ആതിഥ്യനാഥും തീവ്രഹിന്ദുത്വവും

Originally posted 2017-03-22 08:41:43.

ആതിഥ്യനാഥും തീവ്രഹിന്ദുത്വം ഉയര്‍ത്തുന്ന വെല്ലുവിളികളും.

ശംസുല്‍ ഇസ്‌ലാം 

ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ആദിത്യനാഥിനെ ഐക്യഖണ്ഡേന തെരെഞ്ഞെടുക്കാനുള്ള ബി.ജെ.പിയുടെ 315 എം.എല്‍.എ മാരുടെയും അവരുടെ സഖ്യകക്ഷികളുടെയും തീരുമാനം നമ്മുടെ മതേതര-ജനാധിപത്യ വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് അസ്വസ്ഥത പുലര്‍ത്തുന്നവരെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതാണ്. അപ്രതീക്ഷിത സംഭവമായാണ് ഇതിനെയവര്‍ മനസ്സിലാക്കുന്നത്. അജയ് സിംഗ് ബിഷ്ട് എന്നാണ് ആദിത്യനാഥ് ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മുഖ്യ പൂജാരിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും ആദിത്യനാഥിന്റെ അധികാരാരോഹണത്തെ അനുവദിക്കരുതായിരുന്നു. കാരണം, ‘സബ്കാ സാത്, സബ്കാ വികാസ്’എന്ന അദ്ദേഹത്തിന്റെ ഭരണ മുദ്രാവാക്യത്തിനെതിരാണ് മുഖ്യമന്ത്രി പദവിയിലേക്കുള്ള ആദിത്യനാഥിന്റെ നാമനിര്‍ദേശം. ചില സുഹൃത്തുക്കള്‍ നിര്‍ദേശിച്ചത് യുപിയിലെയും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെയും മുസ്‌ലിംകള്‍ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കണമെന്നായിരുന്നു. അപ്പോള്‍ എല്ലാ തെരെഞ്ഞെടുപ്പുകളിലും (ഈയടുത്ത് സമാപിച്ച യു.പി തെരെഞ്ഞെടടുപ്പിലുമടക്കം) ചെയ്യുന്ന പോലെ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘടനകള്‍ക്ക് മുസ്‌ലിംകളെ പൈശാചികവല്‍ക്കരിക്കാനുള്ള അവസരമുണ്ടാവുകയില്ല എന്നാണവര്‍ പറയുന്നത്. അതേസമയം, മുസ്‌ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം പ്രതികരണങ്ങള്‍ ഹിന്ദുത്വ ഭീഷണിയുടെ ഗൗരവത്തെ നിസ്സാരമാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാണ് എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ആര്‍.എസ്.എസിന് വേറെ പ്രശ്‌നങ്ങളൊന്നുമില്ല എന്ന മിക്ക ‘മതേതര’ സംഘടനകളുടെയും വ്യക്തികളുടെയും പ്രചരണത്തെ അവ ബലപ്പൈടുത്തുകയും ചെയ്യുന്നുണ്ട്. അഥവാ, ഇന്ത്യയിലെ ഈ രണ്ട് ന്യൂനപക്ഷങ്ങളോടുമുള്ള സമീപനങ്ങളില്‍ മാറ്റം വരുത്തിയാല്‍ ആര്‍.എസ്.എസിന്റെ ഇന്ത്യയെക്കുറിച്ച കാഴ്ചപ്പാടിന് വേറെ പ്രശ്‌നമൊന്നുമില്ല എന്നതാണ് അവരുടെ പക്ഷം.

യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിന് ശത്രുത മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടും മാത്രമല്ല. ജനാധിപത്യ-മതേതര ഇന്ത്യയെത്തന്നെ അവര്‍ വെറുക്കുന്നുണ്ട്. ഇന്ത്യയെ ഒരു ബ്രാഹ്മണ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. യു.പി തെരെഞ്ഞെടുപ്പിലുടനീളമുള്ള ആര്‍.എസ്.എസ്, ബി.ജെ..പി നേതാക്കന്‍മാരുടെ ന്യൂനപക്ഷ വിരുദ്ധ വാചാടോപങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ ദാരിദ്യം, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങളുടെ അഭാവം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കാനുള്ള അടവായിരുന്നു. സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധികളേക്കാള്‍ മുസ്‌ലിംകളും ക്രൈസ്തവരുമാണ് യഥാര്‍ത്ഥ ഭീഷണി എന്ന് ഹിന്ദു വോട്ടര്‍മാരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു അവരുടെ പ്രചരണത്തിന്റെ ലക്ഷ്യം.

