മുഹമ്മദ് നബിയെ ഒരു പടനായകനെന്ന നിലക്ക് പരിചയപ്പെടുത്തുമ്പോള്‍, യുദ്ധത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും അദ്ദേഹം വിശ്വസിക്കുകയും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്ത ഇസ്‌ലാമിക തത്വസംഹിതകള്‍ എന്ത് പറയുന്നു എന്ന പരിശോധന ഉചിതമാണ്.
ഇസ്‌ലാമിന്റെ അടിസ്ഥാന സങ്കല്‍പം സമാധാനത്തെക്കുറിച്ചുള്ളതാണ്. യുദ്ധം ഒരു അനിവാര്യതയായി വന്നു ചേരുകയാണ്. അപ്പോള്‍ യുദ്ധനിയമങ്ങള്‍ പ്രതിപാദിക്കേണ്ടി വരുന്നു. സത്യത്തിലേക്ക് തുറക്കുന്ന ഋജുവായ പാത ജനസമക്ഷം സമര്‍പ്പിക്കുകയാണ് ഇസ്‌ലാമിക ദൗത്യത്തിന്റെ കാതല്‍. മനുഷ്യന്റെ സര്‍ഗപരവും നൈസര്‍ഗികവും ധൈഷണികവുമായ കഴിവുകള്‍ പൂര്‍ണവികാസം കൈവരിക്കുകയും അവന്റെ ആത്മീയവും ധാര്‍മികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ആ ദൗത്യനിര്‍വഹണം സാധ്യമാവുകയുള്ളൂ. അതിന് സമാധാനം നിലനിന്നേ മതിയാവൂ.
ഇസ്‌ലാം എന്ന അറബി ശബ്ദത്തിന് സമാധാനം എന്ന അര്‍ഥമുണ്ട്. മനുഷ്യ മനസ്സിലും അവന്‍ ജീവിക്കുന്ന സമൂഹത്തിലും സമാധാനവും സ്വസ്ഥതയുമുണ്ടാവണമെങ്കില്‍ ദൈവം നിര്‍ദേശിക്കുന്ന വഴി പിന്തുടരണമെന്നാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനം നിര്‍ബന്ധബാധ്യതയായി മനുഷ്യന്റെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നില്ല. അവനത് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം.
തെരഞ്ഞെടുപ്പിനുള്ള പൂര്‍ണ സ്വാതന്ത്ര്യം അവന് നല്‍കിയിരിക്കുന്നു. മനുഷ്യനെ ബലംപ്രയോഗിച്ച് സത്യമതത്തിലേക്ക് കൊണ്ടുവരേണ്ട ചുമതലയൊന്നും നിങ്ങള്‍ക്കില്ല എന്ന് അല്ലാഹു പ്രവാചകന്മാരെ ഉണര്‍ത്തുന്നത് ഖുര്‍ആനില്‍ പലയിടത്തും നമുക്ക് കാണാന്‍ കഴിയുന്നു. ബലപ്രയോഗമില്ലെങ്കില്‍ പിന്നെ സംഘട്ടനത്തിന്റെയോ ഹിംസയുടെയോ പ്രശ്‌നം ഉത്ഭവിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി ഹജ്ജത്തുല്‍ വിദാഇല്‍ ചെയ്ത മനുഷ്യാവകാശ പ്രഖ്യാപനം ഇതോടൊന്നിച്ച് ചേര്‍ത്തു വായിച്ചാല്‍, മനുഷ്യ ജീവന് ഇസ്‌ലാമിനോളം പരിപാവനത കല്‍പിച്ച മറ്റൊരു ജീവിതദര്‍ശനവും ലോകത്ത് ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കേണ്ടിവരും.
പിന്നെയെന്തുകൊണ്ട് പ്രവാചകന് യുദ്ധം ചെയ്യേണ്ടിവന്നു എന്നതാണല്ലോ അവശേഷിക്കുന്ന ചോദ്യം. ശത്രുക്കളുടെ പീഡനവും പരിഹാസവും ഏറ്റുവാങ്ങി ഇസ്‌ലാമിക പ്രബോധനം നടത്തിക്കൊണ്ടിരുന്ന ഒരു പ്രബോധകന്‍ മാത്രമായിരുന്നു മക്കാ കാലഘട്ടത്തിലെ പ്രവാചകന്‍ തിരുമേനി. മര്‍ദനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചപ്പോഴും അദ്ദേഹം തിരിച്ചടിക്കാന്‍ തുനിഞ്ഞില്ല. അക്രമംകൊണ്ട് പൊറുതി മുട്ടിയ അനുയായികള്‍ ആവലാതി പറഞ്ഞപ്പോള്‍ ‘ക്ഷമയവലംബിക്കുകയും വിശ്വാസം ദൃഢീകരിക്കുകയും ചെയ്യുക’ എന്നായിരുന്നു അവിടുന്നു നല്‍കിയ ഉപദേശം. ‘ഹിജ്‌റ’ക്കുശേഷം മുസ്‌ലിംകള്‍ മര്‍ദിതരും ഖുറൈശികള്‍ മര്‍ദകരുമാണെന്ന അവസ്ഥക്ക് കാര്യമായ മാറ്റം വന്നു. മദീന ഒരു ഇസ്‌ലാമിക രാഷ്ട്രമായും മുസ്‌ലിംകള്‍ ഒരു സംഘടിതശക്തിയായും വളര്‍ന്നുവന്നു. മദീനയുടെ അതിര്‍ത്തികളില്‍ നബി തിരുമേനി ശക്തമായ സായുധ പ്രതിരോധ നിരകള്‍ ഉയര്‍ത്തി.
