ആതിര പറഞ്ഞതും പറയാതിരുന്നതും ( ഭാഗം- 4)

Originally posted 2017-09-25 18:34:44.

ആതിര പറഞ്ഞതും പറയാതിരുന്നതും ( ഭാഗം- 4)

ആതിര പറഞ്ഞതും പറയാതിരുന്നതും ( ഭാഗം- 4)

മനുഷ്യൻ ദുർമാർഗിയാവുന്നതിലെ ദൈവ നിശ്ചയവും മനുഷ്യോദ്ദേശവും

ഈ അവസാന ഭാഗം ഞാൻ എഴുതുന്നത് ആതിര അവരുടെ മാതാ പിതാക്കൾക്ക് എഴുതിയ 20 പേജ് കത്തു വായിച്ച ശേഷമാണ്. ആ കത്തു തന്നെ ഏറെക്കുറെ ആതിര പത്രസമ്മേളനത്തിൽ ഉന്നയിച്ചതോ അവരെക്കൊണ്ടു ഉന്നയിപ്പിച്ചതോ ആയ ഏതാണ്ട് എല്ലാ വിഷയങ്ങൾക്കും ഉത്തരം നൽകുന്നുണ്ട്. എന്തു തന്നെയായാലും ആതിരയുടെ പത്രസമ്മേളനം വിഷയം പരസ്പര ആദരവോടെയും ബഹുമാനത്തോടെയും പൊതു സമൂഹത്തിനു മുമ്പിൽ ചർച്ച ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിച്ചത് എന്തുകൊണ്ടും ആരോഗ്യ പൂർണവും സംവാദാത്മകവും സംസ്കൃതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾ അറിയുന്നതിനെ ഭയപ്പെണ്ടിവരാത്ത, ആളുകൾ അവരവരുടെ ബോധ്യത്തിന്നു അനുസരിച്ചു വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന, പരസ്‌പരം കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന, കലവറയില്ലാത്ത കരുതിവെപ്പില്ലാത്ത,
മറയില്ലാത്ത മതിൽകെട്ടില്ലാത്ത  സഹിഷ്‌ണുതയുള്ള സ്വതന്ത്ര സമൂഹത്തിന്റെ സൃഷ്ടിയായിരിക്കണം നമ്മുടെ ലക്ഷ്യം.

ആതിര പത്ര സമ്മേളനത്തിൽ പറഞ്ഞതും അവൾ അവരുടെ മാതാപിതാക്കൾക്ക് എഴുതിയ കത്തിൽ അവരെ educate ചെയ്യുന്നതിന്റെ ഭാഗമായി പരാമർശിക്കുകയും ചെയ്തിട്ടില്ലാത്ത വിധി സംബന്ധമായ വിഷയമാണ് ഈ അവസാന ഭാഗത്തു കൈകാര്യം ചെയ്യുവാൻ ഉദ്ദേശിക്കുന്നത്.
ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാ മതങ്ങളും ദൈവത്തെ പൂർണനും ത്രികാലജ്ഞനും സർവ്വജ്ഞനുമായിട്ടാണ് മനസ്സിലാക്കുന്നത് . ഏതെങ്കിലും ഒരു മതം ദൈവത്തെ അപൂർണനായോ തെറ്റുപറ്റുന്നവനായോ, മനുഷ്യന്റേതുൾപ്പടെ ഭാവി അറിയാത്തവനായോ വിശ്വസിക്കുന്നില്ല. വേദങ്ങൾ ദിവ്യ പ്രോക്തങ്ങളാണെങ്കിൽ അവ അന്യൂനവും കുറ്റമറ്റതുമായിരിക്കും. അതിൽ ആതിര പത്രസമ്മേളനത്തിൽ പറഞ്ഞതുപോലെ തള്ളേണ്ടതായിട്ടൊന്നുമുണ്ടാവില്ല. അത് ദിവ്യ പ്രോക്തമല്ലെങ്കിലോ , അതല്ലെങ്കിൽ മനുഷ്യന്റെ കൈകടത്തലിന്ന് വിധേയമായതോ ആണെങ്കിൽ അതിൽ തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാവും.

