IOS APP

പെരുന്നാളംബിളി

عيد سعيد

പെരുന്നാളമ്പിളി ചിരിക്കുന്നത്

പെരുന്നാളമ്പിളി ചിരിക്കുന്നത്

ടി മുഹമ്മദ്‌ വേളം

ന്യാസമില്ലാത്ത ഇസ്‌ലാമിലെ സന്യാസമാണ് നോമ്പ്. അതൊരു സമ്പൂര്‍ണ സന്യാസമാകാതിരിക്കാനുള്ള കരുതലുകള്‍ നോമ്പിനകത്തുതന്നെ നമുക്ക് കാണാനാവും. നോമ്പിനെക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ പ്രതിപാദ്യഘടന തന്നെ ഇതിന്റെ മികച്ച സാക്ഷ്യമാണ്. റമദാനിനെക്കുറിച്ച ഖുര്‍ആന്റെ പരാമര്‍ശമാരംഭിക്കുന്നത്, നിങ്ങളുടെ പൂര്‍വികര്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ദൈവഭക്തരായിത്തീരാന്‍ എന്നു പറഞ്ഞുകൊണ്ടാണ്. നോമ്പിന്റെ കര്‍മപരമായ വിധികളാണ് പിന്നീട് പറയുന്നത്. ശേഷം പ്രാര്‍ഥനയെക്കുറിച്ച് ഒരു വലിയ മുഴു വാചകത്തില്‍ സംസാരിക്കുന്നു. ഇത്രയും ആത്മീയമായ കാര്യങ്ങള്‍ സംസാരിച്ച അല്ലാഹു തുടര്‍ന്നു പറയുന്നത് നോമ്പിന്റെ രാത്രികളിലെ സ്ത്രീ പുരുഷ സംസര്‍ഗത്തെക്കുറിച്ചാണ്. ദാമ്പത്യത്തെക്കുറിച്ച് ഏറ്റവും മനോഹരമായ ഉപമ അല്ലാഹു പറയുന്നത് അവിടെയാണ്. ഭാര്യമാര്‍ നിങ്ങളുടെയും വസ്ത്രമാകുന്നു. നിങ്ങള്‍ ഭാര്യമാരുടെയും വസ്ത്രമാകുന്നു. വസ്ത്രം ഇവിടെ ദാമ്പത്യത്തിന്റെ രൂപകമാണ്. സ്ത്രീ പുരുഷ സംസര്‍ഗം നോമ്പിന്റെ പകലിലെന്ന പോലെ രാത്രിയിലും തെറ്റാണെന്ന് വിശ്വസിച്ചുകൊണ്ടുതന്നെ നിങ്ങള്‍ നടത്തുന്ന ആത്മവഞ്ചന നാമറിയുന്നുണ്ട് എന്നാണ് അവിടെ അല്ലാഹു പറയുന്നത്. തീര്‍ത്തും ആത്മീയമായ കാര്യങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് ഒരാത്മീയ അന്തരീക്ഷം നിര്‍മിക്കപ്പെട്ടപ്പോള്‍ അതിനിടയില്‍ നോമ്പിന്റെ രാത്രിയിലെ ലൈംഗിക ബന്ധത്തെക്കുറിച്ച് പറഞ്ഞു എന്നു മാത്രമല്ല നോമ്പുമായി പ്രത്യേകിച്ചൊരു ബന്ധവുമില്ലാത്ത ദാമ്പത്യത്തിന്റെ ഏറ്റവും മികച്ച രൂപകവും അവിടെ തന്നെ അല്ലാഹു അവതരിപ്പിച്ചു. പള്ളിയില്‍ ഭജനമിരിക്കുമ്പോള്‍ (ഇഅ്തികാഫ്) ലൈംഗികവൃത്തികളിലേര്‍പ്പെടരുതെന്ന സന്യാസമര്യാദയാണ് തുടര്‍ന്ന് പറയുന്നത്. ഇങ്ങനെ വളരെ ഭൗതികമായതിനെയും വളരെ ആത്മീയമായതിനെയും ഇടകലര്‍ത്തി പറയുന്ന പ്രതിപാദന ശൈലിയാണ് ഖുര്‍ആന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. നോമ്പിന്റെ പകലിനെയും രാവിനെയും ദാമ്പത്യത്തെയും പള്ളിയില്‍ ഭജനമിരിക്കലിനെയും ഒരേ ശൃംഖലയില്‍ അവതരിപ്പിക്കുകയാണ് അല്ലാഹു ചെയ്യുന്നത്.