സ്ഥാപിതതാല്‍പര്യക്കാരും അഹങ്കാരികളുമായ മക്കയിലെ ഖുറൈശികള്‍ക്ക് മദീനയില്‍ ഒരു പുതിയ ശക്തി ഉദിച്ചുയരുന്നത് കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. മദീനയിലെ ജൂതന്മാരുമായി ഉപജാപങ്ങള്‍ നടത്തിയും രഹസ്യധാരണകളിലേര്‍പ്പെട്ടും അവര്‍ ഇസ്‌ലാമിക രാഷ്ട്രത്തെ അട്ടിമറിക്കാന്‍ കൊണ്ട്പിടിച്ച് ശ്രമിച്ചു. തങ്ങളുടെ നിലനില്‍പിനെ അപകടപ്പെടുത്തുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും മുസ്‌ലിംകള്‍ക്കത് ചെറുക്കേണ്ടതുണ്ടായിരുന്നു. ഇവിടെയാണ് സംഘട്ടനം അനിവാര്യതയായി ഭവിക്കുന്നത്. നെപ്പോളിയനും അലക്‌സാണ്ടറും ഹിറ്റ്‌ലറും ചെയ്തപോലെ ഭൂമിയും അധികാരവും പിടിച്ചടക്കാനല്ല ഇവിടെ സമരം നടക്കുന്നത്. മറിച്ച്, മുസ്‌ലിം സമൂഹത്തെയും ഇസ്‌ലാമിക ആദര്‍ശത്തെയും സംരക്ഷിക്കാനും ശത്രുവിന്റെ സൈനിക ബലംതകര്‍ക്കാനുമാണ്. സത്യത്തിന്റെ ശക്തിയും പൈശാചിക മനോഭാവം വെച്ചുപുലര്‍ത്തുന്ന സകലമാന ശക്തികളും തമ്മിലാണ് അവിടെ സംഘട്ടനം നടക്കുന്നത്. നീക്കു പോക്കുകളിലൂടെ സംഘട്ടനം ഒത്തുതീര്‍പ്പിലെത്തുക സാധ്യമല്ല. മര്‍ദനത്തിന്റെയും ചൂഷണത്തിന്റെയും ശക്തികളെ ഉന്മൂലനം ചെയ്യുക എന്ന മഹത്തായ ധര്‍മമാണ് ഈ സംഘട്ടനത്തിലൂടെ ഇസ്‌ലാമിക ശക്തി നിറവേറ്റുന്നത്. ആ പൈശാചിക ശക്തികളെ വളരാനനുവദിച്ചാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മിക സദാചാര മൂല്യങ്ങളെയും ദൈവബോധത്തെയും അത് നശിപ്പിച്ചുകളയുമെന്നത് തീര്‍ച്ചയാണ്. അതിനാലാണ് ഇസ്‌ലാമിക ശക്തിയുടെ ഈ മുന്നേറ്റം ‘വിശുദ്ധസമര'(ജിഹാദ്)മായി മാറുന്നത്.
ദൗര്‍ഭാഗ്യവശാല്‍ ജിഹാദെന്ന് കേള്‍ക്കുമ്പോള്‍ രൗദ്രഭാവവും ഭീകര രൂപവുമുള്ള എന്തോ ഒന്നാണ് നമ്മുടെ ചരിത്രകാരന്മാരുടെ മനസ്സില്‍ ഓടിയെത്തുന്നത്. ഈ തെറ്റുധാരണ വളര്‍ത്തുന്നതില്‍ മുസ്‌ലിം ചരിത്രകാരന്മാരുടെ രചനാരീതികളും കാരണമായിട്ടുണ്ടെന്ന് മനസ്സിലാവുന്നു.
നബിതിരുമേനിയുടെ ജീവിതകാലത്തുണ്ടായ സംഘട്ടനങ്ങളെ മുസ്‌ലിം ചരിത്രകാരന്മാര്‍ രണ്ടായി ഇനം തിരിക്കുന്നത് കാണാം. ‘ഗസ്‌വ’ എന്നും ‘സരിയ്യ’ എന്നും. നബിതിരുമേനി നേരിട്ട് നേതൃത്വം നല്‍കിയ പടയോട്ടത്തിന് ‘ഗസ്‌വ’ എന്നും അല്ലാത്തവക്ക് ‘സരിയ്യ’ എന്നും പറയുന്നു. തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ മനസ്സിലാക്കാനും അതിര്‍ത്തികളില്‍ പട്രോളിംഗ് നടത്താനും സഖ്യകക്ഷികളുമായി സംഭാഷണങ്ങള്‍ നടത്താനും ചെറിയ ചെറിയ സംഘങ്ങളെ നബി(സ) അയക്കുക പതിവായിരുന്നു. യുദ്ധത്തിന് വേണ്ടിയല്ല ഈ വിഭാഗങ്ങളെ അയച്ചിരുന്നത്. പക്ഷേ, നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്‍, യുദ്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്താണ് തന്ത്രപ്രധാനമായ ഇത്തരം നീക്കങ്ങളെ വകകൊള്ളിച്ചിരിക്കുന്നത്. ഇതൊക്കെ രക്തരൂഷിത സംഘട്ടനങ്ങളായിരുന്നുവെന്നാണ് ചരിത്രകൃതി വായിക്കുന്നവര്‍ മനസ്സിലാക്കുക. യഥാര്‍ഥത്തില്‍ നബിയുടെ കാലത്ത് നടന്ന യുദ്ധങ്ങളില്‍ ബദ്ര്‍, ഉഹുദ്, അഹ്‌സാബ്, ഖൈബര്‍, ഹുനൈന്‍ തുടങ്ങിയ ഏതാനും യുദ്ധങ്ങളില്‍ മാത്രമേ രക്തച്ചൊരിച്ചില്‍ നടന്നിട്ടുള്ളൂ.
നബി അയച്ച യുദ്ധങ്ങള്‍ മനുഷ്യനെതിരെയല്ല, ദുഷിച്ച വ്യവസ്ഥിതിക്കെതിരെയാണ് എന്ന് സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടു തന്നെ രക്തച്ചൊരിച്ചില്‍ അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ സംഭവിക്കുന്നുള്ളൂ. ഏറ്റവും കുറഞ്ഞ നരഹത്യകൊണ്ട് പരമാവധി വിപ്ലവം സാധിക്കുക. ഒരു സ്ഥിതിവിവര കണക്കിലൂടെ ഇക്കാര്യം വ്യക്തമാകും. നബിയുടെ കാലത്തുണ്ടായ ആകെ യുദ്ധങ്ങളില്‍ മൊത്തം മരിച്ചവര്‍ മുസ്‌ലിംകളില്‍നിന്ന് 255-ഉം ശത്രുക്കളില്‍നിന്ന് 759-ഉം ആണ്. ഇസ്‌ലാമിന് എതിരെയുള്ള മുഴുവന്‍ നീക്കങ്ങളെയും പരാജയപ്പെടുത്താന്‍ ഇത്രയും കുറഞ്ഞ മനുഷ്യരെ മാത്രമേ ബലികൊടുക്കേണ്ടി വന്നുള്ളൂ. മുസ്‌ലിം സേന പിടിച്ച ആകെ തടവുകാരുടെ എണ്ണം 6564 ആണ്. ക്രിമിനല്‍ കുറ്റം തെളിഞ്ഞതിന്റെ പേരില്‍ ഇവരില്‍ രണ്ട് പേരെ വധിച്ചു. 6347 പേരെ വിട്ടയച്ചു. ബാക്കിയുള്ള 215 പേരെക്കുറിച്ച് ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമായൊന്നും പറയുന്നില്ല. അവര്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചിരിക്കാനാണ് സാധ്യത.
