ഉമ്മുല്‍ ഖുറാ’യുടെ ഔന്നത്യങ്ങള്‍

658600158985928185

ഉമ്മയും മുലകുടി മാറാത്ത ഒരു പിഞ്ചുകുഞ്ഞുമടങ്ങുന്ന കുടുംബമായിരുന്നു ആ മരുഭൂമിയില്‍ ഉണ്ടായിരുന്നത്. ഒരു ചെറിയ തോല്‍സഞ്ചിയില്‍ ശേഖരിച്ച് വെച്ചിരുന്ന വെള്ളവും, ഏതാനും ഉണക്ക കാരക്കകളുമായിരുന്നു അവരുടെ കയ്യിലുണ്ടായിരുന്നത്. വെള്ളമോ, കൃഷിയോ ഇല്ലാത്ത പ്രദേശത്ത് ആ കുടുംബത്തിന് ഏകാശ്രയം ലോകതമ്പുരാന്‍ മാത്രം. തങ്ങളെ ഈ പ്രദേശത്ത് ഉപേക്ഷിച്ച് പോകാന്‍ കുടുംബനാഥന് നിര്‍ദേശം നല്‍കിയ അല്ലാഹു കൈവെടിയുകയില്ലെന്ന് ആ ഉമ്മാക്ക് ദൃഢവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ഇബ്‌റാഹീമി(അ)നോട് ഇങ്ങനെ ചോദിച്ചത് ‘അല്ലാഹു കല്‍പിച്ചതാണോ ഇത്?’ അതെയെന്ന് ഇബ്‌റാഹീം മൊഴിഞ്ഞപ്പോള്‍ എങ്കില്‍ പേടിക്കാനില്ല എന്നായിരുന്നു ആ വിശ്വാസി മാതാവിന്റെ മറുപടി.

സുവിശേഷവുമായി വന്ന മാലാഖ അവരോട് പറഞ്ഞു ‘ഭയപ്പെടേണ്ടതില്ല, ഇത് അല്ലാഹുവിന്റെ ഭവനമാണ്. ഈ കുഞ്ഞും അവന്റെ പിതാവുമാണ് അത് കെട്ടിപ്പടുക്കുക.’ ഇമാം ബുഖാരി സുദീര്‍ഘമായി ഉദ്ധരിച്ച കഥയുടെ ഭാഗമാണിത്.
ഈ കുടുംബത്തിന്റെ ജീവിതവൃക്ഷം തളിര്‍ത്തുകൊണ്ടേയിരുന്നു; അതിലൂടെ പ്രദേശത്ത് ഒരു പുതിയ നാഗരികതയും. പ്രവാചകത്വത്തിന്റെ മഹത്ത്വം അറേബ്യന്‍ ഉപദ്വീപില്‍ വന്നിറങ്ങി. ദൈവിക വിഭവം അവര്‍ക്ക് ചഷകവും, സംസം അവര്‍ക്ക് പാനീയവുമായി. അല്ലാഹുവായിരുന്നു അവരെ സംരക്ഷിച്ചിരുന്നത്. ഇബ്‌റാഹീമി(അ)നും മകന്‍ ഇസ്മാഈലിനും കഅ്ബാലയം പുനര്‍നിര്‍മിക്കാനുള്ള അനുവാദം നല്‍കി അല്ലാഹു. ‘ഓര്‍ക്കുക: ഇബ്‌റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: ‘ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ’. ‘ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിന്നെ അനുസരിക്കുന്നവരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്ക് കീഴൊതുങ്ങുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരേണമേ! ഞങ്ങളുടെ ഉപാസനാക്രമങ്ങള്‍ ഞങ്ങള്‍ക്കു നീ കാണിച്ചു തരേണമേ! ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ; സംശയമില്ല, നീ പശ്ചാത്താപം ഉദാരമായി സ്വീകരിക്കുന്നവനും കരുണാമയനും തന്നെ’.(അല്‍ബഖറ 127-128).
ജനഹൃദയങ്ങളുടെ അഭയകേന്ദ്രമാക്കി ഈ പ്രദേശത്തെ മാറ്റണമെന്നായിരുന്നു ദൈവികനിശ്ചയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ അവിടേക്ക് ഒഴുകുകയും, ഭാഷ-വര്‍ഗ-വര്‍ണവ്യത്യാസമില്ലാതെ ജനങ്ങള്‍ അവിടെ ഇടപഴകണമെന്നും അല്ലാഹു തീരുമാനിച്ചു. ഇബ്‌റാഹീം പ്രവാചകനോട് അല്ലാഹു കല്‍പിച്ചു:’തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും’.(അല്‍ഹജ്ജ് 27). അതോടെ ഹജ്ജ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായി മാറി.