ജീവിതത്തെക്കാള്‍ സന്യാസത്തോട് ചേര്‍ന്നുനില്‍ക്കുന്ന മതമല്ല ഇസ്‌ലാം. ലൗകിക ജീവിതത്തില്‍നിന്ന് പലായനം ചെയ്യാനല്ല, അതിന് ദൈവത്തിന്റെ വര്‍ണം നല്‍കാനാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങളും ആരാധനകളും പ്രേരണ നല്‍കുന്നത്. വിരക്തിയെ ജീവിതാസ്വാദനം കൊണ്ടും ജീവിതാസ്വാദനത്തെ വിരക്തി കൊണ്ടും സന്തുലിതമാക്കുന്ന മെക്കാനിസം ഇസ്‌ലാമിനകത്തുടനീളം നമുക്ക് കാണാന്‍ കഴിയും. നോമ്പും പെരുന്നാളും തമ്മിലുള്ളത് ഈ ദിവ്യാത്മകതയുടെ പൊരുത്തമാണ്. ആഹ്ലാദഘോഷത്തിന്റെ പെരുന്നാളിലൂടെയാണ് ആത്മനിയന്ത്രണത്തിന്റെ നോമ്പ് പൂര്‍ണമാവുന്നത്. പെരുന്നാളില്‍ നോമ്പെടുക്കാന്‍ പാടില്ല എന്ന കല്‍പനയിലൂടെ നോമ്പില്‍നിന്നുള്ള പെരുന്നാളിന്റെ വിഛേദനത്തെ ഒരു നിര്‍ബന്ധ കാര്യമായി ഇസ്‌ലാം മാറ്റുകയാണ്. എന്നാല്‍, വീണ്ടും ശവ്വാലില്‍ ആറ് ദിനങ്ങള്‍ ഐഛിക വ്രതമായി അവതരിപ്പിക്കുന്നു. ഈ സന്തുലിത മെക്കാനിസം ഇസ്‌ലാമിന്റെ ഡി.എന്‍.എയിലുടനീളം നമുക്ക് കാണാന്‍ കഴിയും. രണ്ട് ആഘോഷങ്ങള്‍ക്കും ആമുഖമായി വിരക്തിയുടെ പകലുകളായ നോമ്പുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. വിരക്തിയുടെ ആമുഖമില്ലാത്ത ആഘോഷങ്ങള്‍ അപകടകരമായിരിക്കും എന്നതാണ് സംസ്‌കാരങ്ങളുടെ ചരിത്രാനുഭവം. ആദ്യം ആഘോഷം, പിന്നെ വ്രതമെന്ന ക്രമമല്ല ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നത്. എല്ലാ പരിധിയും ലംഘിച്ച് ആഘോഷിക്കുകയും ശേഷം വ്രതമനുഷ്ഠിച്ച് നന്നാവുകയും ചെയ്യുക എന്ന സങ്കല്‍പത്തെ ഇസ്‌ലാമിന്റെ ഈ ക്രമം നിരാകരിക്കുന്നു. ആഘോഷത്തിനു മുമ്പ് കൂടുതല്‍ ആത്മനിയന്ത്രണം കൈവരിക്കുക എന്നതാണ് ആഘോഷത്തിനു മുമ്പ് നോമ്പ് നല്‍കപ്പെട്ടതിന്റെ യുക്തി. വിരക്തിയിലും ആത്മനിയന്ത്രണത്തിലും വിജയിച്ചവരുടെ ആഹ്ലാദ പ്രകടനമാണ് ഇസ്‌ലാമിന്റെ രണ്ട് ആഘോഷങ്ങളും.