ഇത്രയും മനസ്സില്‍ ഓര്‍മിച്ചശേഷം ലോകത്ത് നടന്ന മഹാവിപ്ലവങ്ങളുടെയും മഹായുദ്ധങ്ങളുടെയും കഥയൊന്ന് എടുത്തു നോക്കൂ. ഫ്രഞ്ച് വിപ്ലവത്തില്‍ 66 ലക്ഷവും റഷ്യന്‍ വിപ്ലവത്തില്‍ ഒരു കോടിയിലധികവും ഒന്നാം ലോകയുദ്ധത്തില്‍ 73 ലക്ഷവും രണ്ടാം ലോകമഹായുദ്ധത്തില്‍ 106 ലക്ഷവും മരിച്ചുവീണു എന്നാണല്ലോ നമുക്ക് ലഭിച്ച ഒരു ഏകദേശ കണക്ക്. അതുകൊണ്ട് നബി നയിച്ച യുദ്ധങ്ങളെയും ഒരു പടനായകന്‍ എന്ന നിലക്ക് തിരുമേനി പ്രകടിപ്പിച്ച കഴിവുകളെയും അലക്‌സാണ്ടറോടോ നെപ്പോളിയനോടോ താരതമ്യപ്പെടുത്തി മനസ്സിലാക്കുന്നത് നമ്മെ ചിലപ്പോള്‍ തെറ്റായ നിഗമനങ്ങളിലെത്തിക്കും. യുദ്ധത്തെക്കുറിച്ചുള്ള സങ്കല്‍പത്തില്‍ നബിക്കും ഇതര പടനായകന്മാര്‍ക്കുമിടയില്‍ മൗലികമായ അന്തരം തന്നെയാണുള്ളത്.
അനാഥനായാണ് മുഹമ്മദ് ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം ആട്ടിന്‍പറ്റങ്ങളെ മേച്ച് നടക്കുമായിരുന്നു. യുവത്വത്തിലേക്ക് കാലൂന്നിയപ്പോള്‍ വ്യാപാരം തന്റെ തൊഴിലായി സ്വീകരിച്ചു. യുദ്ധതന്ത്രമോ ആയോധനകലയോ ജീവിതത്തിലൊരിക്കല്‍പോലും അദ്ദേഹം അഭ്യസിച്ചിരുന്നില്ല. പ്രവാചകത്വം ലഭിച്ച നാള്‍ മുതല്‍ സമാധാനത്തിന്റെ പാതയിലേക്കാണ് അദ്ദേഹം ജനസമൂഹങ്ങളെ ക്ഷണിച്ചത്. അസഹിഷ്ണുക്കളും അഹങ്കാരികളുമായ ശത്രുക്കള്‍ അദ്ദേഹം അഭയം തേടിച്ചെന്ന മദീനയെ കടന്നാക്രമിക്കാനാണ് ഒരുമ്പെട്ടത്. ആത്മരക്ഷക്കുവേണ്ടി അദ്ദേഹത്തിന് ആയുധമെടുക്കേണ്ടിവന്നു. യുദ്ധം അദ്ദേഹത്തിന്റെ മേല്‍ കെട്ടിയേല്‍പിക്കുകയായിരുന്നു. വിമോചനത്തിന്റെ വഴി പറഞ്ഞുകൊടുക്കുന്ന ദൈവപ്രവാചകനായും സത്യത്തിന്റെയും നീതിയുടെയും സന്ദേശം പഠിപ്പിച്ചുകൊടുക്കുന്ന അധ്യാപകനായുമാണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ നിയോഗമുണ്ടായത്. യുദ്ധപ്രഖ്യാപനം നടത്തുകയെന്നത് ഒരിക്കലും ആ നിയോഗത്തിന്റെ ഭാഗമായിരുന്നില്ല. പക്ഷേ, ശത്രുക്കളുടെ ആക്രമണോത്സുകമായ നയം കാരണം യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ട പ്രവാചകന്‍,
യുദ്ധഭൂമിയില്‍ അസാധാരണമായ യുദ്ധപാടവമാണ് പ്രകടിപ്പിച്ചത്. മദീനക്കു ചുറ്റും ശത്രുക്കള്‍ സംഘടിപ്പിച്ച പ്രതിരോധ നിരകള്‍ പിന്നീടൊരിക്കല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാത്തവിധം അദ്ദേഹം ശിഥിലമാക്കി. സൈന്യത്തിന്റെയോ ആയുധത്തിന്റെയോ ബലത്തിലല്ല ഈ വിജയം സാധിച്ചിരിക്കുന്നത്. കാരണം, വാളെടുക്കുന്നതിനു മുമ്പ് ശത്രുക്കള്‍ രണാങ്കണം വിട്ടോടിപ്പോയ സംഭവങ്ങളുമുണ്ട്. കിട്ടാവുന്നതില്‍വെച്ചേറ്റവും നല്ല പടക്കോപ്പുകളും പടയാളികളുമായി വന്നവര്‍ നബിയെ നേരിടാന്‍ ധൈര്യമില്ലാതെ തിരികെ പോയ സംഭവങ്ങളുണ്ട്. ഈ ചരിത്രവസ്തുതകളെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍, മുസ്‌ലിംകള്‍ നേടിയ സൈനിക വിജയങ്ങളുടെയെല്ലാം മൗലിക ശക്തിയായി വര്‍ത്തിക്കുന്നത് പ്രവാചകന്റെ യുദ്ധ തന്ത്രജ്ഞതയാണെന്നു കാണാം.
