ആരാണ് മുഹമ്മദ്‌ ?

Originally posted 2015-09-09 09:04:18.

പേന കൊണ്ട് എഴുതാന്‍ ...

ആരാണ് മുഹമ്മദ്‌ നബി ?പക്ഷേ മുഹമ്മദ് അവര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വമായിരുന്നു. ‘അല്‍ അമീന്‍’ (വിശ്വസ്ഥന്‍) എന്ന പേരിലാണ് മക്കക്കാര്‍ മുഹമ്മദിനെ വിളിച്ചിരുന്നത്.

ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കയില്‍ ജനിച്ചു. ജനിക്കുന്നതിന് മുമ്പ് പിതാവും ആറാം വയസ്സില്‍ മാതാവും മരിച്ചതോടെ മുഹമ്മദ് തികച്ചും അനാഥനായി. ദൈവ നിശ്ചയ പ്രകാരം പിതൃവ്യന്റെ കരങ്ങളില്‍ സുരക്ഷിതനായി വളര്‍ന്നു.ആരാണ് മുഹമ്മദ്‌ ?

സാംസ്‌കാരിക ദൂഷ്യങ്ങള്‍ കാരണം ‘കാട്ടറബികള്‍’ എന്നാണ് ചരിത്രകാരന്‍മാര്‍ അവിടത്തെ നിവാസികളെ വിശേഷിപ്പിച്ചത്. പക്ഷേ മുഹമ്മദ് അവര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വമായിരുന്നു. ‘അല്‍ അമീന്‍’ (വിശ്വസ്ഥന്‍) എന്ന പേരിലാണ് മക്കക്കാര്‍ മുഹമ്മദിനെ വിളിച്ചിരുന്നത്. മദ്യപാനം, വ്യഭിചാരം, ചൂതാട്ടം, ഗ്രോത്രമഹിമയുടെ പേരിലുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങി തന്റെ ജനതയില്‍ നിലനിന്നിരുന്ന നൂറുകൂട്ടം അധര്‍മങ്ങള്‍ കണ്ട് സഹികെട്ട മുഹമ്മദ് പലപ്പോഴും ഹിറാ ഗുഹയില്‍ തനിച്ചിരിക്കാറുണ്ട്. അവിടെ വെച്ചാണ് നാല്‍പതാം വയസ്സില്‍ അദ്ദേഹത്തിന് ആദ്യത്തെ ദൈവിക വെളിപാട് ഉണ്ടായത്. അതിങ്ങനെയായിരുന്നു:

വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപിടിക്കുന്നതില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.’ (96: 1-5)

അതോടെയാണ് മുഹമ്മദ് എന്ന മനുഷ്യന്‍ മുഹമ്മദ് നബിയാവുന്നത്. മുഹമ്മദ് നബിയോടുള്ള ദൈവത്തിന്റെ ആദ്യ കല്‍പന വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നില്ല; വിജ്ഞാനവുമായി ബന്ധപ്പെട്ടതായിരുന്നു. വായന എന്നത് അറിവ് നേടാനുള്ള താക്കോലത്രെ. അറിവ് മനുഷ്യ പുരോഗതിയുടെ അടിസ്ഥാനവും. എന്നാല്‍ കേവലമായ അറിവു കൊണ്ട് മാത്രം മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാകുന്നില്ല. രോഗിയുടെ വൃക്ക മോഷ്ടിക്കുന്ന ഡോക്ടര്‍ ഉദാഹരണമാണ്. അതുകൊണ്ടു തന്നെ വായനക്ക് അഥവാ അറിവ് നേടുന്നതിന് ഉപാധി വെച്ചിരിക്കുന്നു. ദൈവനാമത്തിലായിരിക്കണമത്. മുഹമ്മദ് നബിക്ക് ലഭിച്ച പ്രാഥമികാധ്യാപനങ്ങളുടെ കാലിക പ്രസക്തിക്ക് അടിവരയിടുമാറ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാശാസ്ത്രജ്ഞന്‍ ലോകത്തോട് ഇങ്ങനെ പറഞ്ഞു: വിശ്വാസമില്ലാത്ത വിജ്ഞാനം വിഗലാംഗനാണ്; വിജ്ഞാനമില്ലാത്ത വിശ്വാസം അന്ധനും.’ ശരിയായ വിശ്വാസത്തിന്റെയും ശരിയായ വിജ്ഞാനത്തിന്റെയും സമന്വയമത്രെ കാലം തേടുന്നത്.