വിശുദ്ധ ഖുർആനിൽ തള്ളേണ്ടതായിട്ടൊന്നും ഇല്ലെന്നു മുസ്ലിംകൾ വിശ്വസിക്കുന്നത് ആതിര അവളുടെ കത്തിൽ പറഞ്ഞതുപോലെതന്നെ അവർ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അത് ദിവ്യ പ്രോക്തമാണെന്നു വിശ്വസിക്കുന്നതുകൊണ്ടും അത് മനുഷ്യന്റെ കൈകടത്തലിൽനിന്നും ഒരു വള്ളി പുള്ളി പോലും വിത്യാസമില്ലാതെ സംരക്ഷിക്കപ്പെട്ടതുകൊണ്ടുമാണ്. വല്ലവരും അവരുടെ “വേദ”ങ്ങൾ തെറ്റ് (?!)പറയുമ്പോൾ ആതിര പറഞ്ഞതുപോലെ തള്ളിക്കളയുവാൻ സ്വാതന്ത്ര്യം നല്കുന്നുണ്ടെങ്കിൽ, അത് നല്ലതും സ്വാഗതാർഹവുമാണ്. അതോടൊപ്പം തന്നെ ആ വേദങ്ങൾ ഒന്നുകിൽ ദിവ്യ പ്രോക്തമല്ലെന്നോ, അല്ലെങ്കിൽ അവ മനുഷ്യന്റെ കൈകടത്തലിന്നു വിധേയമായിരിക്കുന്നുവെന്നോ സമ്മതിക്കുന്നുവെന്നാണ് അതിൻറെ അർത്ഥം . ആ അർത്ഥത്തിലും അത് സ്വാഗതാർഹമാണ്.

മനുഷ്യനെ സന്മാർഗത്തിലാക്കുന്നതും ദുർമാർഗത്തിലാക്കുന്നതും അല്ലാഹുവാണെന്നു വിശുദ്ധ ഖുർആൻ പറയുന്നനുണ്ടല്ലോ ? അങ്ങനെയാണെങ്കിൽ ആ ദൈവം തന്നെ ദുർമാർഗത്തിലായവരെ ശിക്ഷിക്കുന്നത് എങ്ങനെ എന്ന് ആതിര പത്ര സമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതൊരു വാലിഡ്‌ ആയ ചോദ്യമാണ് . അത് ആതിരയെക്കൊണ്ട് പത്ര സമ്മേളനം നടത്തിച്ചു പൊതു ചർച്ചക്കു വിഷയീഭവിപ്പിച്ചതു സ്വാഗതാർഹവുമാണ് . ആ ചോദ്യം എല്ലാ മതങ്ങളും പൊതുവായി കൈകാര്യം ചെയ്യേണ്ട വിഷയമാണെങ്കിലും വിശുദ്ധ ഖുർആനും ഇസ്‌ലാമും അതിന്നു കൃത്യമായ ഉത്തരം നൽകുന്നുണ്ട്.
മനുഷ്യന്റേതുൾപ്പടെ പ്രകൃതിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാന /നിശ്ചയ പ്രകാരമാണ്. ദൈവത്തിന്റെ അലംഘനീയ നിയമങ്ങളെയാണ് മനുഷ്യന്റേതുൾപ്പടെ പ്രകൃതി മുഴുവൻ അനുസരിക്കുന്നത്. അതുകൊണ്ടാണ് പ്രപഞ്ചം മുഴുക്കെ പ്രകൃത്യാ മുസ്ലിം (ദൈവത്തെ മാത്രം അനുസരിക്കുന്നവൻ) ആണെന്ന് പറയുന്നത്. മനുഷ്യന്റെ പ്രകൃതിപരമായ കാര്യങ്ങളും അങ്ങനെ തന്നെ .

