IOS APP

ധനികനും ദരിദ്രനും

ധനികനും ദരിദ്രനും
മുസ്തഫ ലുത്ഫി മന്ഫലൂതി

ഒരു രാത്രി ഞാന്‍ ദരിദ്രനായ ഒരു മനുഷ്യന്റെ അടുത്തെത്തി. വയറു വേദന കൊണ്ട് പ്രയാസപ്പെടുന്നത് പോലെ കൈ വയറിന് മുകളില്‍ വെച്ചിരിക്കുകയാണവന്‍. സഹതാപത്തോടെ ഞാന്‍ കാര്യമന്വേഷിച്ചു. വിശപ്പായിരുന്നു അവന്റെ പ്രശ്‌നം. എന്നെകൊണ്ടാവുന്ന സഹായം നല്‍കി ഞാന്‍ സമ്പന്നനായ ഒരു കൂട്ടുകാരനെ സന്ദര്‍ശിക്കാനായി പോയി. അവനും വയറിന് മേല്‍ കൈവെച്ച് കിടക്കുകയാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. നേരത്തെ ഞാന്‍ കണ്ട ദരിദ്രനെ പോലെ വയറുവേദന കൊണ്ട് പ്രയാസപ്പെടുന്നവനാണവനും. അത്ഭുതം തന്നെ, ആ ധനികന്‍ തന്റെ ആവശ്യം കഴിഞ്ഞുള്ളത് ദരിദ്രന് നല്‍കിയിരുന്നെങ്കില്‍ ഇരുവരും പ്രയാസപ്പെടേണ്ടി വരില്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞു പോയി.

തന്റെ വിശപ്പ് ശമിപ്പിക്കാനാവശ്യമായത് മാത്രം കഴിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അവന്‍ സ്വന്തത്തോടുള്ള സ്‌നേഹത്തില്‍ അതിരുവിട്ടു. ദരിദ്രന്റെ പാത്രത്തില്‍ നിന്ന് കവര്‍ന്നെടുത്തതും തന്റെ ഭക്ഷണത്തളികയില്‍ ചേര്‍ത്തു. അവന്റെ മനസാക്ഷിയില്ലായ്മക്ക് അല്ലാഹു നല്‍കിയ ശിക്ഷയാണ് വയര്‍ സ്തംഭനം. അക്രമിക്ക് ഒരിക്കലും അവന്റ അക്രമം കൊണ്ട് ജീവിതം ആസ്വാദ്യകരമാവാതിരിക്കാനാണത്. അതുകൊണ്ട് അവന്റെ ജീവിതം സന്തോഷരമാവുകയുമില്ല. ‘ദരിദ്രന്റെ വിശപ്പിന്റെ പ്രതികാരമാണ് ധനികന്റെ വയര്‍ സ്തംഭനം’ എന്നതിനെ സത്യപ്പെടുത്തുകയാണത് അതിലൂടെ.

ആകാശം ചൊരിയുന്ന വെള്ളത്തില്‍ പിശുക്കു കാണിച്ചിട്ടില്ല. സസ്യങ്ങളുടെ കാര്യത്തില്‍ ഭൂമിയും ലുബ്ദ് കാണിച്ചിട്ടില്ല. സമ്പത്ത് കൈവശം വെക്കാന്‍ ഏറ്റവും അര്‍ഹര്‍ ഞങ്ങളാണെന്ന ധനികരുടെ ന്യായം ഞാന്‍ മനസ്സിലാക്കുന്നു. ശക്തിയാണ് അതിന് അവരുടെ ന്യായമെങ്കില്‍ എന്തുകൊണ്ട് ആ ന്യായത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ സമ്പത്ത് കവര്‍ന്ന പോലെ ജീവനും അപഹരിച്ചു കൂടാ? ജീവിക്കുന്നവന്റെ കാഴ്ച്ചപ്പാടില്‍ വിശക്കുന്നവന്റെ കയ്യിലെ ഒരു ഉരുള ഭക്ഷണത്തേക്കാള്‍ വിലപിടിച്ചതൊന്നുമല്ല ജീവന്‍. അല്ലെങ്കില്‍ തങ്ങളുടെ പിതാക്കന്‍മാരില്‍ നിന്ന് അനന്തരമായി കിട്ടിയതാണിതെന്ന ന്യായമായിരിക്കാം. അവരോട് പറയാനുള്ളത്, പിതാക്കന്മാരില്‍ നിന്ന് സമ്പത്ത് അനന്തരമെടുത്ത നിങ്ങള്‍ എന്തുകൊണ്ട് അവരുടെ അക്രമങ്ങള്‍ അനന്തരമെടുക്കുന്നില്ല? നിങ്ങളുടെ പിതാക്കന്‍മാര്‍ ശക്തിയുള്ളവരായിരുന്നു ദുര്‍ബലരില്‍ നിന്ന് അവര്‍ കവര്‍ന്നെടുത്തതാണ് ആ സമ്പത്ത്. അവരില്‍ നിന്ന് കവര്‍ന്നെടുത്ത സമ്പത്ത് തിരിച്ചു കൊടുക്കുകയാണ് നിങ്ങളുടെ ബാധ്യത.

