IOS APP

ഇസ്‌ലാമിലെ നികുതി സമ്പ്രദായം

ഇസ്‌ലാമിലെ നികുതി സമ്പ്രദായം

പണം സ്വരൂപിച്ചവരേയും വിതരണമേഖലയെയും പരിഗണിച്ച് കൊണ്ടാണ് ഇസ്‌ലാമിലെ നികുതി സമ്പ്രദായം നിലകൊള്ളുന്നത്. അതില്‍ ആദ്യത്തേത് സകാത്താണ്. ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്ര ന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട് വിഷമി ക്കുന്നവര്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (അത്തൗബ: 60)

നികുതികള്‍ വിനിയോഗിക്കുന്നതിന്റെ മുന്‍ഗണനാക്രമമാണ് ഇതിലുള്ളത്. ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള എട്ട് വിഭാഗവും ഒരേ വിതാനത്തിലുള്ളവരാണ്. ലഭ്യമായ പണം ഈ വിഭാഗങ്ങളുടെ ആവശ്യത്തിനായി വിനിയോഗിക്കപ്പെടണം. ഏത് ബജറ്റ് അവതരണത്തിലും ആദ്യം പരിഗണിക്കേണ്ടത് ഇതായിരിക്കണം. നികുതിപ്പണത്തിന്റെ ആദ്യ വിതരണവും അതിലായിരിക്കണം.

1,2 ഏത് നാട്ടിലും ഏറ്റവും കൂടുതലുള്ളത് ദരിദ്രരും താഴേത്തട്ടിലുള്ളവരുമാണ്. ആദ്യന്തി കമായി ഇവരുടെ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ സാമ്പത്തികരംഗം സുസ്ഥിരമാകും. അടിസ്ഥാന മേഖലകളില്‍ പണം ആവശ്യമില്ലാതാകുമ്പോള്‍ വികസനം ആവശ്യമുള്ള മറ്റ് മേഖലകളില്‍ നിക്ഷേപിക്കാന്‍ പണമുണ്ടാകും.

3. നികുതി പിരിക്കുന്നവരെ അതിന്റെ അവകാശികളാക്കിയതിലൂടെ തദ്‌സ്വത്തിലുള്ള കൈകടത്തല്‍ ഒഴിവാക്കി സത്യസന്ധമായി പ്രവൃത്തിക്കുന്നവരായി അവരെ മാറ്റുവാന്‍ കഴിയും. അര്‍ഹമായ വിഹിതം ലഭ്യമാകുമ്പോള്‍ അഴിമതിയും കൈക്കൂലിയും ഇല്ലാതാ കും.

അതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാന്യമായ വേതനം ഉറപ്പു വരുത്തണം. വിതരണ മേഖലയുടെ മുന്‍ഗണനാക്രമം വ്യക്തമാക്കപ്പെട്ടത് കൊണ്ട് ദരിദ്ര വിഭാഗങ്ങളെ കവച്ചു വെക്കുന്ന തരത്തിലുള്ള ശമ്പള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകരുത്. സാമ്പത്തിക അസമത്വം കലാപത്തിലേക്ക് നയിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉപരി വര്‍ഗമാണെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാകാത്ത തരത്തിലായിരിക്കണം ഇവരുടെ വേതനം നിശ്ചയിക്കേണ്ടത്.

ഉമര്‍(റ)വിന്റെ കാലഘട്ടത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വേതന വ്യവസ്ഥ ഇതിന് മാതൃകയാക്കാവുന്നതാണ്. പൊതുജനത്തിന് എത്തിപ്പിടിക്കാനാ വുന്നതിലും കൂടുതല്‍ സമ്പാദിക്കാന്‍ ഉമര്‍(റ) ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നില്ല. റവന്യൂ വരുമാനത്തിന്റെ ഏറിയ കൂറും തങ്ങള്‍ക്ക് അനുഭവിക്കാനുള്ളതാണെന്ന ഉദ്യോഗ സ്ഥചി ന്ത ഇസ്‌ലാം അനുവദിച്ചു കൊടുക്കുന്നില്ല.