യുദ്ധം ജയിക്കുന്നതെങ്ങനെ എന്ന വിഷയത്തെക്കുറിച്ച് യുദ്ധമേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവമുള്ള രാഷ്ട്രതന്ത്രജ്ഞരും ഉദ്യോഗസ്ഥന്മാരും എഴുതിയ പുസ്തകങ്ങള്‍ ഇന്നു ലഭ്യമാണ്. മനഃശാസ്ത്രപരവും ധാര്‍മികവുമായ ഘടകങ്ങള്‍, സൈനിക ശക്തിയുടെ രൂപവും ഏകീകരണവും ചലിക്കേണ്ടുന്നവിധം, യുദ്ധഭൂമിയെ നിഷ്‌കൃഷ്ടമായി വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രാധാന്യപൂര്‍വം പരിഗണിക്കപ്പെടുമ്പോഴാണ് യുദ്ധം ജയിക്കുകയെന്ന് ക്ലോസ്‌വിസ് അഭിപ്രായപ്പെടുന്നു. യുദ്ധം ചെയ്യാതെത്തന്നെ ശത്രുവിന്റെ പ്രതിരോധം തകര്‍ക്കുന്നതാണ് മിടുക്ക്. ശത്രുവിന്റെ പ്ലാന്‍ തുടക്കത്തിലേ അവതാളത്തിലാക്കാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയ യുദ്ധതന്ത്രജ്ഞത വേറെയില്ല. സൈനിക നടപടിയെന്നാല്‍ ഒരു മലവെള്ളപ്പാച്ചിലാണ്. ഉയരങ്ങളില്‍നിന്ന് താഴ്ന്ന പ്രതലങ്ങളിലേക്ക് അത് കുതിച്ചൊഴുകും. ദുര്‍ബലമായ ഭാഗങ്ങളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് പ്രവാഹം അതിന്റേതായ ഒരു വഴി നിര്‍മിക്കും. ദുര്‍ബലമായ നിരകള്‍ മനസ്സിലാക്കി കടന്നുകയറുകയാണ് വിജയം ലക്ഷ്യം വെക്കുന്ന സൈന്യവും ചെയ്യേണ്ടത്. മിന്നല്‍പിണര്‍പോലെ വേഗതയില്‍ നീങ്ങുന്നതാണ് യുദ്ധവിജയത്തിന്റെ നിദാനമായിവര്‍ത്തിക്കുന്ന മറ്റൊരു ഘടകം. അപ്രതീക്ഷിതമായ വഴികളിലൂടെ യുദ്ധസന്നദ്ധരായി കഴിഞ്ഞിട്ടില്ലാത്ത അണികളിലേക്ക് പാഞ്ഞു ചെന്ന് ഏറ്റവും ദുര്‍ബലമെന്ന് തോന്നിക്കുന്ന സേനാ വിഭാഗങ്ങളുടെ മേല്‍ ആക്രമണം തുടങ്ങുക. ഇത്രയും വിവരിച്ചത് സുന്‍സു പറഞ്ഞ യുദ്ധതന്ത്രങ്ങളാണ്. ഈ യുദ്ധതന്ത്രങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ പടനായകനാണ് പ്രവാചകന്‍ തിരുമേനി. നബി നയിച്ച യുദ്ധങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവര്‍ ഈ നിഗമനത്തിലെത്താതിരിക്കില്ല.
സമര്‍ഥമായ നേതൃത്വം
സൈന്യാധിപന്റെ യുദ്ധപാടവം എത്ര മികച്ചതായിരുന്നാലും സൈനികഘടകങ്ങളുടെ പരിപൂര്‍ണ സഹകരണത്തിന്റെ അഭാവത്തില്‍ അത് നിഷ്ഫലമാണ്.
അണികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ സൈന്യാധിപന് നിഷ്‌കൃഷ്ടമായി വിലയിരുത്താന്‍ കഴിയണം. അതിനനുസരിച്ച് സൈന്യത്തിന്റെ സ്ഥാനവും ചലനങ്ങളും നിജപ്പെടുത്തണം. അത് മാത്രം പോരാ, നിശ്ചയിച്ചുറച്ച സമരതന്ത്രങ്ങള്‍ പാളിപ്പോവുകയും സൈന്യം അപകടകരമായ ചുറ്റുപാടില്‍ അകപ്പെടുകയും ചെയ്താല്‍ ഒട്ടും പതറാതെ അണികളില്‍ ആത്മവിശ്വാസം പകരാന്‍ സൈന്യാധിപന് കഴിയണം. അങ്ങനെ ശത്രുവലയത്തില്‍ പെട്ടുപോയ സൈന്യം സൈന്യാധിപനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് ശത്രുവിന്റെ പ്രതിരോധം തകര്‍ക്കുമ്പോള്‍ നാം ആ സൈന്യാധിപനില്‍ ഒരു മിലിട്ടറി ജീനിയസിനെ കണ്ടെത്തുന്നു.
ഈ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന വിസ്മയാവഹമായ പ്രതിഭയായിരുന്നു നബി തിരുമേനിയുടേത്. സ്വന്തം അണികള്‍ അടര്‍ക്കളം വിട്ടോടിപ്പോയിട്ടും പ്രവാചകന്‍ അചഞ്ചലനായി പോരാടിയ സാഹസിക സംഭവങ്ങളാണ് ഉഹുദ്, ഹുനൈന്‍ യുദ്ധങ്ങള്‍ നമ്മോട് പറയുന്നത്. പേടിച്ചരണ്ടുപോയ സൈന്യങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും അവരെ ഒന്നിപ്പിച്ച് ആ യുദ്ധങ്ങളില്‍ നിര്‍ണായക വിജയം നേടാനും അദ്ദേഹത്തിന് സാധിച്ചു. യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഞങ്ങള്‍ പ്രവാചകന്റെ സവിധത്തില്‍ അഭയം തേടുമായിരുന്നുവെന്ന് അലി(റ) അനുസ്മരിക്കുന്നു. ഒരു രാത്രി മദീന ആക്രമിക്കപ്പെടുന്നു എന്ന കിംവദന്തി നാടാകെ പരന്നു. ആരവം കേട്ട ഭാഗത്തേക്ക് ഒരു സംഘം മുസ്‌ലിംകള്‍ ആയുധമേന്തി പാഞ്ഞുചെന്നു. അപ്പോഴുണ്ട് ഒരാള്‍ ‘പേടിക്കാനൊന്നുമില്ല’ എന്ന് സുവാര്‍ത്ത അറിയിച്ചുകൊണ്ട് ജീനിയിടാത്ത കുതിരപ്പുറത്തേറി വരുന്നു. അത് പ്രവാചകന്‍ തിരുമേനിയായിരുന്നു. നബി നയിച്ച യുദ്ധങ്ങള്‍ വായിക്കുന്നവര്‍ക്ക് അസാമാന്യമായ ധീരതയുടെ എത്രയോ ഉദാഹരണങ്ങള്‍ ആ ജീവിതത്തില്‍നിന്ന് കണ്ടെത്താനാവും.
