ഫിത്ര്‍ സകാത്ത്.

Originally posted 2014-07-23 22:35:42.

ലോകത്തുടനീളമുള്ള മുസ്‌ലിംകള്‍ ഫിത്ര്‍ സകാത്ത് നല്‍കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. സ്വതന്ത്രരായ മുഴുവന്‍ മുസ് ലിംകളുടെയും വ്യക്തി ബാധ്യതയാണ് a1തനിക്കും തന്റെ ഭാര്യക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും തുടങ്ങി തന്നെ ആശ്രയിച്ചു കഴിയുന്ന മുഴുവന്‍ പേര്‍ക്കു വേണ്ടിയും ഫിത്ര്‍ സകാത്ത് നല്‍കാന്‍ ഒരു മുസ്‌ലിം ബാധ്യസ്ഥനാണ്.
ഇബ്‌നു ഉമര്‍ പറയുന്നു. ‘സ്ത്രീയോ പുരുഷനോ, ആണോ പെണ്ണോ, യുവാവോ വൃദ്ധനോ, സ്വതന്ത്രനോ അടിമയോ ആയ എല്ലാ മുസ്‌ലിമിനും ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാണെന്ന് പ്രവാചകന്‍ പറഞ്ഞിരിക്കുന്നു’.
ഫിത്ര്‍ സകാത്ത് ദരിദ്ര അവശ വിഭാഗങ്ങളെ സഹായിക്കാനുള്ള ഒരു സംവിധാനമാണ്. റമദാന്‍ മാസത്തില്‍ ഒരു വിശ്വാസി നോറ്റ നോമ്പുകളില്‍ വന്ന തെറ്റുകുറ്റങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ് ഫിത് ര്‍ സകാത്ത്.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ‘നബി (സ) ഫിത് ര്‍ സകാത്ത് നല്‍കാന്‍ കല്‍പ്പിച്ചിരിക്കുന്നു. അതുവഴി നോമ്പുകാരന്‍ ചെയ്തു പോയിട്ടുള്ള പാകപ്പിഴവുകളില്‍ നിന്നും ചീത്ത സംസാരത്തില്‍ നിന്നും അവന്‍ ശുദ്ധീകരിക്കപ്പെടുന്നു. അതുപോലെ അത് ദരിദ്രരായ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനും വേണ്ടിയുള്ളതാണ്. ആയതിനാല്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ആര് ആ ബാധ്യത നിര്‍വ്വഹിക്കുന്നുവോ അവന്റെ ദാനം സ്വീകാര്യമായ ഫിത്ര്‍ സകാത്തായി എണ്ണപ്പെടും. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം നല്‍കുന്നവര്‍ക്ക് സാധാരണ ദാനധര്‍മ്മത്തിന്റെ പുണ്യം ലഭിക്കും’. (അബൂ ദാവൂദ്). ഇതിനു പുറമെ, നിരവധി മുസ് ലിംകള്‍ അവരുടെ വിവിധയിനം സമ്പത്തിന്റെ സകാത്ത് റമദാനില്‍ നല്‍കുന്നു.

