IOS APP

പ്രവാചകന്‍മാര്‍

Sampath

പ്രവാചകന്‍മാര്‍ കല്ലെറിയപ്പെട്ടവര്‍

മനുഷ്യനെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ ദൈവം നിയോഗിച്ച എല്ലാ പ്രവാചകന്‍മാരും ജനങ്ങളാല്‍ കല്ലെറിയപ്പെട്ടവരത്രെ. ഒരു ജനതയും ഒരു പ്രവാചകനെയും പൂമാലയിട്ട് സ്വീകരിച്ചിട്ടില്ല.

എന്തുകൊണ്ട് പ്രവാചകന്‍മാര്‍ കല്ലെറിയപ്പെട്ടു? ആരാണവരെ കല്ലെറിഞ്ഞത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പ്രവാചകന്‍മാര്‍ പറഞ്ഞതെന്തായിരുന്നു എന്ന് വ്യക്തമാക്കുക.

വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന പാഠമനുസരിച്ച് പ്രവാചകന്‍മാരെ കല്ലെറിയാന്‍ മുന്‍കൈയെടുത്തവര്‍ പ്രധാനമായും നാല് വിഭാഗങ്ങളാണ്.

ഒന്ന്, ഭരണകൂടം. എന്തുകൊണ്ട് ഭരണകൂടങ്ങള്‍ പ്രവാചകന്‍മാരെ കല്ലെറിഞ്ഞു? ഖുര്‍ആന്‍ പറഞ്ഞ ഉത്തരമിതാണ്: ‘ദൈവത്തിനു വഴിപ്പെടുക, ദൈവേതര ശക്തികളെ കൈവെടിയുക എന്ന സന്ദേശവുമായി എല്ലാ സമൂഹങ്ങളിലും നാം ദൂതന്മാരെ അയച്ചിട്ടുണ്ട്.’ (16:36)

സ്വന്തമായി നിയമങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ അടിമകളാക്കി ഭരിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നത് പ്രവാചകാധ്യാപനങ്ങളുടെ കാതലായ വശമത്രെ. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടികളായതിനാല്‍ ദൈവിക നിയമങ്ങള്‍ക്കത്രെ വഴിപ്പെടേണ്ടത്. ‘സ്രഷ്ടാവിനെതിരെ സൃഷ്ടികള്‍ക്കനുസരണമില്ല’ എന്ന പ്രവാചകന്‍മാരുടെ നിലപാട് മര്‍ദ്ദക ഭരണകൂടങ്ങള്‍ക്ക് അസഹ്യമായിരുന്നു. ഇസ്രയേല്‍ സമൂഹത്തെ അടിമകളാക്കി പീഡിപ്പിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്‍ (ഫറോവ) ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ ചെന്ന് ദൈവകല്‍പനപ്രകാരം മൂസാനബി പറയുന്നതിങ്ങനെ: ‘ഫിര്‍ഔന്‍, പ്രപഞ്ചനാഥനില്‍ നിന്നുള്ള ദൂതനാണ് ഞാന്‍. ദൈവത്തിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാകുന്നു. നിങ്ങളുടെ നാഥനില്‍ നിന്നുള്ള സുവ്യക്തമായ ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്രായേല്‍ മക്കളെ എന്റെ കൂടെ വിട്ടുതരിക.’ (7:104-105)

രണ്ട്, സമ്പന്നവര്‍ഗം. പ്രവാചകന്‍മാര്‍ മനുഷ്യരോടു പറഞ്ഞത് എല്ലാത്തിന്റെയും ഉടമസ്ഥന്‍ ദൈവമാണ് എന്നാണ്. മനുഷ്യനുള്ളത് ഉടമസ്ഥാവകാശമല്ല; ഉപയോഗാവകാശമാണ്. അതിനാല്‍ സമ്പത്ത് എങ്ങനെ സമ്പാദിക്കണം, എങ്ങനെ ചെലവഴിക്കണം എന്ന കാര്യങ്ങളില്‍ ദൈവിക നിര്‍ദേശങ്ങള്‍ പാലിക്കണം എന്ന കാര്യങ്ങളില്‍ ദൈവിക നിര്‍ദേശങ്ങള്‍ പാലിക്കണം. തെറ്റായ വഴിയിലൂടെ നേടുന്നത് തേനാണെങ്കിലും നിഷിദ്ധം. നേരായ വഴിയിലൂടെ ലഭിക്കുന്നത് വിഷമാണെങ്കിലും ആവശ്യത്തിനുപയോഗിക്കാം എന്നത് പ്രവാചകന്‍മാര്‍ പറഞ്ഞതിന്റെ കാതലാണ്. ചുരുക്കത്തില്‍, സാമ്പത്തിക കാര്യങ്ങളില്‍ പ്രവാചകന്‍മാരുടെ ഇടപെടല്‍ സമ്പന്നര്‍ക്ക് അസഹ്യമായി.

