IOS APP

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ പ്രസക്തി

 

ഇസ്‌ലാമില്‍ നാണയങ്ങളുടെ അഥവാ കാശിന്റെ വ്യവഹാരസമ്പ്രദായത്തിലാണ് പലിശയുടെ നിഷിദ്ധത കടന്നുവന്നിരിക്കുന്നത്. കറന്‍സിയുടെയോ, നാണയത്തിന്റെയോ കച്ചവടമാണ് പലിശ എന്നത്. അധ്വാനവുമായോ, ഉല്‍പാദനവുമായോ യാതൊരു ബന്ധവുമില്ലാതെ വെറുതെ ലഭിക്കുന്ന ലാഭമാണ് അത്. നാണയവും കറന്‍സിയും ചരക്കിനും മറ്റ് വസ്തുക്കള്‍ക്കുമുള്ള മൂല്യം കണക്കാക്കപ്പെട്ട ബദല്‍ മാത്രമാണെന്നും അവ കച്ചവടം ചെയ്യപ്പെടേണ്ട ചരക്കല്ല എന്നുമാണ് ഇസ്‌ലാമിന്റെ തത്ത്വ10077_204ശാസ്ത്രം.

നാണയത്തെ സംബന്ധിച്ച ദീനിന്റെ ഈ നിലപാട് ഇസ്‌ലാമിക ചരിത്രത്തിലെ എല്ലാ മദ്ഹബുകളിലുംപെട്ട കര്‍മശാസ്ത്രവിശാദരന്മാരും ഏകോപിച്ചംഗീകരിച്ചതാണ്. ശാഫിഈ മദ്ഹബുകാരനായ ഇമാം അബൂഹാമിദുല്‍ ഗസ്സാലി തന്റെ പ്രശസ്ത ഗ്രന്ഥമായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്രകാരം പറഞ്ഞിരിക്കുന്നു:

‘മറ്റ് എല്ലാ സമ്പത്തുകളെയും നിയന്ത്രിക്കാനും അവക്കിടയില്‍ മധ്യവര്‍ത്തിയാകുന്നതിനും വേണ്ടിയാണ് അല്ലാഹു നാണയത്തെയും കറന്‍സിയെയും സൃഷ്ടിച്ചത്. അവ മുഖേനയാണ് സമ്പത്ത് കണക്കാക്കപ്പെടുക. അതിനാല്‍ തന്നെ മറ്റ് വസ്തുക്കളെ നിര്‍ണയിക്കാനും, അവയെ നേടിയെടുക്കാനുമുള്ള മാനദണ്ഡമാണ് അവ. അവയെ സ്വയം മറ്റുതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവതല്ല. അവ കച്ചവടം ചെയ്യപ്പെടാവതല്ല. മറിച്ച് മറ്റുള്ളവ കച്ചവടം ചെയ്യാനായി ഉപയോഗിക്കുകയാണ് .
ഈ ഉദ്ദേശ്യങ്ങള്‍ക്ക് വിരുദ്ധമായി  അവയെ കൈകാര്യം ചെയ്യുന്നവന്‍ അതിന്റെ അടിസ്ഥാന താല്‍പര്യത്തെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. അതിലൂടെ അല്ലാഹു അവയില്‍ ചെയ്ത അനുഗ്രഹത്തെ നിഷേധിക്കുകയും അവയോട് അക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു അവന്‍. അവയെ ചരക്കാക്കി മാറ്റുന്നതോടെ അതിന്റെ യുക്തിയെ തകിടംമറിച്ചിരിക്കുന്നു. അതിന്റെ അടിസ്ഥാന ഉദ്ദേശ്യത്തില്‍ നിന്ന് തെറ്റുകയും ചെയ്തിരിക്കുന്നു.