അപരിഷ്‌കൃതനും വിഷം വമിപ്പിക്കുന്നവനുമായ ഒരു മുസ്‌ലിം വിരുദ്ധ നേതാവ് എന്ന അര്‍ത്ഥത്തില്‍ മാത്രം ആദിത്യനാഥിന്റെ അധികാരാരോഹണത്തെ മനസ്സിലാക്കുന്നത് കഥയുടെ ചെറിയൊരു ഭാഗം മാത്രമാണ്. യു.പി തെരെഞ്ഞെടുപ്പിലെ എല്ലാ വിധത്തിലുമുള്ള മുസ്‌ലിം വിരുദ്ധ പ്രചരണങ്ങള്‍ക്കിടയിലും 39.7 ശതമാനം വോട്ടുകളാണ് വിജയികള്‍ക്ക് നേടാനായത്. ബി.എസ്.പി, എസ്.പി, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ 50 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ കരസ്ഥമാക്കുകയുണ്ടായി. യു.പിയിലെ വോട്ടര്‍മാരില്‍ 60.3 ശതമാനവും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. തങ്ങളെ അധികാരത്തിലേറ്റിയ ഹിന്ദു ജാതികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസിനും ബിജെ.പിക്കും നന്നായറിയാം. അതിനാല്‍ തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിലൂടെ അവരെ പിടിച്ചു നിര്‍ത്താം എന്നാണ് ആര്‍.എസ്.എസും ബിജെപിയും കണക്ക് കൂട്ടുന്നത്.

ഈ ദൗത്യം നിര്‍വ്വഹിക്കാന്‍ ഹിന്ദുത്വത്തോട് പ്രതിജ്ഞാബന്ധനായ ആദിത്യനാഥ് തന്നെയാണ് ഏറ്റവും അനുയോജ്യന്‍. ഹിന്ദുത്വത്തിന്റെ ഏറ്റവും ആക്രമണാത്മകമായ രണ്ട് ധാരകളെയാണ് ആദിത്യനാഥ് സംയോജിപ്പിക്കുന്നത്. ഹിന്ദു മഹാസസഭയും ആര്‍.എസ്.എസുമാണവ. ജനാധിപത്യത്തോടും മതേതരത്വത്തോടും ബഹുസ്വര ഇന്ത്യയോടുമുള്ള സവര്‍ക്കറിന്റെയുംം ഗോള്‍വാര്‍ക്കറിന്റെയും വെറുപ്പിനെ അദ്ദേഹം തന്നില്‍ സമ്മേളിപ്പിച്ചിട്ടുണ്ട്. ജന്‍മനാ തന്നെ ഏകാധിപതിയായ ആദിത്യനാഥ് ഭരണാധികാരിയായി ഒരു നേതാവ് മാത്രം എന്ന ആര്‍.എസ്.എസിന്റെ താല്‍പര്യത്തോട് യോജിച്ച് കൊണ്ടാണ് ‘പൂര്‍വന്‍ചാല്‍ മേന്‍ രെഹ്നാ തൊ യോഗി കെഹ്നാ ഹോഗാ’ പൂര്‍വാഞ്ചലില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ യോഗി പറയണം) എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത്. ബഹുസ്വര ഇന്ത്യയുടെ എല്ലാ അടയാളങ്ങളെയും അദ്ദേഹം എതിര്‍ക്കുന്നു. അതിനാല്‍ തന്നെ ലക്‌നൗവിലെ എം.എല്‍.എ മാര്‍ യു.പിയുടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ പ്രഖ്യാപിച്ച ശേഷം അവിടെ പറന്നത് കാവിക്കൊടികളായിരുന്നു എന്നത് സ്വാഭാവികമാണ്.

