നിര്‍ബന്ധ ഹജ്ജ്

Originally posted 2015-09-06 10:34:08.

hajj2015

ഹജ്ജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍:ഓരോ വര്‍ഷവും നിര്‍ബന്ധ ഹജ്ജ് കര്‍മം വന്നെത്തുന്നു. മുസ്‌ലിങ്ങളുടെ ജീവിതഗതിയും വലിയ മാറ്റമൊന്നും പ്രത്യക്ഷപ്പെടാതെ കൊഴിഞ്ഞുപോകുന്നു.

ഓരോ വര്‍ഷവും നിര്‍ബന്ധ ഹജ്ജ് കര്‍മം വന്നെത്തുന്നു. മുസ്‌ലിങ്ങളുടെ ജീവിതഗതിയും വലിയ മാറ്റമൊന്നും പ്രത്യക്ഷപ്പെടാതെ കൊഴിഞ്ഞുപോകുന്നു. ഹജ്ജിന്റെ ഫലപ്രാപ്തി നേടിയെടുക്കുന്നതിലും തദനുസൃതമായി തങ്ങളുടെ സഞ്ചാരഗതി തിരിച്ചു വിടുന്നതിലും മുസ്‌ലിങ്ങള്‍ വിജയം കണ്ടിട്ടില്ല. ഇത്തരത്തില്‍ ലോക മുസ്‌ലിങ്ങള്‍ക്ക് ഹജ്ജിന്റെ സദ്ഫലങ്ങള്‍ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് ഡോ. മജ്ദി അല്‍ഹിലാലിയുമായി നടത്തിയ അഭിമുഖം.

ഇസ്‌ലാമിലെ ഏറ്റവും വലിയ സമ്മേളനവും ശ്രേഷ്ടമായ ഇബാദതുമായ ഹജ്ജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുസ്‌ലിം സമൂഹത്തിന് ഫലപ്രദമായി എങ്ങനെ പ്രയോജനപ്പെടുത്താം ?

മനുഷ്യരെ ആദരണീയ സൃഷ്ടിയായിട്ടാണ് അല്ലാഹു പടച്ചത്. വാനഭുവനങ്ങളിലുള്ളതെല്ലാം അവന്ന് കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം മഹത്തായ ഉത്തരവാദിത്ത നിര്‍വഹണത്തിനു വേണ്ടിയാണ്. അല്ലാഹുവിന് ഇബാദത്ത് നിര്‍വഹിക്കുന്നതിനു വേണ്ടിയാണ് മനുഷ്യരെ നിയോഗിച്ചത്. കീഴവണക്കത്തിന്റെയും സ്‌നേഹത്തിന്റെയും പൂര്‍ണതയാണ് ഇബാദത്ത്. നാം അല്ലാഹുവിലേക്ക് ആവശ്യമുള്ളവരാണെന്ന് അല്ലാഹുവിന് ബോധ്യപ്പെടേണ്ടതുണ്ട്. നമ്മെ ഒന്നുമല്ലാത്ത അവസ്ഥയില്‍ സൃഷ്ടിച്ചവനാണവന്‍. നമുക്ക് കണ്ണും കാതും അധരവുമെല്ലാം നല്‍കിയവനാണവന്‍. നമ്മുടെ എല്ലാ കാര്യങ്ങളും അവനെ അവലംബിച്ചിട്ടുള്ളതാണ്. ‘കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാനവസരമൊരുക്കിയത് ആ അല്ലാഹു തന്നെയാണ്.'(10:22). നമ്മുടെ പൂര്‍ണ വിധേയത്വമാണ് അവന്റെ കല്‍പനകള്‍ അനുസരിക്കുന്നതിലൂടെയും നമ്മുടെ ആവശ്യങ്ങള്‍ അവന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നതിലൂടെയും നാം സമര്‍പ്പിക്കുന്നത്. നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ ആരാധനകളിലൂടെയെല്ലാം ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കേണ്ടതുണ്ട്.