ഒരു മനുഷ്യനും കണ്ണുകൊണ്ടു കേൾക്കുവാനോ കാതു കൊണ്ട് കാണുവാനോ സാധിക്കില്ല. ദൈവം നിശ്ചയിച്ച പ്രകൃതി നിയമങ്ങൾക്കു അലംഘനീയമായ രൂപത്തിൽ അവനും വിധേയനാണ്. അതുകൊണ്ടാണ് പ്രകൃത്യാ എല്ലാ മനുഷ്യരും മുസ്ലിം ആണെന്ന് ഇസ്‌ലാം പറയുന്നത് . എന്നാൽ മനുഷ്യ സ്വാതന്ത്ര്യവുമായി /ഇച്ഛയുമായി ബന്ധപ്പെട്ടു അല്ലാഹുവിന്റെ തീരുമാനം /നിശ്ചയം മനുഷ്യൻ തീരുമാനിക്കട്ടെ എന്നതാണ് . ( വി . ഖുർആൻ 76:30; 81:29 ) ഇതിനാണ് ഫ്രീ will എന്നു പറയുന്നത് . ഇതുകൊണ്ടാണ് മനുഷ്യന്നു സ്വാതന്ത്ര്യം നൽകപ്പെട്ട മേഖലകളിൽ സ്വന്തമായി തീരുമാനം എടുക്കുവാൻ സാധിക്കുന്നത്.

മനുഷ്യന് എന്തും തീരുമാനിക്കാം ..ദൈവ ഹിതത്തിന്നു വിധേയമായും ദൈവഹിതത്തിനു വിരുദ്ധമായും. അവന്റെ സ്വാതന്ത്ര്യത്തെ ദൈവ ഹിതത്തിന്നു വിധേയമാക്കുവാൻ അവൻ തീരുമാനിക്കുമ്പോൾ അവൻ സോദ്ദേശ മുസ്ലിം ആയിത്തീരുന്നു. അപ്പോൾ അവൻ പ്രകൃതിയുടെ പൊതു ധാരയുമായി താദാത്മ്യപ്പെടുന്നു. അതുകൊണ്ടാണ് മനുഷ്യനിലെ സോദ്ദേശ ഇസ്‌ലാമിനെ പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും മനുഷ്യ മുഖമായും മനുഷ്യന്റെ പ്രാപഞ്ചിക മുഖമായും വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യം നൽകപ്പെട്ട മേഖലകളിൽ ദൈവ ഹിതത്തിന്നു വിരുദ്ധമായി ദൈവേതര ശക്തികൾക്ക് അവൻ വിധേയപ്പെടുമ്പോൾ അവൻ പ്രകൃതിയുടെ പൊതുധാരക്ക് വിരുദ്ധ മായ പാത സ്വീകരിക്കുന്നവനായിത്തീരുന്നു. ഇതിനെയാണ് വിശുദ്ധ ഖുർആൻ കുഫ്ർ എന്ന പദം കൊണ്ട് വിശേഷിപ്പിക്കുന്നത് .

ഇവിടെ രണ്ടു തരത്തിലുള്ള ഉദ്ദേശങ്ങൾ ഉണ്ട്. മനുഷ്യ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യം മനുഷ്യനുദ്ദേശിക്കട്ടെ എന്ന് അല്ലാഹു ഉദ്ദേശിച്ചു. ഇവിടെ അല്ലാഹു പ്രദായകോദ്ദേശകനാണ് . അങ്ങനെ മനുഷ്യൻ അവന്നു സ്വാതന്ത്ര്യം നൽകപ്പെട്ട മേഖലകളിൽ സ്വന്തം തീരുമാനം എടുക്കുന്നു. മനുഷ്യനിവിടെ പ്രദാനിതോദ്ദേശകനുമാണ്. അല്ലാഹുവിന്നു ദുർമാർഗത്തിൽ ചരിക്കുവാനുദ്ദേശിച്ച മനുഷ്യനെ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ സന്മാര്ഗത്തിലാക്കുവാൻ സാധിക്കുമായിരുന്നു. മനുഷ്യന്നു ഇച്ഛാ സ്വാതന്ത്ര്യം നൽകിയ അല്ലാഹു ( വി . ഖുർആൻ 76:30; 81:29 ) സർവ ശക്തനായിട്ടും അവനെ നിർബന്ധിച്ചു സന്മാർഗത്തിലാക്കുന്നില്ല. ആയതിനാൽ മനുഷ്യനെ നിർബന്ധിച്ചു സന്മാർഗത്തിലാക്കുവാൻ കഴിവുണ്ടായിട്ടും അങ്ങനെ നിര്ബന്ധിക്കാതിരിക്കുവാൻ അള്ളാഹു ഉദ്ദേശിച്ചതുകൊണ്ടാണ് മനുഷ്യൻ ദുർമാർഗത്തിൽ ജീവിക്കുന്നത്. ഇതേ പൊലെ സന്മാര്ഗത്തിൽ ജീവിക്കുവാനുദ്ദേശിച്ച മനുഷ്യനെ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ദുർമാർഗത്തിലാക്കുവാൻ സാധിക്കുമായിരുന്നു. മനുഷ്യന്നു ഇച്ഛാ സ്വാതന്ത്ര്യം നൽകിയ അല്ലാഹു സർവ ശക്തനായിട്ടും അവനെ നിർബന്ധിച്ചു ദുർമാർഗത്തിലാക്കുന്നില്ല. ആയതിനാൽ മനുഷ്യനെ നിർബന്ധിച്ചു ദുർമാർഗത്തിലാക്കുവാൻ കഴിവുണ്ടായിട്ടും അങ്ങനെ നിര്ബന്ധിക്കാതിരിക്കുവാൻ അള്ളാഹു ഉദ്ദേശിച്ചതുകൊണ്ടാണ് മനുഷ്യൻ സന്മാർഗത്തിൽ ജീവിക്കുന്നത്.

