവത്തോട് പ്രാര്‍ഥിച്ചതായി മത്തായി 26:39 ല്‍ കാണാം. ഒരു മുസ്‌ലിം അഞ്ചു നേരം ഇത് ചെയ്യുന്നു.
– ആവര്‍ത്തന പുസ്തകം 5:8 ല്‍ പറയുന്നു: ‘വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്; അവയെ നമസ്‌കരിക്കുകയോ സേവിക്കുകയോ അരുത്.’ ഇത് അക്ഷരം പ്രതി പാലിക്കുന്നവര്‍ മുസ്‌ലിംകളാണ്.
– ശിഷ്യന്‍മാര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരുടെ നടുവില്‍ ചെന്ന് യേശു ‘നിങ്ങള്‍ക്ക് സമാധാനം’ എന്നു പറഞ്ഞു. (ലൂക്കോസ് 24:36) ഈ പറഞ്ഞതിന്റെ അറബിയാണ് ‘അസ്സലാമു അലൈകും’.
– ‘നിങ്ങളില്‍ പുരുഷ പ്രജയൊക്കെയും പരിഛേദന (ചേലാകര്‍മം) ഏല്‍ക്കണം.’ എനന് ഉല്‍പത്തി പുസ്തകത്തില്‍ 17:10ല്‍ കാണാം. യേശു ജനിച്ച് എട്ടാം നാള്‍ സുന്നത്ത് (പരിഛേദന) നടത്തിയതായി ലൂക്കോസ് 2:21ല്‍ കാണാം.
– ആവര്‍ത്തനം 14:22ല്‍ ‘ആണ്ടുതോറും നിലത്തു വിതച്ചുണ്ടാക്കുന്ന എല്ലാ വിളവിലും ദശാംശം എടുത്തുവെക്കണം.’ എന്ന് സകാത്തിനെ സംബന്ധിച്ച കല്‍പന കാണാം.
– നോമ്പിനെ സംബന്ധിച്ച് മത്തായി 6:16ലും ലൂക്കോസ് 4:2ലും കാണാം.
– ‘താനേ ചത്ത ഒന്നിനെയും തിന്നരുത്.’ (ആവര്‍ത്തനം 14:21), ‘പന്നി: അതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങള്‍ക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്.’ (ആവര്‍ത്തനം 14:8)
‘…. ദരിദ്രന് പണം വായ്പ കൊടുത്താല്‍ പൊലിക്കടക്കാരനെ പോലെ ഇരിക്കരുത്. അവനോട് പലിശ വാങ്ങുകയും അരുത്.’ (ആവര്‍ത്തനം 23: 19,20)
‘മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്ഞനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു.’ (ആവര്‍ത്തനം 18:11)
ഇതുപോലെ ഇസ്‌ലാമില്‍ മാത്രം വിലക്കപ്പെട്ടതായി ഇപ്പോഴും കാണുന്ന വേറെയും ധാരാളം കല്‍പനകള്‍ ബൈബിളിലുണ്ട്.
– ഈ ന്യായപ്രമാണങ്ങളെ നിവര്‍ത്തിപ്പാനാണ് ഞാന്‍ വന്നത് എന്ന് പറഞ്ഞ യേശു മുസ്‌ലിം ആയിരുന്നു; ശിഷ്യന്‍മാരും ആയിരുന്നു. സുന്നത്ത് നടത്തിയ യേശു താടി വളര്‍ത്തിയിരുന്നതായും യേശുവിന്റേതെന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍ മനസ്സിലാക്കി തരുന്നു. അതും ഒരു മുസ്‌ലിം ചര്യയാണ്.
മനുഷ്യകല്‍പനകളെയല്ല ദൈവ കല്‍പനകളെയാണ് മനുഷ്യന്‍ അനുസരിക്കേണ്ടത് എന്ന ഇസ്‌ലാമിന്റെ മൗലികാധ്യാപനം മത്തായി 15: 3-9ലും മാര്‍ക്കോസ് 7: 5-13ലും ഇങ്ങനെ കാണാം:
‘… മാനുഷ കല്‍പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതു കൊണ്ട് എന്നെ വ്യര്‍ഥമായി ഭജിക്കുന്നു.’
– ‘നിന്റെ രാജ്യം വരേണമേ,…’ എന്ന മത്തായി 6:10 ലെ പ്രാര്‍ഥന യാഥാര്‍ഥ്യമാക്കുന്നത് മുഹമ്മദ് നബിയിലൂടെ സ്ഥാപിതമായ ഇസ്‌ലാമിക രാഷ്ട്രത്തിലാണ്. യേശുവിന്റെ കാലശേഷം ഇതല്ലാത്ത ഒരു ദൈവരാജ്യം ചരിത്രത്തില്‍ എവിടെയും ഉണ്ടായിട്ടില്ല.
പിന്‍കുറി: സ്‌നാപക യോഹന്നാന്റെ അടുത്തു ചെന്ന് പുരോഹിതന്‍മാരും ലേവ്യരും താങ്കള്‍ ആരാണെന്നന്വേഷിച്ചപ്പോള്‍: ‘ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ എന്ന് അവനോട് ചോദിച്ചതിന് അല്ല എന്നു ഏറ്റു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിനു: അല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു.’ (യോഹന്നാന്‍ 1: 20,21)
അവര്‍ വരുമെന്നു പ്രതീക്ഷിച്ചിരുന്ന മൂന്നാളുകളില്‍ ക്രിസ്തുവും ഏലിയാവുമല്ലാത്ത ‘ആ പ്രവാചകന്‍’ ആകുന്നു യേശുവിന്റെ കാലശേഷം അറുന്നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മക്കയില്‍ പിറന്ന മുഹമ്മദ് നബി.