പരിശുദ്ധ മക്ക

പരിശുദ്ധ മക്ക
വിശുദ്ധ ഭൂമികളില്‍ ഒന്നാം  സ്ഥാനമേതിന് ? ഉത്തരം മക്ക. അന്ത്യപ്രവാചകന് ദിവ്യവെളിപാടുകള്‍ അവതരിച്ച ഭൂപ്രദേശം. ഏകദൈവത്തെ ആരാധിക്കാനായി പ്രവാചകനായ ഇബ്‌റാഹീം പണിതുയര്‍ത്തിയ ആദ്യത്തെ മന്ദിരം ഇവിടെ സ്ഥിതി ചെയ്യുന്നു. വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാനായി അഞ്ചുനേരം മക്കയിലേക്ക് തിരിയുന്നു. കൃത്യമായി പറഞ്ഞാല്‍ മക്കയിലെ കഅ്ബയിലേക്ക്.

578999_295016687280982_2028006869_n

സമുദ്രനിരപ്പില്‍ നിന്ന് 300 മീറ്റര്‍ ഉയരത്തിലാണ് മക്ക. സഊദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു. ജിദ്ദയില്‍ നിന്ന് തെക്ക് കിഴക്കോട്ട് 73 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മക്കയായി. ഫലഖ്, ഖഈഖത്തന്‍, അബൂഹദീദ, അബൂ ഖുബൈസ്, ഖന്‍ദമ തുടങ്ങിയ പര്‍വതനിരകളാണ് ചുറ്റും. അവയുടെ ചാരെ കിടക്കുന്ന ഇബ്‌റാഹീം താഴ്‌വരയുടെ നടുവിലായി മക്ക.

മക്കയില്‍ കടക്കാന്‍ പ്രധാനമായും മൂന്ന് പ്രവേശന മാര്‍ഗ്ഗങ്ങളാണുള്ളത് -മദ്ഖലുല്‍ മുഅല്ല, മദ്ഖലുല്‍ മിസ്ഫല, മദ്ഖലു ശ്ശബീഖ. ഒന്നാമത്തേത് മസ്ജിദുല്‍ ഹറാമിനേക്കാള്‍ ഉയര്‍ന്ന ഭാഗമാണ്; രണ്ടാമത്തേത് താഴ്ന്ന ഭാഗവും. പൗരാണിക കാലത്ത് മക്ക വളരെ ചെറിയ പ്രദേശമായിരുന്നു. പിന്നീടത് ‘ പട്ടണങ്ങളുടെ മാതാവായി’ വികാസം പ്രാപിക്കുകയുണ്ടായി. മക്ക ഭൂമിയുടെ കേന്ദ്രമാണ്. നിരവധി പഠനങ്ങള്‍ ഈ യാഥാര്‍ത്ഥ്യം കണ്ടെത്തിയിട്ടുണ്ട്. വേള്‍ഡ് മാപ്പ് എടുത്തൊന്ന് നോക്കുകയേ വേണ്ടു’ ഏതു സാധാരണക്കാരനും ഇക്കാര്യം സുതരാം വ്യക്തമാവും.

ഒരു നീണ്ട ചരിത്രം മക്കക്ക് പറയാനുണ്ട്. പുണ്യ പ്രവാചകന്‍മാരുടെ, ഇസ്‌ലാമിന്റെ, സത്യാസത്യാ സംഘട്ടനത്തിന്റെ, ഉത്ഥാന പതനങ്ങളുടെ… എല്ലാം മക്കയിലെ ഓരോ മണല്‍ത്തരിയും മന്ത്രിക്കും. ഇസ്‌ലാമിന്റെ പ്രഥമകളിത്തൊട്ടിലാണ് മക്ക. ആദ്യപിതാവ് ആദം മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫ(സ) വരെ, നീണ്ടു നില്ക്കുന്ന മനുഷ്യസമൂഹത്തിന്റെ കഥയുടെ രംഗവേദി മക്കയും പരിസരവുമായിരുന്നു.