4. അസംതൃപ്തരെ നയിച്ചുകൊണ്ട് പോകുന്നത് വലിയ പ്രശ്‌നമാണ്. മിത്രങ്ങളെ ശത്രുക്ക ളാക്കരുത്. ആഭ്യന്തര കലാപം അടിച്ചമര്‍ത്തുന്നതിലും എളുപ്പം അതുണ്ടാകാതെ നോക്കലാ ണല്ലോ. മനസ്സിണങ്ങിയവര്‍ക്ക് സകാത്ത് നല്‍കിയത് അവരെ ഉറപ്പിച്ച് നിര്‍ത്താനും വേറിട്ട് പോകുന്നതില്‍നിന്ന് തടയാനുമായിരുന്നു. രാഷ്ട്ര നിര്‍മിതിക്കാവശ്യമായ സമ്പത്ത് ഇത്തര ത്തില്‍ ചെലവഴിക്കുന്നത് ചിലപ്പോള്‍ അര്‍ഹമായിട്ടും മറ്റ് ചിലപ്പോള്‍ അനര്‍ഹമായിട്ടു മായിരിക്കും. അവകാശപ്പെട്ട സ്വത്ത് മുന്‍ഗണനാക്രമം തെറ്റിച്ച് ചിലര്‍ക്ക് കൊടുക്കേണ്ടി വരുന്നത് ഇസ്‌ലാം അനുവദിച്ചത് തന്നെയാണ്. എന്നാല്‍ സമ്പത്ത് നല്‍കി ശല്യമൊഴിവാക്കി യതിനും ഹദീസില്‍ നിന്നും തെളിവുദ്ധരിക്കാന്‍ കഴിയും.

ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, രണ്ട് ദീനാര്‍ താങ്കള്‍ അവര്‍ക്ക് നല്‍കിയെന്ന് ഇന്നയിന്ന രണ്ടാളുകള്‍ പുകഴ്ത്തിപ്പറയുന്നതായി ഞാന്‍ കേട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: അല്ലാഹുവാണ, ഇന്ന വ്യക്തി അങ്ങിനെയല്ല, ഞാന്‍ അയാള്‍ക്ക് പത്തിനും നൂറിനുമിട യില്‍ നല്‍കിയിട്ടുണ്ട്, അയാള്‍ അങ്ങിനെ പറയുകയില്ല, അറിയുക, അല്ലാഹു വാണ, നിങ്ങളില്‍ ഒരുവന്‍ അവന്റെ ചോദ്യം കാരണമായി എന്റടുക്കലുള്ളതിനെ കക്ഷത്തിലാക്കി അവന്‍ കൊണ്ടുപോകുന്നു, അതായത് കക്ഷത്തിനടിയില്‍ അവന്‍ ആക്കിവെക്കുന്നത് നരകത്തെയാണ്. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു; അല്ലാഹുവിന്റെ ദൂതരേ, പിന്നെ എന്തിനാണ് താങ്കള്‍ അവര്‍ക്ക് നല്‍കിയത്? ഞാനെന്ത് ചെയ്യാനാണ്? അവര്‍ അതിനല്ലാതെ തയ്യാറാകുന്നില്ല, അല്ലാഹു പിശുക്ക് എനിക്ക് സമ്മതിക്കുന്നുമില്ല. (അഹ്മദ്, അബൂ യഅ്‌ല)