മതം വിലക്കുകളുടെ സമാഹാരമാണെന്നാണ് പൊതുവെയുള്ള ധാരണ. മതബോധനങ്ങള്‍ മിക്കപ്പോഴും വിലക്കുകളെ കേന്ദ്രീകരിച്ചാണ് നടന്നുവരാറുള്ളത്. മതപ്രഭാഷണങ്ങള്‍ കേട്ടാല്‍ മതത്തെക്കുറിച്ച് അത്തരമൊരു ധാരണയാണ് അനുവാചക മനസ്സില്‍ രൂപപ്പെടുക. യഥാര്‍ഥത്തില്‍ ഇസ്‌ലാം വിലക്കുകളുടെ സമാഹാരമല്ല. അനുവദനീയതകളുടെ സമാഹാരമാണ്. അനുവദനീയതകളെ ആരോഗ്യകരമാക്കിത്തീര്‍ക്കാനാവാശ്യമായ വിലക്കുകള്‍ മാത്രമാണ് ഇസ്‌ലാമിലുള്ളത്. ആദം നബി(അ)യെ സൃഷ്ടിച്ച് സ്വര്‍ഗത്തില്‍ അധിവസിപ്പിച്ച ശേഷം അവന്റെ ഇണയെ സൃഷ്ടിച്ചു. തുടര്‍ന്ന് അല്ലാഹു പറയുന്നത് ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക, എവിടെ നിന്നും എത്രയും ഭുജിച്ചുകൊള്ളുക, രണ്ടു പേരും വിലക്കപ്പെട്ട കനിയുടെ മരത്തിനു നേരെ അടുത്തുപോകരുത് എന്നാണ്. സ്വര്‍ഗത്തില്‍ ജീവിതവും അതിന്റെ ആനന്ദ പൂര്‍ത്തീകരണത്തിന് ഇണയെയും നല്‍കി. രണ്ടുപേരും ഒന്നിച്ച് ആനന്ദത്തിന്റെ വഞ്ചിയില്‍ സഞ്ചരിക്കാന്‍ ആഹ്വാനം ചെയ്തു. അതിന് ഊടും പാവും നല്‍കാന്‍ വിലക്കപ്പെട്ട കനികളും നിശ്ചയിച്ചു. അടിസ്ഥാനം അനുവദനീയമാണ് എന്നത് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ വലിയ അടിത്തറയാണ്. വിലക്കുകള്‍ കൊണ്ട് ആരോഗ്യകരമാക്കപ്പെട്ട അനുവദനീയതകളുടെ സമാഹാരമാണ് ഇസ്‌ലാം. വിലക്കുകളാണ് അനുവദനീയതകളുടെ ചട്ടക്കൂട് നിര്‍മിക്കുന്നത്. ഒരു ഘടനക്കകത്ത് മാത്രമേ നമുക്ക് സ്വാതന്ത്ര്യത്തെ ആവിഷ്‌കരിക്കാന്‍ കഴിയൂ. നിരുപാധികമായ സ്വാതന്ത്ര്യാവിഷ്‌കാരങ്ങള്‍ അരാജകത്വമായിരിക്കും. അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ തടയുന്നതായിരിക്കും. നിയമം എന്നതിന്റെ ഉദ്ദേശ്യം തന്നെ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭ്യമാക്കുക എന്നതാണ്. അനുവദനീയതയാണ് വ്യക്തിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതെങ്കില്‍ വിലക്കുകളാണ് എല്ലാവരുടെയും സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ തന്നെ രചനാത്മകമാക്കുന്നത് വിലക്കുകളാണ്. വിലക്കുകള്‍ ധാര്‍മികതാ ശരീരത്തിന്റെ അസ്ഥികൂടമാണ്. അുവദനീയതകള്‍ അതിന്റെ മജ്ജയും മാംസവുമാണ്. വിലക്കുകളാണ് മതത്തിന്റെ കെട്ടുറപ്പ്. അതിന്റെ സൗന്ദര്യം അനുവദനീയതകളാണ്, അല്ലെങ്കില്‍ വിലക്കുകള്‍ കൊണ്ട് ഭദ്രതയും ആരോഗ്യവും കൈവരിച്ച അനുവദനീയതകളാണ്. വിലക്കിനെക്കുറിച്ച് മാത്രം സംസാരിക്കുന്നവര്‍ മതത്തിന്റെ സൗന്ദര്യം കെടുത്തിക്കളയുന്നവരാണ്. ഇസ്‌ലാമിന്റെ ജനിതകത്തിലടങ്ങിയ സന്തുലിതത്വത്തിന്റെ ഡിവൈന്‍ മെക്കാനിസം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നവരാണ്.

