IOS APP

ജീവിതസംസ്‌കരണം

Educational Lifeജീവിതസംസ്‌കരണം പരലോകവിശ്വാസത്തിലൂടെ….
സമൂഹത്തില്‍ നന്മയും ഉത്തമമൂല്യങ്ങളും നിലനിര്‍ത്തുന്നതിലും, തിന്മയും അധാര്‍മികപ്രവണതകളും നിയന്ത്രിക്കുന്നതിലും പരലോകവിശ്വാസത്തിന് അനല്‍പമായ പങ്കുണ്ട്. അഭൗമമായ ഒരു ശക്തിയിലും കര്‍മങ്ങള്‍ക്കെല്ലാം കണക്കുപറയേണ്ടുന്ന ഒരു മറുലോകത്തിലുമുള്ള വിശ്വാസത്തിനേ മനുഷ്യകര്‍മങ്ങളെ നേര്‍വഴിക്കു തിരിച്ചുവിടാനാകൂ. അതുകൊണ്ടുതന്നെയാണ് ആധ്യാത്മികചിന്തയുടെയും ധര്‍മബോധത്തിന്റെയും സ്രോതസ്സുകളായ മതസംഹിതകളൊന്നൊഴിയാതെ മരണാനന്തരലോകവുമായി മനുഷ്യജീവിതത്തെ ബന്ധിപ്പിച്ചിട്ടുള്ളത്. ഖുര്‍ആനും പരലോകബോധത്തെ ദൈവവിശ്വാസവുമായി അഭേദ്യമാംവിധം കൂട്ടിയോജിപ്പിക്കുകയും, അനശ്വരമായ ഭാവിജീവിതത്തെക്കുറിച്ച് ഒരേസമയം ഭയവും പ്രതീക്ഷയും ജനിപ്പിച്ചുകൊണ്ട് അതിനെ ഭൗതികജീവിതം സാത്വികവും ധര്‍മനിഷ്ഠവുമാക്കാനുള്ള പ്രേരകമാക്കുകയും ചെയ്തിരിക്കുന്നു.
ഖുര്‍ആനിലെ ഒന്നാമധ്യായം അല്‍ഫാതിഹയില്‍ പരാമൃഷ്ടമായ യൗമുദ്ദീനിന്റെ വിശദീകരണത്തില്‍ ശഹീദ് സയ്യിദ് ഖുത്വ്ബ് പരലോകവിശ്വാസത്തിന് വിശ്വാസിയുടെ ജീവിതത്തിലുള്ള സ്വാധീനം ഇങ്ങനെ വിവരിക്കുന്നു:
”പ്രതിഫലദിനത്തിലുള്ള വിശ്വാസം ഇസ്‌ലാമികാദര്‍ശത്തിലെ മുഖ്യവിശ്വാസകാര്യങ്ങളിലൊന്നാണ്. മനുഷ്യദൃഷ്ടിയെയും ഹൃദയത്തെയും ഭൂലോകത്തിനുശേഷം വരാനുളള ഒരു ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ അതു നിര്‍ണായക പങ്കുവഹിക്കുന്നു. അപ്പോള്‍ ഭൂമിയിലെ ആവശ്യങ്ങള്‍ അവരെ അധീനപ്പെടുത്തുകയില്ല. പകരം പ്രസ്തുത ആവശ്യങ്ങളെ അതിജയിക്കാനവര്‍ക്കു കഴിവുണ്ടാകും. ഈ ഭൂമിയിലൊതുങ്ങുന്ന ഹ്രസ്വമായ ആയുഷ്‌കാലത്തിനകത്തുതന്നെ തങ്ങളുടെ കര്‍മഫലം ലഭിക്കുമോയെന്ന ആശങ്കയും അവരെ കീഴടക്കുകയില്ല. അപ്പോളവര്‍ക്ക് ദൈവപ്രീതിക്കുവേണ്ടി ദൈവം നിശ്ചയിക്കുന്നേടത്ത് ഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെ കര്‍മംചെയ്യാന്‍ കഴിയും. മനസ്സമാധാനത്തോടെ; നന്മയില്‍ പരിപൂര്‍ണവിശ്വാസത്തോടെ; സാവകാശത്തോടെയും സഹനത്തോടെയും ദൃഢവിശ്വാസത്തോടെയും ആ ഫലപ്രാപ്തി ഭൂമിയിലാകുന്നതും പരലോകത്താകുന്നതും അവര്‍ക്കു സമം. ഇക്കാരണങ്ങളാല്‍ ഈ വിശ്വാസം സ്വാഭീഷ്ടത്തിനും ദേഹേഛകള്‍ക്കുമടിമപ്പെടുന്നതില്‍നിന്ന്, മനുഷ്യോചിതമായ ഉല്‍ക്കര്‍ഷത്തിലേക്കുള്ള വഴിത്തിരിവായി ഗണിക്കപ്പെടുന്നു”.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.