ഈ ഒരു ആശയം അല്ലാഹു വിവരിക്കുന്നു. ‘അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിലെത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ ‘.(22:37). ബലിമൃഗത്തെ അറുക്കുന്നത് കൊണ്ടും ഹജ്ജിലെ മറ്റു കര്‍മങ്ങള്‍ മൂലമെല്ലാം ദൈവഭക്തിയും ദൈവബോധവുമാണ് ലക്ഷ്യമാക്കുന്നത്. അതിനാല്‍ ഹജ്ജില്‍ നിന്ന് സാക്ഷാല്‍ക്കരിക്കേണ്ട പ്രഥമ ലക്ഷ്യം ഈ ദൈവഭക്തി തന്നെയാണ്. ഹൃദയസാന്നിധ്യമുള്ള പ്രവര്‍ത്തനങ്ങളാണ് അല്ലാഹു ആവശ്യപ്പെടുന്നത്. അറഫ ദിനം നോമ്പ് അനുഷ്ടിക്കല്‍ പ്രതിഫലാര്‍ഹമായതോടൊപ്പം ഹാജിമാര്‍ നോമ്പനുഷ്ടിക്കാത്തതും ളുഹ്‌റും അസ്‌റും ഒരുമിച്ച് നമസ്‌കരിക്കുന്നതും എന്താണ്. അല്ലാഹുവിന് പൂര്‍ണമായും വിധേയമായി പ്രാര്‍ഥനകള്‍ അര്‍പ്പിക്കേണ്ടതിനാലാിത്്. ഈ ഒരു ബോധം നഷ്ടപ്പെട്ടാല്‍ അവന്റെ ആരാധനകളെല്ലാം കേവലം ശാരീരികമായ പ്രകടനങ്ങള്‍ മാത്രമായിരിക്കും. ഹജ്ജിന്റെ സ്വീകാര്യതക്ക് നിബന്ധനകളും കല്‍പനകളും നിഷേധങ്ങളും പാലിക്കേണ്ടത് അനിവാര്യമാണെങ്കിലും ഉദ്ധിഷ്ഠ ലക്ഷ്യം നേടലാണ് പരമപ്രധാനം.

– വര്‍ഷം തോറുമുള്ള ഈ മഹാസമ്മേളനം ഇസ്‌ലാമിക ലോകത്തിന് എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം? അവരുടെ രാഷ്ട്രീയ ഭൂമികയില്‍ വല്ല മാറ്റവും അത് സൃഷ്ടിക്കുമോ?

നാം ഒരു ഉമ്മത്താണ്, ഒരൊറ്റ ശരീരം, ഒരേയൊരു നാഥന്‍, ഒരു പ്രവാചകന്‍, ഒരു വേദഗ്രന്ഥം, ഒരൊറ്റ ഖിബ്‌ല, ഒരേയൊരുലക്ഷ്യം… ഈ ഒരു ഒരുമയുടെ ബോധമാണ് ഹജ്ജിലെ പ്രഥമ പാഠം.
ഈ ഒരു വീക്ഷണം എല്ലാവര്‍ക്കുമുള്ളതാണെങ്കിലും ഹജ്ജ് അതിന്റെ പ്രായോഗിക രൂപം നമുക്ക് വരച്ചുകാട്ടിത്തരുന്നു. ആഗോള മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്കും അതിന്റെ വിശുദ്ധകേന്ദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയിലേക്കും ഓരോ മുസ്‌ലിമിനുമുള്ള ബാധ്യത ഈ ബോധം വര്‍ദ്ധിപ്പിക്കുന്നു. ഹജ്ജിലെ കൂടിച്ചേരലും മുസ്‌ലിങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും ഇസ്‌ലാമിക സാഹോദര്യത്തിന്റെയും സഹവര്‍തിത്വത്തിന്റെയും പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

സ്‌ലാമിക പ്രബോധനത്തിനും മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിലുമുള്ള സുവര്‍ണാവസരമാണ് ഹജ്ജ്. മുസ്‌ലിങ്ങള്‍ ഒരൊറ്റ ശരീരമാണെന്നുള്ള ബോധം ഞാന്‍ സ്വയം സംസ്‌കരണം പ്രാപിച്ചതു കൊണ്ട് മാത്രം കാര്യമില്ല, ശരീരത്തിന്റ മറ്റു അവയവങ്ങളും സംസ്‌കരണം പ്രാപിക്കണമെന്ന സാമൂഹ്യബോധം പകര്‍ന്നു നല്‍കുന്നു. ഇത്തരത്തില്‍ ക്രിയാത്മകമായ നിരവധി അര്‍ഥതലങ്ങള്‍ ഹജ്ജിനുണ്ട്. ആഗോള തലത്തില്‍ മുസ്‌ലിങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ ഓരോ മുസ്‌ലിമിന്റയും ബാധ്യതയാണെന്നാണ് ഈ ബോധം പകര്‍ന്നു നല്‍കുന്നത്.

സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് ഹജ്ജ് എങ്ങനെ ഉപകരണമാവും?
അല്ലാഹുവിലേക്ക് സത്യസന്ധമായ മടക്കം സാക്ഷാല്‍കൃതമാവുകയും അതില്‍ നൈരന്തര്യം പുലര്‍ത്തുകയും ചെയ്താല്‍ ഹജ്ജ് മാറ്റത്തിനുള്ള വഴിയൊരുക്കുക തന്നെ ചെയ്യും.
നമ്മെ ബാധിക്കുന്ന ഏതൊരു വിപത്തും അല്ലാഹുവിന്റെ അറിവോടെയാണ് നടക്കുന്നത് (3:166) (6; 112). നിലവില്‍ മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധിയുടെയും മൗലികമായ കാരണം അല്ലാഹുവിന്റെ കല്‍പനകള്‍ക്കെതിരായി പ്രവര്‍ത്തിച്ചതിന്റെ സ്വാഭാവിക ഫലമായുണ്ടായതാണെന്ന് കാണാം. നമ്മുടെ വിശ്വാസ ദൗര്‍ബല്യവും പരലോകത്തെക്കാള്‍ ഇഹലോകത്തിന് പ്രാമുഖ്യം നല്‍കിയുള്ള സമീപനവും കാരണം ഒരു പാഠമായിട്ടാണ് അല്ലാഹുവിന്റെ ശിക്ഷ നമ്മുടെ മേല്‍ ആപതിച്ചിട്ടുള്ളത്. ജനങ്ങളും അല്ലാഹുവുമായുള്ള ബന്ധം ഊഷ്മളമായാല്‍ ഈ അവസ്ഥാന്തരങ്ങളില്‍ പരിവര്‍ത്തനം സാധ്യമാകും. ധാര്‍മിക മൂല്യങ്ങള്‍ സമൂഹത്തില്‍ തിരിച്ചുവരുകയും അല്ലാഹുവിന് തൃപ്തിപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യും.

ഈ മഹാസമ്മേളനത്തിനിടയില്‍ സമകാലിക സംഭവ വികാസങ്ങളും മുസ്‌ലിം പ്രശ്‌നങ്ങളുടെ വായനകളും എങ്ങനെ സാധ്യമാകും?
നിലവിലെ ഹജ്ജ് കര്‍മങ്ങളും അതിലെ സംഭവവികാസങ്ങളും ശ്രദ്ധിക്കുകയാണെങ്കില്‍ സമകാലിക മുസ്‌ലിം സമൂഹത്തിന്റെ വായന സാധ്യമാകും. ഹജ്ജ് സമകാലിക ലോകത്തിന്റെ അവസ്ഥയെ അതിന്റെ എല്ലാ മാധുര്യത്തോടും കയ്‌പോടും കൂടി ചിത്രീകരിക്കുന്നു. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാനുള്ള അതിയായ ആഗ്രഹം, ദീനിനോടുള്ള വൈകാരിക അഭിനിവേശം തുടങ്ങിയ ക്രിയാത്മായ പ്രതിഫലനങ്ങള്‍ നമുക്ക് അതില്‍ ദര്‍ശിക്കാം. അതുപോലെ മുസ് ലിം സമൂഹം ജീവിക്കുന്ന പിളര്‍പ്പിന്റെയും ഭിന്നതയുടെതുമായ അവസ്ഥ, അജ്ഞത, ഇസ് ലാമിനെ കുറിച്ച് തെറ്റായ സങ്കല്‍പം വെച്ച് പുലര്‍ത്തുന്നവര്‍, കര്‍മശാസ്ത്രരംഗത്തെ മുന്‍ഗണനാക്രമങ്ങളെ കുറിച്ചുള്ള അജ്ഞത, വിജ്ഞാനവും പ്രവര്‍ത്തനവും തമ്മിലെ വൈരുധ്യം, മര്‍മം അറിയാതെ പ്രശ്‌നങ്ങളുടെ ബാഹ്യതലത്തിലേക്ക് മാത്രം കണ്ണോടിക്കുന്ന അവസ്ഥ, മുസ്‌ലിങ്ങളെ ഐക്യപ്പെടുത്തുന്ന നാഗരികമായ പദ്ധതിയുടെ അനിവാര്യത… ഇതെല്ലാം ഹജ്ജില്‍ പച്ചയായി പ്രതിഫലിക്കുന്നതായി കാണാം.