5. മറ്റൊന്ന് മിക്ക സമൂഹങ്ങളിലും വിശിഷ്യാ അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ പ്രശ്ങ്ങളിലൊന്നായിരുന്ന അടിമത്തമാണ്. അടിസ്ഥാന സാമ്പത്തിക സ്രോതസ്സായിരുന്ന തദ്പ്രശ്‌നത്തെ നിരോധിക്കാന്‍ ഇസ്‌ലാം സ്വീകരിച്ച ഉപായം തികച്ചും യുക്തിപൂര്‍വമാ യിരുന്നു. സകാത്തില്‍ അതിനായി ഫണ്ട് വകയിരുത്തി. അടിമത്തത്തോട് പൊരുതിയ ആദ്യ ഭരണകൂടവും ഇസ്‌ലാമിന്റേതായിരുന്നു. പ്രത്യക്ഷത്തില്‍ അടിമകളല്ലെങ്കിലും അടിമകളെ പ്പോലെ പണിയെടുക്കുന്ന കുട്ടിത്തൊഴിലാളികളും സ്ത്രീ തൊഴിലാളികളും ഇന്നും രാഷ്ട്ര ത്തിന്റെ വിവിധ കോണുകളിലുണ്ട്. ഇവരുടെ ഉന്നമനത്തിനും മോചനത്തിനുമായി ക്രിയാ ത്മക ഇടപെടലുകള്‍ സര്‍ക്കാരുകള്‍ നടത്തുകയാണെങ്കില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ ശേഷിയും വിനിയോഗിക്കാനാകും.

6. ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം വളര്‍ത്തുന്നതിലും സഹായ സഹകരണ മന സ്ഥിതി നിലനിര്‍ത്തുന്നതിനുമായിട്ടാണ് കടക്കാരുടെ കടം ഏറ്റെടുക്കാന്‍ സകാത് സംവിധാന ത്തില്‍ വ്യവസ്ഥയുണ്ടാക്കിയത്. തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതെ പാപ്പരായവരേയും മറ്റുള്ള വരെ സഹായിക്കാന്‍ കടം വാങ്ങേണ്ടിവന്നരേയുമാണ് ഇങ്ങിനെ സഹായിക്കുന്നത്. ദരിദ്ര നാരായണന്മാര്‍ കടംകേറി മുടിഞ്ഞ് ആത്മഹത്യ ചെയ്യുന്ന നാട്ടില്‍ കോര്‍പറേറ്റ് ഭീമന്മാരുടെ കോടികള്‍ എഴുതിത്തള്ളിയതിലെ ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ സേവന നികുതിയെന്ന ഭാരവും കൂടി തലയിലേറ്റേണ്ടി വരുന്നതിലെ വൈപ്യരീതം ഇത്തരുണത്തില്‍ ചിന്തനീയ മാണ്.

7. പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിന് ഭരണകൂടത്തെ സഹായിക്കുന്നതും, ദൈവമാര്‍ഗത്തെ താങ്ങിനിര്‍ത്തുന്നതും, സംസ്‌കരണ മേഖലകളില്‍ പണിയെടുക്കു ന്നതുമായ ആളുകള്‍ക്ക് സകാത്ത് നല്‍കുന്നത് ഭരണകര്‍ത്താക്കള്‍ക്ക് കൂടുതല്‍ സഹായ കമാകുന്നു.

8. വഴിയാത്രക്കാര്‍: കൈയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട ഹതാശയരാണ് ഈ വിഭാഗം. പിറന്ന നാടുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന അഭയാര്‍ത്ഥികളാണ് ഇന്ന് ഇതിന്റെ നേരര്‍ത്ഥ ത്തിലുള്ളത്. പല കഴിവുകളുമുള്ള അഗ്രഗണ്യരായ ആളുകള്‍ ഇവരിലുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരം ഉണ്ടാക്കിക്കോടുത്താല്‍ രാഷ്ട്രനിര്‍മാണത്തില്‍ ഇവരെ നന്നായി ഉപയോഗിക്കാനാകും. അല്ലാത്ത പക്ഷം എത്രമാത്രം വികസിതമായ രാജ്യമാണെ ങ്കിലും ഇവര്‍ നാട്ടില്‍ അരക്ഷിതാവസ്ഥക്ക് നിമിത്തമാകും. മനുഷ്യത്വത്തിന് വിലകല്‍ പിക്കാത്ത ദേശീയതയെ ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നതിനാല്‍ അഭയാര്‍ത്ഥികളായി ആര്‍ക്കും എവിടേയ്ക്കും കുടിയേറുന്നതില്‍ തടസ്സമില്ല.