ഹി. 40ല്‍ 16.4 ഹെക്ടര്‍ വിസ്തീര്‍ണ്ണമേ മക്കാനഗരിക്കുണ്ടായിരുന്നുള്ളൂ. ഹി. 169ല്‍ 40 ഹെക്ടറായി മക്കയുടെ പരിധി വര്‍ദ്ധിച്ചു… ഹി. 1403ല്‍ 5525 ഹെക്ടറും ഹി. 1408ല്‍ 5900 ഹെക്ടറുമായി മക്കാ നഗരിയുടെ വിസ്തീര്‍ണ്ണം. ഇതിന്നര്‍ത്ഥം മക്കാനഗരം പുരോഗതിയുടെ ഓരോ പടവുകളും ചരിത്രഗതിയിലൂടെ പിന്നിടുകയായിരുന്നുവെന്നാണ്.

ഹി. പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇരുപതിനായിരമായിരുന്നു മക്കയിലെ ജനസംഖ്യ. അത് ഹി.1408ല്‍ ഏഴര ലക്ഷമായി വര്‍ദ്ധിച്ചു. മക്കയുടെ പൗരാണികവും ആധുനികവുമായ കോളനികളില്‍ ഇപ്പോള്‍ ജനം തിങ്ങിപ്പാര്‍ക്കുന്നു. ശബീക്ക, ശാമിയ, ഖറാറ, ശഅബ് ആമിര്‍, സുഖുലൈല്‍ പോലുള്ള കോളനികളില്‍ ജനസാന്ദ്രത ഒരു ഹെക്ടറിന് 600ന്റെയും 400 ന്റെയും ഇടയിലാണ്. അതുപോലെ അസീസിയ്യഃ, റസീഫിയ്യ, സാഹിര്‍, തന്‍ഈം പോലുള്ള കോളനികളില്‍ ജനസാന്ദ്രത ഹെക്ടറൊന്നിന് 6 മുതല്‍ 30 വരെയാണ്.

ഇന്ന് മക്കാ നഗരം എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തുച്ചേര്‍ന്ന അനുഗൃഹീത പ്രദേശമാണ്. ഹി. 1.7.1390ല്‍ ആരംഭിച്ച ഒന്നാം പഞ്ചവല്‍സര പദ്ധതി, മക്കാ നഗരത്തിന്റെ മുഖഛായതന്നെ മാറ്റി. മസ്ജിദുല്‍ ഹറാമിന്റെ വികസനം അതില്‍ ഒന്നാം പടിയില്‍ നില്‍ക്കുന്നു. ഹി.1408 വരെയുള്ള നാലാം പഞ്ചവല്‍സര പദ്ധതിയുടെ ഫലമായി, ലോകത്തിന്റെ ഏതുഭാഗത്തുനിന്നും എത്തുന്ന ജനലക്ഷങ്ങളെ (അല്ലാഹുവിന്റെ അതിഥികളെ)സ്വീകരിക്കുവാനും ആതിഥ്യമരുളുവാനും മക്കയും പരിസരവും പര്യാപ്തമായി. ജലവിതരണം, പൊതുമരാമത്ത്, ഗതാഗതം, നഗര വികസനം, ചികില്‍സാരംഗം, നഗര ശുചീകരണം, പ്ലാനിംഗ് തുടങ്ങിയ വിവിധ രംഗങ്ങളില്‍ മക്കാനഗരം അഭൂതപൂര്‍വ്വമായ പുരോഗതി കൈവരിച്ചു (സുഊദി അറേബ്യ നഗരവികസനമന്ത്രാലയം പ്രസിദ്ധീകരിച്ച ‘ അല്‍ബലദിയാത്ത് ത്രൈമാസിക (ആഗസ്റ്റ് 1988) കാണുക).

എത്രയെത്ര ചരിത്ര സംഭവങ്ങള്‍! ചിലത് വീരസ്മരണകള്‍ ഉണര്‍ത്തുന്നതാണെങ്കില്‍ ചിലത് നടുക്കുന്ന ഓര്‍മ്മകളാണ്. ആനക്കലഹ സംഭവം അവയിലൊന്നുമാത്രം!