ശുഐബ് എന്ന പ്രവാചകന്റെ ജനത അദ്ദേഹത്തോട് പരിഹാസത്തോടെ പറഞ്ഞകാര്യം ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ‘ശുഐബേ, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ കൈവെടിയണമെന്നും ഞങ്ങളുടെ ധനത്തില്‍ ഞങ്ങളുദ്ദേശിക്കും വിധം ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഉപേക്ഷിക്കണമെന്നും കല്‍പിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? നിശ്ചയം നീയൊരു ബുദ്ധിമാനും തന്റേടിയും തന്നെ!’ (11:87)

മൂന്ന്, വരേണ്യവര്‍ഗം, മനുഷ്യന്‍ അടിസ്ഥാന പരമായി ഒരേ പിതാക്കളുടെ മക്കളാണെന്നും അതിനാല്‍ ‘ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണെ’ന്നും പ്രവാചകന്‍മാര്‍ പഠിപ്പിച്ചു. ഈ സന്ദേശം വരേണ്യ സവര്‍ണ വര്‍ഗങ്ങള്‍ക്കൊട്ടും ദഹിച്ചില്ല.

നൂഹ് നബി (നോഹാ പ്രവാചകന്‍) തന്റെ ജനതയോട് ‘ഞാന്‍ നിങ്ങളിലേക്കയക്കപ്പെട്ട വിശ്വസ്തനായ ദൈവദൂതനാണെന്നും അതിനാല്‍ ദൈവത്തെ സൂക്ഷിക്കുക എന്നെ അനുസരിക്കുക’ എന്നും പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ‘നിന്നെ പിന്‍പറ്റിയവരൊക്കെ താഴ്ന്ന വിഭാഗത്തില്‍പെട്ടവരാണല്ലൊ. പിന്നെ ഞങ്ങള്‍ക്കെങ്ങനെ നിന്നെ വിശ്വസിക്കാനാകും?’ (26:111)

നാല്, പുരോഹിതവര്‍ഗം. മതം പറഞ്ഞ് നടക്കുന്ന പുരോഹിതവര്‍ഗം പ്രവാചകന്‍മാരെ കല്ലെറിഞ്ഞവരില്‍ മുന്‍പന്തിയിലുള്ളവരാണ്. മതവിശ്വാസത്തിന്റെ പേരില്‍ മനുഷ്യനെ ചൂഷണം ചെയ്യലാണ് പൗരോഹിത്യത്തിന്റെ നിലനില്‍പിന്റെ തന്നെ അടിസ്ഥാനം. സ്രഷ്ടാവായ ദൈവം സൃഷ്ടികളായ മനുഷ്യന്റെ കണ്ഠനാഡിയേക്കാള്‍ അടുത്താണെന്നും അതിനാല്‍ സര്‍വജ്ഞനായ ദൈവവുമായി ബന്ധപ്പെടാന്‍ ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും പ്രവാചകന്‍മാര്‍ പറഞ്ഞു. യേശുക്രിസ്തു പൗരോഹിത്യത്തിന്റെ തനിനിറം തുറന്നുകാട്ടിപ്പറഞ്ഞു:

‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്‍മാരുമായുള്ളോരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു. അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു… കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്‍മാരുമായുള്ളോരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! വെള്ള തേച്ച ശവക്കല്ലറകളോട് നിങ്ങള്‍ ഒത്തിരിക്കുന്നു. അവ പുറമേ അഴകായി ശോഭിക്കണമെങ്കില്‍ അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നെ പുറമേ നിങ്ങള്‍ നീതിമാന്‍മാര്‍ എന്ന് മനുഷ്യര്‍ക്ക് തോന്നുന്നു. അകമേയോ കപട ഭക്തിയും അധര്‍മവും നിറഞ്ഞവരത്രെ.’ (ബൈബിള്‍ പുതിയ നിയമം, മത്തായി 23: 25-28)

പിന്‍കുറി: മദ്യക്കച്ചവടക്കാര്‍, പലിശക്കച്ചവടക്കാര്‍, ചൂതാട്ടക്കാര്‍, അഴിമതിക്കാര്‍, കൈക്കൂലിക്കാര്‍, പിടിച്ചുപറിക്കാര്‍, വ്യഭിചാര വ്യവസായികള്‍, സ്വവര്‍ഗരതിക്കാര്‍, മന്ത്രവാദികള്‍, ജ്യോല്‍സ്യന്‍മാര്‍ തുടങ്ങി മനുഷ്യനെ വഴിതെറ്റിക്കുന്നതും ചൂഷണം ചെയ്യുന്നതുമായ എല്ലാ തിന്മയുടെ വക്താക്കളും പ്രവാചകന്‍മാരെ കല്ലെറിഞ്ഞു. എന്നാല്‍, നിലവിലുള്ള മതങ്ങളും ആത്മീയ കേന്ദ്രങ്ങളും ഇത്തരം എല്ലാ തിന്മകളോടും മൗനമായ രാജി പ്രഖ്യാപിച്ചിരിക്കുന്നു. അതിനാല്‍,
തന്നാല്‍ കരേറേണ്ടവരെത്ര പേരോ
താഴത്ത് പാഴ്‌ച്ചേറിലമര്‍ന്നിരിക്കെ
താനൊറ്റയില്‍ ബ്രഹ്മപഥം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം! -ഉള്ളൂര്‍

ജി കെ എടത്തനാട്ടുകര

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.