മതാടിസ്ഥാനത്തിലുള്ള ഭരണമായത് കൊണ്ട് സ്വാഭാവികമായും രണ്ട് തരം പൗരന്മാരുണ്ടായി. ഔദ്യോഗിക മതത്തിന്റെ അനുയായികളും അല്ലാത്തവരും. ഔദ്യോഗിക മതത്തിലെ അംഗങ്ങള്‍ക്ക് ഇളവ് ഇനുവദിക്കുകയല്ല, അവര്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്. അതോടൊപ്പം തന്നെ രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാകുന്നതിനായി ഇതരര്‍ക്കും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഏര്‍പ്പെടുത്തി. സകാത്തിനെ അപേക്ഷിച്ച് ഇത് തുലോം കുറവായിരുന്നു.
‘വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.’ (അത്തൗബ: 29)

ഇതിനു പുറമെ ഭൂനികുതി ഭരണകൂടത്തിന് പിരിച്ചെടുക്കാവുന്നതാണ്. ഉമര്‍(റ) വിന്റെ കാലത്താണ് ആദ്യമായി ഭൂനികുതി പിരിച്ചുതുടങ്ങിയത്. ഇറാഖില്‍ സമരസ്വത്തായി കൈവന്ന ഈ സ്വത്തില്‍ മുതിര്‍ന്ന സ്വഹാബികളോട് കൂടിയാലോചിച്ചാണ് ഇത് നടപ്പിലാക്കിയത്. ഭുമിയുടെ തരവും ഉടമയുടെ സാമ്പത്തികസ്ഥിതിയും പരിഗണിച്ചാണ് നികുതി കണക്കാക്കിയിരുന്നത്.

സമരാര്‍ജിത സ്വത്തിന്റെ അഞ്ചിലൊന്നും ദാരിദ്ര്യ നിര്‍മാര്‍ജനമടക്കമുള്ള പൊതു ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കാനാണ് ഇസ്‌ലാമിന്റെ നിര്‍ദേശം.
നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍. (അല്‍അന്‍ഫാല്‍: 41)

അത് പോലെ ഖനിജങ്ങളില്‍ നിന്നുള്ള വരുമാനവും സകാതിന്റെ വിനിമയ മേഖലകളിലാണ് വിനിയോഗിക്കപ്പെടേണ്ടത്. വേറെയും ചില നികുതികള്‍ അത്യാവശ്യമെന്ന് കണ്ടാല്‍ സര്‍ക്കാറിന് ഈടാക്കാവുന്നതാണ്. വ്യക്തിഗത സ്വത്തിന്‍മേലുള്ള ഏത് വിധേനയുള്ള നികുതിയും അനിവാര്യമായത് കൊണ്ട് മാത്രം ഈടാക്കപ്പെടുന്നതാണ്. പൊതു ആവശ്യം അതുകൊണ്ടല്ലാതെ നിവര്‍ത്തിക്കപ്പെടുകയില്ല. അതിനാല്‍ അത്യാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ കരം പിരിവ് അനുവദനീയമാകുകയുള്ളൂ. കരം പിരിച്ചെടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും ലഘൂകരണം അനിവാര്യമാണ്.

ചില നിബന്ധനകള്‍ കരംപിരിവില്‍ അനിവാര്യമായും പാലിക്കപ്പെടേണ്ടതാണ്:
1. പ്രജകളെ പ്രയാസപ്പെടുത്തുന്നതാകരുത്.
2. നല്‍കപ്പെടേണ്ട തുകയില്‍ അവ്യക്തതയുണ്ടാകരുത്.
3. ഏറ്റവും അനുഗുണമായതാവുക. അതായത് നിര്‍ദിഷ്ട തുകയും നല്‍കേണ്ട രീതിയും ജനത്തിന് സൗകര്യപ്രദമായിരിക്കുക.
4. നീതിനിഷ്ഠമാകുക.
5. മൂലധനത്തിന് നികുതി പാടില്ല, വരുമാനത്തിന് മാത്രമേ നികുതിയാകാവൂ.