ആത്മനിയന്ത്രണം പാലിക്കാന്‍ പലപ്പോഴും സൈന്യാധിപന്മാര്‍ക്ക് സാധിക്കാറില്ല. വിജയം കൈപ്പിടിയിലൊതുങ്ങിയാല്‍ അവര്‍ ചെയ്യാത്ത ക്രൂരതകളുണ്ടാവില്ല. പ്രവാചകന്റെ സൈനിക ജീവിതം വ്യത്യസ്തമായൊരു ചിത്രമാണ് കാഴ്ചവെക്കുന്നത്. അഹ്‌സാബ് യുദ്ധത്തില്‍, ശത്രുക്കള്‍ നാലുവശവും തമ്പടിക്കുകയും സഖ്യത്തിലിരുന്ന ജൂത ഗോത്രങ്ങള്‍ കരാര്‍ലംഘിച്ചിച്ച് ശത്രുപാളയത്തില്‍ ചേരുകയും ചെയ്തിട്ടും അവിടുന്ന് നിയന്ത്രണം വിട്ട് ഒരുനീക്കവും നടത്തിയില്ല. ഖുറൈശികളുടെ എല്ലാ ശക്തിസങ്കേതങ്ങളും തകര്‍ന്നുകഴിഞ്ഞപ്പോഴാണ് മക്കാവിജയമുണ്ടായത്. തന്നെയും അനുയായികളെയും അതിക്രൂരമായി പീഡിപ്പിച്ച സമൂഹം പരാജിതരായി മുമ്പില്‍ നില്‍ക്കുന്നു. പ്രവാചകന് അവരെ അരിഞ്ഞുനുറുക്കാമായിരുന്നു. പക്ഷേ, അവിടുന്ന് പറഞ്ഞതെന്താണ്? ”പോകൂ! നിങ്ങള്‍ സ്വതന്ത്രരാണ്.” ഈ വിശാല വീക്ഷണവും ആത്മസംയമനവും പടനായകന്മാരുടെ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്.
പെരുമാറ്റത്തില്‍ അസമത്വവും വിവേചനവും പുലര്‍ത്തുന്ന പടനായകന് അണികളുടെ വിശ്വാസമാര്‍ജിക്കാനാവില്ല. സമത്വവും നീതിയും എങ്ങനെ പ്രയോഗത്തില്‍ വരുത്താം എന്ന് മനുഷ്യസമൂഹത്തെ പഠിപ്പിക്കുകയായിരുന്നു നബിയുടെ ജീവിതം. അഹ്‌സാബ് യുദ്ധത്തില്‍ കിടങ്ങ് കുഴിച്ച സംഭവം ഓര്‍ക്കുക. വിശപ്പും ദാഹവും സഹിച്ച് പ്രവാചകന്‍ അനുയായികളോടൊപ്പം പാറവെട്ടിപ്പൊളിച്ച് കിടങ്ങ് കുഴിച്ചു. അതിനിടെ സല്‍മാന്‍ ഫാരിസിയുടെ മുമ്പില്‍ ഒരു പാറക്കല്ല് വന്നുപെട്ടു. എത്രവെട്ടിയിട്ടും അതിന് ഏശുന്നില്ല. സല്‍മാന്‍ വിഷമിക്കുന്നത് കണ്ട് പ്രവാചകന്‍ സ്വന്തം മഴുകൊണ്ട് ആ പാറക്കല്ല് വെട്ടിനീക്കി. ഇത്രമാത്രം അണികളോടു ഇഴുകിച്ചേരുകയും അവരുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത ഒരു പടനായകനു വേണ്ടി മുസ്‌ലിംകള്‍ മരിക്കാന്‍ തയാറായെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഒരു മനുഷ്യസ്‌നേഹി എന്ന നിലക്കും ഒരു പടനായകന്‍ എന്ന നിലക്കും നബിയുടെ വ്യക്തിത്വം അവരിലുണര്‍ത്തിയ വികാരം അത്രക്ക് ശക്തമായിരുന്നു.
യുദ്ധത്തെ ആദര്‍ശവല്‍ക്കരിച്ചു എന്നതാണ് പ്രവാചകന്റെ യുദ്ധവിജയങ്ങളുടെ മറ്റൊരു കാരണം. പണത്തിനും പ്രശസ്തിക്കും വേണ്ടി രക്തം ചിന്തിയിരുന്നവര്‍ പ്രവാചകന്റെ നേതൃത്വത്തില്‍ ഒരു ആദര്‍ശത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് വേണ്ടി സമരസജ്ജരായി. ആ ആദര്‍ശം മാത്രമാണ് സത്യം എന്നവരെ ബോധ്യപ്പെടുത്താനും പ്രവാചകനു സാധിച്ചു. ഇത് മുസ്‌ലിംകളുടെ മനോവീര്യം ഉയര്‍ത്താനും ശത്രുക്കളുടെ മനോവീര്യം തളര്‍ത്താനും എത്രത്തോളം സഹായകമായി എന്നറിയാന്‍ ചരിത്രം വിശദമായി പഠിക്കുകയേ നിര്‍വാഹമുള്ളൂ.
അനുസരണവും ഐക്യവും മതശാസനയുടെ ഭാഗമായി ഊന്നിപ്പറഞ്ഞത് സൈനിക വിജയത്തിന് ഏറെ സഹായകമായിരുന്നു. പ്രവാചകനെ അനുസരിക്കുന്നവന്‍ അല്ലാഹുവിനെയാണ് അനുസരിക്കുന്നതെന്ന് ഖുര്‍ആനിലും, ഉണക്കമുന്തിരിപോലെ കറുത്ത് ചുളിഞ്ഞ മുടിയുള്ള എത്യോപ്യന്‍ അടിമ നേതൃത്വത്തില്‍ വന്നാല്‍ അദ്ദേഹത്തെയും അനുസരിക്കണമെന്ന് ഹദീസിലും വ്യക്തമാക്കപ്പെട്ടത് സുശിക്ഷിതരായ ഒരു സേനാവ്യൂഹത്തെ വാര്‍ത്തെടുക്കാന്‍ കൂടിയാണ്. പരസ്പരം കലഹിക്കരുതെന്നും കലഹിക്കുമ്പോഴാണ് നിങ്ങളുടെ ശക്തി ചോര്‍ന്നുപോവുകയെന്നുമുള്ള ഖുര്‍ആന്റെ ഉദ്‌ബോധനം സൈനിക വിജയത്തില്‍ വഹിച്ച പങ്ക് നിസ്സാരമല്ല. നബി(സ)യുടെ സമര്‍ഥമായ നേതൃത്വത്തിന്‍കീഴില്‍ ഈ ഗുണങ്ങളാര്‍ജിച്ച ഒരു സമൂഹമായി മുസ്‌ലിംകള്‍ വളര്‍ന്നുകഴിഞ്ഞിരുന്നു.