സകാത്ത് സംവിധാനം കേരളത്തില്‍
ഇസ് ലാമിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുകയും അത് പ്രയോഗവല്‍ക്കരിക്കാനുമുള്ള പ്രവണത മുസ് ലിം സമൂഹത്തില്‍ പൊതുവെ വര്‍ധിച്ചു വരുന്നത് ശുഭസൂചകമാണ്. ഇസ് ലാമികാന്തരീക്ഷം പുനഃസൃഷ്ടിക്കാനും പ്രയോഗത്തില്‍ കൊണ്ടുവരാനുമുള്ള കേരളത്തിലെ മുസ് ലിം സമൂഹത്തിന്റെ ശ്രമങ്ങളും എടുത്തു പറയേണ്ടതാണ്. കേരളത്തിലെ സംഘടിത സകാത്ത് ശേഖരണം അതിന് മികച്ച ഒരു ഉദാഹരണമാണ്. സംഘടിത സകാത്ത് ശേഖരണം, അതിന്റെ വിതരണം, അതുവഴി മുസ് ലിം സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ദിരിദ്രരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍, കേരളത്തില്‍ മിക്കവാറും മഹല്ലുകളും പള്ളിക്കമ്മിറ്റികളും സംഘടകളും നിറവേറ്റി വരുന്നു. സംഘടിത സകാത്ത് സംവിധാനത്തോട്, സംഘടനാ-പ്രസ്ഥാനങ്ങള്‍ക്കതീതമായി കേരള മുസ് ലിം സമൂഹം ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട്.
കേരളത്തിലെ മുസ് ലിം സമൂഹത്തിന്റെ സാമ്പത്തിക ഉണര്‍വ്വിനും സമുദായത്തിന്റെ സാമ്പത്തിക സന്തുലിതത്വത്തിനും മറ്റു പല ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയതു പോലെ തന്നെ, സകാത്ത് സംവിധാനവും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. രണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സമുദായം അനുഭവിച്ച ദാരിദ്ര്യത്തിന് ഇന്ന് ഏതാണ്ട് അറുതി വന്നു കഴിഞ്ഞു. കേരളത്തിന്റെ മൊത്തം സാമൂഹിക സാമ്പത്തിക പുരോഗതിയാണ് അതിന്റെ പ്രധാന കാരണം.
ഇത്തരമൊരു സാഹചര്യത്തില്‍ കേരള മുസ് ലിംകളുടെ സകാത്ത്, സ്വദഖ, ഫിത്ര്‍ സകാത്ത് ഫണ്ടുകള്‍ കേരള ജനതയില്‍ തന്നെ പൂര്‍ണ്ണമായും വിനിയോഗിക്കണമെന്ന് ശരീഅത്ത് നിര്‍ബന്ധിക്കുന്നുണ്ടോ ? അതല്ല, കേരളത്തിലെ ദരിദ്ര ജനതയുടെ ആവശ്യം പരിഗണിച്ച് ഒരു നിശ്ചിത വിഹിതം ഇവിടെ ചിലവഴിക്കുകയും ബാക്കി തുക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാനാതരം പ്രയാസങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന മുസ് ലിംകള്‍ക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? യഥാര്‍ത്ഥത്തില്‍ ഇസ് ലാമിന്റെ സകാത്ത് സംവിധാനം ഏതെങ്കിലും ഒരു പ്രദേശത്തെ ജനതയെ മാത്രം ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ളതാണോ ? ലോകത്തെ പല കോണുകളിലും ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന മുസ് ലിം സമൂഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണോ നമ്മുടെ ബാധ്യത ?
മുസ്‌ലിംകള്‍ അവരുടെ വ്യക്തിപരമായ ബാധ്യതയായ സകാത്ത് നിര്‍വ്വഹിക്കുമ്പോള്‍ തന്നെ, ജീവിതത്തില്‍ സകലതും നഷ്ടപ്പെട്ട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവരുടെ ചുറ്റിലും ജീവിക്കുന്ന സഹോദരീ സഹോദരന്‍മാരെ മറന്നു പോകുന്നു. ഈ സന്ദര്‍ഭത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം സഹോദരന്‍മാരെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്. ഫലസ്തീനിലും സിറിയയിലും ബര്‍മ്മയിലും ആസാമിലുമുള്ള കുടിയൊഴിപ്പിക്കപ്പെട്ട ജനതയാണ് ആഗോള മുസ് ലിം സമൂഹത്തില്‍ ഇന്ന് ഏറ്റവും പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ എന്നത് പ്രത്യേകം പറയേണ്ടതില്ല. പിറന്ന നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ നിസ്സഹായരായി അക്രമണങ്ങള്‍ക്കിരയാകുന്നവരാണ് നമ്മുടെ സദഖ-സകാത്ത് ദാന ധര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ അര്‍ഹര്‍.

