മനുഷ്യാവകാശങ്ങള്‍

Originally posted 2014-12-09 21:46:03.

Human_rights_poster_by_space_for_thoughtമനുഷ്യാവകാശങ്ങള്‍ : ഒരു ഇസ്‌ലാമിക പരിപ്രേക്ഷ്യം: അബ്ദുല്‍ ബാരി കടിയങ്ങാട്

ഭൂമുഖത്തെ സര്‍വ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ്. ഒരേ സത്തയില്‍ നിന്ന് രൂപം കൊണ്ടവരാണ്. ഒരേ മാതാപിതാക്കളുടെ മക്കളാണ്. അതിനാല്‍ അവരെല്ലാവരും സമന്‍മാരാണ്. മൗലികാവകാശങ്ങളില്‍ തുല്ല്യരും. ഖുര്‍ആന്‍ വിവരിക്കുന്നു. ‘ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായിസൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു.(അല്‍ ഹുജുറാത്ത് 13)

ഇസ്‌ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ ആദരണീയനാണ്. ദൈവത്തിന്റെ ശ്രേഷ്ഠനായ സൃഷ്ടി. ഈ ഭൂമിയിലുള്ളതൊക്കെയും അവനുപയോഗപ്പെടുത്താന്‍ കഴിയുമാറാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യജീവന് ഇസ്‌ലാം വലിയ വിലയും സ്ഥാനവുമാണ് കല്‍പിച്ചിട്ടുള്ളത്. അകാരണമായി ഒരാളെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നതിന് തുല്യമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ‘അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. (ഖുര്‍ആന്‍5:32) അങ്ങനെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ ഇസ്‌ലാം അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു.

ജീവന്‍ പോലെതന്നെ ആദരീണയവും പരിരക്ഷാര്‍ഹമുമാണ് മനുഷ്യന്റെ അഭിമാനം. എന്നല്ല, പലര്‍ക്കും മാനഹാനി മൃത്യുവേക്കാള്‍ ഭയാനകമാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം അഭിമാന സംരക്ഷണത്തിന് വലിയ പ്രാധാന്യം കല്‍പിക്കുന്നു. അത് ക്ഷതപ്പെടുത്തല്‍ കൊലക്കുറ്റം പോലെതന്നെ ഗുരുതരമാണ്. അഭിമാന സംരക്ഷണത്തിന് വേണ്ടി പോരാടി മൃത്യുവരിക്കുന്നവന്‍ ശഹീദാണ് എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.

വിശ്വാസ സ്വാതന്ത്ര്യം ഏതൊരു മനുഷ്യന്റെയും മൗലികാവകാശമാണ്. ഇസ്‌ലാം അത് സംശയത്തിനിടയില്ലാത്ത വിധം വിളംബരം ചെയ്യുന്നു. മതത്തില്‍ ബലാല്‍ക്കാരമില്ല എന്നാണ് ഖുര്‍ആന്റെ അധ്യാപനം. ഏതൊരാള്‍ക്കും തനിക്കിഷ്ടമുള്ള ആദര്‍ശം അംഗീകരിക്കാനും വിശ്വാസം സ്വീകരിക്കാനും അവകാശമുണ്ട് എന്ന് അത് പ്രഖ്യാപിക്കുന്നു. ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്ഠാനഅവകാശവും ആര്‍ക്കും നിഷേധിക്കപ്പെടാവതല്ലെന്ന് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു. വീക്ഷണവിത്യാസങ്ങളും വിശ്വാസ വൈജാത്യങ്ങളും മനുഷ്യ പ്രകൃതത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഭിന്ന വിശ്വാസികള്‍ പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്ന് അതാവശ്യപ്പെടുന്നു.
മതവൈവിധ്യത ദൈവനിശ്ചിതമായ പ്രകൃതിനിയമത്തിന്റെ ഭാഗമാണ്. അതിനാല്‍ മതസ്വാതന്ത്ര്യവും മതപ്രബോധന പ്രചാരണ അവകാശവും മതാനുഷ്ഠാനങ്ങളുടെയും നിയമക്രമങ്ങളുടെ അനുധാവനവും ഏതൊരാളുടെയും മൗലികാവകാശമാണ്.

സാമൂഹ്യ നീതിയെ ഇസ്‌ലാം മനുഷ്യന്റെ മൗലികാവകാശമായാണ് കാണുന്നത്. അതിനാല്‍, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികില്‍സ, വെള്ളം, വെളിച്ചം തുടങ്ങിയ മൗലികാവകാശങ്ങളുടെ പൂര്‍ത്തീകരണം മുഴുവന്‍ മനുഷ്യരുടേയും മൗലികാവകാശമാണ്. ജാതി, മത, വര്‍ഗ, വര്‍ണ, ദേശ, ഭാഷ, കാല, കുല ഭേദങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരും നിയമത്തിന്റെ മുന്നില്‍ തുല്യരായിരിക്കണമെന്നതും തദടിസ്ഥാനത്തിലുള്ള നീതി എല്ലാവര്‍ക്കും ലഭ്യമായിരിക്കണമെന്നതും ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മൗലിക മനുഷ്യാവകാശങ്ങളില്‍ പെടുന്നു.

Related Post