ഇസ്‌ലാം പ്രചാരവും വികാസവും

Originally posted 2014-12-04 10:52:40.

ഇസ്‌ലാം പ്രചാരവും വികാസവും

Vavar_mosque_kerala

 

കേരളത്തിലെ ഇസ്‌ലാം പ്രചാരവും വികാസവും: ഒരു ചരിത്ര വിശകലനം
ആമുഖം

കേരളത്തിലെ ഇസ്‌ലാമിന്റെ വ്യാപനത്തെ കുറിച്ചുള്ള ഈ പഠനത്തില്‍ കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനവും വളര്‍ച്ചയും അതിലേക്കു നയിച്ച പ്രേരകങ്ങളും മറ്റു കാരണങ്ങളും പരിശോധിക്കുകയാണ്. കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനം മുതല്‍ പതിനാലു നൂറ്റാണ്ടു വരെയുണ്ടായ ഇസ്‌ലാമിന്റെ പ്രചാരണവും പ്രബോധനത്തിന്റെ വളര്‍ച്ചയും വികാസവും കാലഗണനാക്രമത്തില്‍ ഉണ്ടായതല്ല. അതു കൊണ്ടു തന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിട്ടുള്ള ഇസ് ലാമിന്റെ വളര്‍ച്ചയ്ക്ക് കാരണമായ ചരിത്രപരമായ കാരണങ്ങളും പ്രേരകങ്ങളുമാണ് ഈ പഠനത്തില്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. ചരിത്രപരമായ കാരണങ്ങള്‍, വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ എന്നീ രണ്ടു ഭാഗങ്ങളിലായാണ് ഈ പഠനം.

ഇസ്‌ലാം വ്യാപനം: പൊതുവായ സവിശേഷതകള്‍

മതം, തത്വശാസ്ത്രം, ജീവിതക്രമം പ്രത്യയശാസ്ത്രം, ആത്മീയധാര എന്നീ നിലകളിലെല്ലാം ഇസ്‌ലാമിന്റെ ആദര്‍ശപരമായ ഉള്‍ക്കരുത്ത്് ഈ മതത്തിലേക്കു അനേകരെ ആകര്‍ഷിച്ചുവെന്നത് മുഖവുരയായി പറഞ്ഞു വെക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ കാലത്തും എല്ലാ ദേശങ്ങളിലും ഇസ്‌ലാമിന്റെ വ്യാപനത്തിനും വളര്‍ച്ചക്കും അടിസ്ഥാന പ്രേരകമായി വര്‍ത്തിച്ചത് ഇസ്‌ലാമിന്റെ സഹജമായ ഈ ഉള്‍ക്കരുത്താണ്. അതിന്റെ ആദര്‍ശപരമായ ഈ ഉള്‍ക്കരുത്ത് അതിനെ സ്വീകരിച്ച സമൂഹങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ എല്ലാ കാലത്തും സ്വാധീനിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ പൊതുവായ ഈ പ്രത്യേകത കേരളത്തിലും ഇസ്‌ലാമിന്റെ വളര്‍ച്ചക്കുപിന്നില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായ ഈ സവിശേഷതക്കു പുറമെ ഇസ്‌ലാമിന്റെ സവിശേഷമായ ചില ആശയങ്ങളോ മൂല്യങ്ങളോ നിയതമായ സമൂഹങ്ങളില്‍ കാര്യമായ പരിവര്‍ത്തനം സൃഷ്ടിച്ചിട്ടുണ്ടാകാവുന്നതുമാണ്. ഉദാഹരണത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ ഇസ്‌ലാം വ്യാപനം നടന്നത്, പ്രധാനമായും കറുത്തവര്‍ഗക്കാര്‍ക്കിടയിലായിരുന്നു. ഏവരെയും തുല്യരായിക്കാണുന്ന സമത്വം എന്ന ഇസ് ലാമിന്റെ ആശയമായിരുന്നു അവരെ ഇസ് ലാമിലേക്കു അടുപ്പിച്ചത്്. ഇതു പോലെ കേരളീയ സമൂഹ്യ പശ്ചാത്തലത്തില്‍ ഇസ്‌ലാമിന്റെ പല മൂല്യങ്ങളും അതിന്റെ ദ്രുതവളര്‍ച്ചക്കു കാരണമായിത്തീര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നില നിന്ന ജാതീതയുടെ സാമൂഹ്യാന്തരീക്ഷത്തിന് എതിരായി സമത്വത്തിലൂന്നിയ ഇസ്‌ലാമിന്റെ സാമൂഹ്യഘടനയും ചരിത്രത്തില്‍ ചില ഘട്ടങ്ങളില്‍ ഇസ് ലാമിലേക്ക് കേരളീയര്‍ കടന്നുവരാന്‍ ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പു തന്നെ രൂപപ്പെട്ട സവിശേഷമായ ഒരു സാമൂഹ്യന്തരീക്ഷമാണ് ഇസ്‌ലാമിന്റെ വ്യാപനം ത്വരിതപ്പെടുത്തിയ ഏറ്റവും പ്രധാന ഘടകം.