മക്കയിലെ നിവാസികള്‍ക്ക് വിശ്വാസത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. മൂന്നൂറ്റി അറുപത് വിഗ്രഹങ്ങള്‍ കഅ്ബാലയത്തിലുണ്ടായിരുന്നു. അവയെ ചുറ്റിപ്പറ്റി ആരാധനകളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമുണ്ടായിരുന്നു. അതോടൊപ്പം എല്ലാ തിന്മകളെയും അവര്‍ കൊണ്ടാടി. ഉദാഹരണത്തിന് സ്ത്രീ പുരുഷന്‍മാര്‍ നഗ്നരായി കഅ്ബാലയത്തെ ചുറ്റിയിരുന്നത് വിശ്വാസത്തിന്റെ ഭാഗമായിരുന്നു. ഇത് വ്യഭിചാരത്തില്‍ നിന്ന് മനുഷ്യനെ തടയാനല്ല അതിലേക്ക് നയിക്കാനാണുതകുക. മദ്യം തൊട്ട് തെറിപ്പിച്ച് പൂജ നടത്തിയാല്‍ തൃപ്തിപ്പെടുന്ന ദൈവസങ്കല്‍പങ്ങള്‍ വിശ്വാസികളെ മദ്യത്തില്‍ നിന്നകറ്റാനല്ല മദ്യപാനിയാക്കാനാണുതകുക. തെറ്റിലേക്ക് നയിക്കുന്ന വിശ്വാസം തെറ്റാണ്; ശരിയിലേക്ക് നയിക്കുന്ന വിശ്വാസം ശരിയുമാണ്.

ദൈവകല്‍പന പ്രകാരം മനുഷ്യനെ ശരിയിലേക്ക് നയിക്കുന്ന വിശ്വാസ പ്രഖ്യാപനം പ്രവാചകന്‍ തന്റെ ജനതയില്‍ നടത്തിയതോടെ അതുവരെ ‘അല്‍-അമീന്‍’ ആയിരുന്ന പ്രവാചകന്‍ അവര്‍ക്ക് വെറുക്കപ്പെട്ടവനായി. പ്രവാചകന്‍ കല്ലെറിയപ്പെട്ടു. ദൈവ കല്‍പനകള്‍ ഏറ്റുവാങ്ങിക്കൊണ്ട് പ്രവാചകന്‍ തന്റെ ദൗത്യം തുടര്‍ന്നു. ഈ സത്യം അംഗീകരിച്ച ഏതാനും അനുയായികളും പ്രവാചകനും പതിമൂന്ന് വര്‍ഷക്കാലം മക്കയില്‍ പീഢിപ്പിക്കപ്പെട്ടു.

പ്രവാചകന്‍ അവരോട് പറഞ്ഞതിന്റെ ചുരുക്കം: സൃഷ്ടികളെ ദൈവമാക്കാതെ സൃഷ്ടിച്ച ദൈവത്തെ മാത്രം വണങ്ങുക. സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് മാത്രം വഴങ്ങുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനസ്ഥിതിയില്‍ നിന്ന് വ്യാജദൈവങ്ങളെ മാറ്റി യഥാര്‍ഥ ദൈവത്തെ സ്ഥാപിക്കുക. വ്യവസ്ഥിതിയില്‍ നിന്ന് ദൈവേതര നിയമങ്ങളെ മാറ്റി ദൈവിക നിയമങ്ങള്‍ സ്ഥാപിക്കുക. ആദ്യത്തേത് വ്യക്തിയുടെ പരലോകരക്ഷയുമായി ബന്ധപ്പെട്ടതും രണ്ടാമത്തേത് സമൂഹത്തിന്റെ ഇഹലോകരക്ഷയുമായി ബന്ധപ്പെട്ടതുമാണ്.

പിന്‍കുറി: ഹിറാഗുഹയില്‍ നിന്ന് ദിവ്യവെളിപാടുകള്‍ ഏറ്റുവാങ്ങി ജനമധ്യത്തിലേക്ക് ഇറങ്ങിപ്പോന്ന പ്രവാചകന്‍ പിന്നീടൊരിക്കലും അങ്ങോട്ടു പോയിട്ടില്ല. കാരണം, തോന്ന്യാസത്തില്‍ ജീവിക്കുന്ന ജനങ്ങളെ സന്യാസം കൊണ്ട് നേരിടാനാവില്ല. സന്യാസത്തിനും തോന്ന്യാസത്തിനും മധ്യേ പച്ചയായ ജീവിതത്തെ സംസ്‌കരിക്കാനുള്ളതത്രെ പ്രവാചകാധ്യാപനങ്ങള്‍. ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ല’ എന്ന പ്രവാചക വചനം സ്രഷ്ടാവിലേക്കുള്ള വിശ്വാസം സൃഷ്ടികളോടുള്ള ബാധ്യതാ നിര്‍വഹണത്തിനുള്ള ആഹ്വാനമാണെന്നാണ് പഠിപ്പിക്കുന്നത്.

Related Post