റോഹിങ്ക്യന്‍-അസം മുസ് ലിംകള്‍
മ്യാന്മറിലെ ഭൂരിപക്ഷ ബുദ്ധവിഭാഗങ്ങളുടെ കരങ്ങളാല്‍ റോഹിങ്ക്യയിലെ മുസ് ലിംകളെ വംശീയ ഉന്‍മൂലനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടു കൊണ്ടിരിക്കുന്നത്. നിസ്സഹായരുമായ റോഹിങ്ക്യന്‍ മുസ് ലിംകള്‍ കടുത്ത പീഡനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കുന്നത് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
റോഹിങ്ക്യക്കാര്‍ എന്നറിയപ്പെടുന്ന ബംഗാള്‍ വംശജരായ മ്യാന്‍മര്‍ മുസ് ലിംകള്‍ ഏറെനാളുകളായി പീഡനങ്ങള്‍ക്കും വിവേചനത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു. മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖേനില്‍ കഴിഞ്ഞ ജൂണില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ആയിരക്കണക്കിന് മുസ് ലിംകളാണ് നാടും വീടും വിട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടി വന്നിരിക്കുന്നത്. ഒരു ബുദ്ധ വനിതയെ മൂന്ന് മുസ്‌ലിം യുവാക്കള്‍ ബലാല്‍സംഗം ചെയ്തു കൊന്നു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് വംശീയ കലാപം രൂപം കൊണ്ടത്. ഇതിന്റെ പേരില്‍ കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന വര്‍ഗീയ കലാപത്തില്‍ കുറഞ്ഞത് 77 മുസ്‌ലിംകള്‍ വധിക്കപ്പെടുകയും ആയിരണക്കണക്കിന് മുസ്‌ലിം വീടുകള്‍ അഗ്നിക്കിരയാവുകയും പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ ഭവനരഹിതരാവുകയുമുണ്ടായി. കലാപത്തെ അടിച്ചമര്‍ത്താനോ കുറ്റവാളികളെ പിടികൂടാനോ ബര്‍മ്മന്‍ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, കലാപം ആളിക്കത്തിക്കുവാന്‍ ഉതകുന്ന തരത്തിലുള്ള നടപടികളാണ് സ്വീകരിച്ചത്. റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ മ്യാന്‍മര്‍ പൗരന്‍മാരല്ലന്നും അനധികൃത കുടിയേറ്റക്കാരാണെന്നുമാണ്, വീടും നാടും വിട്ടെറിഞ്ഞ് പാലായനം ചെയ്ത മുസ്‌ലിംകളെ കുറിച്ച് സര്‍ക്കാര്‍ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്.
മ്യാന്‍മര്‍ കലാപത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് മുന്‍പേ, ആസാമില്‍ ബോഡോ തീവ്രവാദികള്‍ അഴിച്ചുവിട്ട കലാപത്തില്‍ ആയിരക്കണക്കിന് മുസ് ലിംകള്‍ വധിക്കപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ പാലായനം ചെയ്യുകയുണ്ടായി. 4 ലക്ഷത്തോളം വരുന്ന നമ്മുടെ സഹോദരങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിവരണാതീതമായ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

അടിച്ചമര്‍ത്തപ്പെടുന്ന സിറിയന്‍ ജനത
ലോകത്തിലെ ഏറ്റവും അക്രമകാരിയായ ഭരണകൂടങ്ങളിലൊന്നായ സിറിയന്‍ ഭരണകൂടം അവിടത്തെ ജനങ്ങള്‍ക്കു നേരെ നിഷ്ഠൂരമായ അക്രമണമാണ് അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. സിറിയന്‍ ഏകാധിപതി ബശാറുല്‍ അസദ് നിര്‍ദാക്ഷിണ്യം തന്റെ ജനതയെ കൊന്നൊടുക്കുന്നു.
സിറിയന്‍ സുരക്ഷാ സൈന്യത്തിന്റെ ആക്രമണത്തില്‍ ആയിരക്കണക്കിന് സിറിയക്കാരാണ് കൊല ചെയ്യപ്പെടുന്നത്. ഇന്ന് സഹായമര്‍ഹിക്കുന്ന ഒരു ജനതയായി മാറിയിരിക്കുന്നു സിറിയന്‍ ജനത.