യുദ്ധതന്ത്രം
പ്രവാചകന്റെ യുദ്ധതന്ത്രങ്ങള്‍ സ്ഥലകാലങ്ങള്‍ക്ക് അനുയോജ്യവും എളുപ്പം നടപ്പില്‍ വരുത്താവുന്നതുമാണ്. യുദ്ധത്തിന്റെ ഗതിയില്‍ മാറ്റമുണ്ടാകുമ്പോള്‍ അടവുകള്‍മാറ്റി പ്രയോഗിക്കുന്നതില്‍ സൈന്യത്തിന്റെ ഘടന തടസ്സമായിരുന്നില്ല. നിനച്ചിരിക്കാതെയാണ് ഉഹുദ് യുദ്ധം മുസ്‌ലിംകള്‍ക്ക് പ്രതികൂലമായി മാറിയത്. മലഞ്ചെരുവില്‍ നിര്‍ത്തിയിരുന്ന അമ്പെയ്ത്തുകാര്‍ക്ക് പിണഞ്ഞ അബദ്ധമാണ് കാരണം. പെട്ടെന്നു മുസ്‌ലിംസേന അവരുടെ യഥാസ്ഥാനങ്ങളില്‍നിന്ന് നീങ്ങി അടര്‍ക്കളത്തിന്റെ മധ്യത്തില്‍ ഉരുക്ക് കോട്ടപോലെ ഒരു വലയം തീര്‍ത്തു. നബിയെ വധിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും ശത്രുക്കള്‍ പരാജയപ്പെടുകയാണുണ്ടായത്. ഹുനൈന്‍ യുദ്ധത്തില്‍ മുസ്‌ലിംസേന ചിതറിയോടിയ നിലയിലായിരുന്നു. ഓടിപ്പോയവരെ പുനഃസംഘടിപ്പിക്കുകയും പരാജയം വിജയമാക്കി മാറ്റുകയും ചെയ്ത പ്രവാചകന്‍ തിരുമേനി ഹുനൈന്‍ അടര്‍ക്കളത്തില്‍ അതുല്യ യുദ്ധപാടവമാണ് പ്രദര്‍ശിപ്പിച്ചത്.
യുദ്ധതന്ത്രങ്ങളെല്ലാം അതീവ രഹസ്യമാക്കിവെക്കാന്‍ നബി(സ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പടനീക്കങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ നബിയുടെ മനസ്സിലിരിപ്പ് എന്താണെന്ന് അടുത്ത സഹപ്രവര്‍ത്തകര്‍ക്കു പോലും അറിയുമായിരുന്നില്ല. പിന്നെയെങ്ങനെ ശത്രുക്കള്‍ അറിയാനാണ്? ബദ്‌റില്‍ നബിയുടെ യഥാര്‍ഥ ഉദ്ദേശ്യമെന്തെന്നറിയാതെ ഖുറൈശികള്‍ ആകെ ആശയക്കുഴപ്പത്തിലായി. കച്ചവട സംഘത്തെ ആക്രമിക്കലാണോ? മക്കയെ ആക്രമിക്കലാണോ? ഖുറൈശിപ്പടയെ നേരിടലാണോ? അവസാനം, മക്കയെയും കച്ചവടസംഘത്തെയും സംരക്ഷിക്കാനായി രണ്ട് വലിയ സൈനിക വ്യൂഹത്തെ അയക്കേണ്ടിവന്നു. അയച്ചുകഴിഞ്ഞപ്പോഴാണ് കച്ചവടസംഘം സുരക്ഷിതമായി മക്കയിലെത്തിയ വിവരമറിയുന്നത്. ഇനിയെന്ത് ചെയ്യും? യുദ്ധം വേണോ വേണ്ടയോ? ഖുറൈശി നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായി.
ഇനിയൊരു യുദ്ധം വേണ്ടെന്ന് ശഠിച്ച് ഖുറൈശികളുടെ സഖ്യഗോത്രങ്ങള്‍ അവരുടെ നാടുകളിലേക്ക് തിരിച്ചുപോയി. നബിയുടെ യുദ്ധ തന്ത്രജ്ഞത മൂലമുണ്ടായ ഈ ആശയക്കുഴപ്പത്തില്‍പെട്ട് ഖുറൈശികളുടെ മനോബലം തകര്‍ന്നു. അതെല്ലാം അവഗണിച്ചുകൊണ്ട് അവര്‍ യുദ്ധമുന്നണിയില്‍ ചെന്ന് നോക്കുമ്പോഴോ? ബദ്ര്‍ താഴ്‌വരയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലെല്ലാം മുസ്‌ലിംസേന തമ്പടിച്ചിരിക്കുന്നു. ഖുറൈശിപ്പടയുടെ കഷ്ടകാലത്തിന് അന്നു രാത്രി ശക്തമായ മഴപെയ്തു. അവര്‍ തമ്പടിച്ചിരുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കുതിര്‍ന്ന് ചളിയായി. ഈ പ്രതികൂലസാഹചര്യം ശരിക്കും മുതലെടുക്കാന്‍ പ്രവാചകന് സാധിച്ചു. ഖുറൈശിപ്പടയെ ഒന്നാകെ തകര്‍ത്തു കളയാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചില്ല. കാരണം ശത്രുവിന്റെ പ്രതിരോധം തകര്‍ക്കുക മാത്രമായിരുന്നു മുസ്‌ലിംകളുടെ ഉന്നം. അല്ലാതെ മനുഷ്യരെ കൊന്നൊടുക്കുകയായിരുന്നില്ല.
ഉഹുദ് യുദ്ധത്തിന് പുറപ്പെടുമ്പോഴും പ്രവാചകന്റെ ലക്ഷ്യമെന്താണെന്ന് ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. രാത്രിയില്‍ അതീവ രഹസ്യമായി മുസ്‌ലിംസേന പൊടുന്നനെയുള്ള ഒരു നീക്കത്തിലൂടെ ഉഹുദ്മലയുടെ ഏറ്റവും തന്ത്രപ്രധാനമെന്ന് കരുതപ്പെടുന്ന സ്ഥാനത്ത് താവളമടിച്ചു. ഇങ്ങനെയൊരു നീക്കം ശത്രുക്കള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത അവരുടെ യുദ്ധതന്ത്രങ്ങളൊന്നും ഫലിക്കാതെയായി. അതിനിടെ ഒരുപാട് അബദ്ധങ്ങള്‍ ശത്രുക്കള്‍ക്ക് പിണയുകയും ചെയ്തു.