നാണയവും കറന്‍സിയും ഏതെങ്കിലും വ്യക്തികള്‍ക്ക് പ്രത്യേകമായി തയ്യാറാക്കപ്പെട്ടതല്ല. മറിച്ച് വിവിധങ്ങളായ കരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള മാനദണ്ഡമാണ് അവ. അവയാണ് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നത്. വസ്തുവിന്റെ വില നിശ്ചയിക്കുന്നതിനുള്ള അടയാളങ്ങളാണ് അവ. അവ മുഖേനയാണ് കൂലി/പ്രതിഫലം കണക്കാക്കുന്നത്.
നാണയവും കറന്‍സിയും ഉപയോഗിച്ച് പലിശ സമ്പാദിച്ചവന്‍ അനുഗ്രഹത്തെ നിഷേധിച്ചുകൊണ്ട് അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു. കാരണം അവ രണ്ടും മറ്റുള്ള അതല്ലാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടവയാണ്. അവ കച്ചവടം ചെയ്യുന്ന പക്ഷം അവയുടെ ഉദ്ദേശ്യത്തിനെതിരായി  ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു വസ്തുവിനെ അതിന്റെതല്ലാത്ത സ്ഥാനത്ത് വെക്കുന്നതാണല്ലോ ളുല്‍മ് അഥവാ അക്രമം.
നാണയവും കറന്‍സിയും കച്ചവടം നടത്തുന്നത് അനുവദനീയമാക്കിയാല്‍ അവ തന്നെ അടിസ്ഥാന ലക്ഷ്യമായിത്തീരുന്നതാണ്. അവയെല്ലാം ശേഖരിക്കപ്പെടുകയും നിധിയാക്കി മാറ്റുകയും ചെയ്യും. അപ്രകാരം ചെയ്യുന്നത് അക്രമമാണ്. ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവ മറ്റ് ആവശ്യങ്ങള്‍ക്കായി കൈകാര്യം ചെയ്യാന്‍ പാടുള്ളതല്ല’.

കറന്‍സിയില്‍ ഇസ്‌ലാമിന്റെ നയം ഇപ്രകാരമാണ് അബൂഹാമിദുല്‍ ഗസ്സാലി വ്യക്തമാക്കിയത്. അവ ചരക്കിനും, ഉപകാരങ്ങള്‍ക്കുമുള്ള പകരം അഥവാ ബദല്‍ മാത്രമാണ്. അല്ലാതെ കച്ചവടവസ്തുവോ ചരക്കോ അല്ല. അവയെ അടിസ്ഥാന ലക്ഷ്യത്തില്‍ നിന്ന് മാറ്റുന്നത് അക്രമമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സമ്പത്ത് കുന്നുകൂടുന്നതിനും ശേഖരിക്കപ്പെടുന്നതിനുമാണ് അത് വഴിവെക്കുക. ഈ അക്രമ വ്യവസ്ഥയുടെ ഇരകള്‍ ദാരിദ്ര്യത്തിനും, പട്ടിണിക്കും വിധേയരാവുകയെന്നതാണ് അതിന്റെ ഫലം. യാതൊരു അധ്വാനമോ, ഉല്‍പാദനമോ ഇല്ലാതെ കറന്‍സിയുപയോഗിച്ച് ലാഭവും നേട്ടവുമുണ്ടാക്കുകയാണ് ഇതുമുഖേന സമ്പന്നര്‍ ചെയ്യുക.
ഈ ഇസ്‌ലാമിക ചിന്തയുടെ പുനര്‍വായനയും അതിന്റെ ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും കുറിച്ച അവബോധവും നാണയത്തെയും കറന്‍സിയെയും സംബന്ധിച്ച ഇസ്‌ലാമിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ചും മഹത്ത്വത്തെക്കുറിച്ചും മനസ്സിലാക്കാന്‍ നിഷ്‌കളങ്കഹൃദയത്തെയും ബുദ്ധിയെയും പ്രചോദിക്കുന്നു. നിലവിലുള്ള ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാരം സമര്‍പിക്കാനുള്ള ശേഷി ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥക്ക്  മാത്രമെ ഉള്ളൂ എന്ന് ലോകം തിരിച്ചറിയേണ്ടിയിരിക്കുന്നു.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.