മനുഷ്യൻറെ തീരുമാനത്തെ/ ഉദ്ദേശത്തെ കർമമാക്കി മാറ്റുമ്പോഴുള്ള സ്ഥലവും കാലവുമായി ബന്ധപ്പെട്ട രണ്ടു ഘടകങ്ങൾ
മനുഷ്യന്റെ നിയന്ത്രണത്തിലല്ല. ആയതിനാൽ മനുഷ്യൻ തീരുമാനം കർമമാക്കി /ചെയ്തിയാക്കി മാറ്റുവാൻ ശ്രമിക്കുമ്പോൾ അതിനാവശ്യമായ സ്ഥലവും കാലവും അവന്റെ നിയന്ത്രണത്തിലില്ലാത്തതിനാലും അത് പൂർണമായും അല്ലാഹുവിന്റെ നിയന്ത്രണത്തിലായതിനാലും അവൻ സത്യവിശ്വാസികളോട് “ഇൻ ഷാ അല്ലാഹു” എന്ന് പറയുവാൻ (വിശുദ്ധ ഖുർആൻ – 18:23) കല്പിച്ചു . അങ്ങനെ സ്ഥലകാല നിയമങ്ങൾക്കു വിധേയപ്പെട്ടു മനുഷ്യൻ ചെയ്യുന്ന കർമങ്ങൾക്കു കാര്യ കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഭൗതിക ലോകത്തു ഫലമുണ്ടാകുന്ന പ്രകൃതി നിയമമാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ആയതിനാൽ അഗ്നിയെ സ്പർശിച്ചാൽ വിശ്വാസി അവിശ്വാസി ഭേദമന്യേ എല്ലാവര്ക്കും പൊള്ളും ..മനുഷ്യൻ അവന്നു അല്ലാഹു നൽകിയ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി ചെയ്യുന്ന കർമങ്ങൾക്ക് സ്വാഭാവികമായ /പ്രകൃതിപരമായ ഫലങ്ങളും ധാർമികമായ ഫലങ്ങളും ഉണ്ടാവും . ഇതിന്നു മനുഷ്യൻ ദൈവത്തിന്റെ മുമ്പിൽ ഉത്തരവാദിയാണ്. അവൻ അവന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് തെരഞ്ഞെടുക്കുന്ന രണ്ടുവഴികൾ സ്വാഭാവികമായി എത്തിച്ചേരുന്ന സങ്കേതങ്ങളാണ് സ്വർഗ്ഗ നരക ലോകങ്ങൾ.