വിലക്കില്ലാത്ത അനുവദനീയതയും സൗന്ദര്യമില്ലാത്തതാണ്. ഏദന്‍ തോട്ടത്തിന്റെ ആനന്ദത്തിന്റെയും ഭംഗിയുടെയും അപവാദമായിരുന്നില്ല വിലക്കപ്പെട്ട കനി. അത് ആദിമ സൗന്ദര്യത്തിന്റെ പൂര്‍ത്തീകരണവും പൂരകവുമായിരുന്നു. ഏദന്‍ യഥാര്‍ഥ സ്വര്‍ഗത്തിനും ഭൂമിക്കുമിടയിലെ ഇടത്താവളമായിരുന്നു. വിലക്കപ്പെട്ട കനി കെട്ടുറപ്പ് മാത്രമല്ല സൗന്ദര്യവും സൃഷ്ടിക്കുന്നുണ്ട്. അല്ലെങ്കില്‍ സൗന്ദര്യ സൃഷ്ടിയുടെ പശ്ചാത്തലമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫുട്‌ബോളിനെ ഒരു കളിയും കലയുമാക്കിത്തീര്‍ക്കുന്നത് അതിന്റെ പരിധികളും നിയമങ്ങളുമാണ്. ഫുട്‌ബോള്‍ ഏദന്‍ തോട്ടത്തിന്റെ പുനരാവിഷ്‌കാരമാണെന്ന് കല്‍പറ്റ നാരായണന്‍ നിരീക്ഷിക്കുന്നുണ്ട്. കളിനിയമങ്ങള്‍ നിയമങ്ങള്‍ എന്ന നിലയില്‍ ഒരു സൗന്ദര്യവും സൃഷ്ടിക്കുന്നില്ല. എന്നാല്‍, ആ നിയമമനുസരിച്ച് മാത്രമേ കളിക്കകത്ത് സൗന്ദര്യത്തിന്റെ ചുവടുകള്‍ വെക്കാനും കാലിന്റെ മാന്ത്രികതകളും മാസ്മരികതകളും സൃഷ്ടിക്കാനും കഴിയുകയുള്ളൂ.

