ഇസ്‌ലാമിക് ബാങ്കിന്റെ വ്യതിരിക്ത ഗുണങ്ങള്‍

Originally posted 2017-08-02 12:36:50.


a. ബാങ്കില്‍ നിക്ഷേപിച്ച ധനത്തിന് മുന്‍കൂര്‍ തീരുമാനിച്ച നിശ്ചിത ആദായമുണ്ടായിരിക്കില്ല. അപ്രകാരംതന്നെ ഇസ്‌ലാമിക് ബാങ്കുകള്‍ നല്‍കിയ ധനത്തിന്‍മേലും മുന്‍കൂര്‍ തീരുമാനിച്ച നിശ്ചിതആദായം ഉണ്ടായിരിക്കില്ല(പലിശ ഉണ്ടാകില്ലെന്ന് സാരം).

b.ധനം നിക്ഷേപിക്കുന്നതില്‍ ബാങ്ക് വീഴ്ച വരുത്താത്തിടത്തോളം കറണ്ട് അക്കൗണ്ട് ഒഴികെയുള്ള അക്കൗണ്ടുകളിലെ മുഴുവന്‍ ധനവും ആവശ്യപ്പെടുമ്പോള്‍ തിരികെകൊടുക്കാന്‍ നിക്ഷേപകരുടെ മാനേജര്‍ എന്ന നിലയില്‍ ഇസ്‌ലാമികബാങ്കുകള്‍ക്ക് ബാധ്യതയില്ല. നിക്ഷേപ ഇടപാടുകളില്‍നിന്ന് ഉത്ഭൂതമാകുന്ന ലാഭം/ നഷ്ടം ഈ ധനം(fund) പങ്കുവെക്കുന്നു. ഇതാണ് ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് അവയുടെ വിഭവങ്ങള്‍ കാര്യക്ഷമമായും ദീര്‍ഘദൃഷ്ടിയോടെയും വിനിയോഗിക്കാനുള്ള പ്രചോദനശക്തി.

2. പരമ്പരാഗത ബാങ്കുകള്‍ മൂലധന നിധിയും നിക്ഷേപകരുടെ നിധിയും നിശ്ചിത അളവില്‍ ഒരുമിച്ചുകൂട്ടുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി സ്വന്തം മൂലധനത്തില്‍നിന്ന് നേടിയ ലാഭവും നിക്ഷേപകരുടെ കറണ്ട് അക്കൗണ്ട് ബാലന്‍സും കൂടിക്കലരാതിരിക്കാന്‍ ഇസ്‌ലാമികബാങ്കുകള്‍ ഇവ രണ്ടും വേര്‍തിരിച്ചുസൂക്ഷിക്കുന്നു. നിക്ഷേപകര്‍ക്ക് നല്‍കേണ്ട ലാഭം കൃത്യമായി കണക്കാക്കാന്‍ ഇത് ബാങ്കിനെ സഹായിക്കുന്നു.

3. പരമ്പരാഗത ബാങ്കുകളെപ്പോലെ ഇസ്‌ലാമിക് ബാങ്കുകള്‍ പണവായ്പ വാഗ്ദാനംചെയ്തുകൊണ്ട് ധനമിടപാട് നടത്തുന്നില്ല. പങ്കാളിത്തം, മുറാബഹ(ചെലവ് + ലാഭം) ഇജാറഃ (പാട്ടം) തുടങ്ങിയവയിലൂടെയാണ് ബാങ്ക് ധനസഹായം നല്‍കുക. ഇത്തരം ഇടപാടുകളുടെ സിംഹഭാഗവും കച്ചവടമാണ്. അതായത്, ഇടപാടുകള്‍ക്കാവശ്യമായ ചരക്കുകള്‍ അവര്‍ വാങ്ങുകയും റൊക്കം പണത്തിനോ തവണവായ്പകളായോ ഇടപാടുകാര്‍ക്ക് ഉഭയസമ്മത പ്രകാരമുള്ള ലാഭത്തിന് വില്‍ക്കുന്നു.
4. വാണിജ്യ, നിക്ഷേപ, വികസന ബാങ്കുകളുടെയെല്ലാം സ്ഥാനം ഇസ്‌ലാമിക് ബാങ്ക് അലങ്കരിക്കുന്നു. അതിനാല്‍ അവ വിവിധോദ്ദേശ്യ ബാങ്കുകളാണെന്ന് പറയാം. വാണിജ്യബാങ്കുകളെപ്പോലെ ഹ്രസ്വകാലത്തിലും നോണ്‍-ബാങ്കിങ് (NBFC) സ്ഥാപനങ്ങളെപ്പോലെ മധ്യകാല-ദീര്‍ഘകാലത്തിലും നിക്ഷേപ വികസന ബാങ്കുകളായി പ്രവര്‍ത്തിക്കുന്നു.

5. സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസിനത്തിനാണ് ഇസ്‌ലാമിക്ബാങ്കുകള്‍ അവയുടെ മൂലധനം ഉപയോഗിക്കുന്നത്. എന്നാല്‍ അത് ലാഭം ലക്ഷ്യമാക്കാതിരിക്കുന്നില്ല. അപ്പോള്‍പോലും ധനസഹായം നല്‍കുന്നതിന്റെ മുഖ്യലക്ഷ്യം അതില്‍പരിമിതപ്പെടുന്നില്ല. എന്നാല്‍ പരമ്പരാഗത ബാങ്കുകള്‍ മൂലധനം പലിശയ്ക്ക് വായ്പയായി നല്‍കുകയാണ് ചെയ്യുന്നത്.

6. പ്രാഥമികമായി ഇസ്‌ലാമിക്ബാങ്കുകള്‍ പങ്കാളിത്താധിഷ്ഠിതമാണ് (Equity based). അപ്രകാരംതന്നെ മൂല്യാധിഷ്ഠിതവും.

7. അംഗീകൃത പരിശോധകരുടെ സാമ്പ്രദായിക രീതിയിലുള്ള അവലോകനം പാരമ്പര്യബാങ്കുകളെ സംതൃപ്തരാക്കുന്നു. ശേഖരിക്കുന്ന നിധികളും നിക്ഷേപിക്കുന്ന മാര്‍ഗങ്ങളും ഇസ്‌ലാമികതത്ത്വങ്ങളുമായി സമരസപ്പെട്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശരീഅഃ ബോര്‍ഡിന്റെ അധിക അവലോകനത്തിന് ഇസ്‌ലാമിക് ബാങ്കുകള്‍ ബാധ്യസ്ഥമാണ്.

Related Post