ഉദാഹരണത്തിന് ഇഖ്‌രിമത്തുബ്‌നു അബീജഹ്‌ലിന്റെ പിന്തുണ കൂടാതെയാണ് ഖാലിദുബ്‌നു വലീദ് ആക്രമണം തുടങ്ങിവെച്ചത്. മുസ്‌ലിം അമ്പെയ്ത്തുകാരുടെ അതിശക്തമായ പ്രത്യാക്രമണം കാരണം ഖാലിദിന് പിന്തിരിയേണ്ടിവന്നു. മറ്റു സേനാവ്യൂഹങ്ങള്‍ക്ക് ഖാലിദിനെ സഹായിക്കാന്‍ കഴിഞ്ഞില്ല. കാരണം സുബൈറിന്റെ നേതൃത്വത്തിലുള്ള ഒരു മുസ്‌ലിം സായുധ സംഘത്തെ അവര്‍ക്കിടയില്‍ സമര്‍ഥമായി വിന്യസിക്കാന്‍ പ്രവാചകന് സാധിച്ചിരുന്നു. ശത്രുക്കള്‍ക്ക് പിന്മാറുകയല്ലാതെ വേറെ പോംവഴികളൊന്നുമില്ലായിരുന്നു. സ്വയം വരുത്തിവെച്ച പരമാബദ്ധം മൂലമാണ്, ആ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് തിരിച്ചടികളേറ്റത്. എന്നിട്ടും അന്തിമ വിജയം മുസ്‌ലിംകള്‍ക്ക് തന്നെയായിരുന്നു.
ഖന്‍ദഖ് യുദ്ധത്തിലെ നബിയുടെ തന്ത്രങ്ങള്‍ ശത്രുപാളയത്തില്‍ ഏറെ അങ്കലാപ്പ് സൃഷ്ടിച്ചു. ആള്‍ബലവും ആയുധബലവും പതിന്മടങ്ങുണ്ടായിട്ടും പ്രവാചകന്റെ പ്രതിരോധനിരയെ ഭേദിക്കാന്‍ ശത്രുക്കള്‍ക്ക് കഴിഞ്ഞില്ല. അതിനിടക്കാണ് ശത്രുപാളയത്തിലെ വിഭിന്ന കക്ഷികള്‍ക്കിടയില്‍ മുറുമുറുപ്പ് തുടങ്ങിയത്. അവര്‍ പരസ്പരം പഴിചാരി. ആര്‍ക്കും പരസ്പരം വിശ്വാസമില്ലാതെയായി. അനൈക്യപ്രവണത ശക്തിപ്പെട്ടത് കാരണം യോജിച്ച മുന്നേറ്റം അസാധ്യമായി. ചുരുക്കത്തില്‍ മഴ പോലെ വന്ന ശത്രുപ്രതിരോധം മഞ്ഞുപോലെ ഉരുകിത്തീര്‍ന്നു. അണിയറയില്‍നിന്ന് പ്രവാചകന്‍ നടത്തിയ അതിസമര്‍ഥമായ ചില കരുനീക്കങ്ങളാണ് ശത്രുസേനയെ ശിഥിലമാക്കിയത്.
മദീനയില്‍നിന്ന് പ്രവാചകനും അനുയായികളും ഉംറ ചെയ്യാന്‍ മക്കയില്‍ വരുന്നുണ്ടെന്ന് ഖുറൈശികള്‍ക്ക് വിവരം കിട്ടി. അവരെ തടയാന്‍ ഒരു വന്‍പട തന്നെ മക്കയുടെ അതിര്‍ത്തി പ്രദേശത്തേക്ക് പുറപ്പെട്ടു. ശത്രുക്കളുടെ നീക്കം മനസ്സിലാക്കിയ നബി പൊടുന്നനെ യാത്ര മറ്റൊരു വഴിക്ക് തിരിച്ചു വിട്ട് ഹുദൈബിയ എന്ന സ്ഥലത്ത് താവളമടിച്ചു. ശത്രുവിന്റെ കാലാള്‍പ്പടയും കുതിരപ്പടയും മറ്റേതോ പര്‍വതപ്രദേശങ്ങളിലേക്ക് മുഹമ്മദിനെ തടയാനായി പോയിരിക്കുകയാണ്. ഇപ്പോള്‍ മക്കയില്‍ സൈന്യമില്ല. മുസ്‌ലിംകള്‍ യുദ്ധോദ്യുക്തരായിരുന്നില്ലെങ്കിലും ഉംറക്ക് അനുവദിക്കപ്പെട്ട വാള്‍ ഉപയോഗിച്ചു തന്നെ അവര്‍ക്ക് മക്ക കീഴടക്കാമായിരുന്നു. ഒരു സാധാരണ പടനായകന്‍ അതാണ് ചെയ്യുക. പക്ഷേ, പ്രവാചകന്‍ ഒരു സാധാരണ പടനായകനല്ലായിരുന്നു. പടനായകനെന്നതിലുപരി ദൈവിക സന്ദേശമെത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മുഖ്യ ചുമതല.