അനുവദനീയതകള്‍ മതമല്ല എന്ന് ധരിക്കുന്ന മതധാരകള്‍ ഇസ്‌ലാമിനകത്തുതന്നെയുണ്ട്. അവര്‍ മനുഷ്യ ജീവിതത്തിലെ മതത്തിന്റെ സര്‍ഗാത്മക സാധ്യതകളെ മുഴുവന്‍ അടച്ചുകളയുന്നവരാണ്. ഇസ്‌ലാമെന്നാല്‍ ആചാരനാനുഷ്ഠാനങ്ങളും ലൗകിക കാര്യങ്ങളിലെ വിലക്കുകളും (ഹറാം) മാത്രമാണെന്ന് കരുതുന്നവരാണ്. അവരെ സംബന്ധിച്ചേടത്തോളം ശാസ്ത്രീയമായ പര്യവേക്ഷണങ്ങളോ ബൗദ്ധികമായ അന്വേഷണങ്ങളോ സര്‍ഗാവിഷ്‌കാരങ്ങളോ മതത്തിന്റെ ഭാഗമല്ല. ഭൗതിക കാര്യങ്ങള്‍ മാത്രമാണ്. മതമെന്നു പറയുന്നത്, ഇങ്ങനെ കണ്ടുപിടിക്കപ്പെടുകയോ ആവിഷ്‌കരിക്കപ്പെടുകയോ ചെയ്യുന്നതിലുള്ള വിലക്കുകളുടെയും മര്യാദകളുടെയും സമാഹാരം മാത്രമാണ്. വിമാനം കണ്ടുപിടിക്കുക എന്നത് ഇസ്‌ലാമല്ല. വിമാനം കണ്ടുപിടിക്കപ്പെട്ടാല്‍ അത് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ മാത്രമാണ് ഇസ്‌ലാം. ധനസമ്പാദനം ഒരു മതകാര്യമല്ല. ആരെങ്കിലും ധനം സമ്പാദിക്കുന്നുണ്ടെങ്കില്‍ അതില്‍ ദീക്ഷിക്കേണ്ട മര്യാദയാണിസ്‌ലാം. അതില്‍ ഒരു നിശ്ചിത പരിധിയെത്തിയാല്‍ സകാത്ത് നല്‍കണം. സകാത്ത് നല്‍കാന്‍ പണം സമ്പാദിക്കേണ്ടതില്ല. അഥവാ പണസമ്പാദനം ഇസ്‌ലാമിന്റെ ഒരു ആഹ്വാനമല്ല.

വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ഈ ധാരണയെ തിരുത്തുകയാണ് ചെയ്യുന്നത്. വിശ്വാസികളേ, നാം നല്‍കിയ നല്ലതില്‍ നിന്ന് നിങ്ങള്‍ ഭുജിക്കുക. അല്ലാഹുവിനോട് നന്ദിയുള്ളവരാവുക. നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുന്നവരാണെങ്കില്‍ (അല്‍ബഖറ 182). ഇതിനു ശേഷം അല്ലാഹു പറയുന്നത് ഭക്ഷണത്തിലെ നിഷിദ്ധതകളെക്കുറിച്ചാണ്. മതത്തെക്കുറിച്ച ഒരു സാമാന്യ ബോധമനുസരിച്ച് അത് തിന്നാനും കുടിക്കാനും ആഹ്വാനം ചെയ്യേണ്ടതില്ല. തീനിന്റെയും കുടിയുടെയും വിലക്കുകളെയും മര്യാദകളെയും കുറിച്ച് മാത്രമാണത് സംസാരിക്കേണ്ടത്. മാത്രമല്ല, തിന്നണമെന്നും കുടിക്കണമെന്നും അല്ലാഹു ആവശ്യപ്പെടേണ്ട കാര്യമില്ല. കാരണം, അല്ലാഹു ആവശ്യപ്പെട്ടില്ലെങ്കിലും മനുഷ്യന്‍ തിന്നുകയും കുടിക്കുകയും ചെയ്യും. എന്നിട്ടും നിഷിദ്ധ പ്രഖ്യാപനങ്ങളുടെ ആമുഖമായിത്തന്നെ തിന്നാനും കുടിക്കാനും ഈ ആനന്ദങ്ങളെല്ലാം ഒരുക്കിത്തന്ന അല്ലാഹുവിനോട് നന്ദിയുള്ളവരാവാനും ആഹ്വാനം ചെയ്യുകയാണ്. ഇത്തരം ആഹ്വാനങ്ങളുടെ ഒരു പട്ടിക തന്നെ ഖുര്‍ആനില്‍നിന്ന് ശേഖരിച്ചവതരിപ്പിക്കാന്‍ കഴിയും. ആര്‍ത്തവകാലത്ത് ഇണചേരുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ തന്നെ ഭാര്യമാര്‍ ശുദ്ധി പ്രാപിച്ചാല്‍ അല്ലാഹു കല്‍പിച്ച രൂപത്തില്‍ അവരെ സമീപിച്ചുകൊള്ളുക എന്നു പറയുന്നു (അല്‍ബഖറ 222). ഇണചേരലിന്റെ രീതികളൊന്നും യഥാര്‍ഥത്തില്‍ സന്മാര്‍ഗ ദര്‍ശനത്തിന്റെ ഭാഗമായി അല്ലാഹു പഠിപ്പിച്ചിട്ടില്ല. പ്രകൃതിപരമായി നല്‍കപ്പെട്ട ലൈംഗിക ചോദനകളെ തന്നെയാണ് ‘അല്ലാഹു കല്‍പിച്ച പ്രകാരം’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. പ്രകൃതിപരമായ ആനന്ദങ്ങള്‍ അല്ലാഹുവിന്റെ കല്‍പനയുടെ തന്നെ ഭാഗമാണെന്ന് പഠിപ്പിക്കുകയാണ് ഈ പരാമര്‍ശത്തിലൂടെ അല്ലാഹു ചെയ്യുന്നത്. ആസ്വാദനത്തിലെ മര്യാദകള്‍ അല്ലാഹുവിന്റെ കല്‍പനയും ആനന്ദങ്ങള്‍ കല്‍പനയുടെ പുറത്തുമല്ല. രണ്ടും ചേര്‍ന്നതാണ് അല്ലാഹുവിന്റെ കല്‍പന.

