പരലോക ജീവിതം

പരലോക വിശ്വാസം

പരലോകജീവിതം.

 പരലോക ജീവിതം

ഇസ് ലാമികാധ്യാപനങ്ങളുടെ കാതലായ ഒരാശയമാണ് പരലോകജീവിതം. ഈ ലോകത്തിലെ മരണത്തോടുകൂടി ജീവിതം അവസാനിക്കുന്നില്ലെന്നും മരണാനന്തരം പരലോകത്തില്‍ ജീവിതം തുടര്‍ന്നുപോകുമെന്നും ഇസ് ലാം പഠിപ്പിക്കുന്നു. ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള മുഴുവന്‍ പ്രവാചകന്‍മാരും ഏറെ പ്രധാന്യത്തോടെ പഠിപ്പിച്ച ഒരാശയമാണിത്.

പരലോകത്ത് മനുഷ്യന്റെ ജീവിത ഗതിവിഗതികള്‍ തീരുമാനിക്കപ്പെടുന്നത് ഈ ലോകത്തെ അവന്റെ ജീവിതപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ്. പരലോകത്ത് സമാധാനപരമായ ഒരു ജീവിതം കിട്ടാന്‍ ഇന്നത്തെ ഭൗതികജീവിതത്തില്‍ സൂക്ഷമതയോടെ ഇസ് ലാമികാധ്യാപനങ്ങള്‍ പകര്‍ത്തണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു. ഖുര്‍ആന്റെ ഏകദേശം പകുതിയിലേറെ ഭാഗത്തും ഈ വിഷയം നേരിട്ടോ അല്ലാതെയോ പരാമര്‍ശിക്കുന്നുണ്ട് എന്നതില്‍ നിന്ന് വിഷയത്തിന്റെ പ്രാധാന്യം ഗ്രഹിക്കാവുന്നതാണ്.

ദൈവം മനുഷ്യനെ ഈ ഭൂമിയിലേക്ക് സൃഷ്ടിച്ചയച്ചത് ഒരു പാഴ് വേലയായിട്ടല്ല. അവന്‍ തനിക്കു ലഭിച്ച കഴിവുകളും യോഗ്യതകളും ഉപയോഗിച്ച് തന്റെ ധര്‍മം അനുഷ്ഠിക്കുന്നുവോ, അതല്ല അധര്‍മമനുഷ്ഠിക്കുന്നുവോ എന്നു പരീക്ഷിക്കുകയാണ് മനുഷ്യസൃഷ്ടിയുടെ ലക്ഷ്യം. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്: ‘ഭൂമിയിലുള്ളതൊക്കെയും നാം അതിന്ന് അലങ്കാരമാക്കിവച്ചിരിക്കുന്നു; അവരില്‍നിന്നായി കര്‍മമനുഷ്ഠിക്കുന്നതാരെന്ന് പരീക്ഷിക്കാന്‍” (18:7). ‘മനുഷ്യനെ നാം മിശ്രിതമായ ശുകഌണത്തില്‍നിന്ന് സൃഷ്ടിച്ചു, അവനെ പരീക്ഷിക്കാന്‍ വേണ്ടി. അതിനാല്‍ അവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കിയിരിക്കുന്നു. നാം അവന് മാര്‍ഗം കാണിച്ചുകൊടുക്കുകയും ചെയ്തു. അവന്‍ നന്ദിയുള്ളവനാകാം, നന്ദികെട്ടവനുമാകാം” (76:2).

ഈ പരീക്ഷണം അര്‍ഥവത്താകണമെങ്കില്‍ പരീക്ഷയില്‍ നേടുന്ന വിജയത്തിന്റെയും പരാജയത്തിന്റെയും ഫലം വ്യത്യസ്തമായിരിക്കണം. തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും തുല്യഫലം ലഭിക്കുന്ന പരീക്ഷ നിരര്‍ഥകമാണല്ലോ. ഭൌതികജീവിതമാകുന്ന പരീക്ഷയുടെ ഫലം അനുഭവിക്കുന്ന ലോകമാകുന്നു പരലോകം.

പരലോകവും പാരത്രികരക്ഷാശിക്ഷകളും ഇല്ലെങ്കില്‍ മനുഷ്യജന്മത്തിന് അര്‍ഥമോ ലക്ഷ്യമോ ഇല്ല. അതുകൊണ്ടാണ് പരലോകത്തെ നിഷേധിക്കുന്നവരോട് ഖുര്‍ആന്‍ ഇങ്ങനെ ചോദിക്കുന്നത്: ‘നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങളൊരിക്കലും നമ്മിലേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ വിചാരിക്കുന്നുവോ?” (23:115).

Related Post