സൂര്യന്‍

Originally posted 2014-05-15 22:23:58.

സൂര്യന്‍ പ്രകാശിക്കുന്നു; നിങ്ങളുടെ ജീവിതം പ്രകാശിപ്പാന്‍…
sunset_b
തികഞ്ഞ അപകടകാരിയെന്നോണം എല്ലാവര്‍ക്കും ഇപ്പോള്‍ സൂര്യനെ പേടിയാണ്. എന്നാല്‍ എന്തുവിലകൊടുത്തും അതിന്റെ വെളിച്ചത്തില്‍നിന്നും അകന്നുനില്‍ക്കേണ്ടത്ര പേടിക്കേണ്ടതുണ്ടോ നാം എന്നതാണ് ചോദ്യം. അത് നിങ്ങള്‍ക്ക് അകാലവാര്‍ധക്യം സമ്മാനിക്കുമോ ? അത് ത്വക് കാന്‍സറിന് വഴിയൊരുക്കുമോ?

സൂര്യന്‍ ഭൂമിയുടെതിനേക്കാള്‍ 218 ഇരട്ടി വലിപ്പമുള്ള ഗോളമാണ്. അതിന്റെ ഉപരിതലഊഷ്മാവ് 6000 ഡിഗ്രി സെല്‍ഷ്യസ് ആണ്. അതിന്റെ പിണ്ഡത്തില്‍ 73% ഹൈഡ്രജനും 25% ഹീലിയവും ആണ് ഉള്ളത്. അതിനാല്‍ തന്നെ ചൂട് പുറത്തേക്ക് വമിക്കുന്നതും അതിവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നതുമായ കത്തുന്ന വാതകഗോളമാണത്.

സൂര്യനെ മറക്കുപിന്നിലാക്കണമോ?

സൂര്യനില്‍നിന്ന് ഉത്സര്‍ജിക്കപ്പെടുന്ന ഊര്‍ജം ഭൂമിയിലെത്തുന്നു. പ്രസ്തുത ഊര്‍ജസ്രോതസ്സില്ലെങ്കില്‍ ഭൂമിക്ക് നിലനില്‍പ്പുതന്നെയില്ല. 386 ബില്യണ്‍ബില്യണ്‍ മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കുന്നതില്‍ 89000 ടെറാവാട്ട് (ഒരു ടെറാവാട്ട്് = ഒരു ട്രില്യണ്‍ വാട്ട്)ഊര്‍ജമാണ് ഭൂമിയിലെത്തുന്നത്. സൂര്യനെക്കുറിച്ച നമ്മുടെ ആശങ്കകള്‍ പൂര്‍ണമായും തെറ്റാണെന്ന് പറയാന്‍കഴിയില്ല. കൂടുതലായി സൂര്യപ്രകാശം ഏല്‍ക്കുന്ന ചര്‍മങ്ങളില്‍ കാന്‍സറിന് സാധ്യതയേറുന്നു. മെലനോമയില്‍ 85%ശതമാനവും ഉപരിതലചര്‍മകാന്‍സറും ഉണ്ടാകുന്നതില്‍ സൂര്യപ്രകാശം വില്ലനാണെന്ന് തെളിഞ്ഞുകഴിഞ്ഞു. വളരെ പെട്ടെന്ന് ത്വക്കില്‍ ചുളിവുവീഴുക,ചര്‍മം കട്ടിയുള്ളതാവുക എന്നിവ അതിന്റെ ലക്ഷണമാണ്.

ചെടികള്‍ അതിജീവിക്കുന്നു

കള്ളിമുള്‍ചെടികളെ നിങ്ങള്‍ കണ്ടിട്ടില്ലേ. ആ വര്‍ഗത്തില്‍ പലതരത്തിലുള്ള ചെടികളുണ്ട്. ചിലത് മരുഭൂമിയില്‍ കൊണ്ടുവെച്ചാല്‍ അവയ്ക്ക് സൂര്യാതപം ഏല്‍ക്കും. എന്നാല്‍ മറ്റുചില ചെടികള്‍ മഴക്കാടുകളില്‍ പിടിപ്പിച്ചാല്‍ വേരുചീഞ്ഞുപോകും. എന്നാല്‍ അത്യുഷ്ണ മരുപ്രദേശങ്ങളില്‍ വളരുന്ന കള്ളിമുള്‍ചെടികള്‍ സൂര്യാതപത്തെ ചെറുക്കാന്‍ ശേഷിയുള്ളവയാണ്. സാധാരണനിലയില്‍ അത്തരം മുള്‍ചെടികള്‍ ഇലകളൊന്നുമില്ലാതെ മുള്ളും കട്ടിയുള്ള തൊലിയുള്ളതുമായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ അവ പ്രത്യേകതരം മെഴുകിന്റെ ആവരണം കാണ്ഡത്തില്‍ സൃഷ്ടിച്ചുകൊണ്ടാണ് സൂര്യാതപത്തില്‍നിന്ന് രക്ഷപ്പെടുന്നത്.

സൂര്യപ്രകാശത്തിന്റെ സഹായത്താലാണ് നമ്മുടെ ചര്‍മം വിറ്റാമിന്‍-ഡി നിര്‍മിക്കുന്നതെന്നറിയാമല്ലോ. സൂര്യപ്രകാശത്തെ തടുത്തുനിറുത്തുന്നതില്‍ ത്വക്കിലുള്ള മെലാനിന് വലിയ പങ്കുണ്ട്. സൂര്യപ്രകാശം വളരെ കുറച്ചുമാത്രം കിട്ടുന്ന യൂറോപ്യന്‍ നാടുകളില്‍ അതുകൊണ്ടുതന്നെ ത്വക്കില്‍ മെലാനിന്റെ അളവ് അധികം ആവശ്യമില്ല. അതേസമയം സൂര്യപ്രകാശത്തിന്റെ സഹായത്തില്‍ നിര്‍മിക്കുന്ന വിറ്റാമിന്‍-ഡി ഉപയോഗപ്പെടുത്തിയാണ് കാത്സ്യത്തെ ശരീരം ഭക്ഷണത്തില്‍നിന്ന് വലിച്ചെടുക്കുന്നത്.

വെളുത്ത തൊലിയുള്ളവര്‍ക്ക് സൂര്യപ്രകാശം കുറഞ്ഞാല്‍ പോലും അതിലൂടെ വിറ്റമിന്‍-ഡി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഇരുണ്ട ചര്‍മമുള്ളവര്‍ക്ക് വിറ്റാമിന്‍ ഉത്പാദിപ്പിക്കണമെങ്കില്‍ കൂടുതല്‍ സൂര്യപ്രകാശം ആവശ്യമാണ്. അതിനാല്‍തന്നെ സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളില്‍താമസിക്കുന്ന കറുത്തവംശജര്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവ് വളരെ പ്രകടമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും തണുപ്പുള്ള രാജ്യങ്ങളെക്കാള്‍ താമസത്തിന് ആരോഗ്യപരമായത് സൂര്യപ്രകാശം ലഭിക്കുന്ന നാടുകളാണ്. കടുത്തമഞ്ഞുകാലത്ത് സ്വീഡനില്‍ കഴിയുന്നവര്‍ക്ക് കാലാവസ്ഥാബാധിതരോഗങ്ങളുണ്ടാകാറുണ്ട്. ചുരുക്കത്തില്‍ നമ്മെ ചലിപ്പിക്കാന്‍ സൂര്യപ്രകാശം ആവശ്യമാണ്.

Related Post