പെരുന്നാള്‍ കൂടി ചേരുമ്പോഴാണ് നോമ്പ് പരിപൂര്‍ണമാവുന്നത്. ഫിത്വ്ര്‍ സകാത്ത് നോമ്പിന്റെ ശുദ്ധീകരണവും പാവപ്പെട്ടവര്‍ക്ക് പെരുന്നാളിന്റെ ആഹാരവുമാണ്. ആഹ്ലാദത്തിന്റെ ആരാധനാ രൂപമാണ് പെരുന്നാള്‍. ഒരു മാസത്തെ നോമ്പ് നല്‍കിയ ആത്മസംസ്‌കരണത്തിന്റെ ബലം കൊണ്ട് ജീവിതാനന്ദങ്ങളെ കൂടുതല്‍ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിന്റെ പ്രഖ്യാപനമാണ് പെരുന്നാള്‍. ഞങ്ങള്‍ നോമ്പെടുത്തത് ജീവിതത്തില്‍നിന്ന്, ജീവിതാനന്ദങ്ങളില്‍നിന്ന് പലായനം ചെയ്യാനായിരുന്നില്ല. ഞങ്ങളിതാ തിരിച്ചുവരുന്നു, ധാര്‍മികമായ കൂടുതല്‍ ആത്മവിശ്വാസത്തോടെ ജീവിതാനന്ദങ്ങള്‍ നുകരാന്‍. ജീവിതത്തിന്റെ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍, ജീവിതത്തിന്റെ ചവര്‍പ്പിനെ ചവച്ച് മധുരമാക്കാന്‍.

പെരുന്നാളുകാര്‍ രണ്ടര്‍ഥത്തില്‍ ആഹ്ലാദഭരിതരാണ്. തങ്ങള്‍ നോമ്പിലൂടെ നേടിയ ആത്മീയ വിജയത്തിന്റെ പേരിലും, അവരുടെ മുന്നില്‍ തുറന്നിരിക്കുന്ന ജീവിത സാധ്യതകളുടെ പേരിലും.