അറഫയില്‍ ഹാജിമാര്‍ക്ക് ഒരു ദൗത്യമുണ്ട്. മറ്റു മുസ്‌ലിങ്ങള്‍ക്ക് തത്തുല്യമായ മറ്റു ഉത്തരവാദിത്തങ്ങളുമുണ്ട്. ഉമ്മത്തിന്റെ നാഗരികമായ വികാസ പദ്ധതികളും ഇസ് ലാമിക ചിന്തകളും തമ്മിലെ താരതമ്യം എങ്ങനെയായിരിക്കും?
അറഫയിലെ മുസ്‌ലിങ്ങളുടെ നാഥനായ അല്ലാഹു തന്നെയാണ് എല്ലാ സ്ഥലത്തെയും മുസ്‌ലിങ്ങളുടെ നാഥന്‍. അല്ലാഹുവിനെ അനുഭവിക്കലാണ് ഭൂമുഖത്തെ മുസ്‌ലിമിന്റെ ഏറ്റവും വലിയ സൗഭാഗ്യം. കര്‍ഷകരും ചേരിപ്രദേശത്ത് ജീവിക്കുന്നവരുമായ എത്രയെത്ര ദരിദ്രരാണ് തങ്ങളുടെ കുടിലുകളില്‍ വെച്ച് അല്ലാഹുവിനെ അനുഭവിക്കുകയും വിശ്വാസത്തിന്റെ മാധുര്യം നുകരുകയും ചെയ്യുന്നത്. എത്രയെത്ര ജനങ്ങളാണ് ഹജ്ജിന് വേണ്ടി വര്‍ഷം തോറും പോയിക്കൊണ്ടിരിക്കുന്നത്. പക്ഷെ, അവര്‍ക്ക് ഈ മാധുര്യം അനുഭവക്കാനോ അല്ലാഹുവിനെ കണ്ടുമുട്ടാനോ സാധ്യമാകുന്നില്ല. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുമ്പോള്‍ ദീര്‍ഘകാലമായി ഉറക്കത്തിലായ ഒരു സമൂഹത്തിന്റെ പ്രതിനിധികളാണ് നാമെന്ന ബോധ്യം ഉടലെടുക്കുന്നു. പിന്നാക്കത്തിന്റെയും നഷ്ടബോധത്തിന്റെയും മികച്ച ഉദാഹരണങ്ങള്‍ ദര്‍ശിക്കാം. അതിനാല്‍ ഈ സന്ദേശം അതിന്റെ എല്ലാ ചൈതന്യത്തോടും കൂടി പ്രചരിപ്പിക്കാന്‍ സാധിക്കണം. പൂര്‍ണ വിയര്‍പ്പിലമര്‍ന്നു കൊണ്ട് പ്രവാചകന്‍ പ്രാര്‍ഥനനിര്‍വഹിച്ചതുപോലെ നമുക്കും അല്ലാഹുവിലേക്ക് മടങ്ങാന്‍ സാധിക്കേണ്ടതുണ്ട്. അറഫയില്‍ സന്നിഹിതരാത്ത ഭൂരിപഷം വരുന്ന മുസ് ലിങ്ങള്‍ ഈ ഒരു ആശയത്തില്‍ ജീവിക്കണം. പ്രാര്‍ഥന നിമഗ്നരായിക്കൊണ്ട് അല്ലാഹുവിന്റെ മുമ്പില്‍ തങ്ങളുടെ കാര്യം സമര്‍പ്പിക്കാന്‍ അന്ന് പ്രത്യേകം തയ്യാറെടുക്കേണ്ടതുണ്ട്. എല്ലാ നഷ്ടങ്ങള്‍ക്കും അല്ലാഹുവിങ്കല്‍ ബദലുണ്ട്. അവര്‍ക്ക് ഹജ്ജ് ചെയ്യാനായി സാധിച്ചിട്ടില്ലെങ്കില്‍ ഹൃദയത്തില്‍ അല്ലാഹുവിനെ കുറിച്ച സ്‌നേഹവും ഭയവും നിറച്ച് സംസ്‌കരണ സന്നദ്ധനായി ജീവിക്കാനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കേണ്ടത്

Related Post