ഈ നൽകിയ ഉത്തരത്തിനു അനുബന്ധമായി ഇനിയും നിരവധി അനുബന്ധ ചോദ്യങ്ങൾ ഇത് സംബന്ധമായി ഉണ്ടാവാം. ഖുർആനികമായി ഒരു കാര്യം ഉണർത്തട്ടെ . നമ്മൾ എന്തു കൊണ്ട്ചിന്തിക്കുന്നു ? നമ്മുടെ അറിവ് പൂർണമല്ലാത്തതുകൊണ്ടു (വിശുദ്ധ ഖുർആൻ 33:72). നമ്മുക്ക് എന്നെങ്കിലും ചിന്തിക്കേണ്ടി വരാത്ത ഒരു അവസ്ഥ ഉണ്ടാവുമോ ? ഇല്ല . എന്നു പറഞ്ഞാൽ അറിവിലെ അപൂർണത നമ്മുടെ അസ്തിത്ത്വത്തിന്റെ ഭാഗമാണ്. ആ അപൂർണതയെ ചിന്തയുടെ അവസരമായി ഉപയോഗപ്പെടുത്തൽ കൂടിയാണ് മനുഷ്യത്ത്വം. നമ്മുടെ അസ്തിത്വ സംബന്ധമായി നമ്മുക്ക് അറിഞ്ഞു കൂടാത്ത അല്ലെങ്കിൽ നമ്മുക്ക് അറിയുവാൻ സാധിക്കാത്ത കാര്യങ്ങൾ എന്നും നമ്മോടൊപ്പം ഉണ്ടാവും. നമ്മുടെ ലോകത്തു ഒരിക്കലും ചോദ്യവും ഉത്തരവും സമമാവില്ല . ചോദ്യങ്ങൾ കൂടുതലായിരിക്കും . അങ്ങനെയുള്ള ലോകത്തേ ചിന്ത പ്രസക്തമാവുകയുള്ളൂ .

വിധിയും മനുഷ്യന്റെ അസ്തിത്വവുമായും ബന്ധപ്പെട്ട ചോദ്യങ്ങൾ തികച്ചും ഫിലോസോഫിക്കൽ ആണ് . സ്വാഭാവികമായും എന്താണ് മനുഷ്യ ജീവിതം എന്ന് ചോദിക്കാം. ഇതിന്നു ഖുർആൻ നൽകുന്ന ഉത്തരം മനുഷ്യ ജീവിതം പരീക്ഷണമാണെന്നാണ് . അപ്പോൾ എന്ത് പരീക്ഷണം എന്ന് ചോദിക്കാം . അതിന്നു ഖുർആൻ നൽകുന്ന ഉത്തരം മനുഷ്യന്റെ ഭൂമിയിലെ പ്രാതിനിധ്യവുമായി (ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി ) ബന്ധപ്പെട്ട പരീക്ഷണം . മനുഷ്യൻ ഭൂമിയിലെ പ്രാതിനിധ്യം വഹിക്കുന്നതുകൊണ്ടാണ് അവയിലെ മുഴുവൻ വിഭവങ്ങളുംമനുഷ്യന്റെ പ്രയോജനത്തിന്നു വേണ്ടി സൃഷ്ടിച്ചതും മനുഷ്യന്നു വിധേയപ്പെടുത്തിക്കൊടുത്തതും എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അപ്പോൾ വീണ്ടും നമ്മുക്ക് എന്തിന്നു മനുഷ്യനെ പ്രതിനിധിയാക്കി എന്ന് ചോദിക്കാം ? ഖുർആൻ പറയുന്ന ഉത്തരം പ്രാതിനിധ്യത്തിന്റെ ഉത്തരവാദിത്തം മനുഷ്യൻ ഏറ്റെടുത്തുവെന്നാണ് . (വിശുദ്ധ ഖുർആൻ 33:72). ആ പ്രാതിനിധ്യ സംബന്ധമായ ഒരു ബലിഷ്ഠ പ്രതിജ്ഞക്കു ശേഷമാണ് മനുഷ്യൻ ഭൂമിയിൽ അയക്കപ്പെട്ടതു എന്നും ഖുർആൻ പറയുന്നുണ്ട് (7:172-173).