ആ കൃത്യനിര്‍വഹണത്തിന് യുദ്ധമല്ല, സമാധാനമാണ് വേണ്ടത്. ഇനിയുമൊരു രക്തച്ചൊരിച്ചില്‍ അനുവദിച്ചുകൂടാ. കഴിഞ്ഞ മൂന്നു യുദ്ധങ്ങളില്‍ ഖുറൈശികളുടെ സൈനികബലം നന്നെ ശോഷിച്ചിരുന്നിട്ടും ഹുദൈബിയയില്‍വെച്ച് അവരുമായി സമാധാന കരാറിലേര്‍പ്പെടാന്‍ പ്രവാചകന്‍ തുനിഞ്ഞത് അതുകൊണ്ടായിരുന്നു. ബദറില്‍ സൈനികവിജയവും (ങശഹശമേൃ്യ ്ശരീേൃ്യ) ഉഹുദിലും ഖന്‍ദഖിലും ധാര്‍മിക വിജയവും (ങീൃമഹ ്ശരീേൃ്യ) ഹുദൈബിയയില്‍ ശത്രുപക്ഷത്തിന്റെ മനോവീര്യം കെടുത്തുന്ന വിജയ (ജ്യെരവീഹീഴശരമഹ ്ശരീേൃ്യ)വുമാണ് മുസ്‌ലിംകള്‍ നേടിയെടുത്തത്. സൈനിക പരാജയംമൂലമുണ്ടാവുന്ന നഷ്ടങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയും; സൈനികരുടെ മനോബലം തകര്‍ന്നുകഴിഞ്ഞാല്‍ അവരുടെ ചാലക ശക്തി പുനഃസ്ഥാപിക്കാന്‍ കഴിയാത്തവിധം നശിച്ചു പോകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഹുദൈബിയാ സമാധാനസന്ധിയുടെ അനന്തര ഫലമാണ് മക്കാവിജയം. അറേബ്യന്‍ മത സങ്കല്‍പങ്ങളുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായിരുന്നു മക്ക. അതിന്റെ സംരക്ഷകരായിരുന്നു ഖുറൈശികള്‍. അതുകൊണ്ടാണ് തന്റെ ചരിത്രപ്രധാനമായ മക്കാ പ്രയാണത്തില്‍ പ്രവാചകന്‍ പതിനായിരത്തോളം സ്വഹാബികളെ അണിചേര്‍ത്തത്. ഈ പടപ്പുറപ്പാടിനുള്ള ഒരുക്കങ്ങള്‍ വളരെ രഹസ്യമായാണ് നടന്നത്. യുദ്ധസന്നദ്ധരല്ലാത്ത അവസ്ഥയില്‍ ഖുറൈശികളെ പിടികൂടണം. അതായിരുന്നു പ്രവാചകന്റെ പദ്ധതി. വിശുദ്ധ നഗരത്തില്‍ രക്തം ചിന്തുന്നത് എങ്ങനെയും ഒഴിവാക്കണം. ഒരുനാള്‍ പതിനായിരം സൈനികര്‍ മക്ക വളയുന്നു കണ്ട് ഖുറൈശികള്‍ പകച്ചുപോയി. അവരുടെ അവശേഷിച്ച മനോബലവും തകര്‍ന്നു. ഖുറൈശികളെ അപമാനിക്കാനോ നശിപ്പിക്കാനോ പ്രവാചകന്‍ തുനിഞ്ഞില്ല. പൊതുമാപ്പ് നല്‍കി അവരെ അദ്ദേഹം വിട്ടയച്ചു.
ഖൈബറില്‍ നബി നടത്തിയ മിന്നലാക്രമണം ജൂത ഗോത്രങ്ങളെ അമ്പരപ്പിച്ചു കളഞ്ഞു. വളരെ രഹസ്യമായാണ് ഇതിനുള്ള പ്ലാന്‍ തയാറാക്കിയിരുന്നത്. തങ്ങളുടെ കോട്ടകള്‍ മുഴുവന്‍ ജൂതന്മാര്‍ക്ക് കൈയൊഴിക്കേണ്ടിവന്നു. സഖ്യകക്ഷിയായ ബനൂഗഥ്ഫാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനും ജൂത സൈനികര്‍ക്ക് അവര്‍ സഹായം ചെയ്യുന്നത് തടയാനും പ്രവാചകന്‍ ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയത്. തബൂക്കില്‍, മുന്‍തന്ത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു ശൈലിയാണ് പ്രയോഗിച്ചു നോക്കിയത്. താന്‍ യുദ്ധം ചെയ്യാന്‍ വരികയാണെന്ന് പ്രവാചകന്‍ നേരത്തെ പ്രഖ്യാപിച്ചു. ഇതു വെറും അടവുമാത്രമായിരിക്കുമെന്ന് കരുതി ശത്രുക്കള്‍ യുദ്ധത്തിനൊന്നും ഒരുക്കങ്ങള്‍ നടത്തിയില്ല. അസാധാരണമായ വേഗതയില്‍ ശത്രുക്കളുടെ പ്രദേശങ്ങളിലേക്ക് കുതിച്ചുചെന്ന മുസ്‌ലിം സൈന്യത്തെ നേരിടാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. തബൂക് നിവാസികള്‍ക്ക് നബിയുമായി ഒരു സമാധാന കരാറിലേര്‍പ്പെടേണ്ടി വന്നു.
ഒന്നുരണ്ട് ചരിത്ര സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നബി ഒരു ക്രൂരനായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ ചില ചരിത്രകാരന്മാര്‍ ശ്രമിക്കാറുണ്ട്. അസ്മാഅ് ബിന്‍ത് മര്‍വാന്‍ എന്ന സ്ത്രീയെ വധിക്കാന്‍ നബി കല്‍പന കൊടുത്തു എന്നതാണ് അവയിലൊന്ന്. ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടതിന്റെ പേരിലാണ് ഈ വധശിക്ഷ നടപ്പിലാക്കിയത് എന്ന സത്യം അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. യുദ്ധത്തില്‍പോലും സ്ത്രീകളെ വധിക്കാന്‍ പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ ശാസന. ആത്മരക്ഷക്കുവേണ്ടി മാത്രമേ സ്ത്രീകള്‍ക്കെതിരെ ആയുധമെടുക്കാവൂ.
കഅ്ബുബ്‌നു അശ്‌റഫിനെ വധിച്ച സംഭവമാണ് മറ്റൊന്ന്. നബിയുമായി സൗഹൃദത്തില്‍ കഴിയാമെന്നു സഖ്യം ചെയ്തയാളാണ് കഅ്ബ്. മുസ്‌ലിംകള്‍ക്കെതിരില്‍ ശത്രുവിനെ ഒരുനിലക്കും സഹായിക്കില്ലെന്ന് സഖ്യത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ആ വ്യവസ്ഥകളെല്ലാം ലംഘിച്ച് മക്കയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം ആളിപ്പടര്‍ത്താനുള്ള ശ്രമത്തിലായിരുന്നു കഅ്ബ്. മുസ്‌ലിം സ്ത്രീകളെ അപമാനിക്കുകയെന്നതും അയാളുടെ ഹോബിയായിരുന്നു. കഅ്ബിന്റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുന്നവര്‍ക്ക് അയാള്‍ വധശിക്ഷ അര്‍ഹിച്ചിരുന്നു എന്നു ബോധ്യമാവാതിരിക്കില്ല. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ പരാജിത കക്ഷികള്‍ക്ക് മേല്‍ അതിനിന്ദ്യമായ വ്യവസ്ഥകള്‍ അടിച്ചേല്‍പിച്ച നീതിശാസ്ത്രത്തിന്റെ വക്താക്കളാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുകൂടി ഓര്‍ക്കണം. യുദ്ധത്തിനും ധാര്‍മികത പകര്‍ന്നു നല്‍കിയ നബിയുടെ മാതൃകയെവിടെ? അണുബോംബിന്റെ പുറത്ത് അന്തിയുറങ്ങുന്ന ആധുനിക നാഗരികതയെവിടെ?