ആദിത്യനാഥിന്റെ കാവിവസ്ത്രം ജാതീയ ബന്ധിതമായ ഹിന്ദുത്വത്തെ പ്രചരിപ്പിക്കാന്‍ ആര്‍.എസ്.എസിനെ സഹായിക്കുന്നുണ്ട്. യു.പിയിലെ ഇഗ്‌ലാസ് സംവരണ മണ്ഡലത്തിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാണ് അതിന് മാതൃക. ആര്‍.എസ്.എസു മായി കുടുംബ ബന്ധമുള്ള ദലിതനായ ദിലെര്‍ എന്ന ആ സ്ഥാനാര്‍ത്ഥി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് തറയിലായിരുന്നു ഇരുന്നത്. മാത്രമല്ല, ഉയര്‍ന്ന ജാതിയില്‍ പെട്ട ഹിന്ദുക്കളുടെ വീടുകളില്‍ പോകുമ്പോള്‍ വെള്ളവും ചായയും കുടിക്കാനായി അദ്ദേഹം സ്വന്തം ഗ്ലാസ് കൈയ്യില്‍ കരുതുമായിരുന്നു. വാല്‍മീകിയായ ദിലെര്‍ ജാതീയതയില്‍ ബന്ധിതനാകാനുള്ള തന്റെ ആഗ്രഹത്തെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞതിതാണ്: ‘എനിക്ക് എന്റെ പാരമ്പര്യത്തില്‍ നിന്നും മുക്തനാകാന്‍ കഴിയില്ല. ലോകം മാറട്ടെ. ഞാന്‍ മാറില്ല.’ ആദിത്യനാഥിന് കീഴില്‍ ദലിതര്‍ മനുസ്മൃതിയുടെ നിയമങ്ങളാണ് അനുസരിക്കേണ്ടത്. ദിലെറും അതില്‍ നിന്നൊഴിവല്ല. അദ്ദേഹവും ഈ നിയമങ്ങള്‍ അനുസരിച്ചാണ് ഭരിക്കേണ്ടത്.

ഇന്ത്യ മുസ്‌ലിംകളില്‍ നിന്ന് സ്വതന്ത്രമായിരിക്കുക, ഗോവധനിരോധനം നടപ്പിലാക്കുക (അതിപ്പോഴും ആര്‍എസ്എസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്ത്‌കൊണ്ടാണ് തുടരുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല), ഹൈന്ദവതയിലേക്കുള്ള ക്രൈസ്തവരുടെയും മുസ്‌ലിംകളുടെയും നിര്‍ബന്ധിത പരിവര്‍ത്തനം നടപ്പിലാക്കുക, ഭാരത് മാതാ കീ ജയ് എന്ന് വിളിച്ച് മുസ്‌ലിംകള്‍ തങ്ങളുടെ രാജഭക്തി തെളിയിക്കണമെന്ന നിര്‍ദേശം (ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ ഈ മുദ്രാവാക്യം ഹിന്ദുത്വ നേതാക്കളും പ്രവര്‍ത്തകരും ഒരിക്കലും ഉയര്‍ത്തിയിട്ടില്ല) തുടങ്ങിയ ആവശ്യങ്ങളാണ് ആദിത്യനാഥ് ഉയര്‍ത്തുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തോട് എത്രത്തോളം പ്രതിജ്ഞാബന്ധമാണ് അദ്ദേഹം എന്നാണിത് കാണിക്കുന്നത്. അപകടകാരിയായ അപരനെ മുന്‍നിര്‍ത്തിയുള്ള ഈ രാഷ്ട്രീയം അസംതൃപ്തരായ ഹിന്ദുക്കളെ നിയന്ത്രിക്കാന്‍ ഹിന്ദുത്വ ശക്തിക്കളെ സഹായിക്കും.

നേപ്പാളുമായി നീണ്ട അതിര്‍ത്തി പങ്കിട്ടുകൊണ്ടാണ് ആദിത്യ യു.പി ഭരിക്കുന്നത്. രാജാവിനനുകൂലമായ ഘടകങ്ങളെ സംബന്ധിച്ചിടത്തോളം അത് ഹിതകരമായ കാര്യമാണ്. നേപ്പാളിലെ ഹിന്ദു രാജാക്കന്‍മാര്‍ക്ക് ആദിത്യയും അനുയായികളും വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം നേപ്പാള്‍ രാജാവ് ലോകത്തുടനീളമുള്ള ഹിന്ദുക്കളുടെ രാജാവാണ്. നേപ്പാളിലെ രാജാധിപത്യത്തിന്റെ പുനസ്ഥാപനത്തിനും ഹിന്ദു രാഷ്ട്രം എന്ന നിലക്കുള്ള അതിന്റെ തിരിച്ച് വരവിനും വേണ്ടി ഹിന്ദു മഹാസഭയും ആര്‍എസ്എസും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ യു.പി യിലെ ആദിത്യയുടെ ഭരണത്തിന് അന്താരാഷ്ട്രപരമായ പരിണത ഫലങ്ങളുണ്ടാകുമെന്നത് തീര്‍ച്ചയാണ്.

ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതിയെക്കുറിച്ച ധാരണയില്ലാത്തവരാണ് ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ പൂജാരി മുഖ്യമന്ത്രിയായപ്പോള്‍ ഞെട്ടിയത്. 1967-68 കാലത്ത് തന്നെ ഈ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനം നാം കണ്ടതാണ്. അന്ന് ജനാധിപത്യ-മതേതര വ്യവസ്ഥ മുറുകെപ്പിടിക്കുന്ന പാര്‍ട്ടികളെല്ലാം പ്രവിശ്യകളിലും കേന്ദ്രത്തിലും ആര്‍.എസ്.എസുമായി ഭരണം പങ്കിടുകയുണ്ടായി. 1997-98 വര്‍ഷങ്ങളില്‍ ഗുജറാത്ത് ഒരു ഹിന്ദുത്വ ലബോറട്ടറിയായതോട് കൂടി ഹിന്ദുത്വ രാഷ്ട്രീയം കൂടുതല്‍ ശക്തമായി. മോഡിയുടെ അധികാരാരോഹണത്തോടും താന്‍ ദേശീയവാദിയാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടും കൂടെ അത് പൂര്‍ണ്ണമാവുകയും ചെയ്തു. സമകാലിക ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായല്ല, മറിച്ച് വ്യതിചലനമായാണ് ആദിത്യയുടെ അധികാരാരോഹണത്തെ ‘ഞെട്ടിയ’ സുഹൃത്തുക്കള്‍ മനസ്സിലാക്കുന്നത് എന്നതാണ് പ്രശ്‌നം. ഇപ്പോഴത്തെ ജനാധിപത്യ-മതേതര വ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ലാത്ത ഭാരത് മാതാ എന്ന ആര്‍.എസ്.എസ് ആശയത്തെ നാം പൂര്‍ണ്ണമായും വെല്ലുവിളിക്കേണ്ടതുണ്ട്. ഹിന്ദുത്വ ശക്തികളെ ഇപ്പോഴും പ്രചോദിപ്പിക്കുന്ന അധപതിച്ച് പോയ പെഷ്‌വാ സംസ്ഥാനത്തിന്റെ പകര്‍പ്പ് മാത്രമാണത്. ഈയവസ്ഥയില്‍ ഇന്ത്യയെ നശിപ്പിക്കാന്‍ ഒരു വിദേശ ശക്തിയുടെ ആവശ്യമില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഹിന്ദുത്വ ശക്തികള്‍ തന്നെ അതിന് പര്യാപ്തരാണ്.

എന്നാല്‍ 2014 ലെയോ 2017 ലെയോ തെരെഞ്ഞെടുപ്പാണെങ്കിലും ഹിന്ദുത്വ ശക്തികള്‍ക്ക് മൊത്തം വോട്ടിന്റെ മുപ്പത് ശതമാനമാണ് നേടാനായത് എന്ന യാഥാര്‍ത്ഥ്യം നമ്മെ സന്തോഷിപ്പിക്കേണ്ടതാണ്. യു.പി തെരെഞ്ഞെടുപ്പില്‍ ഹിന്ദുത്വ കൊടുങ്കാറ്റ് എല്ലാ എതിരാളികളെയും നശിപ്പിച്ചു എന്ന് ആര്‍.എസ്.എസ് അനുകൂല വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും നാല്‍പ്പത് ശതമാനത്തില്‍ കുറഞ്ഞ വോട്ടുകളാണ് അവര്‍ക്ക് നേടാനായത്. ഹിന്ദുത്വത്തിന്റെ കെണിയില്‍ ഹിന്ദുക്കള്‍ വീഴുന്നില്ല എന്നതാണിത് കാണിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, ഹിന്ദുത്വത്തെ എതിര്‍ക്കുന്നവര്‍ അജ്ഞത മൂലം ആര്‍എസ്എസിന്റെ ദേശവിരുദ്ധ തത്വചിന്തയെയും പ്രവര്‍ത്തനങ്ങളെയും വെല്ലുവിളിക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ വിജയത്തിന് ശേഷം അരാഷ്ട്രീയ സംഘം എന്ന മുഖഭാവം ആര്‍.എസ്.എസ് പൂര്‍ണ്ണമായും കൈവെടിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആര്‍.എസ്.എസ് പ്രചാരകന്‍മാര്‍ മുഖ്യമന്ത്രിമാരായി തെരെഞ്ഞെടുക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ തീവ്രഹിന്ദുത്വത്തിനും ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിനുമെതിരെയുള്ള ഇന്ത്യയുടെ യുദ്ധം ഇനിയും വൈകിക്കൂടാ. എഴുപത് ശതമാനത്തോളം വരുന്ന ഇന്ത്യക്കാര്‍ ഹിന്ദുത്വ ശക്തിക്കെതിരായ നമ്മുടെ സുരക്ഷയാണ്.
psychology

Related Post