നിസ്സഹായരായ ഫലസ്തീനികള്‍
കാലങ്ങളായി അധിനിവേശത്തിന്റെ ഇരയാണ് ഫലസ്തീന്‍ ജനത. ഈ ജനതയെ ഒന്നടങ്കം പട്ടിണിക്കിടുന്നതിലും, ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിലും ലോകം അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്രത്തിനും, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി ആയുധങ്ങളില്ലാതെ ഇച്ഛാ ശക്തികൊണ്ട് മാത്രം ചെറുത്തു നില്‍ക്കുന്ന ഇവരെ, മൃഗീയമായി കൊന്നൊടുക്കുന്നതും അവരുടെ പ്രാഥമികമായ അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്നതും പതിവാക്കിയ ഇസ്രയേല്‍ എന്ന തെമ്മാടി രാഷ്ട്രത്തോട് അരുതെന്ന് പറയാന്‍ ലോക രാഷ്ട്രങ്ങളില്‍ ആരുമില്ലാതെ പോയി. ഇത്തരം ആക്രമണങ്ങളെ ‘സ്വയം പ്രതിരോധ’മെന്നും ‘സംസ്‌കാരത്തിന്റെ സംരക്ഷണമെന്നും’ പേര് നല്‍കി, കാട്ടാളത്തത്തെ ന്യായീകരിക്കാനാണ് അന്താരാഷ്ട്ര സമൂഹം കൂട്ടു നില്‍ക്കുന്നത്. ‘സംസ്‌കാരത്തിന്റെ സംരക്ഷണത്തി’ന്റെ മറവില്‍ മുസ് ലിംകളുടെ വിശുദ്ധ ഭവനമായ മസ്ജിദുല്‍ അഖ്‌സയെ തകര്‍ക്കാനുള്ള ഗൂഢപദ്ധതികളും നടന്നു കൊണ്ടിരിക്കുന്നു. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത, അല്ലെങ്കില്‍ മറുത്തൊന്നും ഉരിയാടില്ലെന്നുറപ്പുള്ള വൃദ്ധരായ മുസ് ലിംകള്‍ക്ക് മാത്രമേ ഇന്നവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളൂ. സുരക്ഷാ കാരണം പറഞ്ഞ് ഏതൊരു മുസ് ലിമും ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് എപ്പോള്‍ വേണമെങ്കിലും മരിച്ചു വീഴാം.
ഈ ഭൂമിയിലെ വിളകള്‍ നശിപ്പിച്ചും വൃക്ഷങ്ങള്‍ മുറിച്ച് മാറ്റിയും അധിനിവേശ ശക്തികള്‍ ഈ ജനതയെ കൊല്ലാകൊല ചെയ്യുന്നു. എല്ലാത്തിനുമുപരി, ഏറെകാലമായി ഈ ദരിദ്ര ജനവിഭാഗത്തിനുമേല്‍ ചില പ്രബല രാഷ്ട്രങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു. വെള്ളം വൈദ്യുതി, ആവശ്യ മരുന്നുകള്‍, പാചക വാതകം തുടങ്ങി ഫലസ്തീന്‍ ജനതയുടെ ദൈനംദിന ആവശ്യങ്ങള്‍ മുഴുവന്‍ തടഞ്ഞ് പട്ടിണി കിടന്ന് മരിക്കുന്നത് കാണാന്‍ ലോകത്തിലെ സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും അമരക്കാര്‍ കാത്തിരിക്കുകയാണ്. മുസ് ലിം ലോകത്തു നിന്നുള്ള സഹായ സഹകരണങ്ങളാണ് ഈ ജനതയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകുന്നത്.
ഇസ്രയേല്‍ സൈനികര്‍ തകര്‍ത്ത വീടുകള്‍ക്കു മുമ്പില്‍, തങ്ങളുട പിഞ്ചു പൈതങ്ങളെ കൈയ്യിലേന്തി എന്തു ചെയ്യണമെന്നറിയാതെ അലമുറയിടുന്ന സഹോദരിമാരേക്കാള്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ നമ്മളില്‍ ആരാണുള്ളത് ? അല്ലാഹുവിലുള്ള പ്രതീക്ഷ കൈവിടാതെ, പിറന്ന ഭൂമിയില്‍ തന്നെ തങ്ങളുടെ മരണം വരെ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണവരെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ലോക മുസ് ലിംകളുടെ പ്രാര്‍ത്ഥനയും പിന്തുണയും മാത്രമാണവരുട പ്രതീക്ഷ.

സോമാലിയ
കാലങ്ങളായി ദാരിദ്ര്യത്തിന്റെ പ്രതീകമാണ് സോമാലിയ. ആഭ്യന്തര യുദ്ധങ്ങള്‍, പകര്‍ച്ച വ്യാധികള്‍, ക്ഷാമം തുടങ്ങി സോമാലിയന്‍ ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വറുതികള്‍ അനവധിയാണ്. ലക്ഷക്കണക്കിന് സോമാലിയക്കാര്‍ പട്ടിണി കൊണ്ട് ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ജല ദൗര്‍ബല്യം മൂലം വിള നശിച്ചു, കന്നുകാലികള്‍ ചത്തൊടുങ്ങി. ആവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തില്‍ രാജ്യത്തെ ബാധിച്ച ക്ഷാമം രാജ്യത്ത് അനേകം കുഞ്ഞുങ്ങള്‍ മരിക്കാനിടയാക്കി. മഴ പെയ്തു തുടങ്ങിയെങ്കിലും ഇപ്പോഴും ആവശ്യത്തിന് ഭക്ഷണം ലഭ്യമല്ല.
ഈ റമദാനില്‍ നോമ്പ് പിടിക്കാനും തുറക്കാനും അവര്‍ക്ക് ഭക്ഷണമില്ല. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഠിന യാതനകള്‍ അനുഭവിക്കുന്നവര്‍ക്കാകട്ടെ നമ്മുടെ സകാത്തിന്റെയും ഫിത് ര്‍ സകാത്തിന്റെയും വലിയരോഹരി.

മുനീര്‍ മുഹമ്മദ് റഫീഖ്

Related Post