ധനികനും ദരിദ്രനും

നന്മകളില്ലാത്ത മനുഷ്യന്‍ മനുഷ്യനല്ല. മനുഷ്യനെയും മൃഗത്തെയും വേര്‍തിരിക്കുന്ന യഥാര്‍ത്ഥ ഘടകമായിട്ടാണ് ഞാന്‍ നന്മയെ കാണുന്നത്

വിവിധ ഇനം വിഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഭക്ഷണമേശക്ക് മുന്നില്‍ ഇരിക്കുകയാണവന്‍. തന്റെ ബന്ധുക്കളും അടുത്തവരുമായ പലരും ഒട്ടിയവയറുമായി തള്ളിനീക്കുകയാണെന്ന അറിവ് അവന്റെ ആര്‍ത്തിയെ അടക്കുന്നില്ല. ആ ഭക്ഷണമേശയില്‍ ബാക്കി വരുന്നതോര്‍ത്ത് വായില്‍ വെള്ളമൂറുന്നവരാണവര്‍ എന്നും അവനറിയാമെന്നിരിക്കെയാണിത്. എന്നാല്‍ ഹൃദയത്തില്‍ കാരുണ്യത്തിന്റെ അംശമോ നാവില്‍ ലജ്ജയോ ശേഷിക്കാത്തവര്‍ അക്കൂട്ടത്തിലുണ്ട്. തനിക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ കുറിച്ച് ദരിദ്രന്റെ മുന്നിലവര്‍ വാചാലരാവും. ഞാന്‍ സന്തോഷവാനാണ് കാരണം ഞാന്‍ ധനികനാണ്, നീ ദരിദ്രനായതു കൊണ്ട് ദൗര്‍ഭാഗ്യവാനും എന്ന് ദ്യോതിപ്പിക്കുന്ന തരത്തിലായിരിക്കും അവന്റെ ഓരോ വാക്കും ചലനവും.

തങ്ങളുടെ ഉപകരണങ്ങള്‍ പോലെ ഉപയോഗിക്കാന്‍ ധനികര്‍ക്ക് ദരിദ്രരെ ആവശ്യമില്ലായിരുന്നുവെങ്കില്‍, അവര്‍ വണങ്ങുന്നതും താഴ്മയോട് പെരുമാറുന്നതും കണ്ട് തങ്ങളുടെ ജീവിതം ആസ്വാദ്യകരമാക്കാന്‍ അവര്‍ നിലനില്‍ക്കേണ്ടത് ആവശ്യമില്ലായിരുന്നുവെങ്കില്‍ അവരുടെ വിഭവങ്ങള്‍ കവര്‍ന്നെടുത്ത പോലെ അവരുടെ രക്തവും ഊറ്റിക്കുടിക്കുമായിരുന്നു. ജീവിത്വത്തിലെ ആസ്വാദനങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട പോലെ ജീവിതവും അവര്‍ക്ക് നിഷേധിക്കപ്പെടുമായിരുന്നു.

എന്റെ കാഴ്ച്ചപ്പാടില്‍ നന്മകളില്ലാത്ത മനുഷ്യന്‍ മനുഷ്യനല്ല. മനുഷ്യനെയും മൃഗത്തെയും വേര്‍തിരിക്കുന്ന യഥാര്‍ത്ഥ ഘടകമായിട്ടാണ് ഞാന്‍ നന്മയെ കാണുന്നത്. ജനങ്ങളില്‍ മൂന്ന് വിഭാഗമുണ്ട് ്: സ്വന്തത്തിന് നന്മകള്‍ ലഭിക്കുന്നതിനുള്ള ഒരു മാര്‍ഗമായി നന്മകള്‍ ചെയ്യുന്നവന്‍. മനുഷ്യരെ അടിമകളാക്കാനുള്ള മാര്‍ഗമായിട്ടാണ് നന്മകളെ സ്വേച്ഛാധിപതിയും അഹങ്കാരിയുമായ അവന്‍ മനസ്സിലാക്കുന്നത്. സ്വന്തത്തിന് നന്മകള്‍ ചെയ്യുകയും മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്യാത്തവരുമാണ് രണ്ടാമത്ത ഇനം. ചിന്തുന്ന രക്തം സ്വര്‍ണമായി മാറുമെന്ന് അറിഞ്ഞാല്‍ മുഴുവന്‍ മനുഷ്യരെയും കൊല്ലാന്‍ മടിക്കാത്ത ആര്‍ത്തിക്കാരനാണവന്‍. സ്വന്തത്തിനും മറ്റുള്ളവര്‍ക്കും നന്മകള്‍ ചെയ്യാത്തവരാണ് മൂന്നാമത്തെ വിഭാഗം. തന്റെ പെട്ടി നിറക്കുന്നതിന് വേണ്ടി വയറ് കാലിയാക്കിയിടുന്ന പരമ വിഡ്ഢിയാണവന്‍. എന്നാല്‍ നാലാമതൊരു വിഭാഗമുണ്ട്. അവര്‍ മറ്റുള്ളവരോടും സ്വന്തത്തോടും നന്മ ചെയ്യുന്നവരായിരിക്കും. എന്നാല്‍ അവന്‍ എവിടെയാണെന്നോ അവനിലേക്ക് എങ്ങനെ എത്തുമെന്നോ എനിക്കറിയില്ല. ഗ്രീക്ക് തത്വചിന്തകനായ ഡയോജനീസ് അന്വേഷിച്ച് നടന്നിരുന്നത് അയാളെയായിരുന്നു. പകല്‍ സമയത്ത് വിളക്കും കത്തിച്ച് നടന്ന അദ്ദേഹത്തോട് എന്തെടുക്കുകയാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു: ‘ഞാന്‍ ഒരു മനുഷ്യനെ അന്വേഷിക്കുകയാണ്.’

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.