ലോകമുസ്‌ലിംകളുടെ കേന്ദ്രമാക്കി അല്ലാഹു കഅ്ബാലയത്തെ മാറ്റുകയും ജനങ്ങളുടെ ഹൃദയങ്ങളെ അതിലേക്ക് അടുപ്പിക്കുകയും ചെയ്തു. മറ്റ് പ്രദേശങ്ങളില്‍ നിന്ന് വിഭിന്നമായി അത് ആദരിക്കപ്പെട്ടു. അല്ലാഹു മക്കയെ ഉമ്മുല്‍ ഖുറാ എന്ന് വിശേഷിപ്പിച്ചു. ‘മാതൃനഗരത്തിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ളതും'(അന്‍ആം 92). എല്ലാ ഗ്രാമങ്ങളും അതിനെയാണ് പിന്‍പറ്റുന്നത്. ലോകത്തിലെ എല്ലാ പ്രദേശങ്ങളും നമസ്‌കാരത്തില്‍ അതിലേക്കാണ് തിരിയുന്നത്. ഭൂമിയിലെ മുസ്‌ലിംകള്‍ക്ക് അതല്ലാത്ത മറ്റൊരു ഖിബ്‌ലയുമില്ല.
അതിനാലാണ് ഭൂമിയിലെ ഏറ്റവും മഹത്തായ സ്ഥലം മക്കയാണെന്ന് പണ്ഡിതന്മാര്‍ ഉറപ്പിച്ചുപറയുന്നത്. അതിനുശേഷമാണ് മദീന കടന്നുവരുന്നത്. നബിതിരുമേനി(സ) മക്കയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:’അല്ലാഹുവാണ! ഏറ്റവും ഉത്തമമായ ഭൂമിയാണ് നീ. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട അവന്റെ ഭൂമി, നിന്നില്‍നിന്ന് നിന്റെ ജനത എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ പുറത്തുപോകുമായിരുന്നില്ല’. (തുര്‍മുദി)

വിശുദ്ധ വേദത്തില്‍ രണ്ട് സ്ഥലങ്ങളില്‍ അല്ലാഹു മക്കയെ വിളിച്ച് സത്യം ചെയ്തിരിക്കുന്നു.’ഈ നിര്‍ഭയ രാഷ്ട്രമാണ് സത്യം’ (അത്തീന്‍ 3). മറ്റൊരു വചനത്തില്‍’അങ്ങനെയല്ല, ഈ രാഷ്ട്രത്തെ കൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു'(അല്‍ബലദ് 1,) എന്നും വന്നിരിക്കുന്നു.
മക്കയുടെ മഹത്ത്വത്തെക്കുറിച്ച് നബിതിരുമേനി(സ) സൂചിപ്പിക്കുന്നു:’അല്ലാഹു മഹത്തരമാക്കിയ നാടാണ് മക്ക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്ക് അവിടെ രക്തം ചിന്താനോ, മരം നശിപ്പിക്കാനോ അനുവാദമില്ല. അല്ലാഹുവിന്റെ ദൂതര്‍(സ) അവിടെ യുദ്ധം ചെയ്തത്് ആരെങ്കിലും ഇളവായുദ്ധരിക്കുന്നുവെങ്കില്‍ അവനോട് പറയുക. അല്ലാഹു അവന്റെ പ്രവാചകന് അനുവാദം നല്‍കിയിരിക്കുന്നു;താങ്കള്‍ക്ക് നല്‍കിയിട്ടില്ല. പകലില്‍ നിശ്ചിത സമയമാണ് അല്ലാഹു എനിക്ക് അനുവാദം തന്നത്. അതിന് ശേഷം പഴയതുപോലെ തന്നെ അതിന്റെ വിശുദ്ധി നിലനില്‍ക്കുന്നു. സാക്ഷിയുള്ളവര്‍ അല്ലാത്തവരെ അറിയിക്കുക’. (ബുഖാരി, മുസ്‌ലിം).

നിര്‍ഭയത്വവും, സുരക്ഷയുമാണ് അത്. അല്ലാഹുവിന്റെ ഭവനത്തെ ലക്ഷ്യമാക്കുന്നവര്‍ക്ക് മാര്‍ഗദീപമാണ് അത്. നിര്‍ഭയത്വത്തിന്റെയും സമാധാനത്തിന്റെയും മൂല്യം ജനങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ് അത്.
മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളുമെല്ലാം സുരക്ഷിതരാണ് ഹറമില്‍. മക്ക എന്ന പേരിന് കാരണം അക്രമം ചെയ്തവരുടെ നടുവൊടിക്കുന്നത് എന്ന അര്‍ത്ഥത്തിലാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. പ്രവാചകപള്ളിയില്‍ നിന്ന് നമസ്‌കരിക്കുന്നതിനേക്കാള്‍ നൂറിരട്ടി പുണ്യമാണ് ഹറമില്‍ വെച്ച് നമസ്‌കരിച്ചവനുള്ളതെന്ന് തിരുമേനി(സ) വ്യക്തമാക്കുന്നു.

മക്കയുടെ ഏതാനും സവിശേഷതകളാണ് ഇവ. പൂര്‍ണമായി ഉദ്ധരിക്കാനുള്ള അവസരമല്ല ഇത്. അല്ലാഹു പറയുന്നു:’ആദരണീയ മന്ദിരമായ കഅ്ബയെ അല്ലാഹു മനുഷ്യരാശിയുടെ നിലനില്‍പിനുള്ള ആധാരമാക്കിയിരിക്കുന്നു. ആദരണീയ മാസം, ബലിമൃഗം, അവയുടെ കഴുത്തിലെ അടയാളപ്പട്ടകള്‍ എന്നിവയെയും. നിശ്ചയമായും ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുവെന്നും അവന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മ ജ്ഞാനമുള്ളവനാണെന്നും നിങ്ങള്‍ അറിയാനാണിത്. അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. അതോടൊപ്പം അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു. സന്ദേശം എത്തിച്ചുതരുന്ന ബാധ്യത മാത്രമേ ദൈവദൂതന്നുള്ളൂ. നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ട്. പറയുക: നല്ലതും തിയ്യതും തുല്യമല്ല. തിയ്യതിന്റെ ആധിക്യം നിന്നെ എത്രതന്നെ അത്ഭുതപ്പെടുത്തിയാലും ശരി! അതിനാല്‍ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്കു വിജയംവരിക്കാം’. (അല്‍മാഇദ 97-100).

ശൈഖ് സഊദ് അല്‍ ശുറൈം

Related Post