ഇമാം മാലികിന്റെ അഭിപ്രായത്തില്‍ ഭാവിയില്‍ കൃഷിക്കായി ഉപയോഗിക്കാന്‍ സാധ്യതയുള്ള ഭൂമിയില്‍ കൃഷിയിറക്കുന്നത് വരെ നികുതി ഈടാക്കാന്‍ പാടില്ല.

ഇസ്‌ലാമിലെ നികുതി വ്യവസ്ഥയുടെ സുതാര്യത കൊണ്ട് തന്നെ നാടുകള്‍ ഇസ്‌ലാമിന് കീഴടങ്ങിയിട്ടുണ്ട്. ബലാദുരീ രേഖപ്പടുത്തിയ ഒരു സംഭവം ഇങ്ങിനെയാണ്. ഹിര്‍ഖല്‍ ചക്രവര്‍ത്തി മുസ്‌ലിംകള്‍ക്കെതിരില്‍ സൈന്യസജ്ജീകരണം നടത്തുകയാണ്.

യര്‍മൂകില്‍ വെച്ച് അവരെ നേരിടുന്നതിന് മുമ്പായി ഹിംസ്‌കാരില്‍ നിന്നും പിരിച്ചെടുത്ത ഭൂനികുതി തിരിച്ചു കൊടുത്തു കൊണ്ട് മുസ്‌ലിം നേതൃത്വം അവരോട് പറഞ്ഞു: നിങ്ങളെ സഹായിക്കാനും ശത്രുക്കളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാനും ഞങ്ങള്‍ക്ക് കഴിയില്ല. അതിനാല്‍ നിങ്ങളുടെ കാര്യം നിങ്ങള്‍ നോക്കിക്കൊള്ളുക. മറുപടിയായി ഹിംസുകാര്‍ പറഞ്ഞു: ഞങ്ങള്‍ അകപ്പെട്ടിരുന്ന അക്രമത്തേയും അനീതിയേയുംകാള്‍ ഞങ്ങള്‍ക്കിഷ്ടം നിങ്ങളുടെ നീതിയും ധര്‍മവുമാണ്.

നഗരം സംരക്ഷിക്കാന്‍ നിങ്ങളുടെ ഗവര്‍ണറോടൊപ്പം നിന്ന് ഹിര്‍ഖലിന്റെ പടക്കെതിരെ ഞങ്ങള്‍ പൊരുതും. ഹിംസ്വിലെ ജൂതന്മാര്‍ പ്രഖ്യാപിച്ചു: തൗറാതാണ് സത്യം, ഹിര്‍ഖലിന്റെ ഗവര്‍ണര്‍ നഗരത്തില്‍ കടന്നാല്‍ ഞങ്ങള്‍ അവരോട് പടവെട്ടുക തന്നെ ചെയ്യും. നഗരവാസികളുടെ ഉറച്ച നിലപാടിന് മുമ്പില്‍ ശത്രുക്കള്‍ക്ക് നഗരകവാടം കടക്കാനായില്ല. റോമയും പേര്‍ഷ്യയും ഭാരിച്ച നികുതികള്‍ കൊണ്ട് കൊണ്ട് ജനങ്ങളുടെ നടുവൊടിച്ചപ്പോള്‍, നീതിയും കരുണയുമുള്ള ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ക്ക് മുമ്പില്‍ അവര്‍ രക്ഷ കണ്ടെത്തി.

ഇസ്‌ലാമിക കരം പിരിവ് മാതൃക അനുധാനം ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്ക് വളരെ വേഗത്തില്‍ സാമ്പത്തിക വളര്‍ച്ചയും ആഭ്യന്തര സുരക്ഷയും കൈവരിക്കാനാകും. കാരണം പ്രയോഗത്തില്‍ ശരിയാണെന്ന് തെളിഞ്ഞ സിദ്ധാന്തമാണിത്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.