ചരിത്രപരമായ കാരണങ്ങള്‍

പ്രവാചക കാലഘട്ടത്തിനു ശേഷം ലോകത്ത് ഇസ്‌ലാമിന്റെ പ്രചാരം ഉണ്ടായിട്ടുള്ളത് പ്രധാനമായും രണ്ടു രീതികളിലാണ്. ഒന്ന് മുസ്‌ലിം ഭരണാധികാരികളുടെ സൈനികവെട്ടിപ്പിടിത്തങ്ങളിലൂടെയായിരുന്നു. സൈനികപടയോട്ടങ്ങളെ തുടര്‍ന്നു, കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍ അധികാരം പിടിച്ചെടുത്തവരുടെ മതവും സംസ്‌കാരവും പ്രചരിക്കപ്പെടുന്നത് സ്വാഭാവികമാണ്. ഇതര ജനതകളിലേക്കും സമൂഹങ്ങളിലേക്കും കടന്നു കയറുന്ന ഇത്തരം ഭരണാധികാരികളുടെ ആത്യന്തിക ലക്ഷ്യം രാഷ്ട്രീയ ഭരണനേട്ടങ്ങളായിരുന്നുവെങ്കിലും മതവും ഇതര സമൂഹങ്ങളിലേക്ക് പ്രചരിക്കപ്പെടുകയുണ്ടായി. വ്യാപകമായല്ലെങ്കിലും ലോകത്ത് ഇസ്‌ലാം പ്രചരിച്ച മാര്‍ഗങ്ങളില്‍ ഒന്ന് ഇതായിരുന്നു. ഇന്ത്യയില്‍ വടക്കേ ഇന്ത്യയിലെ ഇസ്‌ലാമിന്റെ ആഗമനം ഈ രീതിയിലായിരുന്നു.(1)

വടക്കേ ഇന്ത്യയിലെ ഇസ്‌ലാമിന്റെ ആഗമനം ആദ്യം പറഞ്ഞ മാര്‍ഗത്തിലൂടെയായിരുന്നു. അവിടെ ഇസ്‌ലാം എത്തുന്നത് അധികാരത്തിലൂടെയും ഭൂപ്രദേശങ്ങളുടെ വെട്ടിപ്പിടുത്തത്തിലൂടെയുമായിരുന്നു. തങ്ങള്‍ വെട്ടിപ്പിടിച്ച പ്രദേശങ്ങളും അതിലെ ജനങ്ങളെയും തങ്ങളുടെ മതത്തിലേക്കു ചേര്‍ക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. സ്വയം തന്നെ മതമൂല്യങ്ങള്‍ക്ക് നിരക്കാത്ത അത്തരം ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ കീഴടക്കപ്പെട്ട ജനതക്ക് പലപ്പോഴും മാതൃകയായിരുന്നില്ല. അത്തരം പ്രദേശങ്ങളിലെ മതത്തിന്റെ ഈ വ്യാപനം പലപ്പോഴും ഉപരിപ്ലവമായിരുന്നു. ജനങ്ങളുടെ മനസ്സില്‍ ഇസ്‌ലാം ഒരു വികാരവും ആദര്‍ശവുമായി കുടിയേറയിട്ടുണ്ടായിരുന്നില്ല. ഭരണാധികാരികളുടെ ആധിപത്യമോ ക്ഷണികവും ഭൗതികവുമായ മറ്റു പല നേട്ടങ്ങളോ ആയിരുന്നു ആ ജനതയെ പൊതുവായി ഇസ്‌ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകം.