മഖാമുഇബ്‌റാഹീമിനെ കഴിച്ചാല്‍ പിന്നെ ചരിത്രപ്രാധാന്യമുള്ളത് ഏതാനും പള്ളികള്‍ക്കാണ്. ഇതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കെട്ടിടം ആദ്യമൊരുവിടായിരുന്നു. പ്രവാചകന്‍ പിറന്ന് വീണ വീട്. ഖലീഫ ഹാറൂണ്‍ റഷീദിന്റെ മാതാവ് ഖൈസ്‌റാനാണ് ഇത് പള്ളിയാക്കിമാറ്റിയത്. ശിഅ്ബു ബനൂ ഹാശിം എന്നോ ശിഅ്ബു അലി എന്നോ പറയപ്പെടുന്ന സ്ഥലത്ത് ഇന്നത് നിലകൊള്ളുന്നു.

ജുബൈര്‍ബ്‌നു മുത്ഇം കിണറിന് സമീപമുള്ള മസ്ജിദ് റായഃ. റായഃ എന്നാല്‍ പതാക. മക്കാവിജയമുണ്ടായപ്പോള്‍ പ്രവാചകന്‍ പതാക നാട്ടിയത് ഇവിടെയായിരുന്നു.

മസ്ജിദുല്‍ ജിന്ന്: ജിന്നുകള്‍ പ്രവാചകന് ബൈഅത്ത് ചെയ്തത് ഇവിടെ വെച്ചാണെന്നാണ് പറയപ്പെടുന്നത്. മസ്ജിദുല്‍ ഹിര്‍സ്, മസ്ജിദുല്‍ ബൈഅഃ എന്നീ പേരുകളില്‍ അറിയപ്പെടുന്നതും ഈ പള്ളി തന്നെ. മസ്ജിദുല്‍ സറര്‍, മസ്ജിദു മുത്തകിഅ്, മസ്ജിദ് ദീത്വൂവാ… സന്ദര്‍ശിക്കാന്‍ ഇനിയും ഇത് പോലെ വേറെ പള്ളികള്‍.

ഇന്നത്തെ ഹജ്ജ് യാത്രികന് മക്കയിലെത്തുമ്പോള്‍ ഇസ്്‌ലാമിക സംസ്‌കാരത്തിന്റെ സമ്പന്നത അനുഭവിച്ചറിയാന്‍ കഴിയുന്നു. ഇവിടെ വലിയൊരു ലൈബ്രറിയുണ്ട്. ‘ മക്തബത്തുല്‍ ഹറമിശ്ശരീഫ്’ എന്ന പേരില്‍. ആധികാരിക ഗ്രന്ഥങ്ങളും അപൂര്‍വങ്ങളായ കൈയ്യെഴുത്ത് പ്രതികളും കൊണ്ട് സമ്പന്നം. തര്‍ബിയത്ത്, ശരീഅത്ത് എന്നീ വിഷയങ്ങള്‍ക്കായി രണ്ട് കോളേജുകള്‍. കൂടാതെ അധ്യാപക ട്രെയിനിംഗ് കോളേജുകളും എണ്ണമറ്റ മതപാഠശാലകളും.

ദിനപത്രങ്ങള്‍ ഇറങ്ങുന്നുണ്ട് മക്കയില്‍ നിന്ന്. ‘അന്നദ്‌വ്’, ‘ഉമ്മുല്‍ ഖുറാ’ പോലെ വലിയൊരു വ്യാപാര മാര്‍ക്കറ്റ് ഉണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത. സഊദി അറേബ്യയിലെ എല്ലാ ബാങ്കുകളുടെയും ഒരു ശാഖ മക്കയില്‍ തുറന്നുപ്രവര്‍ത്തിക്കുന്നു
അവലംബം: യുവസരണി ഹജ്ജ് സപ്‌ളിമെന്റ് 1994 ഏപ്രില്‍
ലേഖകര്‍: അശ്‌റഫ് കീഴുപറമ്പ്, അബൂസുഹാന

Related Post