ആ കാര്യം ഒരു software പോലെയും firmware പോലെയും അവന്റെ സ്വച്ഛ പ്രകൃതിയുടെ ഭാഗമായും (വിശുദ്ധ ഖുർആൻ 30:30) മനസ്സാക്ഷിയുടെ ഭാഗമായും മനുഷ്യനിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതായും (വിശുദ്ധ ഖുർആൻ 75:14) ഖുർആൻ പറയുന്നു . ഇതു സംബന്ധമായി വിസ്‌മൃതരാവുന്ന മനുഷ്യരെ ഓര്മിപ്പിക്കുന്നതിനും ഉണർത്തുന്നതിനും ദൈവ ഹിതത്തിനനുസരിച്ചു പ്രാതിനിധ്യം നിർവഹിക്കുവാൻ പ്രേരിപ്പിക്കുന്നതിനും മാർഗദർശനം ചെയ്യുന്നതിനും കാലാകാലങ്ങളിൽ ലോകത്തെ സർവ ജനതതികളിലും സത്യസന്ധരായ പ്രവാചകരെ തെളിവ് സഹിതം നിയോഗിച്ചതിന്റെ പരിസമാപ്തി യാണ് മുഹമ്മദിന്റെ പ്രവാചകത്ത്വം എന്നും ഖുർആൻ പറയുന്നുണ്ട്. പ്രവാചകന്മാരെ വിശുദ്ധ ഖുർആൻ ഓര്മിപ്പിക്കുന്നവർ , ഉണർത്തുന്നവർ , ഉല്ബോധകർ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട് . വേദങ്ങളെ സ്‌മൃതിയെന്നും അനുസ്മരണം എന്നും വിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്നുണ്ട്.

“അവർ വിസ്മരിച്ച അവരുടെ തന്നെ സ്വച്ഛ പ്രകൃതിയെ തൊട്ടുണർത്തുന്ന ഉൽബോധനങ്ങളാണ് നാം അവർക്കു നൽകിയിട്ടുള്ളത്”. (വിശുദ്ധ ഖുർആൻ 23:71).

അപ്പോഴും ചോദിക്കാം മനുഷ്യന്റെ ഭാഗധേയം മുൻകൂട്ടി അറിയുന്ന ദൈവം പിന്നെ ഇങ്ങനെ ഒരു പരീക്ഷണം നടത്തണമോ എന്ന് . മുൻകൂട്ടിയുള്ള അറിവ് വെച്ച് ഉത്തരാവാദിത്തം ഏറ്റെടുത്തു പരീക്ഷണത്തിന് വിധേയമാവാനുള്ള അവസരം നിഷേധിക്കുക എന്നത് നീതിക്കു ചേർന്നതല്ല . നമ്മുക്ക് ഇത് സംബന്ധമായ ഓര്മയില്ലല്ലോ എന്നും ചോദിക്കാം . തീർച്ചയായും നമ്മുടെ dormant ആയി കിടക്കുന്ന സ്വച്ഛ പ്രകൃതിയുടെയും മനസ്സാക്ഷിയുടെയും ഭാഗമാണിത് . നമ്മുടെ ജീവിതത്തിലെ പലതും നമ്മൾ മറക്കുന്നുണ്ട് . മറന്നുവെന്നും മറക്കുന്ന മാനസികാവസ്ഥയും ഉണ്ടാവാറുണ്ട് . അത്തരം ഒരു അവസ്ഥയിൽ സത്യസന്ധനും നിസ്വാർത്ഥനും ആയ വ്യക്തി തെളിവ് സഹിതം നമ്മെ ഉണർത്തിയാൽ “ങ്‌ഹൂം ..എന്നോട് മറന്നു പോയതായിരിക്കും ” എന്നായിരിക്കും ഏതൊരു വിവേക ശാലിയുടെയും ഉത്തരം . നമ്മുടെ അസ്തിത്ത്വവുമായി ബന്ധപ്പെട്ട വിഷയമാവുമ്പോൾ പ്രത്യേകിച്ചും .. ഇനിയും ചോദ്യങ്ങൾ ഉണ്ടാവുമെന്ന് അറിയാം . ഓർക്കുക ഈ മനുഷ്യന്റെ ചിന്താ ലോകത്തു ചോദ്യങ്ങളും ഉത്തരങ്ങളും ഒരിക്കലും equal ആവില്ല .(വിശുദ്ധ ഖുർആൻ 17:85)

Related Post