ഇസ്‌ലാം വ്യാപനത്തിന്റെ രണ്ടാമത്തെ രീതി ഇസ്‌ലാമിക പ്രബോധകരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വഴിയായിരുന്നു. ഒന്നാമത്തെ മാര്‍ഗം അല്‍പം അക്രമാസക്തവും ബലാല്‍ക്കാരവുമായിരുന്നുവെങ്കില്‍(2) രണ്ടാമത്തേത് തീര്‍ത്തും സമാധനപരമായിരുന്നു. ഈ മാര്‍ഗത്തിലൂടെയുള്ള ഇസ്‌ലാമിക പ്രബോധനം ജനങ്ങളില്‍ വളരെ സാവധാനത്തില്‍ മാത്രം സ്വാധീനം ചെലുത്തുന്നതാണെങ്കിലും ദൂരവ്യാപകമായ സദ്ഫലങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇസ്‌ലാമിക പ്രബോധകരുടെ പ്രബോധന പ്രവര്‍ത്തനങ്ങളും മുസ്‌ലിം ജീവിതരീതിയും മുസ്‌ലിംകളുടെ സ്വഭാവവൈശിഷ്ട്യവും അടുത്തറിഞ്ഞുണ്ടാകുന്ന ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ പരിവര്‍ത്തനം ആഴത്തില്‍ ഉള്ളതും തീവ്രവുമായിരിക്കും. കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനം സാധിച്ചത് രണ്ടാമത് പറഞ്ഞ രീതിയിലൂടെയാണ്. ഇത് ഇന്ത്യയിലെ പൊതുവായ ഇസ്‌ലാമിക പ്രചരണത്തില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ്. ഇസ്‌ലാം പ്രചരിക്കപ്പെട്ട ഈ രീതി നേരത്തെ സൂചിപ്പിച്ചതു പോലെ പ്രബോധകരുടെ തികച്ചും സമാധനപരമായ പ്രബോധന രീതിയുടെ ഫലമായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്നു വ്യത്യസ്തമായി കേരള തീരങ്ങളില്‍ എത്തിയ ആദ്യ കാല മുസ്‌ലിംകള്‍ കച്ചവടക്കാരും പ്രബോധകരുമായിരുന്നു. ഇസ്‌ലാം എന്ന ശുദ്ധ മതത്തെ ഈ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കച്ചവടാവശ്യാര്‍ത്ഥം വന്ന അറബികള്‍ തങ്ങളുടെ ഹൈന്ദവ സഹോദന്‍മാര്‍ക്ക് തങ്ങള്‍ വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന മതത്തെ പരിചയപ്പെടുത്തുകയും ആ മതം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ശുദ്ധ മാതൃകകളായി ജീവിച്ചു കാണിക്കുകയും ചെയ്തു. ഈ സവിശേഷമായ മാറ്റം ഇസ്‌ലാമിന്റെ വ്യാപനത്തിനു പിന്നിലെ ചരിത്രപരമായ ഒരു കാരണമാണ്.

അവംലംബം:

1, ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ്, അദ്ദഅ്‌വ അല്‍ ഇസ്‌ലാമിയ്യ വ തത്വവ്വുറുഹാ ഫീ ശിബ് ഹില്‍ ഖാറതുല്‍ ഹിന്ദിയ്യ.

2. കേരളത്തിനെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ശക്തമായ വര്‍ഗീയത നിലനില്‍ക്കുന്നതിന് ചരിത്രപരമായ ഒരു കാരണം കൂടിയാണിത്. ഉത്തരേന്ത്യയിലെ ഭൂരിപക്ഷ സമുദായക്കാര്‍ ഇന്നും വിശ്വസിക്കുന്നതും പഠിപ്പിക്കപ്പെടുന്നതും തങ്ങളുടെ രാജ്യം വന്ന് ആക്രമിച്ചു കീഴടക്കുകയും ഈ രാജ്യം കേയ്യേറ്റം ചെയ്തവരുമാണ് മുസ് ലിംകള്‍ എന്നാണ്. ഉത്തരേന്ത്യയില്‍ സാമാന്യേന കണ്ടുവരുന്ന മുസ്‌ലിം വിരുദ്ദ ഹൈന്ദവ വര്‍ഗീയതയുടെ മൂല കാരണങ്ങളായി ഹിന്ദുവര്‍ഗീയ വാദികള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഇന്ത്യക്കു മേല്‍ മുസ്‌ലിംകള്‍ നടത്തിയ കടന്നാക്രമണങ്ങള്‍ തന്നെയാണ്. അക്കാലഘട്ടത്തിലെ ഏതു രാജക്കന്‍മാരെയും പോലെ രാജ്യവിസ്തൃതിയും രാഷ്ട്രീയ നേട്ടങ്ങളുമായിരുന്നു ഇത്തരം അക്രമണങ്ങളുടെ പിന്നിലെ പ്രധാന ഉദ്യേശ്യമെങ്കിലും ആ ചരിത്ര സത്യം തമസ്‌ക്കരിച്ചു കൊണ്ട്, മതപരമായ അധീശത്വം സ്ഥാപിക്കുകയായിരുന്നു മുസ്‌ലിംകള്‍, എന്ന് ഹിന്ദുവര്‍ഗീയവാദികള്‍ ഇന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

Related Post