റമദാനിന്റെ ചന്ദ്രക്കല വിലക്കിനെക്കുറിച്ചാണ് ഒരുപാട് സംസാരിക്കുന്നതെങ്കില്‍ ശവ്വാലിന്റെ ചന്ദ്രക്കല അനുവദനീയതയെക്കുറിച്ചാണ് ഒരുപാട് സംസാരിക്കുന്നത്. റമദാന്‍ അച്ചടക്കപ്രധാനമാണെങ്കില്‍ പെരുന്നാള്‍ ആനന്ദപ്രധാനമാണ്. ആനന്ദത്തിന്റെ ആരാധനാ രൂപമാണ് പെരുന്നാള്‍. റമദാനിന്റെ പകലുകളില്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചാണ് അല്ലാഹുവിനെ സ്മരിക്കേണ്ടതും സ്തുതിക്കേണ്ടതും. പെരുന്നാളില്‍ തിന്നും കുടിച്ചും തീറ്റിച്ചും കുടിപ്പിച്ചും പാടിയും കേളികളിലേര്‍പ്പെട്ടുമാണ് അല്ലാഹുവിനെ സ്തുതിക്കേണ്ടത്. ഒപ്പം ആഘോഷമായി അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിട്ടും അവന്റെ മഹത്വത്തെ വാഴ്ത്തിയും. പെരുന്നാളിനെക്കൂടി ചേര്‍ത്തുവെച്ചല്ലാതെ നമുക്ക് ഇസ്‌ലാമിന്റെ നോമ്പിനെ മനസ്സിലാക്കാന്‍ കഴിയില്ല. ഒരു സമുദായമിതാ, കൂടുതല്‍ അച്ചടക്കത്തോടെയും ആത്മവിശ്വാസത്തോടെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന് ലോക വ്യാപകമായി ആണും പെണ്ണും കുട്ടികളുമെല്ലാം ചേര്‍ന്ന് നടത്തുന്ന പ്രഖ്യാപനമാണ് പെരുന്നാളിന്റെ സംഘടിത തക്ബീറുകള്‍. ഈദ് ഗാഹുകള്‍ ലോകത്തോട് വിളിച്ചു പറയുന്നത് ഈ ആത്മവിശ്വാസത്തിന്റെ സന്ദേശമാണ്. ശവ്വാലമ്പിളി ചിരിക്കുന്നത് ഇസ്‌ലാമിന്റെ കരുത്തും ലാവണ്യവും പ്രകാശിപ്പിച്ചുകൊണ്ടാണ്.

പെരുന്നാളുകൂടി ചേരുമ്പോഴാണ് നോമ്പ് പരി

പൂര്‍ണമാകുന്നത് എന്നതുപോലെ തന്നെ പ്രധാനമാണ്, നോമ്പിനോട് ചേര്‍ന്നല്ലാതെ പെരുന്നാളിന്റെ പൊരുളിനെ മനസ്സിലാക്കാനാവില്ല എന്നതും. ഈദുല്‍ ഫിത്വ്ര്‍ നോമ്പ് പെരുന്നാളാണ്. പേരില്‍ മാത്രമല്ല, ആത്മാവിലും അര്‍ഥത്തിലും അത് നോമ്പിന്റെ പെരുന്നാളാണ്. നോമ്പ് നല്‍കിയ പരിശീലനത്തിന്റെ അന്തഃസത്തയെ അട്ടിമറിക്കുന്ന പെരുന്നാള്‍ ഇസ്‌ലാമിന്റെ പെരുന്നാളല്ല. ജാഹിലിയ്യത്തിന്റെ പെരുന്നാളാണ്. ഇസ്‌ലാമിന്റെ ഭാഷ സംസാരിക്കുന്ന ജാഹിലിയ്യത്ത്. ജാഹിലിയ്യത്ത് നടത്തുന്ന ഇസ്‌ലാമിക ചിഹ്നങ്ങളുടെ ദുരുപയോഗമാണത്. തീര്‍ത്തും മതേതരമായ ഒരു പെരുന്നാളില്ല. ഇസ്‌ലാമിക ആത്മാവിന്റെ നിറപ്പകിട്ടാണ് പെരുന്നാള്‍.

നാം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ഇസ്‌ലാമിന്റെ പെരുന്നാളാണോ ജാഹിലിയ്യത്തിന്റെ പെരുന്നാളാണോ എന്ന് നാമോരോരുത്തരും  ആത്മപരിശോധന നടത്തുക.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.